“പതുങ്ങി വന്ന് നാശം വിതയ്ക്കുന്ന ക്രൂയിസ് മിസൈലുകള്‍”

in ടെക്‌നോളജി

മിസൈലുകളെ അവയുടെ സഞ്ചാരപഥത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ എന്നും ക്രൂയിസ് മിസൈലുകള്‍ എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും പ്രത്യേകതകള്‍ കോര്‍ത്തിണക്കിയ സങ്കരയിനം മിസൈലുകളും രംഗത്തെത്തിയിട്ടുണ്ട് .

ബാലിസ്റ്റിക് മിസൈലുകള്‍ ഒരു വിക്ഷേപണ ആംഗിളില്‍ മുകളിലേക്ക് വിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത്. മിസൈലിന്റെ വേഗതയുടെയും വിക്ഷേപണ കോണിന്റെയും അടിസ്ഥാനത്തില്‍ മിസൈലില്‍ ഘടിപ്പിച്ചിട്ടുള്ള പോര്‍മുനകള്‍ വലിയ ഉയരത്തിലുള്ള ഒരു ബിന്ദുവില്‍ എത്തുന്നു. അവിടെനിന്നും അവ ഒരു പരാബോളിക് പാതയിലൂടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പതിക്കുന്നു. ഇതാണ് ബാലിസ്റ്റിക് മിസൈലുകളുടെ പൊതു പ്രവര്‍ത്തന തത്വം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ആയിരകകണക്കിനു കിലോമീറ്റര്‍ ഉയരെ എത്താറുണ്ട് .അവയുടെ സഞ്ചാരം ഭൂരിഭാഗം സമയവും ഭൗമാന്തരീക്ഷത്തിനു വെളിയില്‍ ആണ്. അതിനാല്‍ തന്നെ അവയില്‍ ഇന്ധനത്തിന്റെ ജ്വലനത്തിനാവശ്യമായ ഓക്‌സീകാരിയും വഹിക്കണം. അതിനാല്‍ത്തന്നെ ബാലിസ്റ്റിക് മിസൈലുകള്‍ താരതമ്യേന വലിപ്പം കൂടിയവയാണ്. ഖര ഇന്ധനം കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് ആധുനിക ബാലിസ്റ്റിക് മിസൈലുകളില്‍ മിക്കവയും. അവയുടെ ഖര ഇന്ധനത്തില്‍ തന്നെ ഓക്‌സീകാരിയും അടങ്ങിയിരിക്കും .റേഞ്ച് വര്‍ദ്ധിക്കുന്തോറും ബാലിസ്റ്റിക് മിസൈലുകള്‍ ആര്‍ജ്ജിക്കുന്ന വേഗതയും വര്‍ദ്ധിക്കും. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ മാക് ഇരുപതിന് മുകളില്‍ വേഗം ആര്‍ജ്ജിക്കാറുണ്ട്.

ക്രൂയിസ് മിസൈല്‍ വിക്ഷേപിക്കുന്ന ബ്ലാക്ക് ജാക്ക് ബോംബര്‍

ക്രൂയിസ് മിസൈലുകളാവട്ടെ വിമാനങ്ങളുടെ പ്രവര്‍ത്തന തത്വം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവയുടെ സഞ്ചാരം ഭൗമാന്തരീക്ഷത്തിലൂടെയാണ്. അതിനാല്‍ വിമാന ഇന്ധനം കൊണ്ട് പ്രവര്‍ത്തിക്കുന്ന അവയ്ക്ക് അന്തരീക്ഷ വായുവിലെ ഓക്‌സിജനെ ഓക്‌സീകാരി ആയി ഉപയോഗിക്കാം. തുല്യ റേഞ്ചും ഭാരവാഹകശേഷിയും ഉള്ള ഒരു ക്രൂയിസ് മിസൈലിന്റെ ഭാരം ഒരു ബാലിസ്റ്റിക് മിസൈലിന്റെ മൂന്നില്‍ ഒന്ന് മാത്രമേ ഉണ്ടാവൂ. അതിനാല്‍ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ ആധുനിക ബോംബറുകള്‍ക്കാവും. ക്രൂയിസ് മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്. ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ എല്ലാം തന്നെ ശബ്ദവേഗത്തിന് താഴയോ അതിനടുത്തതോ ആയ വേഗതയിലാണ് പറക്കുന്നത്.

ക്രൂയിസ് മിസൈലുകളുടെ ചരിത്രം:

യു.എസിന്റെ എയര്‍ ലോഞ്ചഡ് ക്രൂയിസ് മിസൈല്‍ എ ജി എം-86

രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനി രംഗത്തിറക്കിയ V-2 പറക്കും ബോംബിനെ (ഫ്‌ലയിങ് ബോംബ്) ചരിത്രത്തിലെ ആദ്യ ക്രൂയിസ് മിസൈല്‍ ആയി കണക്കാക്കാം. 250 കിലോമീറ്റര്‍ പരിധിയും 800 കിലോഗ്രാം ബോംബും വഹിക്കാന്‍ ശേഷിയുണ്ടായിരുന്ന V-2 അക്കാലത്തെ ഒരത്ഭുതമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ പ്രാകൃതമായ ഗതിനിര്‍ണ്ണയ സംവിധാനമാണ് ഉപയോഗിച്ചിരുന്നതെങ്കിലും V-2 ലക്ഷണമൊത്ത ഒരു ക്രൂയിസ് മിസൈല്‍ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനും യു.എസും ബാലിസ്റ്റിക് മിസൈലുകള്‍ക്ക് മുന്‍പേ തന്നെ ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കാന്‍ തുടങ്ങി. ചില ഭീമാകാരമായ ക്രൂയിസ് മിസൈലുകളും അക്കാലത്തു പിറവിയെടുത്തു. സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച ബര്യ (burya) എന്ന ക്രൂയിസ് മിസൈലിന് 100 ടണ്‍ ഭാരവും ആറായിരത്തിലധികം കിലോമീറ്റര്‍ പരിധിയും ഉണ്ടായിരുന്നു. പക്ഷെ ആദ്യകാല ക്രൂയിസ് മിസൈലുകള്‍ പലതും വന്‍ പരാജയത്തില്‍ കലാശിച്ചു. കൃത്യമായ ഉപഗ്രഹഗതിനിര്‍ണ്ണയ സംവിധാനങ്ങളുടെയും, സങ്കീര്‍ണമായ മിസൈല്‍ പഥങ്ങള്‍ കണക്കുകൂട്ടാന്‍ പ്രാപ്തമായ കംപ്യൂട്ടറുകളുടെയും അഭാവം തല്‍ക്കാലത്തേക്ക് ക്രൂയിസ് മിസൈലുകളെ യുദ്ധപ്രാധാന്യത്തില്‍ ബാലിസ്റ്റിക് മിസൈലുകളെക്കാള്‍ ബഹുദൂരം പിന്നിലാക്കി. എഴുപതുകളില്‍ ഉപഗ്രഹ ഗതിനിര്‍ണ്ണയത്തിലും ഡിജിറ്റല്‍ കമ്പ്യൂട്ടറുകളിലും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ക്രൂയിസ് മിസൈലുകളെ ഉന്നം തെറ്റാത്ത അസ്ത്രങ്ങളാക്കി മാറ്റി.

എഴുപതുകളില്‍ യു.എസും സോവിയറ്റ് യൂണിയനും ക്രൂയിസ് മിസൈലുകളുടെ ശ്രേണികള്‍ തന്നെ കെട്ടിപ്പടുത്തു. കപ്പലുകള്‍ക്കെതിരെ പ്രയോഗിക്കുന്ന കപ്പല്‍ വേധ ക്രൂയിസ് മിസൈലുകളില്‍ സോവിയറ്റ് യൂണിയന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബോംബറുകളില്‍ നിന്നും തൊടുക്കുന്ന എയര്‍ ലോഞ്ചഡ് ക്രൂയിസ് മിസൈലുകളില്‍ യു എസ് നേതൃനിരയിലെത്തി. അമേരിക്കന്‍ വിമാന വാഹിനികള്‍ക്കെതിരെ സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച P-270 ,P-500, P-700, P-800 എന്നീ മിസൈലുകള്‍ സാങ്കേതിക വിദ്യയുടെ അതിര്‍വരമ്പുകളായി. അതുപോലെ അമേരിക്കയുടെ ടോമോഹാക് ക്രൂയിസ് മിസൈല്‍ അമേരിക്കന്‍ സൈനിക ശക്തിയുടെ പ്രതീകമായി. ലോകത്തെവിടെയും ആക്രമണം നടത്താന്‍ അമേരിക്കക്കു കരുത്തായത് ടോമോഹാക് ക്രൂയിസ് മിസൈല്‍ ആണ്. ശബ്ദ വേഗത്തിന് താഴെ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലുകളില്‍ നിന്നും റാംജെറ്റുപയോഗിക്കുന്ന ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകള്‍ ഉരുത്തിരിഞ്ഞു. ഇന്‍ഡോ-റഷ്യന്‍ നിര്‍മ്മിതിയായ ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ ഇപ്പോള്‍ നിലവിലുള്ള ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകളില്‍ മുന്‍നിരയിലുള്ള ഒരു മിസൈലാണ്. ഇപ്പോള്‍ ശബ്ദത്തിന്റെ അഞ്ചുമടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ നിര്‍മാണത്തിലും വികസനത്തിലും പ്രമുഖ സൈനിക ശക്തികള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നമ്മുടെ തന്നെ പരിഷ്‌കരിച്ച ബ്രഹ്മോസ് മിസൈലും, റഷ്യയുടെ സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ്മിസൈലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വിന്യസിക്കപ്പെടും എന്നാണ് കരുതുന്നത്

ക്രൂയിസ് മിസൈലുകളുടെ മേന്മകള്‍:

ആധുനിക ക്രൂയിസ് മിസൈലുകള്‍ വളരെ വലിപ്പം കുറഞ്ഞവയാണ്. അവയ്ക്ക് ഭൗമോപരിതലത്തിന് ഏതാനും മീറ്ററുകള്‍ ഉയരത്തിലൂടെ ഭൗമോപരിതലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് പറക്കാനും കഴിയും. ഇക്കാരണങ്ങളാല്‍ ഭൗമ റഡാറുകള്‍ കൊണ്ട് ക്രൂയിസ് മിസൈലുകളെ കണ്ടുപിടിക്കാനും ട്രാക്കുചെയ്യാനും ബുദ്ധിമുട്ടാണ്. ലുക്ക് ഡൗണ്‍ ഷൂട്ട് ഡൌണ്‍ കഴിവുള്ള യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച റഡാറുകള്‍ കൊണ്ട് മാത്രമേ അവയെ കണ്ടുപിടിക്കാനും നശിപ്പിക്കാനും സാദ്ധ്യമാകൂ. ഒരേ ക്രൂയിസ് മിസൈലിനെത്തന്നെ പല തരത്തിലുള്ള യുദ്ധ ആവശ്യങ്ങള്‍ക്കുപയോഗിക്കാം. നമ്മുടെ തന്നെ ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ ഭൂതല മിസൈല്‍ ആയും, കപ്പല്‍ വേധ മിസൈല്‍ ആയും, എയര്‍ ലോഞ്ചഡ് ക്രൂയിസ് മിസൈല്‍ ആയും ഉപയോഗിക്കുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ ഇത്തരത്തില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കാനാവില്ല.

ക്രൂയിസ് മിസൈലുകളുടെ നിയന്ത്രണവും ഗതിനിര്‍ണ്ണയവും:

ഉപഗ്രഹ ഗതിനിര്‍ണ്ണയത്തിന്റെയും ഭൂതല ഗതിനിര്‍ണ്ണത്തിന്റെയും സംയോജനത്തിലൂടെയാണ് ആധുനിക ക്രൂയിസ് മിസൈലുകള്‍ ഉന്നം തെറ്റാതെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്. ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈലുകളെക്കാള്‍ വളരെ കൃത്യമായി ക്രൂയ്ഡ് മിസൈലുകള്‍ നിയന്ത്രിക്കാനാവും.

A)ഉപഗ്രഹ ഗതിനിര്‍ണയം അടിസ്ഥാനമാക്കിയ ഗൈഡന്‍സ്:

ഉപഗ്രഹ ഗതിനിര്‍ണ്ണയ സംവിധാനങ്ങളുടെ പ്രധാന ഘടകം പേര് സൂചിപ്പിക്കുന്നതുപോലെ ഉപഗ്രഹങ്ങളാണ്. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗതിനിര്‍ണ്ണയ ഉപകരണങ്ങള്‍ സ്ഥാനവും വേഗതയും നിര്‍ണ്ണയിക്കുന്നു. ഉപഗ്രഹ സ്ഥാന-ഗതി ഗതിനിര്‍ണ്ണ സംവിധാനങ്ങള്‍ സാങ്കേതികമായി വളരെ സങ്കീര്‍ണമാണ്. ആഗോളവവീക്ഷണ പരിധിയുള്ള ഒരു ഉപഗ്രഹ സ്ഥാന-ഗതി നിര്‍ണ്ണയ സംവിധാനം ഒരു രാജ്യത്തിന്റെ സാങ്കേതിക, സാമ്പത്തിക, സൈനിക ശക്തിയുടെ ഒരു പ്രതീകമാണ്. ഒരു രാജ്യത്തിന് അത്തരം ഒരു സംവിധാനം ഉണ്ടെങ്കില്‍ ആ രാജ്യത്തെ ഒരു മഹാശക്തി(Superpower) ആയി കണക്കാക്കാനുള്ള യോഗ്യതയുടെ ഒരു ഘടകമാണത് . ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് യു.എസിനും റഷ്യയ്ക്കും മാത്രമാണ് സ്വന്തമായി അത്തരം സംവിധാനങ്ങളുള്ളത്.

ഏറ്റവും ആദ്യത്തെ ഉപഗ്രഹ സ്ഥാന-ഗതി നിര്‍ണ്ണയ സംവിധാനം യു.എസിന്റെ ട്രാന്‍സിറ്റ് (Transit) ആണ്. അറുപതുകളിലാണ് ആ സംവിധാനം അവര്‍ പ്രായോഗികമായാക്കിയത്. ഡോപ്ലര്‍ പ്രതിഭാസത്തെ (Dopplar effect) അടിസ്ഥാനമാക്കിയായിരുന്നു ആ സംവിധാനത്തിന്റെ പ്രവര്‍ത്തനം. നൂറു മീറ്റര്‍ വരെ കൃത്യമായ സ്ഥാന നിര്‍ണയം ഈ സംവിധാനത്തിലൂടെ സാദ്ധ്യമാകുമായിരുന്നു. വി.എച്ച്.എഫ്/യു.എച്ച്.എഫ് ബാന്റുകളിലാണ് (VHF/UHF Frequency bands) ഈ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. താരതമ്യേന ചെറിയ തരംഗദൈര്‍ഖ്യമുള്ള വിദ്യുത് കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് ആന്റിനകളുടെ വലിപ്പവും കുറവായിരുന്നു. വലിപ്പം കുറഞ്ഞ ആന്റിനകള്‍ ഇവയുടെ പ്രായോഗികത വര്‍ദ്ധിപ്പിച്ചു. ചില ട്രാന്‍സിറ്റ് ഉപഗ്രഹങ്ങള്‍ താപ ആണവ വൈദ്യുത സ്രോതസ്സുകളിലൂടെയാണ് (Radioactive Thrmoelecrtic Generators) പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് ഈ ഉപഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങളെല്ലാം തന്നെ അതീവ രഹസ്യമായിരുന്നു. സൈനിക ആവശ്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. ജി.പി.എസ് സംവിധാനം നിലവില്‍ വരുന്നത് വരെ അവര്‍ ട്രാന്‍സിറ്റ് ഉപയോഗിച്ചു.

ട്രാന്‍സിറ്റിനു സമാനമായ ഒരു സോവിയറ്റ് സംവിധാനമായിരുന്നു സൈക്‌ളോണ്‍ (TSIKLON). അറുപതുകളിലും എഴുപതുകളിലുമാണ് അവര്‍ ഈ സംവിധാനം ഉപയോഗിച്ചത് .അവരുടെ ദീര്‍ഘദൂര മിസൈലുകളുടെയും ഭൂഖണ്ഡാന്തര ബോംബര്‍ വിമാനങ്ങളുടെയും ഗതി നിര്‍ണ്ണയത്തിനായിരുന്നു അവര്‍ ഈ സംവിധാനം ഉപയോഗിച്ചത്. സൈക്‌ളോണ്‍ ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനവും നൂറ് മീറ്റര്‍ സ്ഥാന നിര്‍ണ്ണയ കൃത്യതയാണ് നല്‍കിയിരുന്നത് .സൈക്ലോണിന് ശേഷം സികാട (Tsikada)എന്ന കൂടുതല്‍ കൃത്യതയുള്ള ഒരു സംവിധാനവും അവര്‍ പരീക്ഷിച്ചു. നാലുപഗ്രഹങ്ങള്‍ അടങ്ങുന്നതായിരുന്നു ഒരു സികാട ഗതിനിര്‍ണയ സംവിധാനം. എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ ഇത് റഷ്യന്‍ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിരുന്നു. സിവിലിയന്‍ ഉപയോഗങ്ങള്‍ക്കും സികാട ഉപഗ്രഹ സംവിധാനം ഉപയോഗിച്ചിരുന്നു . ഒരുപക്ഷെ സികാട ആയിരുന്നിരിക്കാം ആദ്യമായി സിവിലിയന്‍ ഉപയോഗങ്ങള്‍ക്കുപയോഗിച്ച ഉപഗ്രഹ സ്ഥാന-ഗതി നിര്‍ണയ സംവിധാനം.
.
അമേരിക്കയുടെ ജി.പി.എസും (GPS) റഷ്യയുടെ ഗ്ലോനാസും (GLONASS) മാത്രമാണ് ഇപ്പോഴുള്ള പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ആഗോള വീക്ഷണ പരിധിയുള്ള ഉപഗ്രഹ ഗതിനിര്‍ണ്ണയ സംവിധാനങ്ങള്‍. യൂറോപ്പിന്റെ ഗലീലിയോയും(GALILEO) ചൈനയുടെ ബേയ്ഡൗ (Beidou) ഉം നിര്‍മ്മാണത്തിലാണ്. ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പ്രാദേശിക ഉപഗ്രഹ ഗതിനിര്‍ണ്ണയ സംവിധാനങ്ങള്‍ (Regional Satellite Navigation Systems) രൂപകല്‍പന ചെയ്തു പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

B)ടെററിസ്ട്രിയല്‍ ഗൈഡന്‍സ്:

ടെറസ്ട്രിയല്‍ ഗൈഡന്‍സിനെ സാങ്കേതികമായി ‘ടെറൈന്‍ കോണ്ടൂര്‍ മാച്ചിങ്ങ്’ ( terrain contour matching) എന്നാണ് പറയുന്നത്. സാധാരണ ക്രൂയിസ് മിസൈലുകളുടെ നാവിഗേഷനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ക്രൂയിസ് മിസൈലുകള്‍ സാധാരണ ഭൗമോപരിതലത്തിന് അധികം ഉയരത്തിലല്ലാതെ പറക്കുകയാണ് ചെയ്യുക. ടെറൈന്‍ കോണ്ടൂര്‍ മാച്ചിങ്ങില്‍ ഭൗമോപരിതലത്തിന്റെ പ്രത്യേകതകള്‍ മാപ്പുകളാക്കി മിസൈലിന്റെ ഗൈഡന്‍സ് കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കും. മിസൈല്‍ അതിന്റെ പറക്കലിനിടയില്‍ ഓണ്‍ ബോര്‍ഡ് കാമറ വച്ചെടുക്കുന്ന ചിത്രങ്ങളും ഗൈഡന്‍സ് കംപ്യൂട്ടറില്‍ ശേഖരിച്ചിരിച്ചിരിക്കുന്ന ചിത്രങ്ങളും ഒത്തു നോക്കുന്നു .ടെറൈന്‍ കോണ്ടൂര്‍ മാപ്പുകള്‍ക്കനുസൃതമായി പറന്നു ലക്ഷ്യസ്ഥാനത്തെത്തുകയാണ് മിസൈലിന്റെ ദൗത്യം. കൃത്യതയാര്‍ന്ന ടെറൈന്‍ കോണ്ടൂര്‍ മാപ്പുകളും കുറ്റമറ്റ ഓണ്‍ ബോര്‍ഡ് കംപ്യൂട്ടറുകളും ഒത്തുചേര്‍ന്നാല്‍ ടെറൈന്‍ കോണ്ടൂര്‍ മാപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള ടെറസ്ട്രിയല്‍ നാവിഗേഷന്‍ സെന്റീമീറ്ററുകള്‍ വരെ കൃത്യതയുള്ളതാക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ ക്രൂയിസ് മിസൈലുകളും സിറിയന്‍ യുദ്ധത്തില്‍ റഷ്യ ഉപയോഗിച്ച ക്രൂയിസ് മിസൈലുകളും വ്യക്തമാക്കുന്നത്.

ഇക്കാലത്തെ ചില പ്രമുഖ ക്രൂയിസ് മിസൈലുകള്‍:

ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍

ഇന്ത്യ ബ്രഹ്മോസ് എന്ന മദ്ധ്യ ദൂര സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലും നിര്‍ഭയ് എന്ന സബ് സോണിക് ദീര്‍ഘ ദൂര ക്രൂയിസ് മിസൈലും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ റഷ്യന്‍ നിര്‍മ്മിതമായ വിവിധ തരം കപ്പല്‍വേധ, എയര്‍ ലോഞ്ചഡ് ക്രൂയിസ് മിസൈലുകളും നാം വിന്യസിച്ചിട്ടുണ്ട്. റഷ്യയും, യു.എസും വളരെ വൈവിദ്ധ്യമേറിയ പല തരത്തിലുള്ള ക്രൂയിസ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. റഷ്യ അടുത്തിടെ അവരുടെ ദീര്‍ഘദൂര കാലിബര്‍ ക്രൂയിസ് മിസൈല്‍ സിറിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ചിരുന്നു. KH-55 ആണ് അവരുടെ പക്കലുള്ള അതിദീര്‍ഘദൂര എയര്‍ ലോഞ്ചഡ് ക്രൂയിസ് മിസൈലുകളില്‍ ഒന്ന്. KH-55 ഉം അതിന്റെ പരിഷ്‌കരിച്ച പതിപ്പുകളും അവര്‍ സിറിയന്‍ യുദ്ധത്തിലും ഉപയോഗിച്ചു. യു.എസിന്റെ ടോമഹാക് ക്രൂയിസ് മിസൈലുകള്‍ അവരുടെ പവര്‍ പ്രൊജക്ഷന്റെ ഒരു ഭാഗം തന്നെയാണ്. ഫ്രഞ്ച് നിര്‍മ്മിതമായ എക്‌സോസ്റ്റ് ( ECXOST) ആണ് മറ്റൊരു പ്രസിദ്ധമായ ക്രൂയിസ് മിസൈല്‍. ഹ്രസ്വദൂര കപ്പല്‍വേധ ക്രൂയിസ് മിസൈലായ എക്‌സോസ്റ്റ് ഫാക്ലാന്‍ഡ് യുദ്ധത്തില്‍ അര്‍ജന്റീന ബ്രിട്ടീഷ് യുദ്ധക്കപ്പലുകളെ ആക്രമിച്ചു മുക്കാന്‍ ഉപയോഗിച്ചിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിമീഡിയ കോമണ്‍സ്.

Leave a Reply

Your email address will not be published.

*