അവസാനത്തെ ഗ്രാമത്തിലേക്ക്…

in യാത്ര

‘ഇവിടെ വഴി അവസാനിക്കുകയാണ്, കാഴ്ച്ചയില്‍ ബസ്പ നദിയുടെ നേര്‍ത്ത ഒഴുക്കിന്റെ തീരങ്ങളില്‍ ഉറഞ്ഞു പോയ മഞ്ഞും കുറച്ചകലെയായി മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പര്‍വ്വതശിഖരങ്ങളും മാത്രം.’ വഴിയരികിലെ പരസ്യ ഫലകത്തില്‍ കാണുന്ന പോലെ ചിത്കുള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമാണ്, ടിബെറ്റിലേക്ക് നീണ്ടിരുന്ന പ്രാചീന ചരക്ക് പാതയിലെ അവസാനത്തെ ജനപഥം.

ദില്ലിയിലെ ആദ്യനാളുകളിലൊന്നില്‍ കിന്നൗര്‍ മനസ്സിലിടം പിടിച്ചതാണ്, പോയേ തീരൂ എന്ന ഗണത്തില്‍. പല തവണ ഒരുങ്ങി, ഒരിക്കല്‍ പാതി വഴിയില്‍ വച്ച് പെരുമഴ നനഞ്ഞു തിരിക്കേണ്ടി വന്നിട്ടും കിന്നൗര്‍ മനസ്സില്‍ നിന്നും പോയതേയില്ല. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ’. അവധിയും ആള്‍ക്കാരും ഒത്തു വന്ന ഒരു വാരാന്ത്യസന്ധ്യക്ക് ഷിംലയിലേക്ക് വണ്ടി കയറി, എവിടെ എപ്പോള്‍ എങ്ങനെ എന്നൊന്നും തീര്‍ച്ചയില്ലാത്ത ലക്ഷ്യം മാത്രം ഉറപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര. ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം ശൈത്യരാവിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന പ്രഭാതത്തില്‍ ചായയുടെ ചൂടുമേറ്റുവാങ്ങി ഞാൻ നിന്നു, ‘സമയം ഇതാണ്, വരുമായിരിക്കും’ എന്ന് ചായക്കടക്കാരന്‍ പറഞ്ഞ ബസ്സും കാത്തുകൊണ്ട്.  അല്‍പ്പം വൈകിയെങ്കിലും ആളൊഴിഞ്ഞു വന്നെത്തിയ ബസ്സില്‍ കയറിയിരുന്നു. പത്തു മണിക്കൂറോളം യാത്രയുണ്ട് ലക്ഷ്യത്തിലേക്ക്. ഒരു പകല്‍ മുഴുവന്‍ ഹിമാചലിന്റെ ഗ്രാമീണ വഴികളിലൂടെയുള്ള യാത്ര. ഹിന്ദുസ്ഥാന്‍-ടിബറ്റ് റോഡ് എന്നറിയപ്പെടുന്ന ഈ പാത ഹരിയാനയിലെ അംബാലയില്‍ നിന്നും തുടങ്ങി ഇന്ത്യ-ചൈന അതിര്‍ത്തിവരെ നീളുന്നു. തിയോഗ്, ഫിഗു, രാംപൂര്‍ തുടങ്ങി പ്രശസ്തമായ സുഖവാസ കേന്ദ്രങ്ങളില്‍ പലതും ഈ വഴിയിലാണ്.

സ്തൂപികാഗ്ര വൃക്ഷങ്ങള്‍ തണലിടുന്ന പാതയിലൂടെ വളഞ്ഞും തിരിഞ്ഞും കയറിയും ഇറങ്ങിയും ഉള്ള യാത്രയ്ക്കിടയില്‍ പലയിടത്തും ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികള്‍ കാണാമായിരുന്നു. ഇളം വെയിലും തണുത്തകാറ്റുമുള്ള സുഖ ശീതളമായ അന്തരീക്ഷവും സിവാലിക് മലനിരകളുടെ വര്‍ണക്കാഴ്ചകളും യാത്രാ ദൈര്‍ഘ്യത്തിന്റെ മടുപ്പിനെയകറ്റി നിര്‍ത്തി.

രാംപുര്‍ കഴിയുന്നതോടെ പ്രകൃതിയുടെ മട്ടും ഭാവവും മാറുകയായി. പച്ചപ്പിന്റെ ചാരുതയെ പതിയെ ധൂസര വര്‍ണം കൈയ്യടക്കുന്നു. ലോകത്തിലെ അപകടകരമായ പാതകളില്‍ ഒന്നാണ് ഷിംലയെ കിന്നൗരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 22 ലെ ഇനിയുള്ള ദൂരം. സത് ലജ് നദിയുടെ തീരം ചേര്‍ന്ന് പാറയില്‍ നിന്നും വെട്ടിയെടുത്ത് ഈ ഒറ്റ വരിപ്പാതയിലൂടെ ശ്വാസം അടക്കിപിടിച്ചേ യാത്ര ചെയ്യാനാവൂ. ഒരു വശത്തെ പാതയോരം അന്‍പതടിയോളം താഴ്ചയിലെ നദിയുടെ ഒഴുക്കാണ്. ജാലകത്തിലൂടെ എത്തി നോക്കുമ്പോള്‍ പലപ്പോഴും ബസ് വായുവില്‍ ആണെന്ന തോന്നലുണ്ടാക്കുന്നു. കുത്തനെയുള്ള പാറക്കുന്നുകള്‍ക്ക് അരഞ്ഞാണമിട്ടപോലെ നിര്‍മ്മിച്ചെടുത്ത ഈ ‘അര്‍ദ്ധ തുരങ്കങ്ങള്‍’ യാത്ര അവിസ്മരണീയമാക്കുന്നു.

കര്‍ച്ചം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതയെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. തുരങ്കനിര്‍മ്മാണവും പാറ പൊട്ടിക്കലും സൃഷ്ടിക്കുന്ന ആഘാതം മലയിടിച്ചിലും മണ്ണൊലിപ്പുമായി അപ്രത്യക്ഷമാകുന്നു. ചിലയിടങ്ങളില്‍ വഴിയെ പുഴയോട് ചേര്‍ത്തിരിക്കുന്നു, ചിലയിടത്ത് നദിയുടെ ഒഴുക്കിനെ മുറിച്ചു വെള്ളക്കെട്ടുകള്‍ ഉണ്ടാക്കുന്നു. ഇവിടെയെല്ലാം ദേശീയപാത എന്നാല്‍ താത്കാലത്തേക്ക് ഒപ്പിച്ചെടുത്ത, അടുത്ത മഴ വരെ മാത്രം ആയുസ്സുള്ള പാലങ്ങളും മണ്‍വഴികളുമാണ്. മടക്കയാത്രയില്‍ പോകുന്ന വഴി ഉണ്ടെങ്കില്‍ ഭാഗ്യം എന്നു കരുതാവുന്ന അവസ്ഥ. ഈ പ്രതികൂല സാഹചര്യങ്ങളിലും പാതയെ യാത്രായോഗ്യമായി നിലനിര്‍ത്തുന്നതില്‍ അതിര്‍ത്തി പാതകളുടെ നിര്‍മ്മാണ-പരിപാലനത്തിനായുള്ള ഇന്ത്യന്‍ സേനാ വിഭാഗമായ BRO (Border Roads Organization) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്.

വൈദ്യുത പദ്ധതിയോടനുബന്ധിച്ചുള്ള കാര്യാലയങ്ങളും വാസ കേന്ദ്രങ്ങളും, ഇന്‍ഡോ-ചൈന അതിര്‍ത്തി സംരക്ഷണ സേനയായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ചെറിയ സങ്കേതങ്ങള്‍, എപ്പോഴെങ്കിലും വന്നെത്തുന്ന ചെറിയ ഗ്രാമങ്ങള്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ പാത കടന്നു പോകുന്നത് തീര്‍ത്തും വിജനമായ പ്രദേശങ്ങളിലൂടെയാണ്. തീരം വിട്ടു പ്രധാന പാതയില്‍ നിന്നും തെറ്റി കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ നാലുപാടും മഞ്ഞണിഞ്ഞു നില്‍ക്കുന്ന മലനിരകള്‍ കാഴ്ച്ചയിലെത്തി തുടങ്ങുന്നു. അസ്തമയ സൂര്യന്‍ ഹിമശൃംഗങ്ങളില്‍ സിന്ദൂരം ചാര്‍ത്തി നില്‍ക്കുന്ന നേരം റികിംഗ് പോ യില്‍ ബസിറങ്ങി.

റികിംഗ് പോ, ടിബറ്റന്‍ സ്പര്‍ശമുള്ള പേരോടു കൂടിയ ഈ കൊച്ചു പട്ടണം ഇന്ത്യയിലെ ജനസാന്ദ്രത വളരെ കുറഞ്ഞ ജില്ലകളില്‍ ഒന്നായ കിന്നൗരിന്റെ ആസ്ഥാനമാണ്. ചുവന്നു തുടുത്തു മധുരമേറിയ ആപ്പിളിന്റെ പ്രഭവകേന്ദ്രമാണ് കിന്നൗര്‍. സത് ലജ് നദിക്കരയിലെ ഒരു മലമുകളില്‍ ‘പിയോ’ എന്ന ഓമനപ്പേരോടുകൂടി സ്ഥിതി ചെയ്യുന്ന പട്ടണം വലിപ്പം കൊണ്ടോ സൗകര്യം കൊണ്ടോ നാം കണ്ടു പരിചയിച്ച ജില്ലാ ആസ്ഥാനങ്ങളോട് കിടപിടിക്കില്ലെങ്കിലും നാലുചുറ്റും മഞ്ഞുമൂടി നില്‍ക്കുന്ന മലനിരകളും, താഴെ കലങ്ങിയൊഴുകുന്ന സത് ലജ് നദിയും നല്‍കുന്ന കാഴ്ചയുടെ രസങ്ങളാല്‍ സമ്പന്നമാകുന്നു.

തണുപ്പിറങ്ങിയെത്തുന്ന സന്ധ്യാനേരത്ത് ധൃതിയില്ലാതെ ചിരിച്ച മുഖങ്ങളുമായി നീങ്ങുന്ന ചെറിയ തിരക്കിനൊപ്പം അങ്ങാടിയിലൂടെ വെറുതെ നടന്നു. പഹാടി തൊപ്പികള്‍ , പനിനീര്‍ പൂവര്‍ണ്ണമാര്‍ന്ന കപോലങ്ങള്‍, കടും നിറങ്ങള്‍, കിന്നൗരി ഭാഷയുടെ താളം, എല്ലാത്തിനും പശ്ചാത്തലമൊരുക്കി ഹിമതല്പങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റും. ആള്‍ക്കൂട്ടത്തിനിടയ്ക്ക് ഇത്രയും സുഖകരമായ മറ്റൊരു നടത്തം ഓര്‍മയില്‍ വരുന്നില്ല.

റികിംഗ് പോയില്‍ നിന്നും ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന ഇടുങ്ങിയ വഴിയിലൂടെ കല്പയിലേക്ക് ഇരുപതു മിനിറ്റോളം യാത്രയുണ്ട് . കുന്നിന്‍ ചെരിവിലെ വിരലില്‍ എണ്ണാവുന്ന കടകളും ഏതാനും വീടുകളും , അത്രയേ ഉള്ളൂ കല്പ . പക്ഷെ കിന്നൗര്‍-കൈലാഷ് മലനിരകളിലെ ഹിമപ്പരപ്പില്‍ മുഖം നോക്കി നില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സുന്ദര പ്രകൃതി ഏതു വൈരാഗിയേയും ആകര്‍ഷിക്കുന്നതാണ്. പുരാതനമായ ബുദ്ധിസ്റ്റ് മൊണാസ്ട്രിയും ക്ഷേത്രവും ചുറ്റിക്കണ്ട് വിജനമായ നാട്ടുവഴിയിലൂടെ കയറ്റം തുടങ്ങി. ഇലകൊഴിഞ്ഞു നഗ്‌നരായ ആപ്പിള്‍ ചെടികള്‍ നിരയായി നില്‍ക്കുന്ന തോട്ടങ്ങള്‍, അവയ്ക്കു നടുവില്‍ മരവും ഇരുമ്പ് പലകകളും കൊണ്ടു നിര്‍മിച്ച ചെറിയ വീടുകള്‍. ഇടവഴിയിലെ വെയിലെത്താത്ത നിഴലിടങ്ങളില്‍ ഉറഞ്ഞുപോയ മഞ്ഞുപാളികള്‍ നടത്തം പതുക്കെയാക്കി. ആപ്പിള്‍ തോട്ടങ്ങളിലൊന്നില്‍ അടുത്ത വിളവെടുപ്പിനായി ചെടികളെ ഒരുക്കുന്ന ഗ്രാമീണരെ കണ്ടുമുട്ടി. ഉണങ്ങിയ ചില്ലകള്‍ മുറിച്ചു മാറ്റിയും തടമൊരുക്കിയും പുതു നാമ്പുകള്‍ക്കു വിരിയാനുള്ള അരങ്ങൊരുക്കുന്നതിനിടയ്ക്ക് ആപ്പിള്‍ കൃഷിയെക്കുറിച്ചും പോയ ശൈത്യകാലത്തെ മഞ്ഞു വീഴ്ച്ചയുടെ കുറവിനെ പറ്റിയും അവര്‍ വാചാലരായി. അവര്‍ നല്‍കിയ ആപ്പിള്‍ പഴങ്ങള്‍ കഴിച്ചുകൊണ്ട് നടത്തം തുടര്‍ന്നു. ചെറിയ കുന്നിന്‍മുകളില്‍ നിന്നും നോക്കിയാല്‍ എതിര്‍വശത്തെ പര്‍വതാഗ്രത്തെ ഹിമസാന്ദ്രതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റക്കല്‍ കാണാം, വിശ്വാസികള്‍ ശിവലിംഗമായി കരുതി ആരാധിക്കുന്ന ശിലാ വിഗ്രഹം. ഐതീഹ്യ പ്രകാരം, ഭസ്മാസുരനെ പേടിച്ചു ശിവന്‍ ഒളിച്ചിരുന്ന ഇടമാണത്രെ ഇരുപതിനായിരം അടിയിലേറെ ഉയരമുള്ള ആ ഗിരി ശൃംഗം. ആപ്പിള്‍ തോട്ടങ്ങള്‍ പൈന്‍ മരക്കാടുകളില്‍ ചെന്നവസാനിക്കുന്നിടത്തു നടത്തം മതിയാക്കി. പൊടി മഞ്ഞു നിറഞ്ഞു കിടക്കുന്ന മരത്തണലുകളിലൊന്നില്‍ ഇളം കാറ്റേറ്റ്, ആകാശം മുട്ടി നില്‍ക്കുന്നകിന്നൗര്‍-കൈലാഷ് മലനിരകളുടെ പ്രൗഢ സൗന്ദര്യം ആസ്വദിച്ചു വിശ്രമിച്ചു. അതുല്യമായ ചില നിമിഷങ്ങളെ വര്‍ണ്ണിക്കാന്‍ നമുക്ക് കഴിയാതെ പോകും. ഏതു വിശേഷണമെടുത്താലും നിലയൊക്കാത്ത സുരഭിലനേരങ്ങള്‍.

ഉച്ചതിരിഞ്ഞു ‘പിയോ’യില്‍ നിന്നും സാംഗ്ലയിലേക്കുള്ള ബസില്‍ ഇടം പിടിച്ചു. സത് ലജിന്റെ പോഷകനദിയായ ബസ്പയുടെ തീരം ചേര്‍ന്നുള്ള ഇടുങ്ങിയ പാതയാണ് സാംഗ്ല താഴ്വരയിലേക്കുള്ള ഏക ഗമനാഗമനമാര്‍ഗ്ഗം. ചെങ്കുത്തായ മലയിടുക്കില്‍ നദീതടത്തില്‍ നിന്നും നൂറടിയിലേറെ ഉയരത്തില്‍ ഒരൊറ്റവരി പാത. പതിയെ നീങ്ങുന്ന വാഹനങ്ങള്‍ പാറക്കെട്ടുകളില്‍ ഓടി നടക്കുന്ന വരയാടുകളെ ഓര്‍മ്മിപ്പിച്ചു. തണുപ്പേറിവരുന്ന സന്ധ്യാനേരത്തു ഏറെക്കുറെ വിജനമായ സാംഗ്ലയില്‍ ബസ് യാത്ര അവസാനിച്ചു. അത്താഴം കഴിക്കാനായി ഇറങ്ങിയപ്പോഴേക്കും കടകളെല്ലാം അടച്ചിരുന്നു. ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്നതായി അവസാനത്തെ അത്താണി. പാതി ഉയര്‍ത്തിയ ഷട്ടറിനടിയിലൂടെ കടയില്‍ കയറി, കാത്തിരിക്കേണ്ടി വന്നു. ചൂടുള്ള സൂപ്പ് കോപ്പയില്‍ പകര്‍ന്നുകൊണ്ട് കടയുടമായ അമ്മൂമ്മ സാംഗ്ലയെക്കുറിച്ചു വാചാലയായി. നിലാവിനാല്‍ കുന്നിന്‍ ചെരുവിലെ മഞ്ഞു പരപ്പില്‍ തെളിഞ്ഞു കാണുന്ന കമ്രു കോട്ടയെപ്പറ്റി, സാംഗ്ലയിലെ ക്ഷേത്രങ്ങളെപ്പറ്റി, പിന്നെ പിന്നെ കെട്ടുകഥകളും ഐതീഹ്യങ്ങളും. മലഞ്ചെരുവിലെ ദേവദാരുമരങ്ങളും മഞ്ഞും പിന്നെ ബസ്പാ നദിയും കടന്നെത്തുന്ന മരവിപ്പിക്കുന്ന തണുപ്പില്‍ മുത്തശ്ശിയുടെ കഥകളോട് വിട പറഞ്ഞു ഉറക്കത്തിലേക്ക് .

ബസ്പാ നദിയുടെ ഓരം ചേര്‍ന്ന് തണുത്ത വെയിലില്‍ നടക്കുമ്പോഴാണ് ചെറിയ ചെറിയ തോട്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ആപ്പിള്‍, അപ്രികോട്ട്, വാള്‍നട്ട് തുടങ്ങിയ പഴങ്ങള്‍ വിളയിക്കുന്ന ശീതകാല നിദ്രയിലാണ്ട കൃഷിയിടങ്ങള്‍. താഴ്വരയിലെ മിതോഷ്ണ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വിളകളാണ് താഴ്വരയുടെ സാമ്പത്തിക സ്രോതസ്സ്. വിളവെടുപ്പിന്റെ കാലത്തു പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങള്‍ സങ്കല്‍പ്പിച്ചുകൊണ്ട് കമ്രു കോട്ട ലക്ഷ്യമാക്കി നടന്നു. പുരാതനമായ കോട്ടയുടെ എടുപ്പിനേക്കാള്‍ അവിടെ നിന്നുള്ള അവാച്യമായ ദൃശ്യാനുഭവമാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. നീലവാനിന് താഴെ വെള്ളയും പച്ചയും ഇടകലര്‍ന്ന മലനിരകള്‍, അഴിഞ്ഞു വീണ കൊലുസു പോലെ ബസ്പാ നദി, സാംഗ്ല താഴ്വരയുടെ ഈ പരിദര്‍ശനം മനസ്സില്‍ എന്നെന്നും മായാതെ നില്‍ക്കും.

മഞ്ഞു മൂടിക്കിടക്കുന്ന കുറ്റിക്കാടുകളുടെ ഇടയിലൂടെ കുറെയേറെ ഇരുമ്പ് പാലങ്ങളും ചപ്പാത്തുകളും കടന്നു വേണം ചിത്കുളില്‍ എത്താന്‍. ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ചെറിയ വീടുകളും തോട്ടങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ കല്ലും മഞ്ഞും മരങ്ങളും മാത്രം . പോലീസ് ചെക്പോസ്റ്റില്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചു വേണം ഈ ചെറിയ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍. വഴിയരികിലെ പരസ്യ ഫലകത്തില്‍ കാണുന്ന പോലെ ചിത്കുള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമാണ്, ടിബറ്റിലേക്ക് നീണ്ടിരുന്ന പ്രാചീന ചരക്കു പാതയിലെ അവസാനത്തെ ജനപഥം. നാട്ടുവഴികള്‍ ഒത്തുചേരുന്ന കവലയില്‍ നിന്നും മഞ്ഞുറഞ്ഞു കിടക്കുന്ന വഴിയിലിലൂടെ കുറച്ചു നടക്കുമ്പോള്‍ താഴെ പുഴയുടെ തീരത്തോട് ചേര്‍ന്ന് മഞ്ഞുകംബളംവിരിച്ച വലിയ മൈതാനവും അതിനോട് ചേര്‍ന്ന കെട്ടിടവും കാണാം. ഗ്രാമത്തിലെ അവസാനത്തെ ഈ കെട്ടിടത്തിന് അടുത്ത് ചെല്ലുമ്പോള്‍, കല്‍ഭിത്തിയില്‍ കറുത്ത നിറത്തില്‍ നിരയൊക്കാതെ എഴുതിയ അക്ഷരങ്ങള്‍ തെളിയുന്നു, ‘ചിത്കുള്‍ ഹൈസ്‌കൂള്‍’. ഒരു വിദ്യാലയത്തിന് ഇതിലുമേറെ യോജിച്ച പരിസരം വേറെതാണ്…? ശൈത്യകാലാവധി കഴിയാത്തതിനാല്‍ ആളൊഴിഞ്ഞു കിടന്ന സ്‌കൂള്‍ വരാന്തയില്‍ അല്‍പനേരം ധ്യാനലീനരായി. പ്രശാന്തമായ ഈ പ്രകൃതിയില്‍ എത്ര നേരം ഇരുന്നാലും മതിവരില്ല, പക്ഷെ തിരികെ യാത്ര അനിവാര്യമാണല്ലോ.

‘ഇവിടെ വഴി അവസാനിക്കുകയാണ് യാത്രയും… മനസ്സില്‍ ബസ്പ നദിയുടെ നേര്‍ത്ത ഒഴുക്കിന്റെ തീരങ്ങളില്‍ ഉറഞ്ഞു പോയ മഞ്ഞും കുറച്ചകലെയായി ഹിമസാന്ദ്രമായ പര്‍വ്വത ശിഖരങ്ങളും മാത്രം…’

Leave a Reply

Your email address will not be published.

*