“ഡ്രോയിംഗ് പീരിയഡുകൾ”

in കവിത
കണക്കു മാഷിന്റെ ചൂരലിനെ പേടിച്ചിരുന്ന
കുട്ടികള്‍ക്കിടയിലേക്ക്
ചായപെന്‍സിലുകളുമായി
ഡ്രോയിംഗ് മാഷ് വരുമ്പോഴാണ്
പതിവിലും നീളമുള്ള ആ പുസ്തകങ്ങള്‍ക്ക്
ജീവന്‍ വയ്ക്കാറുള്ളത്.
ഒരു പുഴയ്ക്കപ്പുറം കാണാത്തവരുടെ
പുസ്തകങ്ങളില്‍
നീലയുടെ വകഭേദങ്ങളില്‍
കടലുതെളിയുന്നത്.
പാടവരമ്പിലും, തോട്ടുവക്കിലും,
കാണുന്ന ഓരോ മാവിന്‍ ചോട്ടിലും സ്റ്റോപ്പുള്ള
നടരാജാ ട്രാന്‍സ്‌പോട്ടില്‍ വരുന്നവര്‍
പല നിറങ്ങളില്‍
നീളന്‍ തീവണ്ടികളെ വരയ്ക്കുന്നത്.
കടലാസില്‍ കാടുകള്‍ മുളയ്ക്കുന്നു
മഴ പെയ്യുന്നു,
വീടുകള്‍ ഉയരുന്നു.
പിന്‍ബെഞ്ചിലെ കുട്ടി
രണ്ടു കുന്നുകള്‍ക്കിടയില്‍
സൂര്യനെ അസ്തമിപ്പിച്ചപ്പോള്‍
അടുത്ത പിരീഡിലേക്കൊരു
ബെല്ല് മുഴങ്ങുന്നു.
അടിമവംശത്തിലെ അവസാന രാജാവിന്റെ
പേരോര്‍മ്മയില്ലാത്തതിനു കിട്ടാന്‍ പോകുന്ന
ഇംപോസിഷനുകളുടെയും,
കാലിലെ തിണര്‍ത്തു നീലിച്ച പാടുകളുടെയും
ചിത്രം ഓര്‍മ്മയിലെത്തുമ്പോള്‍
അവരുടെ ഉള്ളിലെ നിറങ്ങളെല്ലാം ഒലിച്ചുപോകുന്നു.
വെളുപ്പിനു കുറുകെയുള്ള
പേടിയുടെ നീല വരകള്‍ക്കിടയില്‍
കൊഞ്ഞനം കുത്തുന്ന അക്ഷരങ്ങളെ നോക്കി
അവര്‍ മരിച്ചുപോയവരെ മനപ്പാഠമാക്കുന്നു.

Leave a Reply

Your email address will not be published.

*