‘കൊച്ചി കപ്പൽ നിർമ്മാണശാലയുടെ ചരിത്രം’

in ടെക്‌നോളജി

അറബിക്കടലിന്റെ റാണിയായാണ് നമ്മുടെ കൊച്ചി അറിയപ്പെടുന്നത്. കൊച്ചിയുടെ തിലകക്കുറിയായി കണക്കാക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണ പൊതുമേഖലാസ്ഥാപനമാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണശാല അഥവാ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. 1969-ല്‍ വിഭാവനം ചെയ്ത് 1982-ല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ഈ കപ്പല്‍നിര്‍മ്മാണശാല ഇന്ന് ഭാരതത്തിന് അഭിമാനമായി അറബിക്കടലില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ലോഗോ

ഐ.എസ്.ഒ 9001 കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും ലാഭകരമായതുമായ 10 പൊതുമേഖലാസ്ഥാപനങ്ങളില്‍ ഒന്നാണ്. നാലുതവണ ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘എക്‌സലെന്റ്’ റേറ്റിംഗ് കിട്ടിയ കപ്പല്‍ നിര്‍മ്മാണശാലയാണിത്. ആഭ്യന്തര/അന്തര്‍ദേശീയ വിപണികളിലേക്ക് വാണിജ്യാവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ മുതല്‍ പ്രതിരോധ സേനകള്‍ക്കാവശ്യമായ പടുകൂറ്റന്‍ വിമാനവാഹിനിക്കപ്പലുകള്‍ വരെ നിര്‍മ്മിക്കാനുതകുന്ന സാങ്കേതിക ശാസ്ത്രപരിജ്ഞാനമുള്ള അത്യാധുനിക കപ്പല്‍നിര്‍മ്മാണശാലയായി ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വളര്‍ന്നിരിക്കുന്നു. ഇന്ത്യയുടെ സ്വകാര്യ അഭിമാനമായ മെട്രോമാന്‍ ഇ.ശ്രീധരന്‍ അടക്കമുള്ള ഉദ്യോഗസ്ഥവൃന്ദവും ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചു. ഇന്ത്യന്‍ നാവികസേനക്ക് ആവശ്യമായ 50 മീഡിയം/ചെറു യുദ്ധക്കപ്പലുകളും 15 പടുകൂറ്റന്‍ ചരക്ക് കപ്പലുകളും 350-ലധികം ഓഫ്‌ഷോര്‍ വെസലുകളും നിര്‍മ്മിക്കുവാനും 45-ലധികം പ്രതിരോധ/ചരക്ക് കപ്പലുകള്‍ അമേരിക്ക, ജര്‍മ്മനി, നെതര്‍ലാന്റ്, നോര്‍വേ, സൗദി അറേബ്യ, ബഹാമാസ്, സൈപ്രസ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുവാനും കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിനായി.

cochin_ship_yard_article_malayalama_online_magazine_blog_vayana_online
കൊച്ചിന്‍ ഷിപ്പ്‌യാർഡിന്റെ തുറമുഖം

1960-കളുടെ അവസാനത്തോടെ ഇന്ത്യയുടെ കപ്പല്‍നിര്‍മ്മാണ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ഗവണ്‍മെന്റ് അനുയോജ്യമായ തുറമുഖങ്ങള്‍ തേടിയപ്പോള്‍ ആദ്യ ലിസ്റ്റില്‍ തന്നെ കൊച്ചിന്‍ തുറമുഖം സ്ഥാനം പിടിച്ചിരുന്നു. 1969 ആയപ്പോഴേക്കും സര്‍വ്വേയര്‍മ്മാരുടെ സംഘം കൊച്ചി സന്ദര്‍ശിക്കുകയും കൊച്ചിയെ ഇന്ത്യയുടെ ആദ്യത്തെ തുറസ്സായ സ്ഥലത്തു പുതിയ ഒരു പ്രവര്‍ത്തനം തുടങ്ങുന്ന (Green Field Shipyard) കപ്പല്‍നിര്‍മ്മാണ ശാലയ്ക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രഘടനയും നിര്‍മ്മാണത്തിനുതകുന്ന തുറമുഖവും കൊച്ചിക്ക് തുണയായി. വളരെ വൈകാതെ തന്നെ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും 1982-ഓടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ അന്നത്തെ ഒന്നാംഘട്ടം രൂപകല്പന ചെയ്യാനും സാങ്കേതിക ശാസ്ത്രപരിജ്ഞാനം നല്‍കാനും സഹായിച്ചത് ജപ്പാന്റെ പ്രമുഖ കപ്പല്‍ നിര്‍മ്മാണ വ്യവസായ കമ്പനിയായ ‘മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്’ (Mitsubishi Heavy Industries) ആയിരുന്നു.

ഐ.എൻ.എസ് വിക്രാന്ത്

1972-ല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 1978-ല്‍ തന്നെ കപ്പല്‍നിര്‍മ്മാണം തുടങ്ങി. 1980 ഒക്‌റ്റോബര്‍ 10 ന് നീരണിഞ്ഞ 75,000 ടണ്‍ വാഹകശേഷിയുള്ള ‘റാണീ പദ്മിനി’ എന്ന ബള്‍ക്ക് കാരിയറായിരുന്നു കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പല്‍. 1981 ആയപ്പോഴേക്കും ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകാറായി. അതേ വര്‍ഷം തന്നെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ജോലികളും ഇവിടെ ആരംഭിച്ചു. പീന്നീട് കണ്ടത് പൊതുമേഖലയിലെ ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ കപ്പല്‍ വ്യാപാരകേന്ദ്രങ്ങളും ഒരുപോലെ ആശ്രയിക്കുന്ന പ്രഥമ കപ്പല്‍ നിര്‍മ്മാണശാലയായുള്ള കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. 1993-ല്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡില്‍ ‘മറൈന്‍ എഞ്ചിനീയറിങ്ങ് ട്രെയിനിംഗ്’ ആരംഭിക്കുകയും ഇതിലൂടെ പ്രഗത്ഭരായ മറൈന്‍ എഞ്ചിനീയര്‍മാരെ സംഭാവനചെയ്യുകയും ചെയ്തു.

ഐ.എൻ.എസ് വിക്രാന്ത് നീരണിയുന്നു

1999-ല്‍ തീരത്തുനിന്ന് അകലെ (Offshore) നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പ്രശസ്തി അങ്ങനെ ലോകത്താകമാനം പടരുകയും ചെയ്തു. നൂതനനിര്‍മ്മാണ സാങ്കേതികവിദ്യകളിലൂടെയും ഉത്സാഹത്തോടെയുള്ള വിപണനതന്ത്രങ്ങളിലൂടെയും ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഒരു പ്രമുഖ കപ്പല്‍ നിര്‍മ്മാണശാലയായി കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ് മാറി. കപ്പലുകളുടെ രൂപകല്‍പ്പന ചെയ്യുവാന്‍ ട്രൈബണ്‍ കാഡ് സോഫ്റ്റ് വെയറുപയോഗിക്കുകയും ജപ്പാന്‍ സാങ്കേതികവിദ്യയായ ‘ഹള്‍ ഔട്ട് ഫിറ്റിംഗ് ആന്റ് പെയിന്റിങ്ങ് സിസ്റ്റം(HOP)’ സ്ഥാപീക്കുകയും ചെയ്തതോടെ കൂടുതല്‍ വലിപ്പമുള്ളതും നൂതന സാങ്കേതികവിദ്യയിലൂന്നിയ വിമാനവാഹിനിക്കപ്പലടക്കമുള്ള പടുകൂറ്റന്‍ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിനായി.

cochin_ship_yard_article_malayalama_online_magazine_blog_vayana_online

1982-ല്‍ തുടങ്ങിയ കപ്പല്‍ അറ്റകുറ്റപ്പണികള്‍ ഇന്ന് എല്ലാ വിധത്തിലുള്ള കപ്പലുകളുടേയും അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. കപ്പലുകളുടെ നവീകരണവും കൊച്ചിന്‍ കപ്പല്‍നിര്‍മ്മാണശാലയില്‍ തകൃതിയായി നടക്കുന്നു. ഇന്ത്യന്‍ നാവികസേനയുടേയും തീരസംരക്ഷണസേനയുടേയും പ്രതിരോധ/യുദ്ധക്കപ്പലുകളും എണ്ണടാങ്കര്‍ കപ്പലുകളും പോര്‍ട്ട് ട്രസ്റ്റ് കപ്പലുകളും വിനോദസഞ്ചാരക്കപ്പലുകളും മുതല്‍ മത്സ്യബന്ധനക്കപ്പലുകള്‍ വരെ ഇന്ന് കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണശാലയില്‍ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നു. ഇന്ത്യയ്ക്കകത്ത് നിന്നുള്ള വ്യാപാരത്തോടൊപ്പം വിദേശരാജ്യങ്ങളിലേക്കും കപ്പലുകളും ബോട്ടുകളും കയറ്റിയയക്കുവാന്‍ കൊച്ചിക്ക് കഴിഞ്ഞു. ഏഷ്യയും യൂറോപ്പും അമേരിക്കയും അടക്കമുള്ള ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളും കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഉപഭോക്താക്കളായി. ഈ രാജ്യങ്ങളിലെ പ്രമുഖ കപ്പല്‍നിര്‍മ്മാണശാലകള്‍ക്കൊപ്പം സാങ്കേതിക വിദ്യാകൈമാറ്റങ്ങള്‍കൂടി നടത്തിയപ്പോള്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പ്രവൃത്തിപരിചയത്തില്‍ ഒരുകുതിച്ചുചാട്ടം നടക്കുകയും അത് ഭാവിയിലേക്കുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു. ‘നോര്‍വേ’യുടെ ‘റോള്‍സ് റോയ്‌സ്’ സൗത്ത് ആഫ്രിക്കയുടെ ‘ജി.റ്റി.റ്റി’ എന്നീ സാങ്കേതികഭീമന്മാരുമായും സി.എസ്.എല്ലിന് സാങ്കേതിക കൈമാറ്റ കരാറുകളുണ്ട്.

കപ്പല്‍ നിര്‍മ്മാണത്തില്‍ തുടങ്ങി കപ്പല്‍ നവീകരണവും അറ്റകുറ്റപ്പണികളും ചെയ്ത് ഇന്ന് റിഗ്ഗുകളുടെയടക്കം നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഈ പൊതുമേഖലാസ്ഥാപനം വിജയകരമായി ചെയ്തുവരികയാണ്. ഇന്ന് ഏകദേശം 1.1 -1.25 മില്ല്യണ്‍ ടണ്‍ വാഹകശേഷിയുള്ള ചരക്ക്/പ്രതിരോധ കപ്പലുകള്‍നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡില്‍ സൗകര്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരട്ട ഹള്ളുള്ള ‘അഫ്രമാക്‌സ്’ ടാങ്കറുകള്‍ നിര്‍മ്മിച്ചത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ്. ഏകദേശം 95,000 ടണ്‍ വാഹകശേഷിയുള്ളവയായിരുന്നു ഇവയെല്ലാം. ഇന്ന് ടാങ്കറുകളും പ്രോഡക്കറ്റ് കാരിയറുകളും ബള്‍ക്ക് കാരിയറുകളും യാത്രാക്കപ്പലുകളും ഹൈ ബൊള്ളാര്‍ഡ് പുള്‍ ടഗ്‌സും ആകാശവേധ പടക്കപ്പലുകളും വിമാനവാഹിനിക്കപ്പലും നിര്‍മ്മിച്ച് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ സ്ഥാപനം. ഇന്ത്യന്‍ നാവികസേനയുടെ എക്കാലത്തേയും അഭിമാനമായിരുന്ന ‘ഐ.എന്‍.എസ്സ്. വിരാട്’ ഇന്ത്യ വാങ്ങിയ കാലം മുതല്‍ തന്നെ അതിന്റെ നവീകരണവും അറ്റകുറ്റപ്പണികളും നടത്തിയത് കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിലായിരുന്നു. ‘വിമാനവാഹിനിക്കപ്പലുകള്‍’ നിര്‍മ്മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള ‘ഡ്രൈ ഡോക്ക്’ ഉള്ള ഇന്ത്യയിലെ ഏക കപ്പല്‍ നിമ്മാണകേന്ദ്രമാണ് ‘കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ്.

ലോകത്തില്‍ പത്ത് വികസിതരാജ്യങ്ങള്‍ മാത്രം നിര്‍മ്മിക്കുന്ന ‘വിമാനവാഹിനിക്കപ്പലുകള്‍’ ഇന്ത്യയില്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡില്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. 44,000 ടണ്‍ വാഹകശേഷിയുള്ള ‘ഐ.എന്‍.എസ്സ് വിക്രാന്ത്-2’ ആണ് ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച ‘വിമാനവാഹിനിക്കപ്പല്‍’. 2009-ല്‍ നിര്‍മ്മാണമാരംഭിച്ച് വെറും 4 വര്‍ഷം കൊണ്ട് 2013-ല്‍ രാജ്യത്തിന് സമര്‍പ്പിക്കുവാന്‍ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡിനായി. ഇതിന്റെ തുടര്‍ച്ചയായി 65,000 ടണ്‍ വാഹകശേഷിയുള്ള ‘ഐ.എന്‍.എസ്സ് വിശാലി’ന്റെ രൂപകല്‍പ്പനയും കൊച്ചിയില്‍ നടക്കുന്നു. ഈ പടുകൂറ്റന്‍ ‘വിമാനവാഹിനിക്കപ്പലും’ നിര്‍മ്മിക്കുവാന്‍ പോകുന്നത് ഭാരതത്തിത്തിന്റെ അഭിമാനമായ ഈ സ്ഥാപനത്തില്‍ തന്നെയാണ്. നാല് പടുകൂറ്റന്‍ ‘മറൈന്‍ കോട്ടിംഗ്’ ഷോപ്പുകളും പെയിന്റിംഗ് ശാലകളും കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡില്‍ സുസജ്ജമായിരിക്കുന്നു. ‘ട്രിബണ്‍ ബേസ്ഡ് ഹൗസ് കേപ്പബിലിറ്റി’ എന്ന ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമുള്ള സാങ്കേതികവിദ്യയും ഇവിടെയുണ്ട്.

ജപ്പാനിലെ ‘ഇഷികാവാജിമ ഹറിമാ ഹെവി ഇന്‍ഡസ്ട്രീസും’ നോര്‍വേയുടെ ഷിപ്പിംഗ് റിസര്‍ച്ച് സര്‍വീസുമായും ചേര്‍ന്ന് ഭീമാകാരമായ എണ്ണടാങ്കറുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കാന്‍ കൊച്ചിന്‍ പടുകൂറ്റന്‍ ലിമിറ്റഡിനായി. കൊച്ചിന്‍ പടുകൂറ്റന്‍ ലിമിറ്റഡിലെ ഡോക്ക് 2 ല്‍ ഏകദേശം 1,10,000 ടണ്‍വരെയുള്ള കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള അടിസ്ഥാന സാങ്കേതിക/യാന്ത്രിക സംവിധാനങ്ങളുള്ളവയാണ്. 300 ടണ്‍ ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു ക്രെയിനും ഒരു.150 ടണ്‍ ക്രെയിനും രണ്ട് 50 ടണ്‍ ക്രെയിനും ഡോക്കില്‍ ലഭ്യമാണ്. ഇവ കൂടാതെ 13,000 സ്‌ക്വയര്‍ മീറ്റര്‍ സ്റ്റോറേജ് യാര്‍ഡില്‍ മൂന്ന് 25 ടണ്‍ ക്രെയിനുകളും സദാസജ്ജമായി പ്രവര്‍ത്തിക്കുന്നു. ഇവ വാഗണിലും ബാര്‍ജിലും ട്രക്കുകളിലും എത്തുന്ന കപ്പല്‍നിര്‍മ്മാണ ഭാഗങ്ങള്‍ സുരക്ഷിതമായി യാര്‍ഡില്‍ ശേഖരിക്കുന്നു. പിന്നീട് ഇവ ഡോക്കിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഏതൊരു ഭാരതീയനും പ്രത്യേകിച്ച് മലയാളിക്ക് അഭിമാനപൂര്‍വ്വം തലയുയര്‍ത്തിനിന്ന് പറയാവുന്ന വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ്.

Leave a Reply

Your email address will not be published.

*