ദൈവത്തിന്റെ വിരലുകള്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍

in കഥ

അത്ര നല്ലതൊന്നുമല്ലാത്ത ഒരു ഗിറ്റാര്‍ എന്റെ പക്കലുണ്ട്.
ഓള്‍ഡ് ഡല്‍ഹിയിലെ ഒരു ഷോപ്പില്‍ നിന്നും കരസ്ഥമാക്കിയത്.
അതില്‍ വല്ലപ്പോഴും ചില ശബ്ദങ്ങളൊക്കെ ഞാനുണ്ടാക്കിപ്പോന്നു. അത് താങ്ങാവുന്നതിനപ്പുറമാകുമ്പോള്‍ എന്റെ മകന്‍ ഒരു ഗാനം മീട്ടി എന്നെ നിശ്ശബ്ദയാക്കാറുണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം അവന്‍ മീട്ടിയ ഗാനം പൊടുന്നനെ ‘ക്ടിം’ എന്ന് മുറിഞ്ഞു. ഗിറ്റാറിന്റെ ഒരു കമ്പി പൊട്ടിപ്പോയതാണ്.
അതിനു ശേഷം ആ ഗിറ്റാര്‍ അനാഥമായി തറയില്‍ വിരിച്ച മെത്തമേല്‍ കുറെക്കാലം വിശ്രമിച്ചു.
ഒരു നാള്‍ ഗിറ്റാറിന്റെ പൊട്ടിപ്പോയ കമ്പി വാങ്ങുമ്പോള്‍, ഷോപ്പുടമയോട് ഞാന്‍ വെറുതെ ചോദിച്ചു. ‘വീട്ടില്‍ വന്ന് ഗിറ്റാര്‍ പഠിപ്പിച്ച് തരാന്‍ പറ്റിയ ആരെങ്കിലും ഉണ്ടോ?’
അവര്‍ എന്റെ മേല്‍ വിലാസവും ഫോണ്‍ നമ്പറും കുറിച്ചെടുത്തു. ഒരു അധ്യാപകനുണ്ടെന്നും അദ്ദേഹം ഫോണ്‍ ചെയ്ത് സമയം ചോദിച്ചിട്ട് വീട്ടില്‍ വന്നു കാണുമെന്നും അവര്‍ പറഞ്ഞു.
ഞാന്‍ അത് അപ്പോള്‍ തന്നെ മറന്നുവെന്നതാണ് സത്യം.
പിറ്റേന്ന് വൈകുന്നേരം ഞാന്‍ ഗിറ്റാര്‍ പഠിപ്പിക്കുന്ന സാറാണെന്നും സൗകര്യമുണ്ടെങ്കില്‍ ഇപ്പോള്‍ വന്നു കാണാമെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ സ്വരത്തിനോട് എനിക്ക് യാതൊരു താല്‍പ്പര്യവും തോന്നിയില്ല.
മോശമായ ഹിന്ദി.
അതിലും മോശമായ ഇംഗ്ലീഷ്.
‘ശരി, വരൂ’ എന്ന് വളരെ ഹ്രസ്വമായി പറഞ്ഞ് ഫോണ്‍ ‘ക്ടിം’ ശബ്ദത്തോടെ ഞാന്‍ താഴെ വെച്ചു.
സന്ധ്യയോടടുപ്പിച്ച് മൂന്നാം നിലയിലെ ഫ്‌ലാറ്റില്‍ കിതച്ച് കൊണ്ട് എത്തിയ അധ്യാപകനെ ആദ്യം തണുത്ത വെള്ളവും പിന്നെ ചായയും ബിസ്‌ക്കറ്റും കൊടുത്ത് ഞാന്‍ സ്വീകരിച്ചു.
എനിക്കയാള്‍ ഒരു കോമാളിയാണെന്നു തോന്നി.
കറുത്ത് തടിച്ച് കുറുതായ ഒരു മനുഷ്യന്‍.
എലിവാലു പോലെയിരിക്കുന്ന തലമുടി നീട്ടി വളര്‍ത്തി റബര്‍ ബാന്‍ഡിട്ടിരിക്കുന്നു.
നന്നെ നീളം കുറഞ്ഞ് കണ്ടാല്‍ കൂര്‍ക്ക പോലെ, ഉരുണ്ടു കറുത്ത തടിച്ച വിരലുകള്‍, അവയുടെ പിന്‍പുറത്ത് നിറയെ കറുത്ത രോമങ്ങളും.
ഹിന്ദിയും ഇംഗ്ലീഷും ഇട കലര്‍ത്തി ഒരു വ്യാകരണവുമില്ലാത്ത അവിയലോ എരിശ്ശേരിയോ ആയ ഭാഷ.
സാമാന്യം രൂക്ഷമായ വിയര്‍പ്പു ഗന്ധം.
അയ്യേ! ഈ നാശം പിടിച്ചവന്‍ എന്തു പഠിപ്പിക്കാനാണ്? പൊയ്‌ക്കോളാന്‍ പറഞ്ഞേക്കാം.
എന്റെ പ്രസന്നതയില്ലാത്ത മുഖം എന്റെ വികാരങ്ങളെ വെളിപ്പെടുത്തിയോ ?
എന്തായാലും ആ പഴയ ഗിറ്റാര്‍ കൈയിലെടുത്ത് തന്റെ കറുത്ത ഉരുണ്ട വിരലുകള്‍ അയാള്‍ അതിന്മേല്‍ പായിച്ചു.
പൊടുന്നനെ എന്റെ വരണ്ടുണങ്ങിയ ഫ്‌ലാറ്റില്‍ ആയിരമായിരം നീര്‍മലരുകള്‍ പൊട്ടി വിടര്‍ന്നു. പുതു പുഷ്പങ്ങളുടെ സൌരഭ്യം അവിടെയാകെ പടര്‍ന്നൊഴുകി. ആ പഴഞ്ചന്‍ ഫ്‌ലാറ്റ് ഇളം കാറ്റില്‍ ആടുന്ന ഇലകളും, പാടുന്ന പഞ്ചവര്‍ണ്ണക്കിളികളും നിറഞ്ഞ ഒരു പൂങ്കാവനമായി മാറി.
നാദപ്രപഞ്ചം എന്റെ മുന്‍പില്‍ മോഹിപ്പിക്കുന്ന ഇന്ദ്രജാലമായി ഇതള്‍ നിവര്‍ന്നു.
എന്റെ ഉള്ളില്‍ കുയിലുകള്‍ പാടി, മയിലുകള്‍ പീലി വിടര്‍ത്തിയാടി.
ഞാന്‍ ചിരിച്ചു.
ഞാന്‍ കരഞ്ഞു.
ദൈവത്തിന്റെ വിരലുകള്‍ ഗിറ്റാര്‍ വായിക്കുന്നത് ഞാന്‍ കാണുകയായിരുന്നു.
വിരൂപനായ ആ ഗുരുവിനെ ഞാന്‍ നമസ്‌ക്കരിച്ചു.
അങ്ങനെയാണ് ഞാന്‍ ഗിറ്റാര്‍ പഠിച്ചു തുടങ്ങിയത്. ഗിറ്റാര്‍ എനിക്ക് വഴങ്ങിയില്ല. എങ്കിലും ഞാന്‍ അതു വായിച്ചുപോന്നു. ചില സ്വരങ്ങള്‍ മെല്ലെ മെല്ലെ ശരിയായി. കൂടുതല്‍ സ്വരങ്ങളും എന്നെ പരിഹസിച്ചുകൊണ്ട് അകലെ മാറി നിന്നു.
താഴത്തെയും മുകളിലെയും വശങ്ങളിലെയും ഫ്‌ലാറ്റുകളിലെ അയല്‍ക്കാര്‍ പരിഭവം പ്രകടിപ്പിച്ചു. ‘ഈ വയസ്സു കാലത്ത് ഇതിന്റെ ആവശ്യമുണ്ടോ?’
ഞാന്‍ ചിരിച്ചു, ‘നേരം പോകേണ്ടേ?’
‘ശരി, ആന്റി അങ്ങനെയാകട്ടെ, ഞങ്ങള്‍ പഞ്ഞി വെച്ചുകൊള്ളാം’ അവര്‍ ഒരേ സ്വരത്തില്‍ പാടി.
എന്റെ ഗുരുനാഥന്‍ ക്ഷമാപൂര്‍വം എന്നെ പഠിപ്പിച്ചു. ഒരിക്കലും അസഹ്യത പ്രകടിപ്പിച്ചില്ല. പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല.
അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിയവേ ഞാന്‍ വെറുതേ അന്വേഷിച്ചു. ‘സാറിന്റെ ഫാമിലി, കുട്ടികള്‍…..’
‘ഞാന്‍ അവിവാഹിതനാണ്.’
അവിടെ നിറുത്തേണ്ടതായിരുന്നില്ലേ ഞാന്‍? ബുദ്ധിയില്ലാത്തതുകൊണ്ട് എനിക്ക് അത് തോന്നിയില്ല.
‘എന്താണ് സാര്‍, കല്യാണം കഴിക്കാതിരിക്കുന്നത്?’
അദ്ദേഹം ഒരു നിമിഷം മൗനമായിരുന്നു.പിന്നെ വളരെ മെല്ലെ പറഞ്ഞു. ‘ഞാന്‍ ആഗ്രഹിച്ചവളെ സ്വന്തമാക്കാനുള്ള കഴിവ് എനിക്കുണ്ടായില്ല’.
അധികം നീളമുള്ള കഥയൊന്നുമല്ല. ചെറിയ ഒരു കഥ.
ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് യൗവനത്തില്‍ അദ്ദേഹം ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു. അവളും അദ്ദേഹത്തെ സ്‌നേഹിച്ചു. അവരൊരുമിച്ച് സ്വപ്നങ്ങള്‍ നെയ്തു, എല്ലാവരേയും പോലെ. ഒടുവിലാണ് അദ്ദേഹത്തിന്റെ വരുമാനം തീരെ കുറവാണെന്ന് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടെത്തിയത്.
ഗിറ്റാറില്‍ പാട്ടു വായിച്ചാല്‍ വയറ് നിറയുമോ?
വെള്ളിപ്പാത്രങ്ങളും രത്‌നം പതിച്ച ആഭരണങ്ങളും പട്ടു സാരികളും വാങ്ങാന്‍ കഴിയുമോ?
അതുകൊണ്ട് അവര്‍ അവളെ ധനാഢ്യനായ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു.
മണ്ടശ്ശിരോമണിയായ ഞാന്‍ തുടര്‍ന്നും സംസാരിച്ചു.
‘ശരി, അവര്‍ സാറിനെ വിട്ടു പോയി. സാര്‍ ഇങ്ങനെ ഏകാകിയാകുന്നതെന്തിന്? അവരെ മറന്നിട്ട് മറ്റൊരാളെ ഇഷ്ടപ്പെടുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തു കൂടേ?’
മറുപടി വളരെ ചെറുതായിരുന്നു.
‘മറ്റൊരു സ്ത്രീയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആഗ്രഹിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല, സാധിക്കുമ്പോള്‍ ഒന്നിച്ച് ജീവിക്കാനായേക്കും.’
പറഞ്ഞു തീര്‍ന്നപ്പോള്‍ ആ കണ്ണുകളില്‍ നനവുണ്ടായി.
ഞാന്‍ സ്തംഭിച്ചിരുന്നു.
എന്നെ മറന്നുവെന്ന് എനിക്ക് തോന്നിയ ആരേയും ഞാന്‍ ഓര്‍മ്മിച്ചിരുന്നില്ല. എനിക്ക് ഫോണ്‍ ചെയ്ത് ക്ഷേമമന്വേഷിക്കാത്തവരെ ഞാനും അന്വേഷിച്ചിരുന്നില്ല. എനിക്ക് കത്തയയ്ക്കാത്തവര്‍ക്ക് ഞാനും കത്തയച്ചിരുന്നില്ല. എന്നെ കാണാന്‍ വരാത്തവരുടെ വീട്ടില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. വല്ലപ്പോഴുമൊരിക്കല്‍ ഇതിലേതെങ്കിലും വേണ്ടി വന്നാല്‍ ഞാന്‍ വലിയ ഒരു ത്യാഗം ചെയ്യുന്നതു മാതിരി, രക്തസാക്ഷിയുടെ റോള്‍ അഭിനയിക്കുമായിരുന്നു.
ഇതാ, എന്റെ മുന്‍പിലിരിക്കുന്ന ഈ മനുഷ്യന്‍ തന്നെ എന്നേക്കുമായി വിട്ടു പോയ ആ സ്ത്രീയെ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി സ്‌നേഹിക്കുകയാണ്
ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി.
‘സാര്‍.. അവരെക്കുറിച്ച് …… അവരുടെ ജീവിതം നന്നായിരിക്കുന്നോ?….’
ഞാന്‍ പകുതിയില്‍ നിറുത്തി. മറ്റൊരു പെണ്ണിനെ എന്തു ബന്ധത്തിന്റെ പേരിലായാലും, ഒരു പുരുഷന്‍ അല്പമെങ്കിലും പരിഗണിക്കുന്നതു കാണുമ്പോള്‍ തന്നെ, അസഹിഷ്ണുത നിമിത്തം പുകഞ്ഞു പോകുന്ന ഒരു പെണ്ണിനെപ്പോലെ എന്റെ ഉള്ളിലെ അസൂയക്കാരിയും ഫണം നിവര്‍ത്തുകയായിരുന്നു. എങ്കിലും ഞാനത് കൗശലത്തോടെ ഒതുക്കിവെച്ചു. ഒരു തരം അതീവ നിഷ്‌കളങ്കത്വം അഭിനയിക്കുന്ന ഈശ്വര ഭക്തയുടെ മുഖം മൂടി മനസ്സിനെ ധരിപ്പിച്ചുകൊണ്ട് ഞാനാശിച്ചു.
അവള്‍ക്ക് ദൈവം ശിക്ഷ കൊടുത്തിരിക്കും….. ഇങ്ങനെയൊരാളെ തള്ളിക്കളഞ്ഞവള്‍ക്ക് ….
പക്ഷെ, ഞാനാഗ്രഹിച്ച ഉത്തരമേയല്ല എനിക്ക് കിട്ടിയത്.
‘നല്ലൊരു ജീവിതമാണ് അവള്‍ക്കുള്ളത്. എനിക്കതാണ് ഏറ്റവും വലിയ ആഹ്ലാദം. അവള്‍ വേദനിക്കുന്നുവെന്നറിയുകയും എനിക്കൊന്നും ചെയ്യാന്‍ പറ്റാതാവുകയുമാണെങ്കില്‍……സ്‌നേഹിക്കുന്നവര്‍ ദു:ഖിക്കുന്നുവെന്നറിയുക കഠിനമാണ്.’
എനിക്ക് സഹിക്കുവാന്‍ സാധിച്ചില്ല.
എന്റെ നിറഞ്ഞ കണ്ണുകള്‍ അദ്ദേഹത്തില്‍ നിന്ന് ഒളിപ്പിക്കുവാന്‍ വേണ്ടി ഞാന്‍ തിടുക്കത്തില്‍ അടുക്കളയിലേക്കു നടന്നു.
ചായയുണ്ടാക്കുമ്പോള്‍ ഗിറ്റാറിന്റെ ശബ്ദം കേട്ടു തുടങ്ങി.
അതെ, ദൈവം തന്റെ വിരലുകള്‍ കൊണ്ട് ഗിറ്റാര്‍ വായിക്കുകയാണ്.

1 Comment

Leave a Reply

Your email address will not be published.

*

Latest from കഥ

പാഠം ഒന്ന് : അടുക്കള

പാചകസംബന്ധിയായ എന്റെ സംശയങ്ങൾക്ക് കണക്കെഴുത്തുകാരനായ മകൻ ഉത്തരം തരുമെന്നുള്ള പ്രതീക്ഷ കൊണ്ടൊന്നുമല്ല, ഞാൻ ഇടക്കിടെ സംശയങ്ങൾ

‘മാലാഖ’

കാവല്‍ മാലാഖമാരെ, നിങ്ങളെന്റെ മകളെ കാത്തുകൊള്ളേണമെ എന്റെ പ്രാര്‍ത്ഥനകള്‍ തള്ളിക്കളയരുതെ..' -ഒരമ്മയുടെ

“വെന്റിലേറ്റര്‍”

ഒരാസ്മാ രോഗിയുടെ ശ്വാസകോശം കണക്കെ ഐ.സി.യു. മുറി മുരണ്ടുകൊണ്ടിരുന്നു. ശാശ്വതി നരസിംഹയുടെ ആത്മാവിനെ
Go to Top