Category archive

ചരിത്രം

‘അമേരിക്ക റഷ്യയിൽ നിന്നും ‘അലാസ്ക’ സ്വന്തമാക്കിയ കഥ’

in ചരിത്രം

ഇന്ത്യയുടെ പകുതിയേക്കാള്‍ വിസ്തൃമായ ‘അലാസ്‌ക’ എന്ന പ്രദേശം റഷ്യയില്‍ നിന്നും അമേരിക്ക സ്വന്തമാക്കിയ ഉടമ്പടിയിലേക്ക് ഒരുചരിത്രാന്വേഷണം:-

അമേരിക്കയുടെ ഭൂപടം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമിടയിലുള്ള പ്രധാനഭൂപ്രദേശമല്ലാതെ കാനഡയുടെ പടിഞ്ഞാറേ അതിര്‍ത്തിക്കും പസഫിക് സമുദ്രത്തിനുമിടയില്‍ അമേരിക്കയുടെ മറ്റൊരു ഭാഗംകൂടെ കാണുവാന്‍ സാധിക്കും. അതാണ് അമേരിക്കയുടെ അലാസ്‌ക എന്ന സംസ്ഥാനം. ആ തണുത്തുറഞ്ഞ നാടിന്റെ പേര് ‘അലാസ്‌ക’ എന്നാകാന്‍ കാരണം ഭൂഖണ്ഡം എന്ന് അര്‍ത്ഥമുള്ള ‘അലിയറ്റ്’ എന്ന പദത്തില്‍ നിന്നാണ്. ഏകദേശം 50,000-ത്തിലധികം ‘എസ്‌കിമോകളും അലെയ്ട്‌സും’ അടങ്ങുന്ന സ്വദേശീയരായ ജനങ്ങളും ആയിരത്തിനടുത്ത് റഷ്യന്‍ പൗരന്മാരും അടങ്ങുന്ന നാടായിരുന്നു അന്നത്തെ ‘അലാസ്‌ക’. ഏകദേശം 1.71 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ് 1867 ഒക്ടോബര്‍ 18-ന് റഷ്യയില്‍ നിന്നും വെറും 7.2 മില്ല്യണ്‍ ഡോളര്‍ നല്കി നിയമപരമായി അമേരിക്ക സ്വന്തമാക്കിയത്. ഈ ഭൂമികൈമാറ്റത്തോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ റഷ്യയുടെ പരമാധികാരം എന്നെന്നേക്കുമായി ഇല്ലാതായി. അതേസമയം ‘അമേരിക്ക’ തങ്ങളുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതികായരാവാനുള്ള പടയോട്ടം തുടങ്ങുകയും ചെയ്തു.

അലാസ്ക

1725-ല്‍ റഷ്യന്‍ സാര്‍ ചക്രവര്‍ത്തിയായിരുന്ന ‘പീറ്റര്‍ ദി ഗ്രേറ്റ്’ ആണ് ആദ്യമായി തണുത്തുറഞ്ഞ വടക്കേ അമേരിക്കന്‍ ഭൂമിയിലേക്ക് ആദ്യമായി പര്യവേഷകസംഘങ്ങളെ അയച്ചത്. അന്നതിന് അവരെ പ്രേരിപ്പിച്ചത് ‘അലാസ്‌കന്‍’ ഭൂമിയില്‍ ഒളിഞ്ഞുകിടക്കുന്ന ധാതുനിക്ഷേപങ്ങളായിരുന്നു. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് അന്ന് ‘അലാസ്‌കയില്‍’ താമസിച്ചിരുന്നത് സ്വദേശിവംശമായ ‘എസ്‌കിമോകളും അലെയ്ട്‌സും’ മാത്രമായിരുന്നു. അതിനാല്‍ റഷ്യന്‍ പര്യവേഷണ/വ്യവസായ സംഘങ്ങളെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഏകദേശം ഇതേസമയത്തുതന്നെയാണ് ‘അമേരിക്കന്‍ പര്യവേഷണ/വ്യവസായ സംഘങ്ങള്‍ വടക്ക്-പടിഞ്ഞാറേക്ക് തങ്ങളുടെ രാജ്യവിസ്തൃതിക്കായി മുന്നേറ്റം നടത്തിയത്. ഈ രണ്ടുരാജ്യങ്ങളിലേയും പര്യവേഷണ/വ്യവസായ സംഘങ്ങള്‍ പരസ്പരം കണ്ടുമുട്ടിയതോടെ ചരിത്രം തിരുത്തിയ ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) 1799-ല്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) അലാസ്‌ക്കയുടെ വികസനത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുകയും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഔന്നത്ത്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

പക്ഷേ 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെനീണ്ട ‘ക്രിമിയന്‍ യുദ്ധ’ത്തിലെ റഷ്യന്‍ സാമ്രാജ്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് ‘അലാസ്‌കയുടെ’ പ്രതിരോധവും അതിജീവനവും തങ്ങളാലാവില്ലെന്ന ചിന്താഗതി റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായി. ഏതുനിമിഷവും ബ്രിട്ടന്റെ ഭാഗത്തുനിന്നും അലാസ്‌കയിലേക്ക് ഒരു അധിനിവേശം നടക്കുമെന്ന് റഷ്യന്‍ ചക്രവര്‍ത്തി ഭയന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് 1859 ആയപ്പോള്‍ ‘അലാസ്‌ക’ അന്നത്തെ റഷ്യയുടെ സുഹൃത് രാജ്യമായിരുന്ന അമേരിക്കക്ക് കൈമാറാന്‍ തീരുമാനിക്കാന്‍ സാര്‍ചക്രവര്‍ത്തി നിര്‍ബന്ധിതനായി. അമേരിക്കയില്‍ 1861 മുതല്‍ 1865 വരെനീണ്ട ‘സിവില്‍ യുദ്ധത്തിന്റെ’ സമയത്ത് ഈ റഷ്യന്‍ വില്‍പ്പന മാറ്റിവെക്കപ്പെട്ടു. എന്നാല്‍ ‘സിവില്‍ യുദ്ധത്തിനു’ശേഷം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ‘വില്ല്യം സിവാര്‍ഡ്’ റഷ്യന്‍ സ്ഥാനപതിയായിരുന്ന ‘എഡ്വേര്‍ഡ് ഡെ സ്റ്റോയിക്കിളു’മായി 1867 മാര്‍ച്ച് 30 ന് ‘അലാസ്‌കന്‍ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടി’ തയ്യാറാക്കി. അന്നത്തെ 7.2 മില്ല്യണ്‍ ഡോളര്‍ റഷ്യക്ക് നല്കുന്നതിലൂടെ അലാസ്‌ക്ക അമേരിക്കയുടെ സ്വന്തമാകുന്നു എന്നായിരുന്നു ഉടമ്പടി. അതേവര്‍ഷം ഏപ്രില്‍ 9 ന് അമേരിക്കന്‍ സെനറ്റ് ഈ ഉടമ്പടി ചര്‍ച്ചക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. അമേരിക്കയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ‘ആന്‍ഡ്രൂ ജോണ്‍സണ്‍’ 1967 മെയ് 28 ന് ഉടമ്പടിയില്‍ ഒപ്പുവെച്ചു. അങ്ങനെ 1867 ഒക്ടോബര്‍ 18 ന് നിയമപരമായി ‘അലാസ്‌ക’ അമേരിക്കയുടെ അധീനതയിലായി.

അലാസ്കയുടെ ഭൂപ്രകൃതി

സ്വന്തമാക്കി ആദ്യത്തെ ആദ്യവര്‍ഷങ്ങളില്‍ ‘അമേരിക്ക’ വലിയപ്രാധാന്യമൊന്നും ‘അലാസ്‌ക’യ്ക്ക് കൊടുത്തിരുന്നില്ല. സ്വര്‍ണ്ണനിക്ഷേപമുണ്ടെന്ന നിഗമനം മാത്രമേ അവര്‍ക്ക് അന്നും ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഭൂമികൈമാറ്റം നടത്തിയ ‘റഷ്യയെ’ അടക്കം ഞെട്ടിച്ചുകൊണ്ട് 1883-ല്‍ അലാസ്‌ക്കയിലെ ‘യൂക്കോണ്‍’ നദിയില്‍ ‘എഡ് ഷിഫെലിന്‍’ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തുകയും 1888 ല്‍ സ്വര്‍ണ്ണഖനനം ആരംഭിക്കുകയും ചെയ്തു. 1848-ല്‍ ‘കെനായ് നദിയില്‍’ റഷ്യന്‍ പര്യവേഷണസംഘം നടത്തിയ തിരച്ചിലില്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയിരുന്നെങ്കിലും റഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണ്ണം ഖനനം ചെയ്യാതെ ചരിത്രപരമായ വിഡ്ഢിത്തം കാണിച്ചു. അലാസ്‌കയിലെ ‘ക്ലൊണ്‍ഡികെ’ സ്വര്‍ണ്ണഖനിക്കൂട്ടം അമേരിക്കയിലേക്ക് നൂറുകണക്കിന് മില്ല്യണ്‍ ഡോളര്‍ ലാഭം ഒഴുകാനിടയാക്കി. ഈ പണം ”ലോകപോലീസാവാന്‍” കച്ചകെട്ടിയിറങ്ങിയ അമേരിക്കന്‍ പടപ്പുറപ്പാടിന് വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. വെറും 7 മില്ല്യണ്‍ ഡോളറിന് വാങ്ങിയ ‘അലാസ്‌ക്കയില്‍’ നിന്ന് പ്രതിവര്‍ഷം 100 മില്ല്യണ്‍ ഡോളര്‍ വരുമാനം അമേരിക്കക്കുണ്ടായി.

ഉടമ്പടി പത്രം

19-ആം നൂറ്റാണ്ടില്‍ റഷ്യയുടെ കൈമാറ്റത്തിനുമുമ്പ് ‘അലാസ്‌ക’ ഒരു അന്താരാഷ്ട്രവാണിജ്യ കേന്ദ്രമായിരുന്നു. റഷ്യന്‍ അധീനതയിലെ ‘അലാസ്‌ക’യുടെ തലസ്ഥാനനഗരത്തിന്റെ പേര് ‘നൊവൊആര്‍ക്കഗെല്‍സ്’ എന്നായിരുന്നു. പ്രധാനമായും ചൈനയില്‍ നിന്നുള്ള തുണിത്തരങ്ങളും തേയിലയും ഐസുമായിരുന്നു അവിടുത്തെ പ്രധാന വാണിജ്യ ഉത്പന്നങ്ങള്‍. താരതമ്യേന ചൂടുകൂടിയ തെക്കേ അമേരിക്കയിലേക്ക് ഐസ് എത്തിക്കുന്ന ഏകവാണിജ്യകേന്ദ്രമായിരുന്നു അത്. തുടര്‍ന്ന് കപ്പലുകളും ഫാക്ടറികളും റഷ്യന്‍ വ്യവസായികളുടെ ഉത്സാഹത്താല്‍ ‘അലാസ്‌ക്കയില്‍’ നിലവില്‍ വന്നു. വെറും ആനത്തോലുകള്‍ സ്വദേശീയരായ ‘എസ്‌കിമോകളില്‍’ നിന്ന് വാങ്ങി കച്ചവടമാരംഭിച്ച ചുറുചുറുക്കുള്ള റഷ്യന്‍ കച്ചവട/വ്യവസായികള്‍ കപ്പലുകളും ഫാക്ടറികളും മത്സരിച്ച് നിര്‍മ്മിക്കുവാന്‍ തുടങ്ങി. സ്വദേശീയരായ ‘എസ്‌കിമോകള്‍’ അടക്കമുള്ള സര്‍വ്വ ജനങ്ങള്‍ക്കും ഈ വികസനങ്ങളുടെ ഗുണഫലങ്ങള്‍ കിട്ടി. റഷ്യയും അമേരിക്കയുമായി ചേര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി’ (RAC) 1799-ല്‍ രൂപീകരിച്ചതോടെ വികസനകുതിച്ചുചാട്ടം ‘അലാസ്‌കയില്‍’ അലയടിച്ചു. ഇരുരാജ്യങ്ങളുടേയും സമ്മതത്തോടെ ‘റഷ്യ അമേരിക്കന്‍ കമ്പനി’ (RAC) ഭരിക്കുന്ന സ്വയംഭരണപ്രദേശമായി ‘അലാസ്‌ക’ മാറി. അവര്‍ക്ക് സ്വന്തമായി കൊടിയും നാണയവ്യവസ്ഥയും വരെ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുമ്പോള്‍ എത്ര ആഴത്തില്‍ ‘റഷ്യ അമേരിക്കന്‍ കമ്പനി’ അലാസ്‌കയില്‍ അടക്കിവാണെന്ന് മനസ്സിലാക്കാം.

ഉടമ്പടി ഒപ്പു വെയ്ക്കുന്നു

റഷ്യയിലെ സാര്‍ചക്രവര്‍ത്തിമാരുടെ ബന്ധുജനങ്ങള്‍ പലരും ഈ കമ്പനിയില്‍ ഉന്നത സ്ഥാനീയരായിരുന്നു. തുടക്കത്തില്‍ തന്നെ നല്ല ലാഭം കൊയ്ത കമ്പനിയുടെമേല്‍ വലിയ നികുതി ചുമത്തിയെങ്കിലും നല്ല നേതൃത്വത്തിന്റെ തോളിലേറി കമ്പനി വികസനക്കൊടുമുടികള്‍ കീഴടക്കി. ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ ഏറ്റവും സാമര്‍ത്ഥ്യശാലിയായ നേതാവായിരുന്നു റഷ്യക്കാരനായ ‘അലെക്‌സാണ്ടര്‍ ബര്‍ണോവ്’. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥസേവനത്തിന്റെ ഫലമായി അലാസ്‌കയില്‍ സ്‌കൂളുകളും ഫാക്ടറികളും പട്ടണങ്ങളും വാണിജ്യ/വ്യാപാരകേന്ദ്യങ്ങളും കപ്പല്‍ശാലകളും തുറന്നു. അലാസ്‌കയിലെ ‘എസ്‌ക്കിമോ’ വംശജരെ മധുരക്കിഴങ്ങും തക്കാളിയും കൃഷിചെയ്യാന്‍ പഠിപ്പിച്ച ‘അലക്‌സാണ്ടര്‍ ബര്‍ണോവ്’ പ്രതിരോധത്തിനായി അലാസ്‌കയിലെ തന്ത്രപ്രധാനമേഖലകളില്‍ കോട്ടകളും പണികഴിപ്പിച്ചു. ‘റഷ്യന്‍ പിസാരോ’ എന്ന് സ്വയം വിശേഷിപ്പിച്ച ആ മഹാന്റെ കഴിവില്‍ ‘റഷ്യ അമേരിക്കന്‍ കമ്പനി’ 1000% ത്തിലധികം വളര്‍ച്ചനേടി. പക്ഷേ വാര്‍ദ്ധക്യം എന്ന അനിവാര്യമായ കീഴടങ്ങല്‍ ‘അലക്‌സാണ്ടര്‍ ബര്‍ണോവിനേയും’ തേടിയെത്തിയപ്പോള്‍ അധികാരത്യാഗം അല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളില്ലാതായി.

തുടര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ അധികാരസ്ഥാനത്തിലെത്തിയത് ക്യാപ്റ്റന്‍ ‘ഹെയ്‌ഗ്മെസ്റ്റര്‍’ എന്ന നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു. അധികാരമേറ്റയുടന്‍ തന്നെ കമ്പനിയുടെ മുഴുവന്‍ ഘടനയും അഴിച്ചുപണിത ‘ഹെയ്‌ഗ്മെസ്റ്റര്‍’ നാവിക ഉദ്യോഗസ്ഥരല്ലാത്തവരാരും ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ നേതൃത്വത്തില്‍ വരാന്‍ പാടില്ലെന്ന നിയമവും നടപ്പാക്കി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നിരുന്ന ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ വളര്‍ച്ച പടവലങ്ങപോലെ കീഴ്‌പ്പോട്ടായി. അന്ന് റഷ്യയിലെ സെനറ്ററന്മാരും മന്ത്രിമാരും 1,500 റൂബിള്‍ വര്‍ഷശമ്പളം വാങ്ങിയപ്പോള്‍ 1,50,000 രൂപ ശമ്പളമായെടുത്ത് ‘റഷ്യ അമേരിക്കന്‍ കമ്പനി’യുടെ തലപ്പത്തിരുന്ന ‘ഹെയ്‌ഗ്മെസ്റ്റര്‍’ മുച്ചൂടും മുടിക്കാന്‍ തുടങ്ങി. അഴിമതി ഭരണം ക്രമേണ ഏകാധിപത്യത്തിലേക്ക് നീങ്ങിയതോടെ എസ്‌കിമോകളും അലെയ്ട്‌സും ‘റഷ്യ അമേരിക്കന്‍ കമ്പനി’ക്കെതിരെ തിരിഞ്ഞു. റഷ്യന്‍ നാവികക്കപ്പലുകള്‍ പ്രതിഷേധം ശക്തമായ തീരപ്രദേശങ്ങളിലേക്ക് നിറയൊഴിക്കാന്‍ തുടങ്ങിയതും എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെയായി. അധികാരസ്ഥാനങ്ങളിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ തുടങ്ങി.അങ്ങിനെയാണ് ചൈനയില്‍ നിന്ന് തേയിലയിറക്കുമതിയും തെക്കേ അമേരിക്കയിലേക്ക് ‘ഐസ്’ കയറ്റുമതിയും തുടങ്ങിയത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ കമ്പനിയെ 2 ലക്ഷം റൂബിള്‍ പ്രതിവര്‍ഷം സബ്‌സിഡി നല്കാന്‍ റഷ്യ തീരുമാനിച്ചതും വെറും വെള്ളത്തില്‍ വരച്ച വര പോലെയായി. ‘അമേരിക്കന്‍ റഷ്യന്‍ കമ്പനി’ സമ്പൂര്‍ണ്ണ നഷ്ടത്തിലായി. ‘അലാസ്‌കന്‍’ ഭൂമി കൈമാറ്റത്തിനുശേഷം 1881-ല്‍ സമ്പൂര്‍ണ്ണമായി കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

റഷ്യൻ അമേരിക്കൻ കമ്പനിയുടെ പതാക

പക്ഷേ ഈ ഭൂമികൈമാറ്റത്തിന് കാരണമായത് 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെ നീണ്ട ‘ക്രിമിയന്‍ യുദ്ധത്തിലെ’ റഷ്യന്‍ സാമ്രാജ്യത്തിന്റെ’ പരാജയത്തെ തുടര്‍ന്നായിരുന്നു. ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും ടര്‍ക്കിയുടേയും ‘സഖ്യസേന’ ‘ക്രിമിയന്‍ യുദ്ധത്തില്‍ ‘റഷ്യന്‍ സാമ്രാജ്യത്തിന്റെ സേന’യെ പരാജയപ്പെടുത്തി. തുടര്‍ന്ന് ‘സഖ്യസേന’യുടെ ശക്തമായ ഒരു മുന്നേറ്റം മുന്നില്‍ക്കണ്ട റഷ്യന്‍ സാര്‍ക്ക് ചക്രവര്‍ത്തിക്ക് ‘അലാസ്‌ക’ ഒരുകീറാമുട്ടിയായി തോന്നി. കാരണം പസഫിക്ക് സമുദ്രത്തില്‍ ബ്രൈറ്റേഷ നേവി കടന്നാക്രമിച്ചാല്‍ റഷ്യയുടെ പ്രതിരോധം രണ്ട് ഭൂഖണ്ടങ്ങളിലേക്ക് മാറ്റപ്പെടുകയും തത്ഫലമായി തോല്‍വിയുടെ കയ്പ്പുനീര്‍ കുടിക്കേണ്ടിവരുമെന്നും അവര്‍ കരുതി. ഏകദേശം ഒരേ സമയത്തുതന്നെയാണ് ‘അലാസ്‌കയുടെ’ കൈമാറ്റതീരുമാനം ഇരുരാജ്യങ്ങളിലും ഉയര്‍ന്നത്. ബ്രിട്ടനും റഷ്യയും തമ്മില്‍ കലഹം മൂര്‍ഛിച്ചപ്പോള്‍ അമേരിക്കയും റഷ്യയും സുഹൃത് രാജ്യങ്ങളായി തുടര്‍ന്നു. ആ സൗഹൃദമാണ് പില്‍ക്കാലത്ത് ‘അലാസ്‌ക’ കൈമാറ്റത്തിന് കാരണമായത്.മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെ ഇരുരാജ്യങ്ങളിലേയും കൂലിയെഴുത്തുകാരും കപട ദേശീയവാദികളും സടകുടഞ്ഞെണീറ്റു. ‘അമേരിക്കയിലെ ബുദ്ധിജീവികള്‍’ പറഞ്ഞത് ‘അലാസ്‌ക്ക’ വെറുമൊരു ‘ഐസ്‌പെട്ടി’ ആണെന്നും അതിന്റെകൂടെ മത്സ്യ എണ്ണ കുടിക്കുന്ന 50,000-ത്തോളം ‘എസ്‌കിമോകളെ’ ദാനമായും ലഭിക്കുമെന്നായിരുന്നു. പക്ഷേ ‘റഷ്യന്‍ ബുദ്ധിജീവികള്‍’ അല്പംകൂടി നിലവാരം പുലര്‍ത്തി പറഞ്ഞത് സ്വര്‍ണ്ണസമ്പത്തുള്ള അലാസ്‌ക വിട്ടുകൊടുക്കുന്നത് ഭാവിയില്‍ ദു:ഖിക്കേണ്ടിവരുമെന്നായിരുന്നു.

പക്ഷേ എല്ലാ എതിരഭിപ്രായങ്ങളേയും മറികടന്ന് 1867 മാര്‍ച്ച് 30 ന് അമേരിക്കന്‍ തലസ്ഥാനമായ ‘വാഷിംഗ്ടണ്‍ ഡി.സി’യില്‍ വെച്ച് ‘അലാസ്‌ക’ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

റഷ്യൻ അമേരിക്കൻ കമ്പനിയുടെ നാണയം

ഉടമ്പടിയെത്തുടര്‍ന്ന് അമേരിക്ക ‘അലാസ്‌ക’യിലേക്ക് സൈന്യത്തെ അയച്ചു. തലസ്ഥാനനഗരത്തിന്റെ പേര് ‘നൊവൊആര്‍ക്കഗെല്‍സ്’ എന്നതില്‍ നിന്നും ‘സിറ്റ്ക’ എന്നാക്കിമാറ്റുകയും ചെയ്തു. ഏകദേശം ആയിരത്തോളം വരുന്ന ‘അലാസ്‌കയിലെ’ റഷ്യന്‍ പൗരന്മാര്‍ ‘അമേരിക്കന്‍ പൗരത്വം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും സ്വദേശമായ റഷ്യയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയുടെ സൈനികനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സ്ഥലങ്ങളിലൊന്നായിരുന്നു ‘അലാസ്‌ക’. ഇതുകൂടാതെ മില്ല്യണ്‍ കണക്കിന് ഡോളറിന്റെ സ്വര്‍ണ്ണധാതുനിക്ഷേപങ്ങളും ‘അലാസ്‌ക്ക’യില്‍ മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അടുത്തകാലത്തും ഒരു സമ്മേളനത്തിന്റെ ചോദ്യോത്തരവേളയില്‍ റഷ്യന്‍ പ്രസിഡന്റ് ‘വ്‌ളാഡിമിര്‍ പുടി’നോട് അലാസ്‌ക്കാ ഉടമ്പടിയെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടിപറഞ്ഞത് സൈബീരിയ അടക്കമുള്ള തങ്ങളുടെ സ്ഥലങ്ങളില്‍ ധാരാളം ‘ഐസ് പെട്ടികള്‍’ ഉണ്ടെന്നായിരുന്നു.അത് പക്ഷേ ഒരു ന്യായീകരണം മാത്രമായേ കാണാനാവൂ. കാരണം ഇന്നത്തെ രാജ്യാന്തര രാഷ്ട്രീയ/പ്രതിരോധരംഗം വിലയിരുത്തുമ്പോള്‍ ‘അലാസ്‌കാ ഭൂമികൈമാറ്റം’ റഷ്യയുടെ ഒരു ചരിത്രപരമായ പിശകു തന്നെയായി വിലയിരുത്താം.

ഒരു ‘എമണ്ടന്‍’ കഥ

in കൗതുകം/ചരിത്രം

എമണ്ടന്‍ എന്ന നാടന്‍ വാക്ക് ഉപയോഗിക്കാത്തവര്‍ നമുക്കിടയില്‍ വിരളമാവും. വലുത്, ഭീമകാരമായത് എന്നൊക്കെ അര്‍ത്ഥം വരുന്ന ‘എമണ്ടന്‍’ എന്ന വാക്കിനുമുണ്ട് സിനിമാക്കഥ പോലെ കൗതുകകരമായ ഒരു ചരിത്രം. എമണ്ടന് ഇന്ത്യയുമായി എന്ത് ബന്ധം എന്ന് ആലോചിക്കുന്നവര്‍ ഒരു നൂറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കണം.

1914 സെപ്റ്റംബര്‍ 22, ലോകം മുഴുവന്‍ ഒന്നാം ലോക മഹായുദ്ധ ഭീതിയില്‍ ആയിരുന്നെങ്കിലും നവരാത്രി ആഘോഷങ്ങളുടെ തിരക്കുകളിലായിരുന്നു മദ്രാസ് നഗരം. സമയം രാത്രി ഒന്‍പത് കഴിഞ്ഞിരുന്നു. ഹൈക്കോര്‍ട്ടില്‍ നിന്നുള്ള ലൈറ്റ് ഹൗസ് പതിവുപോലെ വിദൂരതയിലേക്ക് മഞ്ഞ വെളിച്ചം തെളിച്ച് കറങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ ആ ജര്‍മ്മന്‍ പടക്കപ്പല്‍ പതിയെ തീരത്തോടടുത്തു കൊണ്ടിരുക്കുകയായിരുന്നു. മദ്രാസ് തീരത്തില്‍ നിന്നും രണ്ടു മൈല്‍ ദൂരെ കപ്പല്‍ പതുക്കെ നങ്കൂരമിട്ടു. ദൂരെ മഞ്ഞ വെളിച്ചത്തില്‍ വെള്ളയില്‍ ചുവന്ന വട്ടങ്ങളില്‍ അടയാളപ്പെടുത്തിയ ഇന്ധന ടാങ്ക് കണ്ട നിമിഷം കമാന്‍ഡര്‍ ജോണ്‍ വോര്‍ മുളളറുടെ കണ്ണുകള്‍ വികസിച്ചു. അദ്ദേഹം സേനാംഗങ്ങളോട് ആക്രമണത്തിന് തയ്യാറാവാന്‍ ഉത്തരവ് കൊടുത്തു. സമയം രാത്രി 9.30. ഇരുട്ടിന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ആദ്യത്തെ ഷെല്‍ മദ്രാസ് പോര്‍ട്ടില്‍ വന്നു പതിച്ചു. പിറകെ തുരുതുരാ ഷെല്ലുകള്‍ പോര്‍ട്ടിനെ ലക്ഷ്യമാക്കി ആര്‍ത്തിരമ്പി വന്നു. മദ്രാസ് പട്ടണം കനത്ത ഷെല്ലിംഗില്‍ പ്രകമ്പനം കൊണ്ടു. പത്ത് മിനിറ്റിനുള്ളില്‍ ആ ജര്‍മ്മന്‍ പടക്കപ്പല്‍ 130 തവണ തീ തുപ്പി. പ്രത്യാക്രമണത്തിന് ബ്രിട്ടന്‍ തയ്യാറെടുക്കും മുമ്പേ പടക്കപ്പല്‍ സിലോണ്‍ തീരത്തേക്ക് കടന്നു. കൊളംബോ തീരത്ത് ശക്തമായ സെര്‍ച്ച് ലൈറ്റുകളുടെ സ്വാധീനം ഉണ്ടായിരുന്നുവെങ്കില്‍ പോലും ആ ജര്‍മ്മന്‍ പടക്കപ്പലിനെ അവര്‍ക്കു കണ്ടെത്താനായില്ല. ഇതിനിടയില്‍ കനത്ത നഷ്ടമാണ് ബ്രിട്ടന് സംഭവിച്ചത്. മദ്രാസ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ബര്‍മ്മ ഓയില്‍ കമ്പനിയുടെ ടാങ്കറുകള്‍ (3.5 ലക്ഷം ഗാലന്‍ ഇന്ധനം) അഗ്‌നിക്കിരയായി. മൂന്നു നാവികര്‍ മരിച്ചു. പതിമൂന്ന് പേര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി. ഭീമകാരമായ കറുത്ത പുക മദ്രാസ് നഗരത്തെയാകെ പൊതിഞ്ഞു.

ഇരുട്ടില്‍ നിന്ന് വന്ന് ഇരുട്ടിലേയ്ക്കു തന്നെ മറഞ്ഞ ഇമ്പീരിയല്‍ ജര്‍മ്മന്‍ നേവിയുടെ ആ പടക്കപ്പലിന്റെ പേരാണ് എമണ്ടന്‍ (എംഡന്‍). മലയാളത്തില്‍ മാത്രമല്ല തമിഴിലും, സിംഹള ഭാഷയിലുമെല്ലാം എമണ്ടന്‍ എന്ന പദപ്രയോഗം പിന്നീട് വന്നു. എംഡന്‍ എന്നത് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിലെ ഒരു നഗരത്തിന്റെ പേരാണ്. അതു തന്നെയാണ് പിന്നീട് പടക്കപ്പലിന്റ പേരായി ലോകം മുഴുവന്‍ അറിയപ്പെട്ടത്.

എംഡന്റെ അപ്രതീക്ഷിത ആക്രമണം പിന്നീട് വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. തുടര്‍ന്നള്ള ദിവസങ്ങളില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍ വീണ്ടുമൊരു ആക്രമണം ഭയന്ന് നഗരം വിട്ട് ഉള്‍പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. റെയില്‍വേ സ്റ്റേഷനുകള്‍ ആളുകളെക്കൊണ്ട് നിറഞ്ഞു. അവശ്യ സാധനങ്ങളുടെ വില റോക്കറ്റു പോലെ കുതിച്ചുയര്‍ന്നു. നഗരത്തില്‍ പകല്‍കൊള്ള വ്യാപകമായി. സമാനമായ സാഹചര്യം കൊല്‍ക്കത്തയിലും ഉടലെടുത്തു. ആളുകള്‍ പരിഭ്രാന്തരായി വീടും ജോലിയുമുപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിച്ചു. എംഡന്‍ വീണ്ടും ആക്രമിക്കുമെന്ന ഭീതി പരക്കെ ഉടലെടുത്തുവെങ്കിലും അതുണ്ടായില്ല.

നിരാവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ നേവിയുടെ അവസാനത്തെ യുദ്ധക്കപ്പലായിരുന്നു എംഡന്‍. 1910 ഏപ്രില്‍ മാസം ഒന്നാം തിയ്യതി ജര്‍മ്മനിയിലെ കീല്‍ നഗരത്തില്‍ നിന്നാണ് എംഡന്റ യാത്ര ആരംഭിക്കുന്നത്. പുറപ്പെട്ട് പോയ ശേഷം പിന്നീടൊരിക്കലും ജര്‍മ്മന്‍ സമുദ്രാതിര്‍ത്തിയില്‍ എംഡന്‍ തിരിച്ചെത്തിയിട്ടില്ല.

കിഴക്കേ ഏഷ്യയിലെ ജര്‍മ്മന്‍ കോളനികളുടെ കാവല്‍ ജോലിയാണ് എംഡന് ആദ്യം ലഭിച്ചത്. ‘കിഴക്കിന്റെ അരയന്നം’ എന്നാണ് അന്ന് എംഡന്‍ അറിയപ്പെട്ടിരുന്നത്.1911 ല്‍ ജര്‍മ്മനിയുടെ കോളനിയായിരുന്ന കരോളിന്‍ ദ്വീപിലെ വിമതര്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു എംഡന്റ ആദ്യ സൈനിക ദൗത്യം.1913 ല്‍ എംഡന്റ അവസാന കമാന്‍ഡിംഗ് ഓഫീസറായ കാള്‍ വോണ്‍ മുള്ളറുടെ വരവോടു കൂടി എംഡന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പട്ടതോടെ ജര്‍മ്മന്‍ നേവിയുടെ കുന്തമുനയായി എംഡന്‍ മാറി.

ശത്രുരാജ്യങ്ങള്‍ക്ക് കനത്ത നാശനഷ്ടം വിതച്ചു കൊണ്ട് സമുദ്രാന്തര്‍മേഖലകളില്‍ സംഖ്യ കക്ഷികളുടെ പേടിസ്വപ്നമായി വളരാന്‍ വളരെ പെട്ടന്നു തന്നെ എംഡന് കഴിഞ്ഞു. മറ്റു കപ്പലുകള്‍ എംഡനെ പേടിച്ച് തുറമുഖം വിട്ടു പോകാന്‍ തന്നെ ഭയന്നു. മര്‍ച്ചന്റ് ഷിപ്പുകളുടെ ഇന്‍ഷുറന്‍സ് തുക ആകാശം മുട്ടെ ഉയര്‍ന്നു. യുദ്ധകപ്പലുകളുടെ അപ്രമാദമായ ആദിക്യം കൊണ്ട് ‘ബ്രിട്ടന്റെ തടാകം’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ മഹാസമുദ്രം പോലും എംഡന്‍ ഒറ്റയ്ക്കു ഭരിച്ചു. നിരവധി കപ്പലുകള്‍ പിടിച്ചെടുക്കുകയും ശത്രുക്കളെ യുദ്ധത്തടവുകാരാക്കുകയും ചെയ്തു. ഒടുവില്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പതനത്തിന് ശേഷവും വീഴാതെ എംഡന്‍ ഒറ്റയ്ക്ക് പോരാട്ടം തുടര്‍ന്നു.

1914 നവംബര്‍ മാസം, അറുപതോളം പടക്കപ്പലുകള്‍ ഒന്നിച്ച് എംഡനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചിലിലായിരുന്നു. എന്നാല്‍ എംഡന്‍ കോക്കസ് ദ്വീപുകള്‍ ലക്ഷ്യമാക്കി നീങ്ങി. ഈസ്റ്റേണ്‍ ടെലഗ്രാഫ് കമ്പനിയുടെ വയര്‍ലെസ്സ് സ്റ്റേഷന്‍ തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ മൈലുകള്‍ക്കപ്പുറത്തു നിന്നേ എംഡന്റ വരവ് ശ്രദ്ധയില്‍പ്പെട്ട കമ്പനി അപായസൂചനാ സന്ദേശം പുറപ്പെടുവിച്ചു. ആസ്‌ട്രേലിയന്‍ പടക്കപ്പലായ സിഡ്‌നി കൊളംബോയിലേക്കുള്ള യാത്രാമദ്ധ്യേ ഈ അപായ സന്ദേശം പിടിച്ചെടുത്തു. ദ്വീപില്‍ നിന്നും വെറും 85 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു സിഡ്‌നി അപ്പോള്‍. മുള്ളര്‍ 50 ഓളം സൈനികരെ ദ്വീപിലേക്ക് അയച്ചു. അതിനിടയില്‍ സിഡ്‌നി എംഡനെ കണ്ടു കഴിഞ്ഞിരുന്നു. വലിപ്പത്തിലും വേഗതയിലും എംഡനേക്കാള്‍ മുമ്പിലായിരുന്നു സിഡ്‌നി. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ മുള്ളര്‍ ആക്രമണത്തിന് തയ്യാറാവാന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ സിഡ്‌നിക്ക് എളുപ്പമായിരുന്നില്ല. എംഡന്‍ ശക്തമായി തിരിച്ചടിച്ചു. ഒന്നര മണിക്കൂറോളം പോരാട്ടം നീണ്ടു. ഒടുവില്‍ സിഡ്നിയുടെ ഷെല്ലിംഗില്‍ തകര്‍ന്ന എംഡന്‍ മുങ്ങുന്നതിനു മുമ്പേ കരയ്ക്കടുപ്പിച്ചു. മുള്ളറടക്കം 65 ഓളം ആളുകളെ യുദ്ധതടവുകാരായി പിടിച്ചു. നൂറിലധികം ജര്‍മ്മന്‍ നാവികര്‍ പോരാട്ടത്തില്‍ മരിച്ചു. അങ്ങനെ ലോകത്തില്‍ തന്നെ ഒരു കാലഘട്ടത്തില്‍ ഇത്രയധികം വേട്ടയാടപ്പെട്ട എംഡന്‍ എന്ന പടക്കപ്പല്‍ ചരിത്രത്തിന്റെ താളുകളിലേയ്ക്ക് എന്നെന്നേയ്ക്കുമായ് മാഞ്ഞു പോയി.

 

‘ലെയ്‌റ്റെ – ചരിത്രത്തിലെ ഏറ്റവും വലിയ നാവികയുദ്ധം’

in ചരിത്രം

മനുഷ്യ ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ മരിച്ച രക്തരൂക്ഷിതമായ രണ്ടാം ലോക മഹായുദ്ധത്തിന്റെ (1939-1945) അവസാന പോരാട്ടങ്ങളിലൊന്നാണ് ‘ലെയ്‌റ്റെ’ യുദ്ധം. ഇന്നത്തെ ഫിലിപ്പൈന്‍സിലെ ഒരു ദ്വീപാണ് ഈ മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച ഭൂപ്രദേശം. 1944 ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ വെറും 4 ദിവസം മാത്രം നീണ്ടു നിന്ന ഈ യുദ്ധം പില്‍ക്കാലത്ത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നാവികയുദ്ധമായി അറിയപ്പെട്ടെന്നതാണ് ചരിത്രം. സഖ്യകക്ഷിരാജ്യങ്ങളിലെ അതികായകരായിരുന്ന അമേരിക്കയുടേയും ആസ്‌ട്രേലിയയുടേയും നാവിക സൈന്യവും ജപ്പാന്റെ ഇംപീരിയല്‍ നാവിക സൈന്യവും തമ്മിലായിരുന്നു ഈ ജീവന്‍മരണപോരാട്ടം. ജപ്പാന്റെ സൈനിക നീക്കങ്ങള്‍ക്കാവശ്യമായ എണ്ണയും മറ്റു സാമഗ്രികളും എത്തിയിരുന്നത് കിഴക്കന്‍ ഏഷ്യയിലെ അവരുടെ അധീനതയിലുള്ള സേനാതാവളങ്ങളായ രാജ്യങ്ങളില്‍ നിന്നായിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന നാവിക ഇടനാഴികള്‍ ആയിരുന്നു ഫിലിപ്പൈന്‍സ് ദ്വീപസമൂഹങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്നത്. ആയതിനാല്‍ ജപ്പാനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗ്ഗം അവരുടെ എണ്ണയടക്കമുള്ള ഇറക്കുമതികള്‍ തടയുക എന്നതായിരുന്നു. ഇത് മനസ്സിലാക്കിയ അമേരിക്ക സഖ്യരാജ്യമായ ആസ്‌ട്രേലിയന്‍ നാവിക സേനയോടൊപ്പം ജപ്പാന്റെ അധീനതയിലായിരുന്ന ഫിലിപ്പൈന്‍സ് ആക്രമിക്കുകയും നാലുദിവസത്തെ ശക്തമായ ആക്രമണത്തിലൂടെ വിജയം സ്വന്തമാക്കുകയും ചെയ്തു. ജപ്പാനും വെറുതെ മുട്ടുമടക്കാന്‍ തയ്യാറായിരുന്നില്ല.

ഇന്നത്തെ ലെയ്റ്റെ

അമേരിക്ക തങ്ങളുടെ മൂന്നും നാലും കപ്പല്‍പ്പടയിലെ എണ്ണൂറിലധികം യുദ്ധക്കപ്പലുകളും 1800 നാവിക യുദ്ധവിമാനങ്ങളും രംഗത്തിറക്കി. അവയില്‍ അമേരിക്കയുടെ പടുകൂറ്റന്‍ വിമാന വാഹിനിക്കപ്പലുകളുമുണ്ടായിരുന്നു. അമേരിക്കന്‍ നാവിക സേനയുടെ ഇന്റര്‍പിഡ്, എന്റര്‍പ്രൈസ്, ഫ്രാന്‍ക്ലിന്‍, ലെക്‌സിങ്റ്റണ്‍, എസ്സെക്‌സ് എന്നിവയും 8 ചെറുവിമാനവാഹിനികളും 18 അകമ്പടി കപ്പലുകളും 12 യുദ്ധക്കപ്പലുകളും 24 ക്രൂയിസേഴ്‌സും 141 ഡിസ്‌ട്രോയേഴ്‌സും ലെയ്‌റ്റെ യുദ്ധത്തില്‍ പങ്കെടുത്തു. ഇവ കൂടാതെ ആസ്‌ട്രേലിയന്‍ നേവിയുടെ ‘ടാസ്‌ക് ഫോഴ്‌സ് 44’ന് കീഴിലെ മൂന്ന് ഹെവി ക്രൂയിസ് കപ്പലുകളും ഏഴോളം ‘ഡിസ്‌ട്രോയര്‍’ പടക്കപ്പലുകളും ഒരു ‘ലൈറ്റ് ക്രൂയിസറും’ ജപ്പാനെ നേരിടാന്‍ ഫിലിപ്പൈന്‍സ് കടലില്‍ അണിനിരന്നു. ജപ്പാനും നാവികസേനാ ബലത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. 4 വിമാനവാഹിനികളും 9 യുദ്ധക്കപ്പലുകളും 19 ‘ക്രൂയിസേഴ്‌സും’ 34 ‘ഡിസ്‌ട്രോയേഴ്‌സും’ 700 ഓളം നാവിക യുദ്ധവിമാനങ്ങളും രംഗത്തിറക്കി ജപ്പാനും ജീവന്‍മരണപ്പോരാട്ടത്തിനിറങ്ങി. ഏകദേശം ഒരുലക്ഷം സ്‌ക്വയര്‍ കിലോമീറ്ററിലധികം സമുദ്രത്തില്‍ നടന്ന ഈ നാവികയുദ്ധം ലോകത്തിലെ ഏറ്റവുംവലിയ യുദ്ധക്കപ്പലുകള്‍ പങ്കെടുത്തയുദ്ധം എന്നപേരിലും പ്രശസ്തമായി. ജപ്പാന്റെ ‘യമാട്ടോ ക്ലാസ്’ യുദ്ധക്കപ്പലുകളായ ‘യമാട്ടോയും’ ‘മുസാഷിയും’ 71,659 ടണ്‍ വഹിക്കാന്‍ കഴിവുണ്ടായിരുന്ന ഭീമന്‍യുദ്ധക്കപ്പലുകളായിരുന്നു. ഇന്നും ഈ റെക്കോര്‍ഡ് അന്നത്തെ ‘യമാട്ടോ ക്ലാസ്’ യുദ്ധക്കപ്പലുകള്‍ക്ക് സ്വന്തം.

ടാക്കിയോ കുറീറ

ഏകദേശം രണ്ടുലക്ഷത്തോളം നാവികര്‍ അണിനിരന്ന ഈ ചരിത്ര പോരാട്ടത്തില്‍ 12,500 ല്‍ അധികം ജപ്പാനീസ് നാവികരും, 2800 ല്‍ അധികം സഖ്യകക്ഷി അമേരിക്കന്‍-ആസ്‌ട്രേലിയന്‍ സൈനികരും മരിച്ചുവീണു. യുദ്ധം തോല്‍ക്കുമെന്നുറപ്പായപ്പോള്‍ അവസാന ശ്രമമെന്ന നിലയില്‍ ജപ്പാന്‍ നാവികസേന നടത്തിയ ആത്മഹത്യാപരമായ നീക്കമാണ് ‘കമികേസ്’ എന്നറിയപ്പെട്ട സൈനിക നീക്കം. ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ ശത്രുസേനയുടെ കപ്പലുകളില്‍ ഇടിച്ചിറക്കി തകര്‍ക്കുക എന്നതായിരുന്നു ജപ്പാന്റെ ‘സ്‌പെഷ്യല്‍ അറ്റാക് ഫോഴ്‌സ്’ ആയിരുന്ന ‘കമികേസി’ന്റെ കര്‍ത്തവ്യം. ഏകദേശം 3,800 ഓളം ‘കമികേസ്’ പൈലറ്റുകള്‍ ജപ്പാനുവേണ്ടി ജീവന്‍ ത്യജിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ജപ്പാന്റെ 19% വിജയകരമായ ആക്രമണങ്ങളും നടത്തിയിരുന്നത് ‘കമികേസ്’ പോരാളികളായിരുന്നു. സഖ്യസേന നേരിട്ട ഏറ്റവും വലിയവെല്ലുവിളിയും ഈ ‘കമികേസ്’ പോരാളികളായിരുന്നു. ഒടുവില്‍ ജപ്പാനീസ് നാവികസേന ‘ലെയ്‌റ്റെ’ യുദ്ധം തോറ്റ് മടങ്ങിയപ്പോള്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പതനത്തിന് അത് തുടക്കം കുറിക്കുകയും ചെയ്തു.

ബുൾ ഹാൽസി

പ്രധാനമായും 4 യുദ്ധമുഖങ്ങളിലായാണ് സഖ്യകക്ഷികളുടെ നാവികസൈന്യവും ജപ്പാന്റെ ഇംപീരിയല്‍ നാവികസൈന്യവും ലെയ്‌റ്റെ യുദ്ധത്തിലേര്‍പ്പെട്ടത്. ‘സിബുയാന്‍’ കടലിലെ യുദ്ധം, ‘സുറിഗാവോ’ മുനമ്പിലെ യുദ്ധം, ‘സമര്‍’ കടലിലെ യുദ്ധം, ‘കേപ്പ് എന്‍ഗാനോ’ കടലിലെ യുദ്ധം എന്നിവയായിരുന്നു ഈ യുദ്ധമുഖങ്ങള്‍. ലെയ്‌റ്റെ യുദ്ധത്തിന് തൊട്ടു മുമ്പ് 1944 ഒക്ടോബര്‍ ആദ്യം തന്നെ ജപ്പാനീസ് വായു സേനയുടെ ആക്രമണത്തില്‍ അമേരിക്കന്‍ വിമാന വാഹിനിക്കപ്പലുകള്‍ക്ക് സാരമായി കേടുപാടുകള്‍ പറ്റി. തിരിച്ചടിയായി 1944 ഒക്ടോബര്‍ 10ന് ജപ്പാനിലെ ഒകിനാവയിലും ഒക്‌റ്റോബര്‍ 12 ന് ജപ്പാന്റെ പ്രധാന നാവിക താവളങ്ങളിലൊന്നായിരുന്ന തായ്‌നിവാനിലെ ഫോര്‍മോസയിലും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളില്‍ നിന്നും പറന്നുയര്‍ന്ന വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ജപ്പാന്റെ വായുസേനയുടെ 650ലധികം യുദ്ധവിമാനങ്ങളാണ് നശിച്ചത്. സര്‍വ്വസംഹാരികളായി മുന്നേറിയിരുന്ന ജപ്പാന്റെ ഇംപീരിയല്‍ സേനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ആ ആകാശയുദ്ധം. തിരിച്ചടിയായി ജപ്പാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ ക്രൂയിസര്‍ പടക്കപ്പലുകള്‍ക്ക് സാരമായകേടുപാടുകള്‍ പറ്റുകയും ചെയ്തു.

ജാപ്പനീസ് കമികേസ്‌

‘ലെയ്‌റ്റെ’ യുദ്ധത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യം ഫിലിപ്പൈന്‍സ് തീരത്തേക്ക് എത്തിയത് ‘ബുള്‍ ഹാല്‍സി’യുടെ നേതൃത്വത്തിലുള്ള അമേരിക്കയുടെ മൂന്നാം കപ്പല്‍പ്പടയും, ആസ്‌ട്രേലിയന്‍ ‘ടാസ്‌ക്ക് ഫോഴ്‌സ് 44’ ന്റെ കപ്പല്‍പ്പടയും അടങ്ങുന്ന 4 പടക്കപ്പലുകളുടെ സംഘങ്ങളായായിരുന്നു. ജപ്പാനിലും അയല്‍രാജ്യങ്ങളിലും നിലനിര്‍ത്തിയിരുന്ന ജപ്പാനീസ് ഇംപീരിയല്‍ നേവി സര്‍വ്വശക്തിയുമെടുത്ത് ഈ മുന്നേറ്റത്തെ ചെറുക്കാനെത്തി. ഒക്ടോബര്‍ 24 ആയപ്പോഴേക്കും ‘ബുള്‍ ഹാല്‍സി’ രണ്ട് പടക്കപ്പലുകളുടെ സംഘങ്ങളെ ജപ്പാന്റെ കിഴക്കന്‍ തീരത്തേക്ക് ആക്രമണത്തിനയച്ചു. ‘ജെറാള്‍ഡ് ബോഗന്റെ’ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകളും ‘ജോണ്‍ മക്ലെയിന്‍സിന്റെ’ നേതൃത്വത്തില്‍ വിമാനവാഹിനിക്കപ്പലുകളും ഈ കപ്പല്‍പ്പടയിലുണ്ടായിരുന്നു. വൈസ് അഡ്മിറല്‍ ‘തോമസ് കിന്‍കെയ്ഡി’ന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ എഴാം കപ്പല്‍പ്പടയും ‘മാര്‍ക്ക് മിറ്റ്‌സ്‌ച്ചെറു’ടെ നേതൃത്വത്തിലുള്ള അതിവേഗ യുദ്ധക്കപ്പലുകളും 18 കോര്‍വെറ്റുകളും വിമാനവാഹിനിക്കപ്പലുകളും വിമാനങ്ങളും അന്തര്‍വാഹിനിയെ തടയുന്ന കപ്പലുകളുമായി ജപ്പാനെതിരെ ഒത്തൊരുമിച്ച് പോരാടി.

മുസാഷി യുദ്ധക്കപ്പൽ

‘സിബുയാന്‍ കടലി’ലും ഇതേ സമയത്ത് മറ്റൊരു പോര്‍മുഖം തുറക്കപ്പെട്ടു. ഇംപീരിയല്‍ ജപ്പാന്റെ വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യുടെ 5 യുദ്ധക്കപ്പലുകളും 12 സപ്പോര്‍ട്ട് കപ്പലുകളും 15 ഡിസ്‌ട്രോയേഴ്‌സും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളായ എന്റര്‍പ്രൈസസില്‍നിന്നും ഫ്രാങ്ക്‌ലിന്‍സില്‍നിന്നും പറന്നുയര്‍ന്ന 260-ഓളം യുദ്ധവിമാനങ്ങളുടെ ഇടതടവില്ലാത്ത വ്യോമാക്രമണം നേരിടേണ്ടിവന്നു. ജപ്പാന്റെ 71,659 ടണ്‍ ഭീമന്‍ യുദ്ധക്കപ്പല്‍ ‘മുസാഷി’ പതിനേഴോളം ബോംബുകളും പത്തൊമ്പതോളം ടോര്‍പിഡോകളുമേറ്റ് കടലില്‍ കത്തിയമര്‍ന്നു. ‘മുസാഷി’യിലെ രണ്ടായിരത്തിയഞ്ഞൂറിലധികം നാവികരില്‍ പകുതിയും ഈ ഒരൊറ്റ ആക്രമണത്തില്‍ മരിച്ചു. അവശേഷിച്ചവരെ ജപ്പാന്റെ മറ്റു യുദ്ധക്കപ്പലുകള്‍ രക്ഷിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് ജപ്പാന്റെ പ്രത്യാക്രമണത്തില്‍ പത്തിലധികം വിമാനങ്ങള്‍ മാത്രംമാത്രമാണ് നഷ്ടപ്പെട്ടത്. വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യ്ക്ക് പതാകവാഹക കപ്പലായ ‘മുസാഷി’യോടൊപ്പം രണ്ട് ക്രൂയിസ് കപ്പലുകള്‍ നശിപ്പിക്കപ്പെടുകയും മറ്റൊരു ക്രൂയിസ് കപ്പലിന് സാരമായ കേടുപാടുകളുണ്ടാവുകയും ചെയ്തു.

ജപ്പാൻ നാവികസേനയുടെ സെന്റർ ഫോഴ്സ്

സിബുയാന്‍ കടല്‍ യുദ്ധത്തില്‍ തിരിച്ചടിയേറ്റെങ്കിലും പോരാട്ടവീര്യം മനസ്സില്‍ സൂക്ഷിച്ചിരുന്ന വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’ ലെയ്‌റ്റോ കടലിടുക്ക് കീഴടക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറ്റംതുടരുക തന്നെ ചെയ്തു. ‘ഹാല്‍സി’ ആ നാവികനീക്കം ജപ്പാന്‍പക്ഷത്തുനിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂടുതല്‍ കരകളോട് ചേര്‍ന്ന് ജപ്പാന്‍ സേനക്കുനേരേ ആക്രമണം നടത്താന്‍ സഖ്യകക്ഷികള്‍ വിമുഖത കാട്ടിയിരുന്നു. ഇതിന് പ്രധാനകാരണം അതിശക്തരായ ജപ്പാനീസ് വായുസേനയുടെ വിമാനങ്ങളായിരുന്നു. മൂന്ന് വലിയ സംഘങ്ങളായി ‘ലെയ്‌റ്റെ’ കീഴടക്കാന്‍ വിന്യസിക്കപ്പെട്ട ജപ്പാനീസ് കപ്പല്‍പ്പടയെ നേരിട്ടത് വിമാനവാഹിനിക്കപ്പലായ ‘എസ്സെക്‌സില്‍’ നിന്നുള്ള പ്രഗത്ഭരായ ‘എഫ്6എഫ്’ യുദ്ധവൈമാനികരായിരുന്നു. ‘ഡേവിഡ് മക്കാംബെല്ലി’ന്റെ നേതൃത്വത്തില്‍ വിന്യസിക്കപ്പെട്ട ‘എഫ്6എഫ്’ യുദ്ധവിമാനങ്ങള്‍ ജപ്പാനീസ് യുദ്ധവിമാനങ്ങളുമായി ശക്തിയുക്തം പോരാടി. ‘എസ്സെക്‌സില്‍’ നിന്നുള്ള യുദ്ധവിമാനങ്ങള്‍ ഒരൊറ്റ ദിവസംകൊണ്ട് 43 ജപ്പാനീസ് വിമാനങ്ങളാണ് വെടിവെച്ചിട്ടത്. പക്ഷേ ഇതെ കപ്പല്‍പ്പടയിലെ ലൈറ്റ് ക്രൂയിസര്‍ ‘ബര്‍മിങ്ങ്ഹാം’ (സി.സി.62) ജര്‍മ്മന്‍ വ്യോമാക്രമണത്തില്‍ ഹാങ്ങര്‍ ഡെക്കിലെ ആയുധശേഖരത്തില്‍ ബോംബ് പൊട്ടിത്തെറിക്കുകയും 700 ഓളം നാവികരുള്‍പ്പെടെ കത്തിചാമ്പലായി പസഫിക് സമുദ്രത്തില്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് 108 നാവികരുടെ ജീവനെടുത്ത് ‘പ്രിന്‍സ്റ്റണ്‍’ ചെറുവിമാനവാഹിനിയും 270 നാവികരുടെ ജീവനെടുത്ത് ‘ഏവിയേറ്റര്‍’ ചെറുവിമാനവാഹിനിയും സമുദ്രത്തില്‍ കത്തിയമര്‍ന്നു. ജപ്പാന്റെ ‘ഇംപീരിയല്‍ നേവി’ അങ്ങിനെ കീഴടങ്ങാന്‍ വിസമ്മതിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി.

സഖ്യസേനയുടെ നാവികസേനാ വിന്യാസം

ഒക്ടോബര്‍ 24 അര്‍ദ്ധരാത്രികഴിഞ്ഞ് താത്കാലിക താവളമായി ‘ലൂസന്‍’ ദ്വീപിനും ‘സമര്‍’ ദ്വീപിനും നടുവിലെ ‘സാന്‍ ബെര്‍ണാര്‍ഡീനോ’ മുനമ്പ് ‘ഒസാവോ’ തിരഞ്ഞെടുത്തു. ‘മിറ്റ്‌സ്ച്ചറിന്റെ’ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകളെ അനുഗമിച്ചിരുന്ന ചരക്ക് കപ്പലുകള്‍ ആക്രമിക്കുക എന്നായിരുന്നു ഇതിന്റെ ലക്ഷ്യം എന്നാണ് ആദ്യം സഖ്യസേന കരുതിയത്. പക്ഷേ അമേരിക്കന്‍ നേവിയുടെ ചെറുവിമാനവാഹിനിയായ ‘ഇന്റിപെന്റന്‍സില്‍’ നിന്നുള്ള രാത്രി ആക്രമണങ്ങള്‍ക്കും ചാരവൃത്തിക്കും സുസജ്ജമായ ‘എയര്‍ ഗ്രൂപ്പ് 41’ തങ്ങളുടെ ‘അവഞ്ചര്‍’ റഡാര്‍ സംവിധാനത്താല്‍ ആക്രമിക്കാന്‍ തക്കം പാര്‍ത്ത് കിടന്നിരുന്ന ജപ്പാന്റെ വമ്പന്‍ നാവിക സേനയുടെ സാന്നിധ്യം മനസ്സിലാക്കി. ‘മാക് അര്‍തര്‍’ കരുതിയത് ഈ വിവരം അമേരിക്കയുടെ ഹാല്‍സി നേതൃത്വം കൊടുത്ത മൂന്നാം കപ്പല്‍പ്പടയ്ക്ക് കൈമാറി. പക്ഷേ ഹാല്‍സി ഈ വിവരം തള്ളിക്കളയുകയാണുണ്ടായത്. ഇത് കൂടാതെ ആസ്‌ട്രേലിയന്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ 38-ആം ‘സെര്‍ച്ച് ടീമും’ ശത്രുവിന്റെ സിന്നിദ്ധ്യം ‘ഹാല്‍സി’യ്ക്ക് കൈമാറി. ‘ഒസാവ’യുടെ നേതൃത്വത്തിലുള്ള 4 വിമാനവാഹിനിക്കപ്പലുകളും മറ്റനേകം യുദ്ധക്കപ്പലുകളും സമീപത്ത് തന്നെയുണ്ടെന്നവിവരം മുതിര്‍ന്ന നാവികര്‍ ഹാല്‍സിയെ അറിയിച്ചു. രണ്ടു വിവരങ്ങളും ക്രോഡീകരിച്ചപ്പോള്‍ ഒസാവയുടെ നാവിക വ്യൂഹത്തിന്റെ ലക്ഷ്യം സഖ്യസേനക്ക് മനസ്സിലായി. വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യുടെ നേതൃത്വത്തില്‍ കടന്നുവരാന്‍പോകുന്ന ‘സെന്റര്‍ ഫോഴ്‌സ്’ നാവികവ്യൂഹത്തിന് വഴികാട്ടുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആക്രമിക്കാനുള്ള ‘മിറ്റ്‌സ്ച്ചറി’ന്റെ നിര്‍ദ്ദേശം വീണ്ടും ഹാല്‍സി നിരാകരിച്ചു.

പ്രിൻസ്റ്റൺ കത്തിയമർന്നപ്പോൾ

ഇതേസമയം വടക്ക് ജപ്പാന്‍ കടലില്‍ ‘ടോക്യോ’ ആസ്ഥാനമായുള്ള ജപ്പാന്റെ മൂന്നാം കപ്പല്‍പ്പട അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുമായി സുറിഗാവോ മുനമ്പില്‍ വെച്ച് ഏറ്റുമുട്ടി. ചെറുബോട്ടുകള്‍ മുതല്‍ ഭീമാകാരമായ വിമാനവിഹിനിക്കപ്പലുകള്‍ വരെ ഇരുഭാഗത്തുനിന്നും ആക്രമണത്തില്‍ പങ്കെടുത്തു. ഇതാണ് ലോകം കണ്ട ഏറ്റവും വലിയ നാവികയുദ്ധമുഖമായി ചരിത്രം വിശേഷിപ്പിച്ചത്. യുദ്ധം അവസ്സാനിച്ചപ്പോഴേക്കും ‘ടക്കിയോ കുറീറ്റാ’യുടെ നാവികസേന കിഴക്കോട്ടേക്കും ‘ജിസബുവോ ഒസാവ’യുടെ ബാക്കിവന്ന യുദ്ധക്കപ്പലുകളുമായി വടക്കന്‍ ദിശയിലേക്ക് പോവുകയും ചെയ്തു.

1944 ഒക്ടോബര്‍ 25ന് വൈസ് അഡ്മിറല്‍ ‘കിന്‍കെയ്ഡി’ന്റെ നേതൃത്വത്തില്‍ നിന്ന മൂന്നാം എസ്‌കോര്‍ട്ട് ഗ്രൂപ്പിലെ ‘അവഞ്ചര്‍’ റഡാറില്‍ ഒരു പടു കൂറ്റന്‍ ജപ്പാന്‍ നാവികസേനാവിന്യാസം സാന്‍ ബെര്‍ണാര്‍ഡിനോ മുനമ്പില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യുടെ നേതൃത്വത്തില്‍ മുന്നോട്ടാക്രമിക്കാനെത്തിയ ജപ്പാന്‍ നാവികസേനയെ നേരിട്ടത് അമേരിക്കന്‍ നേവിയുടെ റിയര്‍ അഡ്മിറല്‍ ‘ക്ലിഫ്റ്റണ്‍ സ്പാര്‍ഗ്വെ’യുടെ ടാസ്‌ക് ഗ്രൂപ്പ് 77.4.3 യും, 6 കോര്‍വെറ്റ്‌സും, 7 എസ്‌ക്കോര്‍ട്ട് പടക്കപ്പലുകളുമായിരുന്നു. സമര്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്തുവെച്ച് ഇരുനാവികസേനകളും ശക്തമായ യുദ്ധത്തിന് തുടക്കംകുറിക്കുകയും ചെയ്തു. ‘ക്ലിഫ്റ്റണ്‍ സ്പാര്‍ഗ്വെ’യുടെ നാവികസേനക്ക് വെല്ലുവിളിയുമായെത്തിയത് 4 യുദ്ധക്കപ്പലുകളും, 8 ക്രൂയിസറുകളും, 11 ഡിസ്ട്രോയറുകളുമായിരുന്നു. പക്ഷേ അപ്പോഴും സഖ്യസേനയുടെ രക്ഷയ്‌ക്കെത്തിയത് വ്യോമസേനയുടെ വിമാനങ്ങള്‍ തന്നെയായിരുന്നു. ‘അവഞ്ചര്‍’ റഡാറിന്റെ ബലത്തില്‍ ശക്തമായ ടോര്‍പിഡോ ആക്രമണം നടത്താനും അവര്‍ക്കായി.

കമികേസ്‌ വിമാനം

അതിശക്തമായ ആക്രമണത്തിലൂടെ ജപ്പാന്റെ ഇംപീരിയല്‍ നേവി മുന്നേറിക്കൊണ്ടേയിരുന്നു. ‘ഗാംബിയര്‍ ബേ’ എന്ന വിമാനവാഹിനിക്കപ്പല്‍ ഈ ജാപ്പാനീസ് ആക്രമണത്തില്‍ തകര്‍ന്ന് കടലിനടിയിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. 1940 ല്‍ വിമാനവാഹിനിക്കപ്പല്‍ ‘ഗ്ലേറിയസ്’ മുങ്ങിയതിന് ശേഷം ആദ്യമായായിരുന്നു പടക്കപ്പലാക്രമണത്തില്‍ ഒരു അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുങ്ങി നശിക്കുന്നത്.ആ വൈകുന്നേരമാണ് ‘സെന്റ് ലോ’ എന്ന യുദ്ധക്കപ്പല്‍ യുദ്ധവിമാനം ഇടിച്ചിറക്കപ്പെട്ട് കത്തിച്ചാമ്പലായി നശിച്ചത്. ‘സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്’ എന്ന ‘കമികോസ്’ ആത്മഹത്യാ വിഭാഗത്തിന്റെ ആദ്യത്തെ ഇര. ‘കമികോസ്’ ആ ഒരൊറ്റദിവസം തകര്‍ത്തത് ആറോളം കോര്‍വെറ്റുകളായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഈ ‘കമികോസ്’ ആക്രമണരീതി സഖ്യരാജ്യങ്ങളുടെ നാവികസേനകളില്‍ ഭീതിപടര്‍ത്തി. സമര്‍ തീരം ഈ യുദ്ധനാടകം കണ്ട് അന്തിച്ചുനിന്നു. കലിപൂണ്ട ‘ഹെല്‍സി’യുടെ മൂക്കിന് താഴെക്കൂടെ തന്റെ 4 വിമാനവാഹിനിക്കപ്പലുകള്‍ പായിച്ച് ‘ഒസാവയും’ കഴിവ് തെളിയിച്ചു. വടക്കന്‍ ഫിലിപ്പൈന്‍സിലെ ദ്വീപസമൂഹങ്ങളായിരുന്നു അവയുടെ ലക്ഷ്യം.

യുദ്ധാനന്തരം ഫിലിപ്പൈൻസ് തീരത്ത് കപ്പലിറങ്ങിയ സഖ്യസേന

ഇതേസമയം അമേരിക്കന്‍ നേവിയുടെ മൂന്നാം കപ്പല്‍പ്പട ജപ്പാന്റെ അവശേഷിച്ചിരുന്ന യുദ്ധക്കപ്പലുകളും വിമാനവാഹിനികളും നശിപ്പിച്ചു. ഈ വിവരമറിഞ്ഞ ഹെല്‍സി ചരിത്രത്തിലെ മണ്ടത്തരം കാണിക്കുകയും ‘സാന്‍ ബര്‍ണാര്‍ഡോ’ മുനമ്പില്‍ നിന്ന് സേനയെ ആക്രമണത്തിനായി മാറ്റി വിന്യസിക്കുകയും ചെയ്തു. ഹെല്‍സി കരുതിയത് വൈസ് അഡ്മിറല്‍ ‘വില്ലീസ് ലീ’യുടെ 34-ആം കപ്പല്‍വ്യൂഹം സാന്‍ ബര്‍ണാര്‍ഡോ മുനമ്പില്‍ നില നിര്‍ത്തിയാല്‍ ശത്രു പക്ഷത്ത് നിന്നുള്ള ഏതൊരാക്രമണത്തേയും നിഷ്പ്രഭമാക്കാനാവുമെന്നാണ്.പക്ഷേ യുദ്ധത്തിലെ കഴിവുകള്‍ ചിന്തകളിലേക്ക് ആവാഹിക്കാന്‍ ഹെല്‍സിക്ക് കഴിയാതെ പോയതിലൂടെയുണ്ടായ നാശം വളരെ വലുതായിരുന്നു. വൈകാതെതന്നെ ജപ്പാന്റെ യുദ്ധക്കപ്പലുകള്‍ അമേരിക്കന്‍ പടക്കപ്പലുകളുടെ മേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ ഹെല്‍സിക്ക് പിന്നീട് ചിന്തിക്കാനൊരവസരം കൊടുക്കാതെ ഒസാവയുടെ നാവികസേന എണ്ണമറ്റ അമേരിക്കന്‍ കപ്പലുകളുടെ മേല്‍ ഇടിത്തീപോലെ ആക്രമണം നടത്തി. ഏകദേശം ആറോളം യുദ്ധക്കപ്പലുകള്‍ നശിപ്പിക്കപ്പെടുകയും ബാക്കിയുള്ളവ കേടുവരുത്തപ്പെടുകയും ചെയ്തു. ഏകദേശം ഒരുമണിക്കൂറോളം ഗാഢമായി ആലോചിച്ച ശേഷം ഹെല്‍സി തന്റെ നാവികസേനാവ്യൂഹത്തോട് തിരിച്ച് പഴയ സ്ഥലത്തേക്ക് പോകാന്‍ ഉത്തരവ് കൊടുത്തു. പക്ഷേ എല്ലാം വൈകിപ്പോയിരുന്നു. വിനാശം വിതച്ച് ഒസാവയുടെ സേന കടന്നു പോയിക്കഴിഞ്ഞിരുന്നു. 4 വിമാനവാഹിനികളും 116 വിമാനങ്ങളുമായി യുദ്ധം തുടങ്ങിയ ഒസാവ’യുടെ സേനക്ക് 25 യുദ്ധവിമാനങ്ങള്‍ ആ യുദ്ധത്തില്‍ നഷ്ടപ്പെട്ടു.

ഒക്ടോബര്‍ 26 രാവിലെ 8 മണിയോടെ ‘മിറ്റ്‌സ്‌ച്ചെര്‍’ തന്റെ വിമാനവാഹിനികളായ ‘എസ്സെക്‌സ്’, ‘ലെക്‌സിങ്ങ്ന്റണ്‍’ എന്നിവയില്‍ നിന്നുള്ള 180 ഓളം യുദ്ധവിമാനങ്ങള്‍ ഒസാവയുടെ നാവികസേനക്ക് നേരെ ആക്രമണമഴിച്ചുവിട്ടു. ഒസാവയുടെ സേനയിലെ ‘ചീറ്റോസ്’,’സുയിഹോ’ എന്നീ കോര്‍വെറ്റുകളും ഒരു ഡിസ്‌ട്രോയറും കത്തിചാമ്പലാവുകയും രണ്ട് വിമാനവാഹിനികള്‍ക്ക് സാരമായി കേടുപാടുകള്‍ പറ്റുകയും ചെയ്തു. തുടര്‍ന്ന് ‘ഒസാവ’ തന്റെ ജപ്പാന്‍ ഇംപീരിയല്‍ പതാക ‘ഒയോഡ’ എന്ന ക്രൂയിസറിലേക്ക് മാറ്റുകയും ചെയ്തു.

യുദ്ധവിജയത്തിന് ഒസാവയുടെ മരണം അനിവാര്യമാണെന്ന് സഖ്യസേനകള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സഖ്യസേനയുടെ ഗ്രൂപ്പ് കമാന്റര്‍ ‘ഡേവിഡ് മക്ക് കാംബെല്‍’ ആണ് ചെറുകാരിയറായ ‘ചിറ്റോസിനെ’ മുക്കിയതിന് കാരണമായ ആക്രമണം നടത്തിയത്. വിമാനവാഹിനിക്കപ്പലായ ‘ലെക്‌സിങ്ങ്ന്റണ്‍’ നിയന്ത്രിച്ചിരുന്ന ‘ഹഗ്ഗ് വിന്റേഴ്‌സ്’ 200 ഓളം യുദ്ധവിമാനങ്ങളെ അവശേഷിക്കുന്ന ജപ്പാന്‍ കപ്പല്‍പ്പടയെ നശിപ്പിക്കാനായി അയച്ചു. ജപ്പാന്റെ ‘സുയികാക്കൂ, സുയിഹോ എന്നീ വിമാനവാഹിനികളെ ആണ് യുദ്ധവിമാനങ്ങള്‍ ആദ്യം ആക്രമിച്ചത്. അത്യാധുനിക വിമാനവേധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇരുനൂറോളം വരുന്ന യുദ്ധവിമാനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പത്തിമടക്കി. ‘സുയിഹോ’ പൊട്ടിത്തെറിച്ചില്ലാതായി. ‘സുയികാക്കൂ’ നിന്നുപോവുകയും പിന്നീട് സമുദ്രത്തിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ജാപ്പാനീസ് എസ്‌ക്കോര്‍ട്ട് പടക്കപ്പലുകള്‍ക്കും ഇതേ ഗതിയില്‍ മുങ്ങിപ്പോകാനായിരുന്നു വിധി. അങ്ങിനെ ഒരേ ആക്രമണത്തില്‍ മൂന്ന് വിമാനവാഹിനികളെ നശിപ്പിക്കാന്‍ കഴിഞ്ഞു എന്ന ഖ്യാതിയും ‘ഹഗ്ഗ് വിന്റേഴ്‌സി’നെ തേടിയെത്തി. ഇതേ സമയം ‘ഹാല്‍സേ’ 4 ക്രൂയിസറുകളും 9 കോര്‍വെറ്റുകളും അയച്ച് ‘ഒയോഡ’യെ മുക്കുകയും ചെയ്തു. തുടര്‍ന്ന് ‘ലെയ്‌റ്റെ’ യുദ്ധത്തിന് ശേഷവും 26, 27 തീയതികളില്‍ സഖ്യസേനയുടെ കപ്പലുകളും വിമാനങ്ങളും ഒരു ജപ്പാനീസ് ക്രൂയിസറിനേയും 3 ഡിസ്‌ട്രോയേഴ്‌സിനേയും നശിപ്പിക്കുകയും ചെയ്തു. അങ്ങിനെ വെറും നാലുദിവസത്തെ ‘ലെയ്‌റ്റേ’ യുദ്ധത്തിനൊടുവില്‍ ജപ്പാന് നഷ്ടമായത് 26 ഓളം ചെറുതും ഭീമാകാരവുമായ യുദ്ധക്കപ്പലുകളായിരുന്നു.

ലെയ്‌റ്റെ യുദ്ധത്തിന് ശേഷം വീണ്ടും ഫിലിപ്പൈന്‍സ് തീരത്ത് സഖ്യരാജ്യങ്ങളുടെ നാവികസേനയും ജപ്പാന്റെ ഇംപീരിയല്‍ നാവികസേനയും ഏറ്റുമുട്ടുകയും ജപ്പാന്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ലെയ്‌റ്റെ യുദ്ധത്തിന് ശേഷം ‘കമികോസ്’ എട്ടോളം സഖ്യകക്ഷികളുടെ വിമാനവാഹിനികളില്‍ ആക്രമണം നടത്തി. പലതും മാസങ്ങളോളം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റേണ്ടിയും വന്നു. പിന്നീട് അമേരിക്ക ഫിലിപ്പൈന്‍സ് കീഴടക്കുകയും ജപ്പാന്റെ മുന്നേറ്റം തടയുകയും ചെയ്തു. തുടര്‍ന്ന് ആവശ്യത്തിനുള്ള എണ്ണയുടെ അഭാവമുണ്ടാവുകയും അതിനായവര്‍ സഖ്യസേനയുടെ എണ്ണഡിപ്പോകൾ ആക്രമിക്കുകയും ചെയ്തു. ഇതില്‍ കലിപൂണ്ട അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിടുകയും ചെയ്തു. മനുഷ്യന്‍ അവന്റെ ആസുരഭാവം കാണിച്ച ലോകമഹായുദ്ധങ്ങള്‍ പട്ടിണിയും പരിപട്ടവും രക്തസാക്ഷികളും അംഗവൈകല്യവും അരാജകത്വവും അനാഥത്വവും മാത്രം നല്‍കി കടന്നുപോയി. ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാവാതിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു..നന്ദി…നല്ല നമസ്ക്കാരം…

കടപ്പാട്- ബാരെറ്റ് ടില്‍മാന്റെ ‘ബുക്ക് ഓണ്‍ വേവ് ആന്റ് വിങ്ങ് : ദി 100 ഇയര്‍ ക്വസ്റ്റ് ടു പെര്‍ഫെക്റ്റ് ദി എയര്‍ക്രാഫ്റ്റ് കാരിയര്‍’

കൊവ്‌ലൂൺ നഗരം

in ചരിത്രം

മതിലുകെട്ടിത്തിരിച്ച ആറര ഏക്കര്‍ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന ബഹുനിലമന്ദിരങ്ങള്‍ക്കകത്ത് താമസിച്ചിരുന്നത് 50000 ആള്‍ക്കാരാണ്. ലോകത്തൊരിടത്തും ഇത്രയും ആള്‍ക്കാര്‍ ഇത്ര ചെറിയൊരു സ്ഥലത്ത് ജീവിച്ചിട്ടില്ല. ഹോങ്കോങ്ങിലെ കൊവ്ലൂണ്‍ നഗരമായിരുന്നു അത്. തമ്മില്‍ത്തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള മുന്നൂറോളം കെട്ടിടങ്ങളില്‍ ആയിരുന്നു 33000 കുടുംബങ്ങളിലായി 50000 ത്തോളം ആള്‍ക്കാര്‍ ജീവിച്ചിരുന്നത്.

960 ഏഡി മുതല്‍ 1279 ഏഡി വരെ ഹോങ്കോങ്ങ് ഭരിച്ചിരുന്ന സോങ്ങ് രാജവംശം ഉപ്പുവ്യാപാരം നിയന്ത്രിക്കാനായി ഉണ്ടാക്കിയ ഒരു ഔട്പോസ്റ്റായിരുന്നു ഈ സ്ഥലം. നാള്‍പോകെ 1898-ല്‍ 99 വര്‍ഷത്തെ കരാറിന് ഹോങ്കോങ്ങ് ബ്രിട്ടനു നല്‍കുമ്പോള്‍ അതില്‍ കൊവ്ലൂണ്‍ ഉള്‍പ്പെട്ടിരുന്നില്ല. അന്ന് അവിടെ 700 ആള്‍ക്കാര്‍ മാത്രം താമസിച്ചിരുന്ന സ്ഥലം തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നു മാത്രമായിരുന്നു ബ്രിട്ടിഷുകാരുടെ നിലപാട്.

ഒടുവില്‍ 1912 -ല്‍ ഈ സ്ഥലം വീണ്ടും ബ്രിട്ടീഷുകാരുടെ കയ്യിലെത്തി. കാലം നീങ്ങവേ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇതിന്റെ മതിലിലെ കല്ലുകള്‍ അടുത്തൊരു വിമാനത്താവളം ഉണ്ടാക്കാന്‍ ജപ്പാനും ഉപയോഗിച്ചു. ബ്രിട്ടീഷുകാരുടെ കൈവശമുള്ള ഇടമായിരുന്നതിനാല്‍ യുദ്ധശേഷം ചൈനയിലെ നിയമങ്ങളില്‍ നിന്നും ഓടിപ്പോന്നവര്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങി. അവിടെയുള്ളവരെ പുറത്താക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതോടെ എന്തെങ്കിലുമൊക്കെയാവട്ടെ എന്ന സമീപനമാണ് പിന്നീട് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. ആരും നിയമം നടപ്പിലാക്കാന്‍ ഇല്ലായതോടെ മാഫിയകള്‍ ആയി അവിടത്തെ ഭരണം. ചൂതാട്ടകേന്ദ്രങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും തുടങ്ങി എല്ലാ വേണ്ടാതീനങ്ങളും അവിടെ നടമാടി. 1973-74 -ല്‍ 3500 ലേറെ പോലീസ് റെയ്ഡുകളില്‍ 2500 അറസ്റ്റുകളും 1800 കിലോ മയക്കുമരുന്നുപിടിച്ചെടുക്കലും നടന്നതോടെ നിയമത്തിന്റെ നിയന്ത്രണത്തിലായി നഗരം എന്നു പറയാം.

ഇക്കാലമായപ്പോഴേക്കും പഴയകെട്ടിടത്തിന്റെ മുകളിലും ഒഴിവുള്ള ഇടങ്ങളിലുമെല്ലാം കെട്ടിടങ്ങള്‍ പണിതുനിറച്ചുതുടങ്ങി. വെയില്‍ നിലത്തെത്താതായി. ആകെയുള്ള ഒരേയൊരു നിയന്ത്രണം അടുത്തൊരു വിമാനത്താവളമുള്ളതിനാല്‍ ഉയരം 14 നിലയ്ക്കപ്പുറം പോകരുത് എന്നു മാത്രമായിരുന്നു. അങ്ങനെയങ്ങനെ ആ മതിലിനകത്തുള്ള നഗരം പതിനാലുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള ഒറ്റ ബ്ലോക്കായിമാറി എന്നുപറയാം. ഏഴ് ഏക്കറില്‍ 50000 ആള്‍ക്കാര്‍. നിറയെ വ്യാജവൈദ്യന്മാര്‍, ചൂതാട്ട കേന്ദ്രങ്ങള്‍, മയക്കുമരുന്നുശാലകള്‍, വേശ്യാലയങ്ങള്‍, മാഫിയ ഭരണം, അതിനിടയില്‍ കൊച്ചുവ്യവസായശാലകള്‍, കച്ചവടകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ആകപ്പാടെ നിയമങ്ങളില്ലാത്ത ഒരു കൊച്ചുരാജ്യം തന്നെയായി കൊവ്ലൂണ്‍ നഗരം.

ആറടിയോളം വീതിയുള്ള ഒരു വഴികളും അതിനകത്തുണ്ടായിരുന്നില്ല. ഇരുട്ടുപിടിച്ച വഴികളില്‍ നനവ് ഏതുനേരവും നിറഞ്ഞുനിന്നിരുന്നു. മുകളിലെ നിലകളില്‍ക്കൂടിത്തന്നെ താഴെയിറങ്ങാതെ എവിടെയും എത്തിച്ചേരാന്‍ അകത്തുവഴികളുണ്ടായിരുന്നു. പരിചയമില്ലാത്തവരെ കുരുക്കിലാക്കാന്‍ കഴിയുന്ന വഴികളുള്ള ഈ നഗരത്തിലേക്ക് വലിയ പടയോടുകൂടിയല്ലാതെ പോലീസുകാരും പ്രവേശിക്കാറില്ലായിരുന്നു. നഗരത്തിനു മുകളില്‍ നിരനിരയായി ടെലിവിഷന്‍ ആന്റിനകളും തുണിയുണങ്ങാനുള്ള അയകളും ജലസംഭരണികളും നിറഞ്ഞുനിന്നു. പൊട്ടിയ പൈപ്പുകളില്‍ക്കൂടി വെള്ളം ഇറ്റുവീഴുന്ന ഊടുവഴികളില്‍ക്കൂടി വഴിതെറ്റാതെ നടക്കാനാവുന്നവര്‍ പോസ്റ്റുമാന്മാരെപ്പോലെ ഏതാനും ചിലര്‍ മാത്രമായിരുന്നു. ഒരേ ദയനീയാവസ്ഥ പങ്കുവയ്ക്കുന്നവരായതിനാല്‍ നഗരത്തില്‍ ഉള്ളവരെല്ലാം തമ്മിലുള്ള പരസ്പരസഹകരണം വളരെയേറെയായിരുന്നു. നിറയെ വൈദ്യുതവയറുകളും അടഞ്ഞ ഇടങ്ങളും ജനം തിങ്ങിനിറഞ്ഞകെട്ടിടങ്ങളുമൊക്കെക്കൂടി ഈ നഗരത്തിന് സ്വന്തമായി ഒരു കാലാവസ്ഥ പോലുമുണ്ടായിരുന്നത്രേ. അവിടെ താമസിക്കുന്നവര്‍ക്ക് പങ്കൊന്നും ഇല്ലാത്തപ്പോഴും കുറ്റകൃത്യങ്ങള്‍ ധാരാളം നടക്കുന്ന ഒരു സ്ഥലമായിരുന്നു കൊവ്ലൂണ്‍ നഗരം.

തങ്ങള്‍ക്കുചുറ്റും ഇങ്ങനൊരു നിയമവാഴ്ചയില്ലാത്ത സ്ഥലം ഉള്ളത് ബ്രിട്ടീഷുക്കാരെയും ചൈനക്കാരെയും ഒരുപോലെ അസഹ്യരാക്കി. ചുറ്റുമുള്ള ഹോങ്കോങ്ങിനൊക്കെ ആരോഗ്യരംഗത്ത് വളരെ മികച്ചസ്ഥാനമെല്ലാമുള്ളപ്പോള്‍ ഇവിടെ അടഞ്ഞ ഒരുസ്ഥലത്ത് ഇത്രയധികം ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നത് അതിനെയെല്ലാം തകിടം മറിക്കുന്ന രീതിയിലായിരുന്നു. കൊവ്ലൂണ്‍ നഗരം ഇല്ലാതെയാക്കാന്‍ തന്നെ അവര്‍ 1987-ല്‍ തീരുമാനിച്ചു. 350 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കി എല്ലാവരെയും ഒഴിപ്പിച്ച് 1993 മുതല്‍ ഒരു വര്‍ഷം കൊണ്ട് കൊവ്ലൂണ്‍ നഗരം അവര്‍ ഇടിച്ചുനിരത്തി. ആ നഗരം നിന്നയിടം ഇന്ന് മനോഹരമായ ഒരു പാര്‍ക്കാണ്.

വിനയരാജ്.വി.ആർ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Go to Top