ഒരു ‘എമണ്ടന്‍’ കഥ

in കൗതുകം/ചരിത്രം

എമണ്ടന്‍ എന്ന നാടന്‍ വാക്ക് ഉപയോഗിക്കാത്തവര്‍ നമുക്കിടയില്‍ വിരളമാവും. വലുത്, ഭീമകാരമായത് എന്നൊക്കെ അര്‍ത്ഥം വരുന്ന ‘എമണ്ടന്‍’ എന്ന വാക്കിനുമുണ്ട് സിനിമാക്കഥ പോലെ കൗതുകകരമായ ഒരു ചരിത്രം. എമണ്ടന് ഇന്ത്യയുമായി എന്ത് ബന്ധം എന്ന് ആലോചിക്കുന്നവര്‍ ഒരു നൂറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കണം.

1914 സെപ്റ്റംബര്‍ 22, ലോകം മുഴുവന്‍ ഒന്നാം ലോക മഹായുദ്ധ ഭീതിയില്‍ ആയിരുന്നെങ്കിലും നവരാത്രി ആഘോഷങ്ങളുടെ തിരക്കുകളിലായിരുന്നു മദ്രാസ് നഗരം. സമയം രാത്രി ഒന്‍പത് കഴിഞ്ഞിരുന്നു. ഹൈക്കോര്‍ട്ടില്‍ നിന്നുള്ള ലൈറ്റ് ഹൗസ് പതിവുപോലെ വിദൂരതയിലേക്ക് മഞ്ഞ വെളിച്ചം തെളിച്ച് കറങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ ആ ജര്‍മ്മന്‍ പടക്കപ്പല്‍ പതിയെ തീരത്തോടടുത്തു കൊണ്ടിരുക്കുകയായിരുന്നു. മദ്രാസ് തീരത്തില്‍ നിന്നും രണ്ടു മൈല്‍ ദൂരെ കപ്പല്‍ പതുക്കെ നങ്കൂരമിട്ടു. ദൂരെ മഞ്ഞ വെളിച്ചത്തില്‍ വെള്ളയില്‍ ചുവന്ന വട്ടങ്ങളില്‍ അടയാളപ്പെടുത്തിയ ഇന്ധന ടാങ്ക് കണ്ട നിമിഷം കമാന്‍ഡര്‍ ജോണ്‍ വോര്‍ മുളളറുടെ കണ്ണുകള്‍ വികസിച്ചു. അദ്ദേഹം സേനാംഗങ്ങളോട് ആക്രമണത്തിന് തയ്യാറാവാന്‍ ഉത്തരവ് കൊടുത്തു. സമയം രാത്രി 9.30. ഇരുട്ടിന്റെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ആദ്യത്തെ ഷെല്‍ മദ്രാസ് പോര്‍ട്ടില്‍ വന്നു പതിച്ചു. പിറകെ തുരുതുരാ ഷെല്ലുകള്‍ പോര്‍ട്ടിനെ ലക്ഷ്യമാക്കി ആര്‍ത്തിരമ്പി വന്നു. മദ്രാസ് പട്ടണം കനത്ത ഷെല്ലിംഗില്‍ പ്രകമ്പനം കൊണ്ടു. പത്ത് മിനിറ്റിനുള്ളില്‍ ആ ജര്‍മ്മന്‍ പടക്കപ്പല്‍ 130 തവണ തീ തുപ്പി. പ്രത്യാക്രമണത്തിന് ബ്രിട്ടന്‍ തയ്യാറെടുക്കും മുമ്പേ പടക്കപ്പല്‍ സിലോണ്‍ തീരത്തേക്ക് കടന്നു. കൊളംബോ തീരത്ത് ശക്തമായ സെര്‍ച്ച് ലൈറ്റുകളുടെ സ്വാധീനം ഉണ്ടായിരുന്നുവെങ്കില്‍ പോലും ആ ജര്‍മ്മന്‍ പടക്കപ്പലിനെ അവര്‍ക്കു കണ്ടെത്താനായില്ല. ഇതിനിടയില്‍ കനത്ത നഷ്ടമാണ് ബ്രിട്ടന് സംഭവിച്ചത്. മദ്രാസ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ബര്‍മ്മ ഓയില്‍ കമ്പനിയുടെ ടാങ്കറുകള്‍ (3.5 ലക്ഷം ഗാലന്‍ ഇന്ധനം) അഗ്‌നിക്കിരയായി. മൂന്നു നാവികര്‍ മരിച്ചു. പതിമൂന്ന് പേര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി. ഭീമകാരമായ കറുത്ത പുക മദ്രാസ് നഗരത്തെയാകെ പൊതിഞ്ഞു.

ഇരുട്ടില്‍ നിന്ന് വന്ന് ഇരുട്ടിലേയ്ക്കു തന്നെ മറഞ്ഞ ഇമ്പീരിയല്‍ ജര്‍മ്മന്‍ നേവിയുടെ ആ പടക്കപ്പലിന്റെ പേരാണ് എമണ്ടന്‍ (എംഡന്‍). മലയാളത്തില്‍ മാത്രമല്ല തമിഴിലും, സിംഹള ഭാഷയിലുമെല്ലാം എമണ്ടന്‍ എന്ന പദപ്രയോഗം പിന്നീട് വന്നു. എംഡന്‍ എന്നത് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിലെ ഒരു നഗരത്തിന്റെ പേരാണ്. അതു തന്നെയാണ് പിന്നീട് പടക്കപ്പലിന്റ പേരായി ലോകം മുഴുവന്‍ അറിയപ്പെട്ടത്.

എംഡന്റെ അപ്രതീക്ഷിത ആക്രമണം പിന്നീട് വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. തുടര്‍ന്നള്ള ദിവസങ്ങളില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍ വീണ്ടുമൊരു ആക്രമണം ഭയന്ന് നഗരം വിട്ട് ഉള്‍പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. റെയില്‍വേ സ്റ്റേഷനുകള്‍ ആളുകളെക്കൊണ്ട് നിറഞ്ഞു. അവശ്യ സാധനങ്ങളുടെ വില റോക്കറ്റു പോലെ കുതിച്ചുയര്‍ന്നു. നഗരത്തില്‍ പകല്‍കൊള്ള വ്യാപകമായി. സമാനമായ സാഹചര്യം കൊല്‍ക്കത്തയിലും ഉടലെടുത്തു. ആളുകള്‍ പരിഭ്രാന്തരായി വീടും ജോലിയുമുപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിച്ചു. എംഡന്‍ വീണ്ടും ആക്രമിക്കുമെന്ന ഭീതി പരക്കെ ഉടലെടുത്തുവെങ്കിലും അതുണ്ടായില്ല.

നിരാവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ നേവിയുടെ അവസാനത്തെ യുദ്ധക്കപ്പലായിരുന്നു എംഡന്‍. 1910 ഏപ്രില്‍ മാസം ഒന്നാം തിയ്യതി ജര്‍മ്മനിയിലെ കീല്‍ നഗരത്തില്‍ നിന്നാണ് എംഡന്റ യാത്ര ആരംഭിക്കുന്നത്. പുറപ്പെട്ട് പോയ ശേഷം പിന്നീടൊരിക്കലും ജര്‍മ്മന്‍ സമുദ്രാതിര്‍ത്തിയില്‍ എംഡന്‍ തിരിച്ചെത്തിയിട്ടില്ല.

കിഴക്കേ ഏഷ്യയിലെ ജര്‍മ്മന്‍ കോളനികളുടെ കാവല്‍ ജോലിയാണ് എംഡന് ആദ്യം ലഭിച്ചത്. ‘കിഴക്കിന്റെ അരയന്നം’ എന്നാണ് അന്ന് എംഡന്‍ അറിയപ്പെട്ടിരുന്നത്.1911 ല്‍ ജര്‍മ്മനിയുടെ കോളനിയായിരുന്ന കരോളിന്‍ ദ്വീപിലെ വിമതര്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു എംഡന്റ ആദ്യ സൈനിക ദൗത്യം.1913 ല്‍ എംഡന്റ അവസാന കമാന്‍ഡിംഗ് ഓഫീസറായ കാള്‍ വോണ്‍ മുള്ളറുടെ വരവോടു കൂടി എംഡന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പട്ടതോടെ ജര്‍മ്മന്‍ നേവിയുടെ കുന്തമുനയായി എംഡന്‍ മാറി.

ശത്രുരാജ്യങ്ങള്‍ക്ക് കനത്ത നാശനഷ്ടം വിതച്ചു കൊണ്ട് സമുദ്രാന്തര്‍മേഖലകളില്‍ സംഖ്യ കക്ഷികളുടെ പേടിസ്വപ്നമായി വളരാന്‍ വളരെ പെട്ടന്നു തന്നെ എംഡന് കഴിഞ്ഞു. മറ്റു കപ്പലുകള്‍ എംഡനെ പേടിച്ച് തുറമുഖം വിട്ടു പോകാന്‍ തന്നെ ഭയന്നു. മര്‍ച്ചന്റ് ഷിപ്പുകളുടെ ഇന്‍ഷുറന്‍സ് തുക ആകാശം മുട്ടെ ഉയര്‍ന്നു. യുദ്ധകപ്പലുകളുടെ അപ്രമാദമായ ആദിക്യം കൊണ്ട് ‘ബ്രിട്ടന്റെ തടാകം’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ മഹാസമുദ്രം പോലും എംഡന്‍ ഒറ്റയ്ക്കു ഭരിച്ചു. നിരവധി കപ്പലുകള്‍ പിടിച്ചെടുക്കുകയും ശത്രുക്കളെ യുദ്ധത്തടവുകാരാക്കുകയും ചെയ്തു. ഒടുവില്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പതനത്തിന് ശേഷവും വീഴാതെ എംഡന്‍ ഒറ്റയ്ക്ക് പോരാട്ടം തുടര്‍ന്നു.

1914 നവംബര്‍ മാസം, അറുപതോളം പടക്കപ്പലുകള്‍ ഒന്നിച്ച് എംഡനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചിലിലായിരുന്നു. എന്നാല്‍ എംഡന്‍ കോക്കസ് ദ്വീപുകള്‍ ലക്ഷ്യമാക്കി നീങ്ങി. ഈസ്റ്റേണ്‍ ടെലഗ്രാഫ് കമ്പനിയുടെ വയര്‍ലെസ്സ് സ്റ്റേഷന്‍ തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ മൈലുകള്‍ക്കപ്പുറത്തു നിന്നേ എംഡന്റ വരവ് ശ്രദ്ധയില്‍പ്പെട്ട കമ്പനി അപായസൂചനാ സന്ദേശം പുറപ്പെടുവിച്ചു. ആസ്‌ട്രേലിയന്‍ പടക്കപ്പലായ സിഡ്‌നി കൊളംബോയിലേക്കുള്ള യാത്രാമദ്ധ്യേ ഈ അപായ സന്ദേശം പിടിച്ചെടുത്തു. ദ്വീപില്‍ നിന്നും വെറും 85 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു സിഡ്‌നി അപ്പോള്‍. മുള്ളര്‍ 50 ഓളം സൈനികരെ ദ്വീപിലേക്ക് അയച്ചു. അതിനിടയില്‍ സിഡ്‌നി എംഡനെ കണ്ടു കഴിഞ്ഞിരുന്നു. വലിപ്പത്തിലും വേഗതയിലും എംഡനേക്കാള്‍ മുമ്പിലായിരുന്നു സിഡ്‌നി. മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ മുള്ളര്‍ ആക്രമണത്തിന് തയ്യാറാവാന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ സിഡ്‌നിക്ക് എളുപ്പമായിരുന്നില്ല. എംഡന്‍ ശക്തമായി തിരിച്ചടിച്ചു. ഒന്നര മണിക്കൂറോളം പോരാട്ടം നീണ്ടു. ഒടുവില്‍ സിഡ്നിയുടെ ഷെല്ലിംഗില്‍ തകര്‍ന്ന എംഡന്‍ മുങ്ങുന്നതിനു മുമ്പേ കരയ്ക്കടുപ്പിച്ചു. മുള്ളറടക്കം 65 ഓളം ആളുകളെ യുദ്ധതടവുകാരായി പിടിച്ചു. നൂറിലധികം ജര്‍മ്മന്‍ നാവികര്‍ പോരാട്ടത്തില്‍ മരിച്ചു. അങ്ങനെ ലോകത്തില്‍ തന്നെ ഒരു കാലഘട്ടത്തില്‍ ഇത്രയധികം വേട്ടയാടപ്പെട്ട എംഡന്‍ എന്ന പടക്കപ്പല്‍ ചരിത്രത്തിന്റെ താളുകളിലേയ്ക്ക് എന്നെന്നേയ്ക്കുമായ് മാഞ്ഞു പോയി.

 

1 Comment

Leave a Reply

Your email address will not be published.

*