അഗസ്ത്യാർകൂടം

in യാത്ര

ഭൂമിയിലെ ജൈവികപരിണാമ ചാക്രികതയിലെ അനിവാര്യമായ ഘടകങ്ങളിലൊന്നാണ് സഞ്ചാരം. അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള ഇന്നും തുടരുന്ന പ്രയാണങ്ങൾ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമത്തിന്റെ കണ്ണികളെ ബലപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക് ടേൺ പക്ഷി, സാൽമൺ മത്സ്യം തുടങ്ങിയവയുടെ ജീവിതസഞ്ചാരങ്ങൾ മേൽപ്പറഞ്ഞ ജൈവികപ്രക്രിയയുടെ ഭാഗമായി ഉദാഹരിക്കാവുന്നതാണ്. അങ്ങനെ മനുഷ്യന്റെ യാത്രയോടുള്ള പ്രണയം ജീവൽഘടകങ്ങളുമായി ബന്ധപ്പെടുത്തി സാധൂകരിക്കാം.

ഇന്ന് മനുഷ്യനെ സഞ്ചാരത്തിനായി പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആത്മീയവും ഭൗതികവുമായ കാരണങ്ങൾ… എങ്കിലും ഒരു കാര്യം നിസ്സംശയം പറയാൻ കഴിയും-അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശം. വിജ്ഞാനത്തിന്റെ പുതിയ ഭൂമികകൾ തേടിയുള്ള അവന്റെ യാത്രകൾ മാനസികമോ ശാരീരികമോ എന്ന നിലയിൽ വ്യവച്ഛേദിച്ച് പറയാറുണ്ട്. മിക്ക യാത്രകളും ചിലപ്പോൾ മാനസികമോ ചിലപ്പോൾ ശാരീരികമോ ആയ ഉല്ലാസം പ്രദാനം ചെയ്യുന്നവയായിരിക്കും. എന്നാൽ അവ രണ്ടും ഒരുമിച്ച് ലഭിക്കുന്ന യാത്രകൾ വളരെ വിരളമായിരിക്കും. അങ്ങനെയുള്ള ഒന്നാണ് അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര.

പ്രകൃതിയൊരുക്കിയ ജൈവവൈവിദ്ധ്യത്തിന്റെ വ്യത്യസ്ഥഭാവങ്ങൾ നമുക്ക് അഗസ്ത്യാർകൂടത്തിൽ ദർശിക്കാനാകും. സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ(6129 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണ്. നെയ്യാർ, പേപ്പാറ, ശെന്തരുണി തുടങ്ങിയ കേരളത്തിലെ വന്യജീവി സങ്കേതങ്ങളും തമിഴ്നാട്ടിലെ കലക്കാട്-മുണ്ടൻതുറൈ കടുവസംരക്ഷണ കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന രണ്ടായിരത്തിൽപ്പരം ഒൗഷധ സസ്യങ്ങളുടെ കലവറയായ അഗസ്ത്യാർകൂടത്തിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഒൗഷധം ‘ട്രൈക്കോപ്പസ് സെയലാനിക്കസ് ട്രാവൻകോറിയസ് ‘എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആരോഗ്യപ്പച്ചയാണ്. സ്വാഭാവിക പ്രതിരോധവർദ്ധിനിയും പ്രമേഹത്തിന് സിദ്ധൗഷധവും നവോന്മേഷപ്രദായിനിയുമായ ഈ സസ്യത്തിന്റെ പേരിലാണ് ഒരു കാലത്ത് അഗസ്ത്യമല അറിയപ്പെട്ടിരുന്നത്. അതിൽ നിന്നും ഉൽപ്പാദിപ്പിച്ചിരുന്ന ജീവനിയെന്ന ഒൗഷധം വളരെ പ്രശസ്തമാണ്. എന്നാൽ ഒരുകാലത്ത് സുലഭമായുണ്ടായിരുന്ന ആരോഗ്യപ്പച്ച ഇന്ന് നാശത്തിന്റെ വക്കിലാണ്. കൂടാതെ കല്ലടയാർ, കരമനയാർ, നെയ്യാർ, അച്ചൻകോവിലാർ, വാമനപുരം നദി തമിഴ്നാട്ടിലെ താമരഭരണി നദി, രാമനദി, മണിമുത്താർ നദി എന്നിവ ഉദ്ഭവിക്കുന്നതും അഗസ്ത്യാർകൂടം ഉൾപ്പെട്ട മലനിരകളിൽ നിന്നാണ്.

അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുന്നത് ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ നിന്നാണ്. അവിടെ നിന്നും കൊടുമുടി വരെ ഏകദേശം 28 കിലോമീറ്റർ ദൈർഘ്യമുണ്ട്. ആദ്യദിവസം 20 കിലോമീറ്റർ യാത്ര ചെയ്ത് അതിരുമല ക്യാമ്പിൽ താമസിച്ച് പിറ്റേ ദിവസമാണ് മിക്കവാറും ആൾക്കാർ മല കയറുന്നത്.

മറ്റുള്ള കാടുകളെ അപേക്ഷിച്ച് അതിന്റെ വന്യത വിവിധങ്ങളായ രൂപത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നുവെന്നതാണ് അഗസ്ത്യാർകൂടത്തിന്റെ പ്രത്യേകത. മഴക്കാടുകൾ, ചോലക്കാടുകൾ, ഉഷ്ണമേഖലാ വനങ്ങൾ, പുൽമേടുകൾ, ഇലപൊഴിയും വനങ്ങൾ, ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്. വ്യത്യസ്ഥയിനം ജന്തുജാലങ്ങളും അഗസ്ത്യാർകൂടത്തിന്റെ പ്രത്യേകതയാണ്.കാട്ടാന, കാട്ടുപോത്ത്, കരടി, കാട്ടുപന്നി, കാട്ടുനായ്, പുലി തുടങ്ങിയവയാണ് അതിൽ ചിലത്.

അതികഠിനമായ ഭൂമികകളും കാട്ടുമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും കിഴക്കാംതൂക്കായ പർവ്വതശിഖരങ്ങളും അഗസ്ത്യാർകൂടം യാത്രയെ അതിസാഹസികമാക്കുന്നു. തിരക്ക് പിടിച്ച ജീവിതചര്യകളിൽ നിന്നും പ്രാചീനതയുടെ കുളിരിന്റെ സ്വാസ്ഥ്യത്തിൽ ആശ്ലേഷിക്കപ്പെടുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിടവ് കുറഞ്ഞു വരുന്നത് നാം അറിയുന്നു. വിശ്രാന്തിയുടെ ഗിരിശൃംഖങ്ങളിൽ യോഗനിദ്രകൊള്ളുന്ന അഗസ്ത്യസ്മരണകളുടെ മൂടൽമഞ്ഞിനെ പുൽകുമ്പോൾ, നൂറ്റാണ്ടുകളിലൂടെ തിടം വെച്ച പ്രാചീനതയുടെ തണലിൽ തെല്ലിട വിശ്രമിക്കുമ്പോൾ, ലോക നന്മയ്ക്കായുരുവിട്ട മന്ത്രധ്വനികൾ തപം ചെയ്ത പർവ്വത നെറുകയിൽ
ഉൾക്കണ്ണ് തേടുമ്പോൾ, മൃതസഞ്ജീവനികൾ പൂക്കുന്ന മലഞ്ചെരിവുകളിലൂടെയൂറിയെത്തുന്ന ചോലകളിൽ ആത്മദാഹം ശമിപ്പിക്കുമ്പോൾ, വിശുദ്ധിയുടെ ആരണ്യഭൂമികയിൽ ജൈവികതയുടെ തുടിപ്പ് തിരയുമ്പോൾ, ഒൗഷധക്കാടുകളെ ചുറ്റിയെത്തുന്ന മലങ്കാറ്റിൽ ആരോഗ്യപ്പച്ചയുടെ ആയൂർരഹസ്യങ്ങളനുഭവിക്കുമ്പോൾ, അവഗണിക്കപ്പെട്ട ജീവിതകാഴ്ചകൾ ദാർശനികമായ ഉൾക്കാഴ്ചയിലേക്ക് (PHILOSOPHICAL INSIGHT) പരാവർത്തനം ചെയ്യുന്നത് നാമറിയുന്നു.

ദുർഘടമെങ്കിലും മൂന്ന് ദിവസത്തെ അഗസ്ത്യാർകൂടം തീർത്ഥാടനം ഒരു വർഷത്തേക്കുള്ള പുനരുജ്ജീവനമാണ് പ്രദാനം ചെയ്തത്. ഫോറസ്റ്റ് വകുപ്പിന്റെ മേൽനോട്ടത്തിൽ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നത് കൊണ്ട് വനത്തിന്റെ നിബിഢതയ്ക്കും വന്യജീവികളുടെ സ്വാഭാവിക ആവാസ്ഥവ്യവസ്ഥയ്ക്കും അവയുടെ സ്വൈരവിഹാരത്തിനും ജൈവവൈവിധ്യത്തിനും ഭംഗം വരുന്നില്ലെന്നത് ആശ്യാസ്യമാണ്. എന്നാൽ അഗസ്ത്യാർകൂടവും മറ്റുള്ളവ പോലെ ഒരു തീർത്ഥാടനകേന്ദ്രമാക്കാൻ ശ്രമം നടക്കുന്നുണ്ട്. അഗസ്ത്യമുനിയുടെ പേരിൽ അറിയപ്പെടുന്നത് കൊണ്ട് തീർച്ചയായും മുനി ആരാധിക്കപ്പെടണം അതോടൊപ്പം അഗസ്ത്യ മുനി സംരക്ഷിച്ചു പോന്നിരുന്ന കാടും മലകളും സംരക്ഷിച്ച് അവ അഗസ്ത്യമുനിക്ക് അർച്ചിക്കുന്നതാണ് യഥാർത്ഥ ആരാധന. ഇപ്പോൾ തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കാടിനെ മലിനപ്പെടുത്തുന്നുണ്ട്.സ്വാർത്ഥതയുടെ ഈ കെട്ട ലോകത്ത് നിന്നും വർഷത്തിൽ മൂന്ന് ദിവസമെങ്കിലും ആദിമഗൃഹത്തിലേക്കുള്ള യാത്രക്ക് വേണ്ടിയെങ്കിലും അഗസ്ത്യാർകൂടവും കാടുകളും എന്നുമുണ്ടായിരിക്കണം.

Leave a Reply

Your email address will not be published.

*