“ഒരു ദോശക്കട ഉണ്ടാക്കിയ കഥ”

in കൗതുകം

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലോ അതുമല്ലെങ്കില്‍ വിദേശ നഗരങ്ങളിലോ സഞ്ചരിക്കവേ ഭക്ഷണം തേടി നടക്കുമ്പോൾ “ദോശ പ്ലാസ” എന്ന തിളങ്ങുന്ന ബോര്‍ഡിന് മുന്നില്‍ നിങ്ങള്‍ എത്തുകയാണെങ്കില്‍, ഒരു നിമിഷം നില്‍ക്കുക…ഓര്‍ക്കുക…വീട്ടില്‍ അഷ്ടിക്കു വകയില്ലാതെ തമിഴ്നാട്ടില്‍ നിന്ന് മുംബൈയ്ക്ക് ഒളിച്ചോടി സ്വന്തം വിയര്‍പ്പുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ പടുത്തുയര്‍ത്തിയ ഒരു വലിയ സാമ്രാജ്യത്തിന്‍റെ മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്ന്…

1990-ല്‍ തന്‍റെ പതിനേഴാമത്തെ വയസ്സിലാണ് ഒരു ജോലി തേടി പ്രേം ഗണപതി മുംബൈയ്ക്ക് ട്രെയിന്‍ കയറുന്നത്. പക്ഷെ, പ്രതീക്ഷയോടെ മുംബൈയില്‍ വന്നിറങ്ങിയ പ്രേം ഗണപതി പോക്കറ്റില്‍ പരതിയപ്പോള്‍ ഞെട്ടിപ്പോയി. കയ്യില്‍ ആകെയുണ്ടായിരുന്ന 200 രൂപ ആരോ പോക്കറ്റടിച്ചിരിക്കുന്നു. ജനസാഗരം അലയടിക്കുന്ന ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ കേവലം 17 വയസ്സ് മാത്രം പ്രായമുള്ള പ്രേം ഗണപതിക്ക്‌ മനസ്സില്‍ ശൂന്യത മാത്രമേ കൂട്ടായുണ്ടായിരുന്നുള്ളൂ. ഹിന്ദി അറിയില്ല. ആരെയും പരിചയമില്ല. കുട്ടിയുടെ അവസ്ഥ കണ്ടു സഹതാപം തോന്നിയ ഒരു തമിഴ്നാട്ടുകാരന്‍ അവനെ അടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തില്‍ വരുന്നവരോട് കുട്ടിക്ക് തിരിച്ചു ചെന്നൈക്കു പോകാനുള്ള വണ്ടിക്കാശ് സംഘടിപ്പിക്കാനായി ഒരു ശ്രമം. പക്ഷെ, പ്രേം ഗണപതി ചില തീരുമാനങ്ങളിലേക്ക് എത്തിയിരുന്നു. നാട്ടിലേക്കു ഒരു തിരിച്ചുപോക്ക് ഇപ്പോഴില്ല. ഈ മഹാനഗരമാണ് തന്‍റെ ജാതകം മാറ്റിയെഴുതാന്‍ പോകുന്നതെന്ന് ആരോ ഉള്ളില്‍ നിന്ന് മന്ത്രിക്കുന്നതുപോലെ.

ഏറെ അലച്ചിലിന് ശേഷം മുംബൈയിലെ മാഹിം ബേക്കറിയില്‍ പാത്രം കഴുകാനുള്ള ജോലി അവന്‍ സംഘടിപ്പിച്ചു. മാസം 150 രൂപ ശമ്പളം. പിന്നീടങ്ങോട്ട്‌ രാത്രികള്‍ പകലുകള്‍ ആക്കിയുള്ള നിരന്തരമായ ജോലി. നിരവധി ഹോട്ടലുകളിലും ബേക്കറികളിലും ജോലി ചെയ്തു. കിട്ടുന്ന പൈസ അത്രയും സൂക്ഷിച്ചുവച്ചു. രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അവന്‍ സമ്പാദ്യം ഒന്ന് എടുത്തുനോക്കി. ചെറിയൊരു തട്ടുകട തുടങ്ങാനുള്ള വകയുണ്ട്. മാസം 150 രൂപ വാടകയ്ക്ക് ഒരു തട്ടുകട വണ്ടി പ്രേം സംഘടിപ്പിച്ചു. അനുബന്ധമായി കുറെ പാത്രങ്ങളും, 1000 രൂപയ്ക്ക് മണ്ണെണ്ണ കൊണ്ടുള്ള ഒരു അടുപ്പും. അങ്ങനെ, 1992-ല്‍ വാസി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു പ്രേം ഗണപതി ഒരു തട്ടുകട തുടങ്ങി. ഇഡ്ഡലി വില്‍ക്കുന്ന ഒരു തട്ടുകട.

കടയില്‍ തിരക്കേറിയത് മൂലം, സഹായികളെ തേടേണ്ടി വന്നപ്പോള്‍ പ്രേമിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. നാട്ടിലുള്ള രണ്ടു ഇളയ സഹോദരന്മാരെ അവന്‍ മുംബൈയ്ക്കു വിളിച്ചു. വൃത്തിയും വെടിപ്പുമായിരുന്നു പ്രേമിന്‍റെ കടയുടെ മുഖമുദ്ര. തികച്ചും വൃത്തിഹീനമായ റോഡുവക്കിലെ തട്ടുകടകളില്‍ ഭക്ഷണം കഴിച്ചിരുന്ന പലരും, തലയില്‍ തൊപ്പി ധരിച്ചു വൃത്തിയോടെ ഭക്ഷണം കൊടുക്കുന്ന പ്രേമിന്‍റെയും സഹോദരങ്ങളുടെയും കടയിലെ നിത്യസന്ദര്‍ശകരായി. കാലം കടന്നുപോകുന്നതോടെ തിരക്ക് പിടിയില്‍ ഒതുങ്ങുന്നില്ലെന്നു തോന്നിയപ്പോള്‍ മാസം 5000 രൂപ വാടകയ്ക്ക് പ്രേം ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തു. തട്ടുകട ഒരു ചെറിയ ഹോട്ടലായി മാറിയിരിക്കുന്നു.

കോളേജ് കുട്ടികളായിരുന്നു പ്രേമിന്‍റെ കടയിലെ നിത്യസന്ദര്‍ശകരില്‍ ഏറെയും. അവരോടു എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ പ്രേം ശ്രദ്ധിച്ചു. ഇന്‍റര്‍നെറ്റ് ഉപയോഗം അവരില്‍ നിന്നും പഠിച്ചെടുത്ത പ്രേം, നെറ്റില്‍നിന്നും ധാരാളം വ്യത്യസ്തങ്ങളായ ദോശയുടെ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചു നോക്കി. ഒരു വര്‍ഷത്തിനുള്ളില്‍, ഷേവാന്‍ ദോശ, പനീര്‍ ചില്ലി ദോശ, സ്പ്രിംഗ് റോള്‍ ദോശ എന്നിങ്ങനെ ഏതാണ്ട് 26 തരം ദോശകളുടെ വിവിധ രുചിഭേദങ്ങള്‍ പ്രേം അവതരിപ്പിച്ചു. അങ്ങനെ 2012 ആയപ്പോഴേക്കും 104 തരം വ്യത്യസ്ത ദോശകള്‍ വിളമ്പുന്ന ഹോട്ടല്‍ എന്ന വേറിട്ടൊരു ഖ്യാതിയിലേക്ക് പ്രേമിന്‍റെ ഹോട്ടല്‍ വളര്‍ന്നു. അപ്പോഴും പ്രേമിന്‍റെ മനസ്സില്‍ ഒരു മോഹം ബാക്കി നിന്നിരുന്നു. മെട്രോ ജീവിതത്തിന്‍റെ ആഘോഷ കേന്ദ്രങ്ങളായ മാളില്‍ ഒരു ഹോട്ടല്‍ തുടങ്ങുക. പക്ഷെ പല മാളുകളും പ്രേമിനെ നിരുത്സാഹപ്പെടുത്തി. മാക്‌ ഡോണാള്‍ഡ്‌ പോലുള്ള രാജ്യാന്തര ബ്രാന്‍ഡ്‌ ലേബല്‍ വേണമെന്ന അവരുടെ നിബന്ധനകള്‍. ഒടുവില്‍ നിരന്തരമായുള്ള അപേക്ഷകള്‍ക്കൊടുവില്‍ വാസിയിലെ സെന്‍റര്‍ വണ്‍ മാള്‍ പ്രേമിന് ഒരു അവസരം നല്‍കി. കാരണം, സെന്‍റര്‍ വണ്‍ മാളിലെ ജീവനക്കാരില്‍ പലരും പ്രേമിന്‍റെ ഹോട്ടലിലെ രുചിവൈവിദ്ധ്യം അനുഭവിച്ചവരായിരുന്നു. സെന്‍റര്‍ വണ്‍ മാളിലെ ഹോട്ടല്‍ സംരംഭം വലിയൊരു വിജയമായി.

അങ്ങനെ, 2012 ഒടുവില്‍ ആയപ്പോഴേക്കും 104 വ്യതസ്ത ഇനം ദോശകളും, അതില്‍ത്തന്നെ 27 ട്രേഡ്മാര്‍ക്ക് ദോശകളുമായി ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ 45 റെസ്റ്റോറണ്ടുകളും, ന്യൂസിലാന്‍റ്, ഗള്‍ഫ് എന്നീ വിദേശരാജ്യങ്ങളില്‍ 7 റസ്റ്റോറന്റുകളും പ്രേം ഗണപതി തുറന്നു. 1990-ല്‍ ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ അഞ്ചു നയാ പൈസയില്ലാതെ, ഹോട്ടലുകളില്‍ പാത്രം കഴുകാന്‍ ഇറങ്ങിപുറപ്പെട്ട പ്രേം ഗണപതി കേവലം 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കോടികള്‍ ആസ്തിയുമായുള്ള ദോശ പ്ലാസ എന്ന വലിയൊരു റസ്റ്റോറന്റ് ശൃംഖലയുടെ തലവനായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. “അസാധ്യമായി യാതൊന്നുമില്ല” എന്ന ആപ്തവാക്യത്തിന്‍റെ പ്രതിരൂപമായി.

Leave a Reply

Your email address will not be published.

*