പാഠം ഒന്ന് : അടുക്കള

in കഥ

പാചകസംബന്ധിയായ എന്റെ സംശയങ്ങൾക്ക് കണക്കെഴുത്തുകാരനായ മകൻ ഉത്തരം തരുമെന്നുള്ള പ്രതീക്ഷ കൊണ്ടൊന്നുമല്ല, ഞാൻ ഇടക്കിടെ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നത്. കുറഞ്ഞപക്ഷം അടുക്കളയുടെ നാലുചുവരുകളിൽ ഏതെങ്കിലുമൊന്നിനു ദയ തോന്നി ഉത്തരം തന്നേക്കും എന്നു വിചാരിക്കുന്നതാണ് അതിലും സംഭാവ്യം. എന്നിട്ടും, ഉത്തരം കിട്ടാത്ത പാചകസംശയങ്ങളുമായി ഞാൻ സ്വയം സംസാരിച്ചുകൊണ്ടേയിരുന്നു, അടുക്കളയിൽ.

ഭാര്യ അവധിയിൽ നാട്ടിലേയ്ക്കു പോയിരുന്നു. അതിനുമുമ്പായി, പാചകവിധിയിൽ ചിലതൊക്കെ കുറിച്ചുവയ്ക്കുകയും എന്നെ പിടികിട്ടിയ വേളകളിൽ ചില സ്റ്റഡിക്ലാസ്സുകൾ ഒരുക്കുകയും ചെയ്തിരുന്നു. ഓഫീസിൽ ബുക്കുകൾ കുക്ക് ചെയ്യുന്നത്ര എളുപ്പമല്ല ശരിയായ പാചകക്രിയ എന്ന് എനിക്കറിയാൻ അഞ്ചു ദശാബ്ദങ്ങൾ എടുത്തല്ലോ ദൈവമേ എന്ന് അദ്ഭുതപ്പെടുക മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. ഒരാഴ്ചയ്ക്കുള്ള ഭക്ഷണം പല കുഞ്ഞുകുഞ്ഞു പാത്രങ്ങളിലായി ഫ്രിഡ്ജിൽ കയറ്റിയിരുന്നു. അതു തീർന്നപ്പോൾ, പാചകം ചെയ്യാതിരുന്നാൽ പട്ടിണിയാവുന്ന അവസ്ഥയിലായി.

അടുക്കളയുടെ അലമാരകൾ തുറന്നപ്പോൾ ആദ്യം കണ്ടത്, ഏതാണ്ട് ഒരേ രൂപഭാവങ്ങളോടെ എന്ന നോക്കി ചിരിക്കുന്ന നാലുതരം പരിപ്പുകളാണ്. പ്രകടമായ വ്യത്യസ്തതകളില്ലാത്ത ആ കാഴ്ച തന്നെ, പരിപ്പുകറിയുണ്ടാകാനുള്ള എന്റെ ശ്രമത്തിന്റെ കടയ്ക്കു വീണ ആദ്യത്തെ കത്തിയായിരുന്നു. ഉള്ളിയും മുളകും കടുകും വെളിച്ചെണ്ണയുമൊക്കെ കൃത്യമായി എടുത്തു വച്ചു. മല്ലിയിലയും കൊത്തമ്പാലരിച്ചീരയും കണ്ണുകെട്ടിക്കളഞ്ഞു. സ്റ്റഡിക്ലാസ്സുകളിൽ എല്ലാ ഇലകളും തിരിച്ചറിഞ്ഞതാണല്ലോ! അതു പോലെ തന്നെ എല്ലാ പൊടികളും. നിറങ്ങളിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാത്തിനും ഒരേ മണം. കുക്കിംഗ് റെയ്ഞ്ചിന്റെ നാല് അടുപ്പുകളിലും അവളെങ്ങനെയാണ് ഒരേ സമയം നാലു കറികളുണ്ടാക്കിയിരുന്നത് എന്ന് ഞാൻ ആദ്യമായി അദ്ഭുതം കൂറിനിന്നത്

അന്നാണ്. അതിനിടയിൽ ഫോൺ ചെയ്യാനും അയല്വക്കത്തെ കുട്ടിച്ചാത്തനെ കണക്കു പഠിപ്പിക്കാനും അവൾക്കെങ്ങനെ കഴിഞ്ഞിരുന്നു?
പ്രെഷർ കുക്കറിന്റെ രണ്ടാം ചൂളം വിളിയോടെ അടുപ്പണച്ചു. ഉള്ളിലെ സമ്മർദ്ദം കുറയ്ക്കാനായി കുക്കറിന്റെ മുകളിലെ ഭാരക്കട്ട ഊരിയെടുത്തതും, അതിൽ നിന്നു പുറപ്പെട്ട ജലധാര, അതുവരെ അടുക്കള സാക്ഷ്യം വഹിക്കാത്ത ഏറ്റവും വലിയ ശബ്ദത്തോടെ, റെയ്ഞ്ചിനു മുകളിൽ തെളിഞ്ഞുനിന്ന ബൾബിലേയ്ക്ക് ചീറ്റി. പ്രെഷർ കുക്കറിനെക്കുറിച്ചുള്ള ക്ലാസ്സിൽ മനസ്സു മറ്റെവിടേയ്ക്കോ കാടുകയറിയതിന്റെ പരിണതി. ഇതിപ്പോൾ ആരോടാണ് ഒന്നു ചോദിക്കുക?

രണ്ടു മൂന്നു മണിക്കൂർ നീണ്ടു നിന്ന യുദ്ധപ്രകടനങ്ങൾക്കു ശേഷം പുറത്തിറങ്ങുമ്പോൾ, പാചകത്തിന്റെ ബാലപാഠം പോയിട്ട് തിന്നുന്നത് എന്തെന്നു കൂടിയറിയാൻ കഴിയാത്ത മകൻ അവന്റെ അമ്മയ്ക്ക് ഫോൺ ചെയ്യുന്നു.
”അച്ഛൻ യുദ്ധക്കളത്തിൽ നിന്ന് സാമാന്യം നല്ല പരിക്കുകളോടെ എത്തിച്ചേർന്നിട്ടുണ്ട്!”
അതുവരെയുള്ള ദൃക്സാക്ഷി വിവരണം അവസാനിപ്പിച്ചുകൊണ്ട് അവൻ ഫോൺ എനിക്കു കൈമാറുന്നതിനു മുമ്പായി അമ്മയോടു പറഞ്ഞു.
”പറ്റുമെങ്കിൽ അമ്മ പോരുമ്പോൾ ഒരു സ്കെയിലോ ടെയ്പ്പോ കോണ്ടു വന്നോളൂ!”
”അതെന്തിനാ?”
”അല്ല. പയറും മുരിങ്ങക്കായുമൊക്കെ കൃത്യമായ അളവിൽ മുറിച്ചെടുക്കാനുള്ള അച്ഛന്റെ പെടാപ്പാടു കണ്ടിട്ടു പറഞ്ഞതാ.”
ഫോൺ കൈയിൽ കിട്ടുമ്പോൾ അവളുടെ ചിരിയായിരുന്നു എന്റെ കൈ പൊള്ളിച്ചത്.
”എവിടെയാണിപ്പോൾ?” – ഞാൻ ചോദിച്ചു.
”ഞങ്ങളിപ്പോൾ ഒരു കടൽക്കുളിയൊക്കെ കഴിഞ്ഞ് ടാജ് വിവാന്റയുടെ റെസ്റ്റൊറെന്റിൽ ലഞ്ചും കാത്ത് ഇരിക്കുകയാണ്!”
ഭാര്യ മരുമകളോടൊപ്പം ഗോവയിൽ ഒഴിവുകാല യാത്രയിലാണ്. പിന്നെയുള്ള ഓരോ വിവരണവും എനിക്ക് തിളച്ചഎണ്ണയിലേയ്ക്ക് തീ പകരുന്നതിനു തുല്യമായിരുന്നു.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ലല്ലോ. അടുക്കളയിലെ ചൂടിന്റെ വില ഇപ്പോൾ ഞാനറിയുന്നു. വേവുകളുടെ തീഷ്ണത ഇപ്പോൾ എനിക്കു മനസ്സിലാവുന്നു. രാസസൂത്രങ്ങളുടെ പാകങ്ങൾ അറിയുന്നു. പുകമൂടിയ അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം ഞാൻ തിരിച്ചറിയുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോഴും പശുവിനെ കറക്കുമ്പോഴും അമ്മയെ അടുക്കളയിലേയ്ക്ക് വിളിച്ചുവരുത്തുന്ന വേവിന്റെ വിളി ഞാൻ കേൾക്കുന്നു. വരികൾക്കിടയിൽ നിന്ന് പാചകത്തിന്റെ മനോധർമ്മപാഠങ്ങൾ തപ്പിയെടുക്കുന്നു.സ്ത്രീയുടെ കൈപ്പുണ്യം തിരിച്ചറിയുന്നു.ഭക്ഷണം എവിടെ നിന്നു കഴിച്ചാലും ആ കലയ്ക്കു മുമ്പിൽനമിക്കണമെന്നും നന്ദി പറയണമെന്നും പഠിക്കുന്നു. ഗാർഹികജീവിതപരിപാലനം തൊഴിലില്ലായ്മ അല്ലെന്ന് കനത്ത വില കൊടുത്തു പഠിക്കുന്നു.കൃത്യമായ അളവുകളല്ല, സംതൃപ്തമായ മനസ്സുകളാണ് രുചി എന്ന മേമ്പൊടി എല്ലാറ്റിനും മീതേ വിതറുന്നതെന്നും വാതിൽപ്പിറകിൽ നിന്ന് നമ്മെ കഴിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഞാനിപ്പോൾ മനസ്സിലാക്കുന്നു!

Leave a Reply

Your email address will not be published.

*