“ബ്രഹ്മോസ് മിസൈലിന്റെ ചരിത്രം”

in ടെക്‌നോളജി

ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ (Cruise Missile) സംവിധാനമാണ് ‘ബ്രഹ്മോസ് മിസൈൽ സിസ്റ്റം’. ശബ്ദത്തേക്കാൾ 2 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക്ക് മിസൈലാണ് നാം വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ. ഇന്ത്യയുടെ ‘ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO)’ റഷ്യയുടെ ‘എൻ.പി.ഒ.മഷിനോസ്റ്റോയേനി (NPOM)’ മിസൈൽ ശാസ്ത്ര കമ്പനികളുടെ സംയുക്ത സംരംഭമാണ് ‘ബ്രഹ്മോസ് മിസൈൽ സിസ്റ്റം’ രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കി ഇന്ത്യയുടെ മൂന്ന് പ്രതിരോധസേനകൾക്കും നൽകിയത്. ഇന്ത്യയിലെ ‘ബ്രഹ്മപുത്രാ’ നദിയുടേയും റഷ്യയിലെ ‘മോസ്‌കോ’ നദിയുടേയും പേരുകളിൽ നിന്നാണ് ‘ബ്രഹ്മോസ്’ എന്ന പേര് ഈ സംയുക്ത പ്രതിരോധസംരംഭത്തിന് ലഭിച്ചത്. ഇന്ന് ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ആയുധമായി ‘ബ്രഹ്മോസ് മിസൈൽ സിസ്റ്റം’ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സംയുക്തസംരംഭത്തിൽ ‘റാംജെറ്റ് എൻജിനും’, ‘മിസൈൽ സീക്കറും’ അടക്കം 65% ഭാഗങ്ങളും റഷ്യൻ സംഭാവനയാണ്. ഇന്ന് ഇരുരാജ്യങ്ങൾക്കും അഭിമാനമായി ലോകത്തിലെ ഏറ്റവും വേഗത്തിൽ പായുന്ന ക്രൂയിസ് മിസൈലെന്ന ബഹുമതി നമ്മുടെ സൂപ്പർസോണിക്ക് ബ്രഹ്മോസ് മിസൈൽ എന്നേ സ്വന്തമാക്കിക്കഴിഞ്ഞു. അടുത്ത ഘട്ടമായ ശബ്ദത്തേക്കാൾ 7 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന ‘ബ്രഹ്മോസ്-2’ ‘ഹൈപ്പർസോണിക്ക് മിസൈലി’ന്റെ പണിപ്പുരയിലാണ് ‘ബ്രഹ്മോസ് എയറോസ്പേസ് ലിമിറ്റഡിലെ’ ശാസ്ത്രജ്ഞൻമാർ.

എ.എസ്.ശിവതാണുപിള്ള

1983-ലാണ് ഇന്ത്യ മിസൈൽ നിർമ്മാണ ചരിത്രത്തിന്റെ നാഴികക്കല്ലുകൾ സ്വന്തമാക്കാനായി ശാസ്ത്രപര്യവേഷണങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ സ്വപ്നപദ്ധതിയുടെ പേര് ‘ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാം'(IGMDP) എന്നായിരുന്നു. ഇന്ത്യക്ക് മിസൈൽനിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ മിസൈൽ ശാസ്ത്രജ്ഞൻമാരെയും എഞ്ചിനീയർമാരെയും തിരഞ്ഞെടുക്കുകയും മിസൈൽ നിർമ്മാണത്തിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിലാണ് ഇന്ത്യയുടെ സുപ്രധാന മിസൈൽ സംവിധാനങ്ങളായ ‘അഗ്നി’ മിസൈലുകളും.’പൃഥ്വി’ മിസൈലുകളും നിർമ്മിച്ച് ഇന്ത്യയുടെ പ്രതിരോധസേനകൾക്ക് കൈമാറിയത്. പക്ഷേ ഇവ രണ്ടും ബാലിസ്റ്റിക് മിസൈലുകൾ ആയിരുന്നു. മിസൈൽ തൊടുത്തശേഷം അതുമായി ഒരു വാർത്താവിനിമയവും നടക്കില്ലായിരുന്നു. അതിനാൽ കൃത്യമാർന്ന പ്രകടനം കാഴ്ചവെക്കാൻ അവയ്ക്കാവില്ലായിരുന്നു. വലിയ ഒരു മേഖല ആക്രമിച്ച് നശിപ്പിക്കാനേ ഈ ബാലിസ്റ്റിക് മിസൈലുകൾക്ക് കഴിയുമായിരുന്നുന്നുള്ളൂ. പക്ഷേ 1990-കളിൽ നടന്ന ‘ഗൾഫ്’ യുദ്ധം ഈ മിസൈലുകൾ നമ്മുടെ സുരക്ഷക്ക് തികയുമെന്ന കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. അമേരിക്ക ഗൾഫ് യുദ്ധത്തിലുപയോഗിച്ച ‘ടോമഹോങ്ക്’ ക്രൂയിസ് മിസൈലുകൾ വളരെ കൃത്യതയാർന്നവയും വേഗതയേറിയതുമായിരുന്നു. തുടർന്നാണ് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിനായി ഇന്ത്യക്കും ‘ടോമഹോങ്ക്’ ശ്രേണിയിൽപ്പെട്ട മിസൈലുകൾ വേണമെന്ന അഭിപ്രായം സേനയിൽനിന്ന് ഉയർന്നത്.

സുധീർ കുമാർ മിശ്ര

ഇന്ത്യയുടെ ‘മിസൈൽമാൻ’ ‘ഡോ.എ.പി.ജെ അബ്ദുൾകലാം’ ഇന്ത്യയുടെ പ്രസിഡന്റ് പദത്തിലെത്തിയതോടെ ഈ സംരംഭം തുടങ്ങുവാനുള്ള നീക്കങ്ങൾ പൂർവ്വാധികം ശക്തമാകുകയും 1998 ഫെബ്രുവരി 12 റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വെച്ച് റഷ്യയുടെ ആദ്യ പ്രതിരോധ ഉപമന്ത്രി ആയിരുന്ന ‘എൻ.വി.മിഖാലിയേവ്’ രാജ്യങ്ങൾതമ്മിലുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു. തുടർന്നാണ് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവെലപ്മെന്റ് ഓർഗനൈസേഷൻ(DRDO) റഷ്യയുടെ എൻ.പി.ഓ.മഷിനോസ്റ്റോയേനി (NPOM) മിസൈൽ ശാസ്ത്ര കമ്പനികളുടെ സംയുക്ത സംരംഭമായ ‘ബ്രഹ്മോസ് മിസൈൽ സിസ്റ്റം’ നിർമ്മിക്കാനായി ഇന്ത്യയുടെയും റഷ്യയുടേയും സംയുക്തസംരംഭമായി ‘ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്’ രൂപീകൃതമായത്. ഈ സംയുക്തസംരംഭത്തിന് ആധാരം ഇന്ത്യയുടെ ‘ക്രൂയിസ് മിസൈൽ നിർമ്മാണ’ മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യമായിരുന്നു. പക്ഷേ ഇത്രയും അതിസങ്കീർണ്ണമായ ഒരു ശാസ്ത്രസാങ്കേതിക കുതിച്ചുചാട്ടത്തിന് ആവശ്യമായ പല ഘടകങ്ങളും ഇന്ത്യൻ ശാസ്ത്രലോകത്തിന് അന്യമായിരുന്നു. ഇന്ത്യ അന്നു നേരിട്ടിരുന്ന സാമ്പത്തിക ഞെരുക്കം പ്രതിരോധഗവേഷണമേഖലയേയും ബാധിച്ചിരുന്നതിനാലാണ് ഈ പ്രശ്നമുണ്ടായത്. എന്നാൽ ‘സോവിയറ്റ് യൂണിയന്റെ’ തകർച്ചയെത്തുടർന്ന് സാമ്പത്തികത്തകർച്ചയിലായിരുന്ന ‘റഷ്യൻ പ്രതിരോധ ആയുധമേഖല’ ഇന്ത്യക്ക് അവസരങ്ങളുടെ പൂക്കാലമൊരുക്കി.

ബ്രഹ്മോസ് മിസൈൽ

റഷ്യയുടെ സാമ്പത്തിക അരക്ഷിതാവസ്ഥ മുതലാക്കി ഇന്ത്യ റഷ്യൻ ആയുധ നിർമ്മാണക്കമ്പനികളുമായി സംയുക്തസംരംഭങ്ങൾ തുടങ്ങുകയും ചെയ്തു. ‘സോവിയറ്റ് യൂണിയന്റെ’ തകർച്ചക്ക് മുമ്പു തന്നെ ഇന്ത്യയുമായി പതിറ്റാണ്ടുകൾ നീണ്ട മിസൈൽ ആയുധ ഇടപാടുകൾ നടത്തിയിരുന്നു.1985-1986 കാലഘട്ടത്തിൽ അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ‘മലാഖിൽ-15ഇ’ വിഭാഗത്തിലെ മിസൈലുകൾ അവർ ഇന്ത്യക്കായി വികസിപ്പിച്ചു. പക്ഷേ നിർഭാഗ്യവശാൽ ആ കരാർ റദ്ദുചെയ്യപ്പെടുകയാണുണ്ടായത്. അന്ന് ഇന്ത്യക്കായി ആ മിസൈൽ സിസ്റ്റം പുനർനിർമ്മിച്ചത് എൻ.പി.ഓ.മഷിനോസ്റ്റോയേനി (NPOM) എന്ന മിസൈൽ ശാസ്ത്ര കമ്പനിയായിരുന്നു. ഇതേ കമ്പനിതന്നെയാണ് പിൽക്കാലത്ത് ‘ബ്രഹ്മോസ്’ നിർമ്മാണത്തിന് നമ്മളെ സഹിയിച്ചതെന്നും ചരിത്രം.

‘ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ’ 50.5% ഷെയറുകൾ ഇന്ത്യക്കും.49.5% ഷെയറുകൾ റഷ്യക്കും അവകാശപ്പെട്ടതാണ്.1999 ജൂലൈ 1-ന് ആരംഭിച്ച ഈ സംയുക്തസംരംഭം ഇന്ന് ലോകത്തിലെ ഏറ്റവും പ്രമുഖ മിസൈൽനിർമ്മാണക്കമ്പനിയായി വളർന്നിരിക്കുന്നു. ഗവേഷണപ്രവർത്തനങ്ങൾക്കുള്ള ആദ്യ ഗഡുവായി ഇന്ത്യ 126.25 മില്ല്യൺ ഡോളറും റഷ്യ 123.73 മില്ല്യൺ ഡോളറും ‘ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡി’ന് കൈമാറി.

ഇന്തോ-റഷ്യൻ മിസൈൽ ശാസ്ത്രജ്ഞരുടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈൽ നിർമ്മിക്കാനുള്ള ആശ്രാന്തപരിശ്രമമാണ് തുടർന്ന് കണ്ടത്. ഏറെ വൈകാതെതന്നെ അവർ ആ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. പര്യവേഷണം തുടങ്ങി വെറും രണ്ട് വർഷത്തിനുശേഷം 2001 ജൂൺ 12-ന് ഇന്ത്യയുടെയും റഷ്യയുടേയും അഭിമാനമായി ‘ബ്രഹ്മോസ് മിസൈൽസിസ്റ്റം’ ആദ്യ വിക്ഷേപണത്തിന് തയ്യാറിയി. ഒറീസ്സ തീരത്തെ ഇന്ത്യയുടെ സ്ഥിരം മിസൈൽ വിക്ഷേപണകേന്ദ്രമായ ‘വീലാർ ഐലന്റിൽ’ നിന്നും ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ‘ബ്രഹ്മോസ്’ കുതിച്ചുപൊങ്ങി. വിക്ഷേപണം 100% വിജയം. കൃത്യമായി പറഞ്ഞാൽ തൊടുത്ത് വിട്ടിടത്ത് നിന്നും 290 കിലോമീറ്റർ അകലെ സ്ട്രൈക്കിങ്ങ് പോയിന്റിൽ വെറും 5 മീറ്ററിനുള്ളിൽ എത്തിചേരുകയും ചെയ്തു. അതായത് ഇന്ത്യക്ക് വിശ്വാസയോഗ്യമായ കൃത്യതയാർന്ന ഒരു മിസൈൽ അന്നാദ്യമായി സ്വന്തമായി നിർമ്മിക്കാനായെന്ന് ചുരുക്കം. അതൊരു ബ്രഹ്മോസ് വിക്ഷേപണചരിത്രത്തിന്റെ തുടക്കം മാത്രമായിരുന്നു.

യുദ്ധക്കപ്പലിൽ നിന്ന് വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈൽ

2003-ൽ ബംഗാൾതീരത്ത് പടക്കപ്പലിൽനിന്ന് ഇന്ത്യൻ നാവികസേനക്കായി നിർമ്മിച്ച ‘ബ്രഹ്മോസ് മിസൈൽ’ ആദ്യമായി പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്ന് 2004, 2006, 2009 വർഷങ്ങളിൽ ഇന്ത്യയുടെ കരസേനക്കായി നിർമ്മിച്ച ‘ബ്രഹ്മോസ് മിസൈലുകൾ’ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. 2008-ൽ ‘ബ്രഹ്മോസ് മിസൈൽ’ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ രജപുത് ക്ലാസ്സ് ‘ഡിസ്ട്രോയറായ’ ‘ഐ.എൻ.എസ്സ് റൺവീറിൽ’ നിന്നും ലംബമാനമായി വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്തു. 2013-ൽ ബംഗാൾ ഉൾക്കടലിൽ വെച്ച് അന്തർവാഹിനിയിൽ നിന്ന് ‘ബ്രഹ്മോസ് മിസൈൽ’ വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്തു.ഏറ്റവും അവസാനമായി 2017 നവംബർ 22-ന് ബംഗാൾ ഉൾക്കടലിന് മുകളിൽ വെച്ച് ഇന്ത്യയുടെ അത്യാധുനിക മൾട്ടിറോൾ യുദ്ധവിമാനമായ ‘സുഖോയ്-30 എം.കെ.ഐയ്യിൽ’ നിന്ന് 2.5 ടൺ ‘ബ്രഹ്മോസ് മിസൈൽ’ വിജയകരമായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. വായുവിൽ നിന്നും കരയിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഏക ക്രൂയിസ് മിസൈലാണ് നമ്മുടെ ‘ബ്രഹ്മോസ് മിസൈൽ’.

ഇന്ന് ഇന്ത്യൻ കരസേനയുടെ മൂന്ന് റെജിമെന്റുകളുടെ കൈയ്യിൽ ‘ബ്രഹ്മോസ് മിസൈൽ’ യുദ്ധസജ്ജമായുണ്ട്. നാലാമത്തെ റെജിമെന്റും ‘ബ്രഹ്മോസ് മിസൈൽ’ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ്. ഇന്ത്യൻ നാവികസേനയുടെ 12-ലധികം യുദ്ധക്കപ്പലുകളിൽ ‘ബ്രഹ്മോസ് മിസൈൽ’ സജ്ജമായിക്കഴിഞ്ഞു. ഇവകൂടാതെ പുതിയ പടക്കപ്പലുകൾ നിർമ്മിക്കുന്ന ഗവൺമെന്റിന്റെ പ്രോജക്റ്റായ പ്രോജക്റ്റ് 17-എ യുടെ പുതിയ 7 ഫ്രിഗേറ്റ്സിലും പുതിയ ഡിസ്ട്രോയറുകളിലുമെല്ലാം ആയുധമായി കണക്കാക്കുന്നത് ‘ബ്രഹ്മോസ് മിസൈൽ’ ആണ്. യുദ്ധവിമാനത്തിൽ ‘ബ്രഹ്മോസ് മിസൈൽ’ ഘടിപ്പിക്കുക എന്നതായിരുന്നു ശാസ്ത്രസമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി ആദ്യം ‘ബ്രഹ്മോസ് മിസൈൽ’ ഭാരം കുറച്ച് 2.5 ടണ്ണാക്കി. കൂടാതെ ‘ഹിന്ദുസ്ഥാൻ എയ്റൊനോട്ടിക്സ് ലിമിറ്റഡിന്റെ’ നാസിക്ക് ബേസിൽ രണ്ട് ‘സുഖോയ് -30 എം.കെ.ഐ’ യുദ്ധവിമാനങ്ങൾ ഡിസൈനിലടക്കം മാറ്റംവരുത്തി സജ്ജമാക്കി. ഭാരം താങ്ങുന്ന ഹള്ളിലടക്കം മാറ്റങ്ങൾ വരുത്തി ‘ബ്രഹ്മോസ് മിസൈൽ’ ഘടിപ്പിച്ചാണ് വിക്ഷേപണവിജയം കരസ്ഥമാക്കിയത്. ഇന്തോ റഷ്യൻ സംയുക്ത സംരംഭമായതിനാൽ ‘ബ്രഹ്മോസ് മിസൈൽ’ 300 കിലോമീറ്ററിലധികം ദൂരം പറത്താനുള്ള ‘മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിന്റെ(MTCR) അനുമതി ഇല്ലായിരുന്നു.

കരസേന വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈൽ

കാരണം ഇന്ത്യ അന്ന് ‘മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ(MTCR)’ അംഗമല്ലായിരുന്നു.അതിനാൽ മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്റർ താഴെ 290 ആയി നിജപ്പെടുത്തിയിരുന്നു. പക്ഷെ 2016-ൽ കേന്ദ്രസർക്കാരിന്റെ അവസരോചിതമായ ഇടപെടൽ മൂലം സർവ്വപ്രതിസന്ധികളേയും മറികടന്ന് ഇന്ത്യ ‘മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ(MTCR)’ അംഗമായി. അതോടെ ഇന്ത്യ ‘ബ്രഹ്മോസിന്റെ’ ദൂരപരിധിവർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടത്തി. 2017മാർച്ച് 10-ന് ‘ബ്രഹ്മോസിന്റെ’ ദൂരംകൂടിയ വേർഷനായ ‘ബ്രഹ്മോസ്-ഇ.ആർ’ (Brahmos Extended Range {ER}) വിക്ഷേപിച്ച് വിജയിക്കുകയും ചെയ്തു. 450-കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിവുള്ള ഈ മിസൈൽ കൃത്യതയിലും അതേ നിലവാരം പുലർത്തുന്നതാണ്. തുടർച്ചയായ വിക്ഷേപണവിജയങ്ങളും അതുല്യമാർന്ന കൃത്യതയും ലോകത്തിലെ പലകോണുകളിൽ നിന്നും ആവശ്യക്കാരെത്താൻ കാരണമായി. ആദ്യം’ബ്രഹ്മോസ്’ മിസൈലിനായി ഇന്ത്യയെ സമീപിച്ചത് സുഹൃത് രാജ്യമായ ‘വിയറ്റ്നാം’ ആയിരുന്നു. തുടർന്ന് സൗത്ത് ആഫ്രിക്ക,ബ്രൂണേ,ചിലി,ബ്രസീൽ, മലേഷ്യ,ഇന്റോനേഷ്യ,വെനസ്വേല എന്നീ രാജ്യങ്ങളും ‘ബ്രഹ്മോസ്’ മിസൈലിനായി രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ മൂന്ന് പ്രതിരോധസേനകൾക്കാവശ്യമായ ‘ബ്രഹ്മോസ്’ മിസൈലുകൾ നിർമ്മിക്കുന്ന തിരക്കിലാണ് ‘ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്’.

‘ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ’ ആസ്ഥാനം ന്യൂഡെൽഹിയിലെ ‘ബ്രഹ്മോസ് ഹെഡ്ക്വാർട്ടേഴ്സാണ്’. ഇവിടെയാണ് ഇന്തോ-റഷ്യൻ ശാസ്ത്രജ്ഞർ ‘ബ്രഹ്മോസ് മിസൈലിന്റെ’ രൂപകല്പ്പന നടത്തുന്നതും ഡോക്യുമെന്റേഷനും സ്റ്റിമുലേഷനും ഇന്റർഫേസും ബിസിനസ്സ് കാര്യങ്ങളും പ്രോഡക്റ്റ് സപ്പോർട്ടും സോഫ്റ്റ് വെയർ നിർമ്മാണവും നടത്തുന്നതും. ഹൈദരാബാദിലേയും ന്യൂഡെൽഹിയിലേയും ‘ബ്രഹ്മോസ് എയ്റോസ്പേസ് നോളഡ്ജ് സെന്ററുകളിൽ’ ബ്രഹ്മോസ് ശാസ്ത്രഞ്ജർക്കാവശ്യമായ രേഖകളും നിരീക്ഷണപരീക്ഷണ ഉപകരണങ്ങളും ഗവേഷണത്തിനാവശ്യമായ അറിവുകളും നല്കിവരുന്നു. ഹൈദരാബാദിൽ തന്നെയുള്ള ‘ബ്രഹ്മോസ് ഇന്റഗ്രേഷൻ കോമ്പൗണ്ടിൽ’ പ്രധാനമായും രണ്ട് ഇന്റഗ്രേഷൻ ഭാഗങ്ങളായാണ് പ്രവർത്തിക്കുന്നത്. ഇവയിലാദ്യത്തേതിൽ മെക്കാനിക്കൽ സിസ്റ്റംസും രണ്ടാമത്തേതിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് സിസ്റ്റംസും സംയോജിപ്പിക്കപ്പെടുന്നു. പിന്നീടുള്ള ‘ബ്രഹ്മോസ് കേന്ദ്രം’ നമ്മുടെ സ്വന്തം തിരുവനന്തപുരത്തെ ‘ബ്രഹ്മോസ് എയ്റോസ്പേസ് ടെക്നോളജി ലിമിറ്റഡ്’ ആണ്. 2007-ൽ അന്നത്തെ കെൽട്രോണിനെ ഏറ്റെടുത്തുകൊണ്ടാണ് തിരുവനന്തപുരത്ത് ‘ബ്രഹ്മോസ് എയ്റോസ്പേസ് ടെക്നോളജി ലിമിറ്റഡ്’ പ്രവർത്തനമാരംഭിച്ചത്. ”ബ്രഹ്മോസ് മിസൈലിന്റെ’ യൂണിറ്റ് പ്രൊഡക്ഷനും ഫാബ്രിക്കേഷനും ഇന്റഗ്രേഷനും ഇവിടെ തകൃതിയായി നടക്കുന്നു. ഇതുകൂടാതെ ഐ.എസ്സ്.ആർ.ഓ, ഡി.ആർ.ഡി.ഓ തുടങ്ങിയ ഗവേഷണകേന്ദ്രങ്ങളുമായും സംയുക്തസംരംഭങ്ങൾ തിരുവനന്തപുരത്ത് ഭംഗിയായി നടക്കുന്നു.

1998-ൽ ‘ഡോ.എ.ശിവതാണുപിള്ള’ ‘ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ’ ആദ്യത്തെ ‘ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി’ നിയമിതനായി. ഇതിന് മുൻപ് അദ്ദേഹം ഐ.എസ്സ്.ആർ.ഓ, ഡി.ആർ.ഡി.ഓ എന്നീ ഇന്ത്യയുടെ അഭിമാന ഗവേഷണകേന്ദ്രങ്ങളിൽ ശാസ്ത്രജ്ഞനായിരുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സ്വപ്നപദ്ധതിയായിരുന്ന ‘ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാം(IGMDP)ൽ ശ്രീ.എ.പി.ജെ അബ്ദുൾ കലാമിനൊപ്പം പ്രവർത്തിച്ചു എന്ന ബഹുമതിയുമുള്ള ആളായിരുന്നു. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ അറിവും അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ.എ.പി.ജെ അബ്ദുൾ കലാമിനോടുള്ള അടുപ്പവും ‘ബ്രഹ്മോസ്’ പ്രോജക്റ്റ് അതിവേഗം പൂർത്തിയാകാൻ കാരണമായി. 2014-ൽ ‘ഡോ.എ.ശിവതാണുപിള്ള’യുടെ പിൻഗാമിയായി ഡോ.സുധീർകുമാർമിശ്ര ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ’ രണ്ടാമത്തെ ‘ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി’ ചുമതലയേറ്റു. ഇദ്ദേഹവും ശ്രീ കലാമിന്റെ മിസൈൽ ടീമിലെ അംഗമായിരുന്നു. ഇന്ത്യയുടെ സംയുക്തസംരംഭങ്ങളായ ഇസ്രായേൽ ‘ബാരക്ക് മിസൈൽസിസ്റ്റത്തിലും’ ബ്രഹ്മോസ് മിസൈൽസിസ്റ്റത്തിലും’ ഗവേഷണ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈൽ

ചുമതലയേറ്റയുടൻ തന്നെ ‘ബ്രഹ്മോസിന്റെ’ പലവിധ വേർഷനുകളുടെ നിർമ്മാണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ‘സുഖോയ്-30 എം.കെ.ഐ’ വിമാനത്തിൽ ‘ബ്രഹ്മോസിന്റെ’ ഇന്റഗ്രേഷൻ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടന്നത്. ഇതുകൂടാതെ ‘സുഖോയ്-30 എം.കെ.ഐ’ വിമാനത്തിൽ നിന്ന് വിക്ഷേപിക്കാനായി മിസൈലിന്റെ ഭാരം ഗണ്യമായി കുറയ്ക്കുന്ന ഗവേഷണവും ത്വരിതഗതിയിൽ നടത്തി. ഇതുമൂലം റഷ്യയുടെ വിമാനവാഹിനിക്കക്കപ്പലിൽ ഉപയോഗിക്കുന്ന മിഗ്-29 നാവികയുദ്ധവിമാനത്തിലും ‘ബ്രഹ്മോസ്’ ഇന്റഗ്രേറ്റ് ചെയ്തു. കൂടാതെ ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ‘തേജസ്സിലും’ ‘ബ്രഹ്മോസ്’ ഇന്റഗ്രേറ്റ്ചെയ്യാനുള്ള ഗവേഷണം വിജയകരമായിപൂർത്തിയാക്കി. ഫ്രാൻസിൽ നിന്നും വായുസേനക്കായി വാങ്ങുന്ന ‘റഫേൽ യുദ്ധവിമാനത്തിലും’ ഈ സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. ഇതിലൂടെ റഷ്യയുടേയും യൂറോപ്യൻ യൂണിയന്റേയും യുദ്ധവിമാനങ്ങൾ വാങ്ങുന്നവരും ‘ബ്രഹ്മോസ്’ എന്ന ബ്രഹ്മാസ്ത്രത്തിനായി ഇന്ത്യയുടെ ആയുധപ്പുരകൾ തേടിയെത്തും. ‘ബ്രഹ്മോസിന്റെ’ രണ്ടാം ഘട്ടമായ ‘ബ്രഹ്മോസ്-2’ അണിയറയിൽ തയ്യാറാവുകയാണ്.ശബ്ദത്തേക്കാൾ 7 മടങ്ങ് വേഗതയുള്ള ‘ഹൈപ്പർസോണിക് മിസൈലായിരിക്കും ‘ബ്രഹ്മോസ്-2’.

ഇന്ന് ലോകത്തിലേറ്റവുമധികം ആയുധങ്ങൾ വാങ്ങുന്ന രാജ്യമാണ് ‘ഇന്ത്യ’. പക്ഷേ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയോ അതിലൂടെ ആഭ്യന്തര ഉത്പാദനം നടക്കുന്നില്ലെന്നതോ മാത്രമല്ല രാജ്യത്തിന്റെ വികസനത്തിനുതകേണ്ടപണം ആയുധവ്യാപാരരാജ്യങ്ങൾ കൊള്ളയടിച്ചുകൊണ്ട് പോവുകയും ചെയ്യുന്നു. അതിനാൽ ഇന്ത്യയെപ്പോലെയൊരു വികസ്വര രാജ്യത്ത് നമുക്ക് വേണ്ട ആയുധങ്ങളടക്കം സ്വയംപര്യാപ്തതയിലൂടെ നിർമ്മിക്കുന്നതാവും ഉചിതം. കാരണം സംയുക്തമായി ഗവേഷണം ചെയ്യാനും സാങ്കേതിക കൈമാറ്റത്തിലൂടെ പുതിയ ആയുധങ്ങൾ നിർമ്മിക്കാനും ലോകരാജ്യങ്ങൾ ഇന്ത്യയുടെ വിളിക്കായി കാതോർത്തുനിൽക്കുകയാണ്. ചെറുയുദ്ധവിമാനങ്ങൾ മുതൽ ഭീമാകാരമായ ‘വിമാനവാഹിനിക്കപ്പലുകൾ’ വരെ ഇന്ത്യയുമായി സഹകരിച്ച് നിർമ്മിക്കാൻ ഇന്ന് ലോകരാജ്യങ്ങൾ മത്സരിക്കുന്ന കാലമാണിത്.

Leave a Reply

Your email address will not be published.

*