“മൊണാക്കോയിലെ രാജകുമാരി”

in സിനിമ

ജോണ്‍ ഫോര്‍ഡ് തന്റെ സിനിമയിലേയ്ക്ക് ഗ്രേസിനെ തിരഞ്ഞെടുത്തപ്പോള്‍ സഫലമായത് അവളുടെ സ്വപ്നം കൂടിയായിരുന്നു. അഭിനേത്രിയാകണമെന്ന ആഗ്രഹവുമായി, മാതാപിതാക്കളുടെ അനിഷ്ടത്തെ വകവയ്ക്കാതെ ന്യൂയോര്‍ക്കില്‍ എത്തിയ അവള്‍ക്ക് അധികം വൈകാതെ തന്നെ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. നാടകരംഗത്ത് കഴിവ് തെളിയിച്ച ശേഷമായിരുന്നു ഗ്രേസ് വെള്ളിത്തിരയിലേയ്‌ക്കെത്തിയത്. അമേരിക്കന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാളായി അവൾ വളര്‍ന്നു. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് അടക്കമുള്ള അതികായന്മാരുടെ സിനിമകളില്‍ അഭിനയിച്ച് താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ഗ്രേസ് 1955 ലെ ഒരു മെയ് മാസത്തില്‍ വിശ്വപ്രസിദ്ധമായ കാൻസ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. അത് അവളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ പോകുന്ന യാത്രയായിരുന്നു. കാന്‍സ് ഫെസ്റ്റിവലിനിടയില്‍ ഒരു വിരുന്നില്‍ വച്ചാണ് ഗ്രേസ് റൈനറിനെ കണ്ടുമുട്ടുന്നത്. മൊണാക്കോയുടെ പ്രിന്‍സ് ആയ റൈനര്‍ മൂന്നാമന് (Rainier Louis Henri Maxence Bertrand Grimaldi) ഗ്രേസിനോട് പ്രണയം തോന്നിയതില്‍ അതിശയമൊന്നുമില്ല. ആദ്യത്തെ സമാഗമം കഴിഞ്ഞപ്പോള്‍ റൈനര്‍ രാജകുമാരന്‍ ഗ്രേസിനെ പുകഴ്ത്തിയത് അവരുടെ കുലീനമായ പെരുമാറ്റവും, ബുദ്ധിശക്തിയും എല്ലാമായിരുന്നു. ഗ്രേസും രാജകുമാരനെ പുകഴ്ത്താന്‍ മടി കാണിച്ചില്ല.

അവര്‍ തമ്മില്‍ കത്തിടപാടുകളും തുടങ്ങിയിരുന്നു. ഗ്രേസ് തന്റെ ഹൃദയം കീഴടക്കിയ വിവരം മറച്ചു വയ്ക്കാതെ റൈനര്‍ മൂന്നാമന്‍ ഗ്രേസിന് ഒരു കത്തെഴുതി. അനുകൂലമായ മറുപടി ഗ്രേസില്‍ നിന്നും ലഭിച്ചതോടെ ഹോളിവുഡിന്റെ ചരിത്രത്തിലെ ഒരു വലിയ അദ്ധ്യായം അവസാനിക്കുക കൂടിയായിരുന്നു. 1955 ലെ ഡിസംബര്‍ മാസത്തില്‍ റൈനര്‍ രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിച്ചു. ഫ്രാന്‍സുമായുള്ള ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. അവിവാഹിതനായിരുന്ന റൈനറിനെ പ്രശ്‌നത്തിലാക്കിയത് ഫ്രാന്‍സ് മുന്നോട്ട് വച്ച ഒരു ഉപാധിയായിരുന്നു. റൈനര്‍ക്ക് ഒരു പിന്‍ഗാമി ഉണ്ടായില്ലെങ്കില്‍ മൊണാക്കോ ഫ്രാന്‍സിനോട് ചേര്‍ക്കപ്പെടും എന്നതായിരുന്നു അത്. ഈ വിവരങ്ങള്‍ അറിയാവുന്ന മാദ്ധ്യമങ്ങള്‍ അമേരിക്കയില്‍ വച്ച് റൈനര്‍ രാജകുമാരനോട് വിവാഹത്തിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ഒഴുക്കന്‍ മട്ടില്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. റൈനര്‍ രാജകുമാരന്‍ ഗ്രേസിന്റെ മാതാപിതാക്കളെ കണ്ടു. നൂറ്റാണ്ടിന്റെ വിവാഹം എന്ന് അവര്‍ പ്രകീര്‍ത്തിച്ച ആ വിവാഹം നടന്നു. ഹോളിവുഡിലെ റാണിയായിരുന്ന ഗ്രേസ് കെല്ലി മൊണാക്കോ എന്ന കൊച്ചു രാജ്യത്തിന്റെ രാജകുമാരിയായി മാറി.

മുമ്പ് ഹിച്ച്‌കോക്കിന്റെ മൂന്ന് സിനിമകളില്‍, (Dial M for Murder (1954), Rear Window (1954), To Catch a Thief (1955), അഭിനയിച്ചിട്ടുള്ള ഗ്രേസിനെത്തേടി ഹിച്ച്‌കോക്ക് വീണ്ടും എത്തി. ഇത്തവണ മോണാക്കോയിലെ രാജകുമാരിയോടായിരുന്നു തന്റെ സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചതെന്ന് മാത്രം. Marnie (1964) ആയിരുന്നു ആ സിനിമ. പക്ഷേ, പുതിയ മേല്‍ വിലാസം ഗ്രേസിന് തടസ്സമായിരുന്നു. റൈനര്‍ രാജകുമാരന്റെ എതിര്‍പ്പും മൊണക്കോയിലെ ജനവികാരവും സിനിമയിലേയ്ക്ക് തിരിച്ച് പോകുന്നതില്‍ നിന്നും അവരെ വിലക്കി. പിന്നീടെല്ലാം യൂറോപ്പിലെ രാഷ്ട്രീയപ്പോരുകള്‍ക്കിടയിലെ അദ്ധ്യായങ്ങള്‍.

ചില സിനിമകള്‍ അങ്ങിനെയാണ്. പ്രത്യേകിച്ചൊന്നും തരാനില്ലെങ്കിലും പരാജയപ്പെട്ടാലും സിനിമയ്ക്ക് പുറത്ത് ഒട്ടേറെ കൗതുകകരമായ കാര്യങ്ങള്‍ അവ നിരത്തി വയ്ക്കും. ഗ്രേസ് ഓഫ് മൊണാക്കോ എന്ന സിനിമയും അത്തരത്തിലൊന്നാണ്. വിമര്‍ശകര്‍ കൈവിട്ടെങ്കിലും ഗ്രേസ് കെല്ലി എന്ന അഭിനേത്രിയും പിന്നീട് മൊണാക്കോയിലെ രാജകുമാരിയും സിനിമയേക്കാള്‍ ഉള്‍ക്കളികള്‍ നിറഞ്ഞ കഥയാണ് പറഞ്ഞ് തരുക. ഗ്രേസ് കെല്ലി ആയി നിക്കോള്‍ കിഡ്മാനും, റൈനര്‍ രാജകുമാരനായി ടിം റോത്തും, ഹിച്ച്‌കോക്ക് ആയി റോജര്‍ ഗ്രിഫിത്സും അഭിനയിച്ച ഗ്രേസ് ഓഫ് മൊണാക്കോ അത്ര വിജയമായിരുന്നില്ല. എങ്കിലും, ഗ്രേസ് കെല്ലി അന്ന അമേരിക്കന്‍ സിനിമയിലെ താരത്തിനെപ്പറ്റി സംസാരിച്ച സിനിമ എന്ന നിലയ്ക്ക് ചരിത്രത്തിലേയ്ക്ക് ഒരു ചൂണ്ടുപലകയായി ഗ്രേസ് ഓഫ് മൊണാക്കോ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published.

*