‘സിനിമ പാരഡിസോ:ഗൃഹാതുരതയുടെ അനശ്വരകാവ്യം’

in സിനിമ

കടന്നു പോയ വഴികളില്‍ ബാക്കിവെച്ച അടയാളങ്ങളാണ് അനുഭവങ്ങള്‍. നടന്നു തീര്‍ത്ത പന്ഥാവില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ ചില വഴിയമ്പലങ്ങളാണ്; സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ… നൊമ്പരങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനുഭവങ്ങളാല്‍ പൊതിയപ്പെട്ട പാഥേയങ്ങള്‍ സൂക്ഷിച്ച വഴിയമ്പലങ്ങള്‍. ആ ജീവിതാനുഭവങ്ങളിലേക്ക് നമ്മെ കൈ പിടിച്ച് നടത്തുന്ന സ്മൃതികളിലൂടെയുള്ള മടക്ക യാത്ര ജീവിതത്തിന്റെ അനിവാര്യതയാണ്. ആ യാത്ര; കണ്ണീരുപ്പുറഞ്ഞ തപ്തസ്മരണകളിലൂടെയോ, വിരഹം മുറിവേല്‍പ്പിച്ച ഓര്‍മ്മകളിലൂടെയോ, പ്രണയം തരളിതമാക്കിയ മുഗ്ദസ്മൃതികളിലൂടെയോ, സൗഹൃദം ഊഷ്മളമാക്കിയ സ്മൃതിപഥങ്ങളിലൂടെയോ ആയിരിക്കാം.ഗൃഹാതുരതയുടെ ആത്മനൊമ്പരങ്ങള്‍ പേറുന്ന ആ യാത്ര പുതിയ ജീവിതവെളിച്ചത്തിലേക്കായിരിക്കും തീര്‍ച്ച.

സുഖവും വ്യഥയും സമ്മിശ്രമായ ആ യാത്ര നമ്മളെ അനുഭവിപ്പിക്കുന്ന സിനിമയാണ് ജുസെപ്പെ ടൊര്‍നാട്ടോറെയുടെ ‘സിനിമ പാരഡിസോ’. ജനിച്ച മണ്ണിലേക്ക്, തന്റെ ഓര്‍മ്മകളും ബന്ധങ്ങളും ജൈവത്തായി നില്‍ക്കുന്ന ഗ്രാമഭൂമികയിലേക്ക്, നായകന്‍ നടത്തുന്ന സ്മൃതി സഞ്ചാരവും മടക്കയാത്രയുമാണ് ചിത്രം പറയുന്നത്. നീണ്ട മുപ്പത് വര്‍ഷത്തെ നാടുമായുള്ള വിരഹമോ തന്നെ കാത്തിരിക്കുന്ന പ്രായമായ അമ്മയോ മാത്രമല്ല നായകന്‍ സാല്‍വദോറിനെ പെട്ടന്ന് നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്, ആല്‍ഫ്രീദോയുടെ മരണവാര്‍ത്തയാണ്. ആല്‍ഫ്രീദോ-സാല്‍വദോറിനെ ഇന്നത്തെ പ്രശസ്തനായ സംവിധായകനായി പരുവപ്പെടുത്തിയ നാട്ടിലെ സിനിമ പ്രൊജക്ഷനിസ്റ്റ്. തലമുറകളുടെ അന്തരം വിഘാതമാകാത്ത തീവ്ര സൗഹൃദത്തിന്റെ കഥ കൂടിയാണ് ‘സിനിമ പാരഡിസോ’.

ആല്‍ഫ്രീദോയും ടോട്ടോയും(സാല്‍വദോര്‍) തമ്മിലുള്ള പിതൃ-പുത്ര സമാനമായ ബന്ധത്തിന്റെയാഴം ഓരോ രംഗങ്ങളിലും നനുത്ത സ്പര്‍ശങ്ങളായി പ്രേക്ഷകന്‍ അറിയുന്നുണ്ട്. അതിഭാവുകത്വമോ നാടകീയതയുടെ അതിപ്രസരമോയില്ലാതെ അഭിനയവും ജീവിതവും വ്യവച്ഛേദിച്ച് പറയാനാവാത്ത വിധം ജീവിതമുഹൂര്‍ത്തങ്ങളുടെ പ്രവാഹത്തില്‍ ഉള്‍പ്പെട്ട് പോകുകയാണ് പ്രേക്ഷകന്‍. ഒരു നാടും വീടുകളും എല്ലാം ഗതകാലത്തിന്റെ സ്മാരകങ്ങളായി പരിവര്‍ത്തിക്കപ്പെടുന്ന, കാഴ്ചക്കാരനെ അതില്‍ ആമഗ്‌നരാക്കുന്ന മായാജാലമാണ് സിനിമ പകരുന്നത്.

ആല്‍ഫ്രീദോയുടെ മരണവാര്‍ത്ത അറിയിച്ചു കൊണ്ടുള്ള അമ്മയുടെ ഫോണ്‍ വരുമ്പോള്‍ സാല്‍വദോറിന്റെ കാമുകി ചോദിക്കുന്നുണ്ട്, ‘അതാരായിരുന്നു?’ എന്ന്. സാല്‍വദോറിനൊപ്പം പ്രേക്ഷകനും ചിന്തിക്കുകയാണ്, ആല്‍ഫ്രീദോ സാല്‍വദോറിന് ആരായിരുന്നു. ചില ബന്ധങ്ങള്‍ നിര്‍വചനങ്ങള്‍ക്കപ്പുറം ഹൃദയത്തോട് കണ്ണി ചേരുമ്പോള്‍ നാം അറിയാതെ നമ്മോട് തന്നെ ചോദിച്ച് പോകുന്നു, അവര്‍ നമുക്ക് ആരാണ്…? ഉത്തരം കിട്ടില്ലെന്നറിയാവുന്ന സന്ദേഹം. ഭൂമിയിലെ ഏറ്റവും വിശുദ്ധമായതും വൈകാരികവുമായ ബന്ധം മാതൃ-പുത്ര ബന്ധമാണ്. മൂന്ന് പതിറ്റാണ്ടുകളായിട്ടുള്ള അമ്മയുമായിട്ടുള്ള വിരഹത്തേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു സാല്‍വദോറിന് ആല്‍ഫ്രീദോയുടെ മരണവാര്‍ത്ത. ഉപാധികളില്ലാത്ത ഹൃദയബന്ധങ്ങളുടെ നൈര്‍മല്യത്തിന്റെ ആഘോഷത്തിലൂടെ സിനിമ പാരഡിസോ നന്മയുടെ വെളിച്ചം പകരുന്നുണ്ട്. ഗൃഹാതുരതയുടെ കാവ്യമായി ആഘോഷിക്കപ്പെടുമ്പോഴും, അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയും സദാചാര വ്യഗ്രതയും സൂഷ്മമായി വിമര്‍ശന വിധേയമാക്കുന്നുണ്ട് സിനിമ പാരഡിസോ.

രണ്ടാം ലോകമഹാ യുദ്ധാനന്തര ഇറ്റലിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ലോക മഹായുദ്ധത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ടു പോയ ടോട്ടോ(സാല്‍വദോര്‍) അമ്മയോടൊപ്പം താമസിക്കുന്നു. പള്ളിവികാരിയുടെയും, സിനിമ പാരഡൈസോ എന്ന സിനിമ കൊട്ടകയിലെ പ്രൊജക്ഷനിസ്റ്റായ ആല്‍ഫ്രീദോയുടെയും സഹായി കൂടിയാണ് കുസൃതിയെങ്കിലും ബുദ്ധിമാനായ ടോട്ടോ. പുതിയ സിനിമകളെത്തുമ്പോള്‍ അതില്‍ അശ്ലീല രംഗങ്ങളുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിലേക്കായി ആദ്യം സിനിമ കാണുന്ന പള്ളിവികാരിയും അത് പിന്നീട് മുറിച്ച് മാറ്റുന്നതിലേക്കായി അടയാളമിടുന്ന ആല്‍ഫ്രീദോയും ഇതെല്ലാം ഒളിച്ചു കാണുന്ന ടോട്ടോയും വെട്ടിമുറിക്കപ്പെട്ട് പാപവിമുക്തമായെന്ന് സമാശ്വാസിക്കപ്പെടുന്ന സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതികരണവും അന്നത്തെ സാമൂഹത്തിന്റെ ചിന്തകളെ വളരെ രസകരമായി വരച്ചു കാണിക്കുന്നു.

ഇതിനിടയില്‍ സിനിമ പാരഡൈസോയിലുണ്ടായ ഒരു തീപിടുത്തത്തില്‍ നിന്നും സാല്‍വദോര്‍ ആല്‍ഫ്രീദോയെ രക്ഷിക്കുന്നുണ്ട്. എന്നാല്‍ ആ അപകടത്തില്‍ ആല്‍ഫ്രീദോയുടെ കാഴ്ച നഷ്ടപ്പെടുന്നു. ആല്‍ഫ്രീദോയുടെ സൗഹൃദത്തില്‍ നിന്നും തന്റെ ജീവിതം രൂപപ്പെടുത്തുന്ന സാല്‍വദോര്‍ ആ സൗഹൃദത്തിന്റെ നന്മയിലൂടെ നയിക്കപ്പെടുന്നു. കൌമാരക്കാരനായ സാല്‍വദോറിന്റെ പ്രണയവും പിന്നീടത് ശിഥിലമാക്കപ്പെടുമ്പോളുള്ള വേദനയും അവന്റെ നിര്‍ബന്ധിത സൈനികസേവനവും(CONSCRIPTION) സിനിമ പരാമര്‍ശിക്കുന്നുണ്ട്. ഒടുവില്‍ അവന്റെ ഭാവിയെ കരുതി നാടു വിട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന ആല്‍ഫ്രീദോ, ഇനിയൊരിക്കലും ഇവിടേക്ക് തിരിച്ചു വരരുതെന്ന് അവനോട് സത്യം ചെയ്ത് വാങ്ങുന്നു. സാല്‍വദോര്‍ ആ വാക്ക് ആല്‍ഫ്രീദോയുടെ മരണം വരെ പാലിച്ചു.

ആല്‍ഫ്രീദോയുടെ മരണശേഷം അവന് നല്‍കാന്‍ ഒരു ഫിലിംപെട്ടി അയാള്‍ ഭാര്യയെ ഏല്‍പ്പിച്ചിരുന്നു. അത് സ്‌ക്രീനില്‍ കാണുന്ന സാല്‍വദോര്‍ അത്ഭുതസ്തബ്ദനാകുന്നു. ആ ബ്ലാക്ക് ആന്റ് വൈറ്റ് രംഗങ്ങളിലൂടെ ഒരു കാലഘട്ടം സാല്‍വദോറിന് മുന്നില്‍ തെളിയുകയായിരുന്നു. ചിത്രത്തിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗങ്ങളിലൊന്നായിരുന്നു ഇത്.

ഒരു കാലഘട്ടത്തിന്റെ തനിമ പരിപൂര്‍ണ്ണമായി സന്നിവേശിച്ച സിനിമ ഒരു പാഠപുസ്തകമായി ചലച്ചിത്രകാരന്‍മാരെയും ആസ്വാദകരെയും എന്നും പ്രചോദിപ്പിക്കുക തന്നെ ചെയ്യും. ഇത് പതിറ്റാണ്ടുകള്‍ക്കിടയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു സിനിമയെന്ന് നിസ്സംശയം പറയാം.

 

Leave a Reply

Your email address will not be published.

*