‘അമേരിക്ക റഷ്യയിൽ നിന്നും ‘അലാസ്ക’ സ്വന്തമാക്കിയ കഥ’

in ചരിത്രം

ഇന്ത്യയുടെ പകുതിയേക്കാള്‍ വിസ്തൃമായ ‘അലാസ്‌ക’ എന്ന പ്രദേശം റഷ്യയില്‍ നിന്നും അമേരിക്ക സ്വന്തമാക്കിയ ഉടമ്പടിയിലേക്ക് ഒരുചരിത്രാന്വേഷണം:-

അമേരിക്കയുടെ ഭൂപടം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമിടയിലുള്ള പ്രധാനഭൂപ്രദേശമല്ലാതെ കാനഡയുടെ പടിഞ്ഞാറേ അതിര്‍ത്തിക്കും പസഫിക് സമുദ്രത്തിനുമിടയില്‍ അമേരിക്കയുടെ മറ്റൊരു ഭാഗംകൂടെ കാണുവാന്‍ സാധിക്കും. അതാണ് അമേരിക്കയുടെ അലാസ്‌ക എന്ന സംസ്ഥാനം. ആ തണുത്തുറഞ്ഞ നാടിന്റെ പേര് ‘അലാസ്‌ക’ എന്നാകാന്‍ കാരണം ഭൂഖണ്ഡം എന്ന് അര്‍ത്ഥമുള്ള ‘അലിയറ്റ്’ എന്ന പദത്തില്‍ നിന്നാണ്. ഏകദേശം 50,000-ത്തിലധികം ‘എസ്‌കിമോകളും അലെയ്ട്‌സും’ അടങ്ങുന്ന സ്വദേശീയരായ ജനങ്ങളും ആയിരത്തിനടുത്ത് റഷ്യന്‍ പൗരന്മാരും അടങ്ങുന്ന നാടായിരുന്നു അന്നത്തെ ‘അലാസ്‌ക’. ഏകദേശം 1.71 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ് 1867 ഒക്ടോബര്‍ 18-ന് റഷ്യയില്‍ നിന്നും വെറും 7.2 മില്ല്യണ്‍ ഡോളര്‍ നല്കി നിയമപരമായി അമേരിക്ക സ്വന്തമാക്കിയത്. ഈ ഭൂമികൈമാറ്റത്തോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ റഷ്യയുടെ പരമാധികാരം എന്നെന്നേക്കുമായി ഇല്ലാതായി. അതേസമയം ‘അമേരിക്ക’ തങ്ങളുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതികായരാവാനുള്ള പടയോട്ടം തുടങ്ങുകയും ചെയ്തു.

അലാസ്ക

1725-ല്‍ റഷ്യന്‍ സാര്‍ ചക്രവര്‍ത്തിയായിരുന്ന ‘പീറ്റര്‍ ദി ഗ്രേറ്റ്’ ആണ് ആദ്യമായി തണുത്തുറഞ്ഞ വടക്കേ അമേരിക്കന്‍ ഭൂമിയിലേക്ക് ആദ്യമായി പര്യവേഷകസംഘങ്ങളെ അയച്ചത്. അന്നതിന് അവരെ പ്രേരിപ്പിച്ചത് ‘അലാസ്‌കന്‍’ ഭൂമിയില്‍ ഒളിഞ്ഞുകിടക്കുന്ന ധാതുനിക്ഷേപങ്ങളായിരുന്നു. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് അന്ന് ‘അലാസ്‌കയില്‍’ താമസിച്ചിരുന്നത് സ്വദേശിവംശമായ ‘എസ്‌കിമോകളും അലെയ്ട്‌സും’ മാത്രമായിരുന്നു. അതിനാല്‍ റഷ്യന്‍ പര്യവേഷണ/വ്യവസായ സംഘങ്ങളെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഏകദേശം ഇതേസമയത്തുതന്നെയാണ് ‘അമേരിക്കന്‍ പര്യവേഷണ/വ്യവസായ സംഘങ്ങള്‍ വടക്ക്-പടിഞ്ഞാറേക്ക് തങ്ങളുടെ രാജ്യവിസ്തൃതിക്കായി മുന്നേറ്റം നടത്തിയത്. ഈ രണ്ടുരാജ്യങ്ങളിലേയും പര്യവേഷണ/വ്യവസായ സംഘങ്ങള്‍ പരസ്പരം കണ്ടുമുട്ടിയതോടെ ചരിത്രം തിരുത്തിയ ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) 1799-ല്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) അലാസ്‌ക്കയുടെ വികസനത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുകയും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഔന്നത്ത്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

പക്ഷേ 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെനീണ്ട ‘ക്രിമിയന്‍ യുദ്ധ’ത്തിലെ റഷ്യന്‍ സാമ്രാജ്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് ‘അലാസ്‌കയുടെ’ പ്രതിരോധവും അതിജീവനവും തങ്ങളാലാവില്ലെന്ന ചിന്താഗതി റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായി. ഏതുനിമിഷവും ബ്രിട്ടന്റെ ഭാഗത്തുനിന്നും അലാസ്‌കയിലേക്ക് ഒരു അധിനിവേശം നടക്കുമെന്ന് റഷ്യന്‍ ചക്രവര്‍ത്തി ഭയന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് 1859 ആയപ്പോള്‍ ‘അലാസ്‌ക’ അന്നത്തെ റഷ്യയുടെ സുഹൃത് രാജ്യമായിരുന്ന അമേരിക്കക്ക് കൈമാറാന്‍ തീരുമാനിക്കാന്‍ സാര്‍ചക്രവര്‍ത്തി നിര്‍ബന്ധിതനായി. അമേരിക്കയില്‍ 1861 മുതല്‍ 1865 വരെനീണ്ട ‘സിവില്‍ യുദ്ധത്തിന്റെ’ സമയത്ത് ഈ റഷ്യന്‍ വില്‍പ്പന മാറ്റിവെക്കപ്പെട്ടു. എന്നാല്‍ ‘സിവില്‍ യുദ്ധത്തിനു’ശേഷം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ‘വില്ല്യം സിവാര്‍ഡ്’ റഷ്യന്‍ സ്ഥാനപതിയായിരുന്ന ‘എഡ്വേര്‍ഡ് ഡെ സ്റ്റോയിക്കിളു’മായി 1867 മാര്‍ച്ച് 30 ന് ‘അലാസ്‌കന്‍ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടി’ തയ്യാറാക്കി. അന്നത്തെ 7.2 മില്ല്യണ്‍ ഡോളര്‍ റഷ്യക്ക് നല്കുന്നതിലൂടെ അലാസ്‌ക്ക അമേരിക്കയുടെ സ്വന്തമാകുന്നു എന്നായിരുന്നു ഉടമ്പടി. അതേവര്‍ഷം ഏപ്രില്‍ 9 ന് അമേരിക്കന്‍ സെനറ്റ് ഈ ഉടമ്പടി ചര്‍ച്ചക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. അമേരിക്കയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ‘ആന്‍ഡ്രൂ ജോണ്‍സണ്‍’ 1967 മെയ് 28 ന് ഉടമ്പടിയില്‍ ഒപ്പുവെച്ചു. അങ്ങനെ 1867 ഒക്ടോബര്‍ 18 ന് നിയമപരമായി ‘അലാസ്‌ക’ അമേരിക്കയുടെ അധീനതയിലായി.

അലാസ്കയുടെ ഭൂപ്രകൃതി

സ്വന്തമാക്കി ആദ്യത്തെ ആദ്യവര്‍ഷങ്ങളില്‍ ‘അമേരിക്ക’ വലിയപ്രാധാന്യമൊന്നും ‘അലാസ്‌ക’യ്ക്ക് കൊടുത്തിരുന്നില്ല. സ്വര്‍ണ്ണനിക്ഷേപമുണ്ടെന്ന നിഗമനം മാത്രമേ അവര്‍ക്ക് അന്നും ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഭൂമികൈമാറ്റം നടത്തിയ ‘റഷ്യയെ’ അടക്കം ഞെട്ടിച്ചുകൊണ്ട് 1883-ല്‍ അലാസ്‌ക്കയിലെ ‘യൂക്കോണ്‍’ നദിയില്‍ ‘എഡ് ഷിഫെലിന്‍’ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തുകയും 1888 ല്‍ സ്വര്‍ണ്ണഖനനം ആരംഭിക്കുകയും ചെയ്തു. 1848-ല്‍ ‘കെനായ് നദിയില്‍’ റഷ്യന്‍ പര്യവേഷണസംഘം നടത്തിയ തിരച്ചിലില്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയിരുന്നെങ്കിലും റഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണ്ണം ഖനനം ചെയ്യാതെ ചരിത്രപരമായ വിഡ്ഢിത്തം കാണിച്ചു. അലാസ്‌കയിലെ ‘ക്ലൊണ്‍ഡികെ’ സ്വര്‍ണ്ണഖനിക്കൂട്ടം അമേരിക്കയിലേക്ക് നൂറുകണക്കിന് മില്ല്യണ്‍ ഡോളര്‍ ലാഭം ഒഴുകാനിടയാക്കി. ഈ പണം ”ലോകപോലീസാവാന്‍” കച്ചകെട്ടിയിറങ്ങിയ അമേരിക്കന്‍ പടപ്പുറപ്പാടിന് വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. വെറും 7 മില്ല്യണ്‍ ഡോളറിന് വാങ്ങിയ ‘അലാസ്‌ക്കയില്‍’ നിന്ന് പ്രതിവര്‍ഷം 100 മില്ല്യണ്‍ ഡോളര്‍ വരുമാനം അമേരിക്കക്കുണ്ടായി.

ഉടമ്പടി പത്രം

19-ആം നൂറ്റാണ്ടില്‍ റഷ്യയുടെ കൈമാറ്റത്തിനുമുമ്പ് ‘അലാസ്‌ക’ ഒരു അന്താരാഷ്ട്രവാണിജ്യ കേന്ദ്രമായിരുന്നു. റഷ്യന്‍ അധീനതയിലെ ‘അലാസ്‌ക’യുടെ തലസ്ഥാനനഗരത്തിന്റെ പേര് ‘നൊവൊആര്‍ക്കഗെല്‍സ്’ എന്നായിരുന്നു. പ്രധാനമായും ചൈനയില്‍ നിന്നുള്ള തുണിത്തരങ്ങളും തേയിലയും ഐസുമായിരുന്നു അവിടുത്തെ പ്രധാന വാണിജ്യ ഉത്പന്നങ്ങള്‍. താരതമ്യേന ചൂടുകൂടിയ തെക്കേ അമേരിക്കയിലേക്ക് ഐസ് എത്തിക്കുന്ന ഏകവാണിജ്യകേന്ദ്രമായിരുന്നു അത്. തുടര്‍ന്ന് കപ്പലുകളും ഫാക്ടറികളും റഷ്യന്‍ വ്യവസായികളുടെ ഉത്സാഹത്താല്‍ ‘അലാസ്‌ക്കയില്‍’ നിലവില്‍ വന്നു. വെറും ആനത്തോലുകള്‍ സ്വദേശീയരായ ‘എസ്‌കിമോകളില്‍’ നിന്ന് വാങ്ങി കച്ചവടമാരംഭിച്ച ചുറുചുറുക്കുള്ള റഷ്യന്‍ കച്ചവട/വ്യവസായികള്‍ കപ്പലുകളും ഫാക്ടറികളും മത്സരിച്ച് നിര്‍മ്മിക്കുവാന്‍ തുടങ്ങി. സ്വദേശീയരായ ‘എസ്‌കിമോകള്‍’ അടക്കമുള്ള സര്‍വ്വ ജനങ്ങള്‍ക്കും ഈ വികസനങ്ങളുടെ ഗുണഫലങ്ങള്‍ കിട്ടി. റഷ്യയും അമേരിക്കയുമായി ചേര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി’ (RAC) 1799-ല്‍ രൂപീകരിച്ചതോടെ വികസനകുതിച്ചുചാട്ടം ‘അലാസ്‌കയില്‍’ അലയടിച്ചു. ഇരുരാജ്യങ്ങളുടേയും സമ്മതത്തോടെ ‘റഷ്യ അമേരിക്കന്‍ കമ്പനി’ (RAC) ഭരിക്കുന്ന സ്വയംഭരണപ്രദേശമായി ‘അലാസ്‌ക’ മാറി. അവര്‍ക്ക് സ്വന്തമായി കൊടിയും നാണയവ്യവസ്ഥയും വരെ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുമ്പോള്‍ എത്ര ആഴത്തില്‍ ‘റഷ്യ അമേരിക്കന്‍ കമ്പനി’ അലാസ്‌കയില്‍ അടക്കിവാണെന്ന് മനസ്സിലാക്കാം.

ഉടമ്പടി ഒപ്പു വെയ്ക്കുന്നു

റഷ്യയിലെ സാര്‍ചക്രവര്‍ത്തിമാരുടെ ബന്ധുജനങ്ങള്‍ പലരും ഈ കമ്പനിയില്‍ ഉന്നത സ്ഥാനീയരായിരുന്നു. തുടക്കത്തില്‍ തന്നെ നല്ല ലാഭം കൊയ്ത കമ്പനിയുടെമേല്‍ വലിയ നികുതി ചുമത്തിയെങ്കിലും നല്ല നേതൃത്വത്തിന്റെ തോളിലേറി കമ്പനി വികസനക്കൊടുമുടികള്‍ കീഴടക്കി. ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ ഏറ്റവും സാമര്‍ത്ഥ്യശാലിയായ നേതാവായിരുന്നു റഷ്യക്കാരനായ ‘അലെക്‌സാണ്ടര്‍ ബര്‍ണോവ്’. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥസേവനത്തിന്റെ ഫലമായി അലാസ്‌കയില്‍ സ്‌കൂളുകളും ഫാക്ടറികളും പട്ടണങ്ങളും വാണിജ്യ/വ്യാപാരകേന്ദ്യങ്ങളും കപ്പല്‍ശാലകളും തുറന്നു. അലാസ്‌കയിലെ ‘എസ്‌ക്കിമോ’ വംശജരെ മധുരക്കിഴങ്ങും തക്കാളിയും കൃഷിചെയ്യാന്‍ പഠിപ്പിച്ച ‘അലക്‌സാണ്ടര്‍ ബര്‍ണോവ്’ പ്രതിരോധത്തിനായി അലാസ്‌കയിലെ തന്ത്രപ്രധാനമേഖലകളില്‍ കോട്ടകളും പണികഴിപ്പിച്ചു. ‘റഷ്യന്‍ പിസാരോ’ എന്ന് സ്വയം വിശേഷിപ്പിച്ച ആ മഹാന്റെ കഴിവില്‍ ‘റഷ്യ അമേരിക്കന്‍ കമ്പനി’ 1000% ത്തിലധികം വളര്‍ച്ചനേടി. പക്ഷേ വാര്‍ദ്ധക്യം എന്ന അനിവാര്യമായ കീഴടങ്ങല്‍ ‘അലക്‌സാണ്ടര്‍ ബര്‍ണോവിനേയും’ തേടിയെത്തിയപ്പോള്‍ അധികാരത്യാഗം അല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളില്ലാതായി.

തുടര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ അധികാരസ്ഥാനത്തിലെത്തിയത് ക്യാപ്റ്റന്‍ ‘ഹെയ്‌ഗ്മെസ്റ്റര്‍’ എന്ന നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു. അധികാരമേറ്റയുടന്‍ തന്നെ കമ്പനിയുടെ മുഴുവന്‍ ഘടനയും അഴിച്ചുപണിത ‘ഹെയ്‌ഗ്മെസ്റ്റര്‍’ നാവിക ഉദ്യോഗസ്ഥരല്ലാത്തവരാരും ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ നേതൃത്വത്തില്‍ വരാന്‍ പാടില്ലെന്ന നിയമവും നടപ്പാക്കി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നിരുന്ന ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ വളര്‍ച്ച പടവലങ്ങപോലെ കീഴ്‌പ്പോട്ടായി. അന്ന് റഷ്യയിലെ സെനറ്ററന്മാരും മന്ത്രിമാരും 1,500 റൂബിള്‍ വര്‍ഷശമ്പളം വാങ്ങിയപ്പോള്‍ 1,50,000 രൂപ ശമ്പളമായെടുത്ത് ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ തലപ്പത്തിരുന്ന ‘ഹെയ്‌ഗ്മെസ്റ്റര്‍’ മുച്ചൂടും മുടിക്കാന്‍ തുടങ്ങി. അഴിമതി ഭരണം ക്രമേണ ഏകാധിപത്യത്തിലേക്ക് നീങ്ങിയതോടെ എസ്‌കിമോകളും അലെയ്ട്‌സും ‘റഷ്യ അമേരിക്കന്‍ കമ്പനി’ക്കെതിരെ തിരിഞ്ഞു. റഷ്യന്‍ നാവികക്കപ്പലുകള്‍ പ്രതിഷേധം ശക്തമായ തീരപ്രദേശങ്ങളിലേക്ക് നിറയൊഴിക്കാന്‍ തുടങ്ങിയതും എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെയായി. അധികാരസ്ഥാനങ്ങളിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ തുടങ്ങി.അങ്ങിനെയാണ് ചൈനയില്‍ നിന്ന് തേയിലയിറക്കുമതിയും തെക്കേ അമേരിക്കയിലേക്ക് ‘ഐസ്’ കയറ്റുമതിയും തുടങ്ങിയത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ കമ്പനിയെ 2 ലക്ഷം റൂബിള്‍ പ്രതിവര്‍ഷം സബ്‌സിഡി നല്കാന്‍ റഷ്യ തീരുമാനിച്ചതും വെറും വെള്ളത്തില്‍ വരച്ച വര പോലെയായി. ‘അമേരിക്കന്‍ റഷ്യന്‍ കമ്പനി’ സമ്പൂര്‍ണ്ണ നഷ്ടത്തിലായി. ‘അലാസ്‌കന്‍’ ഭൂമി കൈമാറ്റത്തിനുശേഷം 1881-ല്‍ സമ്പൂര്‍ണ്ണമായി കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

റഷ്യൻ അമേരിക്കൻ കമ്പനിയുടെ പതാക

പക്ഷേ ഈ ഭൂമികൈമാറ്റത്തിന് കാരണമായത് 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെ നീണ്ട ‘ക്രിമിയന്‍ യുദ്ധത്തിലെ’ റഷ്യന്‍ സാമ്രാജ്യത്തിന്റെ’ പരാജയത്തെ തുടര്‍ന്നായിരുന്നു. ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും ടര്‍ക്കിയുടേയും ‘സഖ്യസേന’ ‘ക്രിമിയന്‍ യുദ്ധത്തില്‍ ‘റഷ്യന്‍ സാമ്രാജ്യത്തിന്റെ സേന’യെ പരാജയപ്പെടുത്തി. തുടര്‍ന്ന് ‘സഖ്യസേന’യുടെ ശക്തമായ ഒരു മുന്നേറ്റം മുന്നില്‍ക്കണ്ട റഷ്യന്‍ സാര്‍ക്ക് ചക്രവര്‍ത്തിക്ക് ‘അലാസ്‌ക’ ഒരുകീറാമുട്ടിയായി തോന്നി. കാരണം പസഫിക്ക് സമുദ്രത്തില്‍ ബ്രൈറ്റേഷ നേവി കടന്നാക്രമിച്ചാല്‍ റഷ്യയുടെ പ്രതിരോധം രണ്ട് ഭൂഖണ്ടങ്ങളിലേക്ക് മാറ്റപ്പെടുകയും തത്ഫലമായി തോല്‍വിയുടെ കയ്പ്പുനീര്‍ കുടിക്കേണ്ടിവരുമെന്നും അവര്‍ കരുതി. ഏകദേശം ഒരേ സമയത്തുതന്നെയാണ് ‘അലാസ്‌കയുടെ’ കൈമാറ്റതീരുമാനം ഇരുരാജ്യങ്ങളിലും ഉയര്‍ന്നത്. ബ്രിട്ടനും റഷ്യയും തമ്മില്‍ കലഹം മൂര്‍ഛിച്ചപ്പോള്‍ അമേരിക്കയും റഷ്യയും സുഹൃത് രാജ്യങ്ങളായി തുടര്‍ന്നു. ആ സൗഹൃദമാണ് പില്‍ക്കാലത്ത് ‘അലാസ്‌ക’ കൈമാറ്റത്തിന് കാരണമായത്.മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെ ഇരുരാജ്യങ്ങളിലേയും കൂലിയെഴുത്തുകാരും കപട ദേശീയവാദികളും സടകുടഞ്ഞെണീറ്റു. ‘അമേരിക്കയിലെ ബുദ്ധിജീവികള്‍’ പറഞ്ഞത് ‘അലാസ്‌ക്ക’ വെറുമൊരു ‘ഐസ്‌പെട്ടി’ ആണെന്നും അതിന്റെകൂടെ മത്സ്യ എണ്ണ കുടിക്കുന്ന 50,000-ത്തോളം ‘എസ്‌കിമോകളെ’ ദാനമായും ലഭിക്കുമെന്നായിരുന്നു. പക്ഷേ ‘റഷ്യന്‍ ബുദ്ധിജീവികള്‍’ അല്പംകൂടി നിലവാരം പുലര്‍ത്തി പറഞ്ഞത് സ്വര്‍ണ്ണസമ്പത്തുള്ള അലാസ്‌ക വിട്ടുകൊടുക്കുന്നത് ഭാവിയില്‍ ദു:ഖിക്കേണ്ടിവരുമെന്നായിരുന്നു.

പക്ഷേ എല്ലാ എതിരഭിപ്രായങ്ങളേയും മറികടന്ന് 1867 മാര്‍ച്ച് 30 ന് അമേരിക്കന്‍ തലസ്ഥാനമായ ‘വാഷിംഗ്ടണ്‍ ഡി.സി’യില്‍ വെച്ച് ‘അലാസ്‌ക’ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

റഷ്യൻ അമേരിക്കൻ കമ്പനിയുടെ നാണയം

ഉടമ്പടിയെത്തുടര്‍ന്ന് അമേരിക്ക ‘അലാസ്‌ക’യിലേക്ക് സൈന്യത്തെ അയച്ചു. തലസ്ഥാനനഗരത്തിന്റെ പേര് ‘നൊവൊആര്‍ക്കഗെല്‍സ്’ എന്നതില്‍ നിന്നും ‘സിറ്റ്ക’ എന്നാക്കിമാറ്റുകയും ചെയ്തു. ഏകദേശം ആയിരത്തോളം വരുന്ന ‘അലാസ്‌കയിലെ’ റഷ്യന്‍ പൗരന്മാര്‍ ‘അമേരിക്കന്‍ പൗരത്വം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും സ്വദേശമായ റഷ്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയുടെ സൈനികനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ‘അലാസ്‌ക’. ഇതുകൂടാതെ മില്ല്യണ്‍ കണക്കിന് ഡോളറിന്റെ സ്വര്‍ണ്ണധാതുനിക്ഷേപങ്ങളും ‘അലാസ്‌ക്ക’യില്‍ മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അടുത്തകാലത്തും ഒരു സമ്മേളനത്തിന്റെ ചോദ്യോത്തരവേളയില്‍ റഷ്യന്‍ പ്രസിഡന്റ് ‘വ്‌ളാഡിമിര്‍ പുടി’നോട് അലാസ്‌ക്കാ ഉടമ്പടിയെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടിപറഞ്ഞത് സൈബീരിയ അടക്കമുള്ള തങ്ങളുടെ സ്ഥലങ്ങളില്‍ ധാരാളം ‘ഐസ് പെട്ടികള്‍’ ഉണ്ടെന്നായിരുന്നു.അത് പക്ഷേ ഒരു ന്യായീകരണം മാത്രമായേ കാണാനാവൂ. കാരണം ഇന്നത്തെ രാജ്യാന്തര രാഷ്ട്രീയ/പ്രതിരോധരംഗം വിലയിരുത്തുമ്പോള്‍ ‘അലാസ്‌കാ ഭൂമികൈമാറ്റം’ റഷ്യയുടെ ഒരു ചരിത്രപരമായ പിശകു തന്നെയായി വിലയിരുത്താം.

Leave a Reply

Your email address will not be published.

*