Category archive

കവിത

“കിളിവാതിൽ”

in കവിത
മൂന്നു നിലകളിൽ
ഒരു മാളിക
മുന്നിലൊരു പൂന്തോട്ടം
നിറമുള്ള ജനാലവിരികൾ…
മുറ്റത്തൊരു ജലധാര
കിളിവാതിലുകൾ…
അതിനരികിലൊരു പെൺകുട്ടി
അവൾ തനിച്ചാണ്
റെയിൽവേ സ്റ്റേഷനിൽ.
അവളുടെ
മടിയിലാണീ മാളിക
അവളതിനെ
നെഞ്ചോട് ചേർത്തു പിടിക്കുന്നു.
അമ്മ കുഞ്ഞിനെയെന്നപോലെ
ഉമ്മ വയ്ക്കുന്നു.
ഈ കിളിവാതിൽ
ഒരു മാന്ത്രികവാതിലാണ്.
അതിലൂടെ
അകലെ എവിടെയോ ഉള്ള
അച്ഛനെ കാണാം.
ആശുപത്രിയിലെ
അമ്മയെ കാണാം
കാണാതായ അനുജനെ കാണാം.
പക്ഷേ ആരാണെന്നെ ഈ കളിവീടിനോളം
ഒന്നു ചെറുതാക്കി തരിക?
ഞാൻ വളർന്ന്
വലിയൊരു കുട്ടിയായില്ലേ?
ഇനിയും വിറ്റുപോകാത്ത
കളിവീടുകളെ
ചുറ്റുമിരുത്തി
ഒരു പകൽ
തനിച്ചെന്തോ
പുലമ്പുന്നു…

“നീ ഓര്‍ക്കാറുണ്ടോ?”

in കവിത
നീ ഇറങ്ങിപ്പോയപ്പോള്‍
തൂണ് മുറിഞ്ഞ ഒരു
21/16 ന്റെ ഒറ്റമുറി വീടാണ് അച്ഛന്‍.
കൂട് തുറന്നിട്ടും തീറ്റയെടുക്കാതെ
ഓര്‍മ്മകളെ അടയിരിക്കുന്ന
ഒരു പൊരുന്നല്‍ കോഴിയാണ് അമ്മ.
ഉദിക്കാന്‍ കാരണമില്ലാത്തതിനാല്‍
കട്ടറമ്മിനോടൊപ്പം അസ്തമിച്ച്
കടത്തിണ്ണയില്‍ ബാക്കിയാകുന്നുണ്ട്
ഏട്ടനെന്നൊരു സൂര്യന്‍.
ലോകം കീഴ്‌മേല്‍ മറിഞ്ഞ രാത്രിയ്ക്ക്
ഉരുളുപൊട്ടി ഒലിച്ചുപോയവരുടെ
ജീവനുള്ള കുഴിമാടങ്ങളെ നീ ഓര്‍ക്കാറുണ്ടോ?

‘അഞ്ച് അമ്മക്കവിതകൾ’

in കവിത
(1)
പനിച്ചൂടിനെ
അതേ ചൂടിലൊരു
പൊടിയരിക്കഞ്ഞിയില്‍ തീര്‍ക്കുന്ന
പൊടിക്കൈയ്യറിയാം അമ്മയ്ക്ക്.
(2)
അടുക്കളയിലെ
നല്ല സ്വാദും കൊണ്ട്
ഒരുമിച്ചിറങ്ങിപോയ്
അമ്മയും അമ്മിയും.
(3)
അകത്തുള്ള ഘടികാരം പോലമ്മ
നിത്യം അടുക്കള വൃത്തത്തിൽ
കൃത്യം പിഴക്കാതെ ചലിക്കുന്നു.
(4)
നിസ്‌ക്കരിക്കാനല്ല
നിലവിളക്ക് കൊളുത്താന്‍
ബാങ്ക് വിളിക്ക് കാതോര്‍ക്കുന്നുണ്ടമ്മ.
(5)
കൂര ചോരുന്നു
അമ്മയുടെ മുഖത്ത്
കണ്ണിലൂടെ കവിളിലേക്ക്.

“ഡ്രോയിംഗ് പീരിയഡുകൾ”

in കവിത
കണക്കു മാഷിന്റെ ചൂരലിനെ പേടിച്ചിരുന്ന
കുട്ടികള്‍ക്കിടയിലേക്ക്
ചായപെന്‍സിലുകളുമായി
ഡ്രോയിംഗ് മാഷ് വരുമ്പോഴാണ്
പതിവിലും നീളമുള്ള ആ പുസ്തകങ്ങള്‍ക്ക്
ജീവന്‍ വയ്ക്കാറുള്ളത്.
ഒരു പുഴയ്ക്കപ്പുറം കാണാത്തവരുടെ
പുസ്തകങ്ങളില്‍
നീലയുടെ വകഭേദങ്ങളില്‍
കടലുതെളിയുന്നത്.
പാടവരമ്പിലും, തോട്ടുവക്കിലും,
കാണുന്ന ഓരോ മാവിന്‍ ചോട്ടിലും സ്റ്റോപ്പുള്ള
നടരാജാ ട്രാന്‍സ്‌പോട്ടില്‍ വരുന്നവര്‍
പല നിറങ്ങളില്‍
നീളന്‍ തീവണ്ടികളെ വരയ്ക്കുന്നത്.
കടലാസില്‍ കാടുകള്‍ മുളയ്ക്കുന്നു
മഴ പെയ്യുന്നു,
വീടുകള്‍ ഉയരുന്നു.
പിന്‍ബെഞ്ചിലെ കുട്ടി
രണ്ടു കുന്നുകള്‍ക്കിടയില്‍
സൂര്യനെ അസ്തമിപ്പിച്ചപ്പോള്‍
അടുത്ത പിരീഡിലേക്കൊരു
ബെല്ല് മുഴങ്ങുന്നു.
അടിമവംശത്തിലെ അവസാന രാജാവിന്റെ
പേരോര്‍മ്മയില്ലാത്തതിനു കിട്ടാന്‍ പോകുന്ന
ഇംപോസിഷനുകളുടെയും,
കാലിലെ തിണര്‍ത്തു നീലിച്ച പാടുകളുടെയും
ചിത്രം ഓര്‍മ്മയിലെത്തുമ്പോള്‍
അവരുടെ ഉള്ളിലെ നിറങ്ങളെല്ലാം ഒലിച്ചുപോകുന്നു.
വെളുപ്പിനു കുറുകെയുള്ള
പേടിയുടെ നീല വരകള്‍ക്കിടയില്‍
കൊഞ്ഞനം കുത്തുന്ന അക്ഷരങ്ങളെ നോക്കി
അവര്‍ മരിച്ചുപോയവരെ മനപ്പാഠമാക്കുന്നു.
Go to Top