ഇന്‍ റ്റു ദി വൈല്‍ഡ് : “സിനിമയ്ക്കും ജീവിതത്തിനുമപ്പുറം”

in സിനിമ

ഒരു സിനിമയ്ക്ക് നമ്മുടെ ജീവിതത്തോട് എന്താണിത്ര പറയാനും പങ്കുവെക്കാനുമുണ്ടാവുകയെന്നു ചിന്തിക്കുക സ്വാഭാവികം. അതില്‍ തെറ്റു പറയാനില്ല. പക്ഷേ പറയാനുള്ളത് സിനിമയ്ക്കും ജീവിതത്തിനും അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലോ? എങ്കില്‍ ഒരു നിമിഷം നമുക്കൊന്ന് ചിന്തിക്കേണ്ടി വരും, അല്ലേ? അങ്ങനെ പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ ഒരിത്തിരി സമയം യാദൃച്ഛികമായി നമുക്ക് കിട്ടുക കൂടി ചെയ്താലോ? അങ്ങനെയെങ്കില്‍ അത് തന്നെയാണ് ഇന്‍ റ്റു ദി വൈല്‍ഡ് എന്ന സിനിമ കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം.

മുന്‍ധാരണകളോ മസിലു പിടിത്തമോ ഇല്ലാതെ തുറന്ന മനസ്സോടെ നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒരു സിനിമയാണ് ഷോണ്‍ പെന്‍ (Sean Penn) തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇന്‍ റ്റു ദി വൈല്‍ഡ്’. Christopher Johnson McCandless എന്ന അമേരിക്കന്‍ സാഹസിക യാത്രികന്റെ ജീവിതകഥയെ ‘Into The Wild’ എന്ന പുസ്തകരൂപത്തില്‍ ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത് Jon Krakauer എന്ന അമേരിക്കന്‍ പര്‍വ്വതാരോഹകനാണ്. 1996 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷോണ്‍ പെന്‍ 2007 – ല്‍ അതേ പേരില്‍ തന്റെ അഞ്ചാമത്തെ സിനിമാ സംരംഭം സാക്ഷാത്കരിക്കുന്നത്. പുസ്തകത്തിനും സിനിമയ്ക്കും ഒരേ പേരാണ് രണ്ടു സ്രഷ്ടാക്കളും നല്‍കിയതെങ്കിലും രണ്ടിന്റേയും ആസ്വാദന ഭാഷ വേറേ തന്നെയാണെന്ന് പറയാം. എന്നിരിക്കിലും, വായനക്കാരനും പ്രേക്ഷകനും ഈ രണ്ടു സൃഷ്ടികളില്‍ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും.

ഷോണ്‍ പെന്‍ എന്ന അമേരിക്കക്കാരനെ കുറിച്ച് പറയാന്‍ ഒരു മുഖവുരയുടെ ആവശ്യമില്ല. എങ്കിലും, ഔപചാരികതയുടെ മറവില്‍ പലതും പറയാതെ വയ്യ. ഒരു നടനായും തിരക്കഥാകൃത്തായും സംവിധായകനായും മനുഷ്യാവകാശ പ്രവര്‍ത്തകനായുമൊക്കെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന ഒരു അദ്ഭുത പ്രതിഭയാണ് അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിന്റെ പ്രതിഭ അഭ്രപാളിയില്‍ ഏറ്റവും ഒടുവിലായി വെളിവാക്കപ്പെട്ട സിനിമ എന്ന നിലയിലും Into The Wild ശ്രദ്ധേയമാണ്.

ജനിക്കുക, എന്തെങ്കിലും പഠിക്കുക, ജോലി സമ്പാദിക്കുക, സ്വന്തം കുടുംബവുമായി കഴിയുക, ഒടുക്കം എന്തെങ്കിലും കാരണം കൊണ്ട് മരണപ്പെടുക എന്നതിലൊക്കെയുപരി മനുഷ്യര്‍ക്ക് ഈ ഭൂമിയില്‍ എന്ത് നിയോഗമാണുള്ളത്? ഇവിടെ അവര്‍ പരമമായി എന്താണ് ചെയ്യുന്നത്? എന്താണ് അന്വേഷിക്കുന്നത്? എന്താണ് ആസ്വദിക്കുന്നത് ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈ സിനിമ പ്രേക്ഷകനു മുന്നിലുയര്‍ത്തുന്നു. ഇതിന്റെ ഒരു തുടര്‍ പ്രക്രിയയെന്നോണമാണ് ക്രിസ്റ്റഫര്‍ എന്ന നായക കഥാപാത്രത്തിന്റെ സഞ്ചാര ദൃശ്യാവിഷ്‌ക്കാരത്തിലൂടെ സംവിധായകന്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രേക്ഷകനെയും കൈ പിടിച്ചു നടത്തുന്നത്. ക്രിസ്റ്റഫര്‍ സ്വന്തം ജീവിതത്തില്‍ തേടുന്നതെന്തോ, അതെല്ലാം സമാന ചിന്താഗതിയോടെ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതോടൊപ്പം, ജീവിതത്തിന്റെ വിവിധതരം സങ്കീര്‍ണ ഭാവങ്ങളെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് സംവിധായകന്‍ സിനിമയിലൂടെ പ്രേക്ഷകനു സമ്മാനിക്കുന്നത്.

ക്രിസ്റ്റഫര്‍ മറ്റു മനുഷ്യരെപ്പോലെ ജീവിതം ആഘോഷിക്കുകയോ തള്ളി നീക്കുകയോ ആയിരുന്നില്ല. ജീവിതത്തിലെ കൃത്രിമത്വങ്ങളെ പാടേ തിരസ്‌കരിച്ചുകൊണ്ട് പ്രകൃത്യായുള്ള ജീവിതത്തെ അന്വേഷിച്ചു കണ്ടെത്തുകയും ആസ്വദിക്കുകയുമായിരുന്നു. സ്വന്തം ജീവിത പശ്ചാത്തലത്തിലെ അര്‍ത്ഥശൂന്യത തന്നെയാണ് ഒരു ഘട്ടത്തില്‍ അയാളെക്കൊണ്ട് ഇങ്ങനെ വേറിട്ടൊരു ജീവിതരീതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥിതികളേയും സ്വന്തം ജീവിത ശൈലിയിലെ പ്രാകൃത്യം കൊണ്ട് വെല്ലു വിളിക്കുന്ന നായകന്‍ ഒരു ഘട്ടത്തില്‍ ഈ ലോകത്തെയും എന്നെയും നിങ്ങളെയും നോക്കി പരിഹസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവും അതിന്റെ ചട്ടക്കൂടുകളും മാത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് ഈ സിനിമ ഒരു പക്ഷേ ഇഷ്ടപ്പെട്ടുവെന്ന് വരില്ല.

സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താന്‍ ക്രിസ്റ്റഫറിനു വര്‍ഷങ്ങള്‍ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാല്‍ ബിരുദ പഠനത്തിനു ശേഷമാണ് വ്യവസ്ഥാനുരൂപമായ ജീവിതത്തെ പാടേ ഉപേക്ഷിക്കാന്‍ ക്രിസ്റ്റഫര്‍ തയ്യാറാകുന്നത്. തന്റെ എല്ലാവിധ തിരിച്ചറിയല്‍ കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും കത്തിച്ചു ചാമ്പലാക്കിയ ശേഷം അയാള്‍ വേറിട്ടൊരു ജീവിത യാത്രക്ക് തുടക്കം കുറിക്കുന്നു. യാത്രക്ക് മുന്‍പ് തന്റെ സമ്പാദ്യം മുഴുവന്‍ പ്രമുഖ ചാരിറ്റി സംഘടനയുടെ പേരില്‍ സംഭാവനയായി അയക്കാനും ക്രിസ്റ്റഫര്‍ മറക്കുന്നില്ല .അതേസമയം, ക്രിസ്റ്റഫറിന്റെ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് അച്ഛനും അമ്മയും സഹോദരിയും തീര്‍ത്തും അജ്ഞരാണ്. സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ വ്യഗ്രതയിലോ, മന:പൂര്‍വമോ, എന്ത് കൊണ്ടോ അവരെ മൂവരെയും നിരാശയുടെ കയത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് ക്രിസ്റ്റഫര്‍ തന്റെ യാത്ര തുടങ്ങുന്നത്.

ജീവിതത്തില്‍ എന്തിനെയെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ തേടി പോകുകയും എത്തിപ്പിടിക്കുകയും വേണം എന്ന ചിന്താഗതി മാത്രമാണ് ക്രിസ്റ്റഫറിനു സ്വന്തം ജീവിതത്തില്‍ കൂട്ടാകുന്നത്. ജീവിതത്തെ അന്വേഷണ വിധേയമാക്കാനും തന്റെ വരുതിക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്ന നായകന്റെ മനോനില ഒരു ഘട്ടത്തില്‍ സ്വന്തം കുടുംബത്തിന്റെ നിരാശതയില്‍ ആനന്ദിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന് തോന്നിയേക്കാം. അതുകൊണ്ട് തന്നെയായിരിക്കാം യാത്രയിലൊന്നും ക്രിസ്റ്റഫര്‍ സ്വന്തം കുടുംബവുമായി ഒരു തരത്തിലുമുള്ള ആശയവിനിമയത്തിനും ശ്രമിക്കാതിരുന്നത്. പക്ഷേ ക്രിസ്റ്റഫറിനെ ന്യായീകരിക്കാനെന്നവണ്ണം സംവിധായകന്‍ സിനിമയില്‍ നല്‍കുന്ന രംഗ വിശദീകരണം ശ്രദ്ധേയമാണ്. യാത്രയ്ക്കിടയില്‍ തന്റെ കയ്യിലെ ശേഷിച്ച നാണയങ്ങള്‍ കൊണ്ട് വീട്ടിലേക്കു വിളിക്കാന്‍ ശ്രമിക്കവേ ക്രിസ്റ്റഫര്‍ തൊട്ടരികിലെ കോയിന്‍ ബൂത്തില്‍ ഫോണിലൂടെ വികാരാധീനനായി സംസാരിക്കുന്ന ഒരു വൃദ്ധനെ കാണുകയാണ്. അയാളുടെ കയ്യിലെ അവസാന കോയിനും കഴിഞ്ഞിരിക്കുകയാണ്. ഏതു നിമിഷവും ആ ഫോണ്‍ കാള്‍ മുറിഞ്ഞു പോകാം എന്നിരിക്കെ തന്റെ കയ്യിലുള്ള കോയിന്‍ ആ വൃദ്ധനു സമ്മാനിച്ചു കൊണ്ട് ക്രിസ്റ്റഫര്‍ യാത്ര തുടരുന്നിടത്ത് ആ ദൃശ്യം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്നു. ഇതുപോലെയുള്ള ചെറിയ രംഗങ്ങളിലൂടെ സംവിധായകന്‍ പലതും പറയാതെ പറയുന്നു. പല സംശയങ്ങളും നികത്തപ്പെടുന്നു.

മനുഷ്യന് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടിയാല്‍ അത് പല തരത്തിലായിരിക്കും ദുരുപയോഗം ചെയ്യുക എന്നിരിക്കെ ക്രിസ്റ്റഫര്‍ അതിനൊരു അപവാദമായി മാറുകയാണ്. സത്യത്തില്‍ മനുഷ്യന്‍ ഈ ഭൂമിയില്‍ സ്വതന്ത്രനാണോ? അങ്ങനെയെങ്കില്‍ അവനു കിട്ടുന്ന പരമമായ സ്വാതന്ത്ര്യം എന്താണ്? സിനിമയുടെ ആദ്യ പതിനഞ്ചു മിനുട്ട് കാണുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ടു ചോദ്യങ്ങളാണ് ഇവ. ജീവിതത്തില്‍ ഇതിനുത്തരം തേടുക എന്നത് ഒരല്‍പം കഠിനമാണ് എന്നിരിക്കെ വെറും 148 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു സിനിമയിലൂടെ ഷോണ്‍ പെന്‍ അതേ അന്വേഷണാത്മകത പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു. കൂട്ടത്തില്‍ Eric Gautierന്റെ ഛായാഗ്രഹണ മികവ് കൂടി ചേരുമ്പോള്‍ സിനിമയുടെ ദാര്‍ശനികത പ്രവചനാതീതമായി ഉയരുന്നു. മാജിക് വിഷ്വലൈസേഷന്‍ എന്നൊരു പ്രയോഗം സിനിമയില്‍ ഉണ്ടെങ്കില്‍ അതേറ്റവും അനുയോജ്യമാകുന്നത് ഇത്തരം സിനിമാ ആവിഷ്‌കാരങ്ങളില്‍ക്കൂടിയാണെന്ന് നിസ്സംശയം പറയാം. ഇവിടെയാണ് ഷോണ്‍ പെന്‍ എന്ന സംവിധായകന്‍ ഒരു ജാലവിദ്യക്കാരനാകുന്നത്.

പൊതുവേ വിദേശ സിനിമകളില്‍ ശരീര നഗ്‌നത എന്നത് സെക്‌സുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് രീതിയെങ്കില്‍ ഈ സിനിമയില്‍ സംവിധായകന്‍ നഗ്‌നതയ്ക്ക് സെക്‌സുമായി ഒരു ബന്ധവുമില്ല എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്. സിനിമയില്‍ അങ്ങനെയുള്ള രണ്ടു സീനുകള്‍ കടന്നു വരുന്നുണ്ട്. കൊളോറാഡോ നദിയിലൂടെയുള്ള സാഹസിക യാത്രക്കിടയില്‍ നായകന്‍ പരിചയപ്പെടുന്നവരിലെ ഒരാള്‍ അര്‍ദ്ധ നഗ്‌നയായ ഒരു പെണ്ണായിട്ട് പോലും അശ്ലീലതയുടെ ലാഞ്ഛന പ്രേക്ഷകന് അനുഭവപ്പെടാത്ത വിധമാണ് ആ രംഗം അവസാനിക്കുന്നത്. മറ്റൊരു സീനില്‍, തന്നെ സെക്‌സിനായി ക്ഷണിക്കുന്ന കൗമാരക്കാരിയോട് നായകന്‍ ചോദിക്കുന്നത്, നിനക്ക് പ്രായമെത്രയായി എന്നാണ്. മൂന്നു തവണ സ്വന്തം പ്രായം മാറ്റി പറയുന്ന പെണ്‍കുട്ടിയോട് നായകന്റെ സമീപനം ഹാസ്യാത്മകമെങ്കിലും ഒരേ സമയം ലളിതവും ചിന്തനീയവുമാണ്. നഗ്‌നശരീരമല്ല സെക്‌സിന് ആധാരം എന്ന് തന്നെ സംവിധായകന്‍ അടിവരയിടുന്നു. ഇത്തരം സീനുകളില്‍ പോലും മാനുഷിക ബന്ധങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തണം അല്ലെങ്കില്‍ എങ്ങനെ ദൃഢപ്പെടുത്താം എന്നതിനെല്ലാം വളരെ വ്യക്തമായ വിശദീകരണം തന്നു കൊണ്ടാണ് സിനിമയും ക്രിസ്റ്റഫറും മുന്നോട്ടു ചലിക്കുന്നത്. യാത്രയിലുടനീളം ക്രിസ്റ്റഫര്‍ പരിചയപ്പെടുന്ന കഥാപാത്രങ്ങളുമായുള്ള ആത്മബന്ധം അതു നമുക്ക് വെളിപ്പെടുത്തി തരുന്നുമുണ്ട്.

തന്റെ അവസാനകാലത്ത് നാഗരികതയിലേക്കും സ്വന്തം കുടുംബത്തിലേക്കും ഒരു മടങ്ങിപ്പോക്ക് നായകന്‍ ആഗ്രഹിച്ചിരുന്നു എന്നിരിക്കെ, വന്യതയിലാണ് പരമസത്യവും ആനന്ദവും ഒളിച്ചിരിക്കുന്നത് എന്ന നായകന്റെ നിരീക്ഷണം തെറ്റായിരുന്നോ എന്നത് സംശയകരമായി നോക്കി കാണേണ്ടതുണ്ട്. നിങ്ങളെനിക്ക് സത്യം പകര്‍ന്നു തരൂ എന്ന് സദാ പറയുമായിരുന്ന നായകന്‍ മരണസമയത്ത് മനസ്സിലാക്കുന്ന സത്യം എന്താണെന്നും സിനിമ വ്യക്തമാക്കുന്നില്ല. അതേസമയം, ദൈവം തനിക്കു നല്‍കിയ ജീവിതം പൂര്‍ണ്ണ സംതൃപ്തിയോടെ ആസ്വദിക്കാന്‍ സാധിച്ചു എന്ന നിലയില്‍ നായകന്‍ കൃതാര്‍ത്ഥനാകുന്നുണ്ട്. മരണമെന്ന സത്യത്തെ പുല്‍കുമ്പോഴും ആ കണ്ണുകള്‍ക്ക് ആനന്ദിക്കാന്‍ സാധിച്ചതും അതു കൊണ്ട് തന്നെ. മറ്റൊരു തലത്തില്‍ ചിന്തിക്കുമ്പോള്‍ പരമമായ സത്യം ഇപ്പോഴും അദൃശ്യമാണ്. അത് സിനിമക്കും ജീവിതത്തിനുമപ്പുറം അപ്രാപ്യമായിത്തന്നെ തുടരുന്നു.

 

Leave a Reply

Your email address will not be published.

*