‘ലെയ്‌റ്റെ – ചരിത്രത്തിലെ ഏറ്റവും വലിയ നാവികയുദ്ധം’

in ചരിത്രം

മനുഷ്യ ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ മരിച്ച രക്തരൂക്ഷിതമായ രണ്ടാം ലോക മഹായുദ്ധത്തിന്റെ (1939-1945) അവസാന പോരാട്ടങ്ങളിലൊന്നാണ് ‘ലെയ്‌റ്റെ’ യുദ്ധം. ഇന്നത്തെ ഫിലിപ്പൈന്‍സിലെ ഒരു ദ്വീപാണ് ഈ മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച ഭൂപ്രദേശം. 1944 ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ വെറും 4 ദിവസം മാത്രം നീണ്ടു നിന്ന ഈ യുദ്ധം പില്‍ക്കാലത്ത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നാവികയുദ്ധമായി അറിയപ്പെട്ടെന്നതാണ് ചരിത്രം. സഖ്യകക്ഷിരാജ്യങ്ങളിലെ അതികായകരായിരുന്ന അമേരിക്കയുടേയും ആസ്‌ട്രേലിയയുടേയും നാവിക സൈന്യവും ജപ്പാന്റെ ഇംപീരിയല്‍ നാവിക സൈന്യവും തമ്മിലായിരുന്നു ഈ ജീവന്‍മരണപോരാട്ടം. ജപ്പാന്റെ സൈനിക നീക്കങ്ങള്‍ക്കാവശ്യമായ എണ്ണയും മറ്റു സാമഗ്രികളും എത്തിയിരുന്നത് കിഴക്കന്‍ ഏഷ്യയിലെ അവരുടെ അധീനതയിലുള്ള സേനാതാവളങ്ങളായ രാജ്യങ്ങളില്‍ നിന്നായിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന നാവിക ഇടനാഴികള്‍ ആയിരുന്നു ഫിലിപ്പൈന്‍സ് ദ്വീപസമൂഹങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്നത്. ആയതിനാല്‍ ജപ്പാനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗ്ഗം അവരുടെ എണ്ണയടക്കമുള്ള ഇറക്കുമതികള്‍ തടയുക എന്നതായിരുന്നു. ഇത് മനസ്സിലാക്കിയ അമേരിക്ക സഖ്യരാജ്യമായ ആസ്‌ട്രേലിയന്‍ നാവിക സേനയോടൊപ്പം ജപ്പാന്റെ അധീനതയിലായിരുന്ന ഫിലിപ്പൈന്‍സ് ആക്രമിക്കുകയും നാലുദിവസത്തെ ശക്തമായ ആക്രമണത്തിലൂടെ വിജയം സ്വന്തമാക്കുകയും ചെയ്തു. ജപ്പാനും വെറുതെ മുട്ടുമടക്കാന്‍ തയ്യാറായിരുന്നില്ല.

ഇന്നത്തെ ലെയ്റ്റെ

അമേരിക്ക തങ്ങളുടെ മൂന്നും നാലും കപ്പല്‍പ്പടയിലെ എണ്ണൂറിലധികം യുദ്ധക്കപ്പലുകളും 1800 നാവിക യുദ്ധവിമാനങ്ങളും രംഗത്തിറക്കി. അവയില്‍ അമേരിക്കയുടെ പടുകൂറ്റന്‍ വിമാന വാഹിനിക്കപ്പലുകളുമുണ്ടായിരുന്നു. അമേരിക്കന്‍ നാവിക സേനയുടെ ഇന്റര്‍പിഡ്, എന്റര്‍പ്രൈസ്, ഫ്രാന്‍ക്ലിന്‍, ലെക്‌സിങ്റ്റണ്‍, എസ്സെക്‌സ് എന്നിവയും 8 ചെറുവിമാനവാഹിനികളും 18 അകമ്പടി കപ്പലുകളും 12 യുദ്ധക്കപ്പലുകളും 24 ക്രൂയിസേഴ്‌സും 141 ഡിസ്‌ട്രോയേഴ്‌സും ലെയ്‌റ്റെ യുദ്ധത്തില്‍ പങ്കെടുത്തു. ഇവ കൂടാതെ ആസ്‌ട്രേലിയന്‍ നേവിയുടെ ‘ടാസ്‌ക് ഫോഴ്‌സ് 44’ന് കീഴിലെ മൂന്ന് ഹെവി ക്രൂയിസ് കപ്പലുകളും ഏഴോളം ‘ഡിസ്‌ട്രോയര്‍’ പടക്കപ്പലുകളും ഒരു ‘ലൈറ്റ് ക്രൂയിസറും’ ജപ്പാനെ നേരിടാന്‍ ഫിലിപ്പൈന്‍സ് കടലില്‍ അണിനിരന്നു. ജപ്പാനും നാവികസേനാ ബലത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. 4 വിമാനവാഹിനികളും 9 യുദ്ധക്കപ്പലുകളും 19 ‘ക്രൂയിസേഴ്‌സും’ 34 ‘ഡിസ്‌ട്രോയേഴ്‌സും’ 700 ഓളം നാവിക യുദ്ധവിമാനങ്ങളും രംഗത്തിറക്കി ജപ്പാനും ജീവന്‍മരണപ്പോരാട്ടത്തിനിറങ്ങി. ഏകദേശം ഒരുലക്ഷം സ്‌ക്വയര്‍ കിലോമീറ്ററിലധികം സമുദ്രത്തില്‍ നടന്ന ഈ നാവികയുദ്ധം ലോകത്തിലെ ഏറ്റവുംവലിയ യുദ്ധക്കപ്പലുകള്‍ പങ്കെടുത്തയുദ്ധം എന്നപേരിലും പ്രശസ്തമായി. ജപ്പാന്റെ ‘യമാട്ടോ ക്ലാസ്’ യുദ്ധക്കപ്പലുകളായ ‘യമാട്ടോയും’ ‘മുസാഷിയും’ 71,659 ടണ്‍ വഹിക്കാന്‍ കഴിവുണ്ടായിരുന്ന ഭീമന്‍യുദ്ധക്കപ്പലുകളായിരുന്നു. ഇന്നും ഈ റെക്കോര്‍ഡ് അന്നത്തെ ‘യമാട്ടോ ക്ലാസ്’ യുദ്ധക്കപ്പലുകള്‍ക്ക് സ്വന്തം.

ടാക്കിയോ കുറീറ

ഏകദേശം രണ്ടുലക്ഷത്തോളം നാവികര്‍ അണിനിരന്ന ഈ ചരിത്ര പോരാട്ടത്തില്‍ 12,500 ല്‍ അധികം ജപ്പാനീസ് നാവികരും, 2800 ല്‍ അധികം സഖ്യകക്ഷി അമേരിക്കന്‍-ആസ്‌ട്രേലിയന്‍ സൈനികരും മരിച്ചുവീണു. യുദ്ധം തോല്‍ക്കുമെന്നുറപ്പായപ്പോള്‍ അവസാന ശ്രമമെന്ന നിലയില്‍ ജപ്പാന്‍ നാവികസേന നടത്തിയ ആത്മഹത്യാപരമായ നീക്കമാണ് ‘കമികേസ്’ എന്നറിയപ്പെട്ട സൈനിക നീക്കം. ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ ശത്രുസേനയുടെ കപ്പലുകളില്‍ ഇടിച്ചിറക്കി തകര്‍ക്കുക എന്നതായിരുന്നു ജപ്പാന്റെ ‘സ്‌പെഷ്യല്‍ അറ്റാക് ഫോഴ്‌സ്’ ആയിരുന്ന ‘കമികേസി’ന്റെ കര്‍ത്തവ്യം. ഏകദേശം 3,800 ഓളം ‘കമികേസ്’ പൈലറ്റുകള്‍ ജപ്പാനുവേണ്ടി ജീവന്‍ ത്യജിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ജപ്പാന്റെ 19% വിജയകരമായ ആക്രമണങ്ങളും നടത്തിയിരുന്നത് ‘കമികേസ്’ പോരാളികളായിരുന്നു. സഖ്യസേന നേരിട്ട ഏറ്റവും വലിയവെല്ലുവിളിയും ഈ ‘കമികേസ്’ പോരാളികളായിരുന്നു. ഒടുവില്‍ ജപ്പാനീസ് നാവികസേന ‘ലെയ്‌റ്റെ’ യുദ്ധം തോറ്റ് മടങ്ങിയപ്പോള്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പതനത്തിന് അത് തുടക്കം കുറിക്കുകയും ചെയ്തു.

ബുൾ ഹാൽസി

പ്രധാനമായും 4 യുദ്ധമുഖങ്ങളിലായാണ് സഖ്യകക്ഷികളുടെ നാവികസൈന്യവും ജപ്പാന്റെ ഇംപീരിയല്‍ നാവികസൈന്യവും ലെയ്‌റ്റെ യുദ്ധത്തിലേര്‍പ്പെട്ടത്. ‘സിബുയാന്‍’ കടലിലെ യുദ്ധം, ‘സുറിഗാവോ’ മുനമ്പിലെ യുദ്ധം, ‘സമര്‍’ കടലിലെ യുദ്ധം, ‘കേപ്പ് എന്‍ഗാനോ’ കടലിലെ യുദ്ധം എന്നിവയായിരുന്നു ഈ യുദ്ധമുഖങ്ങള്‍. ലെയ്‌റ്റെ യുദ്ധത്തിന് തൊട്ടു മുമ്പ് 1944 ഒക്ടോബര്‍ ആദ്യം തന്നെ ജപ്പാനീസ് വായു സേനയുടെ ആക്രമണത്തില്‍ അമേരിക്കന്‍ വിമാന വാഹിനിക്കപ്പലുകള്‍ക്ക് സാരമായി കേടുപാടുകള്‍ പറ്റി. തിരിച്ചടിയായി 1944 ഒക്ടോബര്‍ 10ന് ജപ്പാനിലെ ഒകിനാവയിലും ഒക്‌റ്റോബര്‍ 12 ന് ജപ്പാന്റെ പ്രധാന നാവിക താവളങ്ങളിലൊന്നായിരുന്ന തായ്‌നിവാനിലെ ഫോര്‍മോസയിലും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളില്‍ നിന്നും പറന്നുയര്‍ന്ന വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ജപ്പാന്റെ വായുസേനയുടെ 650ലധികം യുദ്ധവിമാനങ്ങളാണ് നശിച്ചത്. സര്‍വ്വസംഹാരികളായി മുന്നേറിയിരുന്ന ജപ്പാന്റെ ഇംപീരിയല്‍ സേനയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ആ ആകാശയുദ്ധം. തിരിച്ചടിയായി ജപ്പാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ ക്രൂയിസര്‍ പടക്കപ്പലുകള്‍ക്ക് സാരമായകേടുപാടുകള്‍ പറ്റുകയും ചെയ്തു.

ജാപ്പനീസ് കമികേസ്‌

‘ലെയ്‌റ്റെ’ യുദ്ധത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യം ഫിലിപ്പൈന്‍സ് തീരത്തേക്ക് എത്തിയത് ‘ബുള്‍ ഹാല്‍സി’യുടെ നേതൃത്വത്തിലുള്ള അമേരിക്കയുടെ മൂന്നാം കപ്പല്‍പ്പടയും, ആസ്‌ട്രേലിയന്‍ ‘ടാസ്‌ക്ക് ഫോഴ്‌സ് 44’ ന്റെ കപ്പല്‍പ്പടയും അടങ്ങുന്ന 4 പടക്കപ്പലുകളുടെ സംഘങ്ങളായായിരുന്നു. ജപ്പാനിലും അയല്‍രാജ്യങ്ങളിലും നിലനിര്‍ത്തിയിരുന്ന ജപ്പാനീസ് ഇംപീരിയല്‍ നേവി സര്‍വ്വശക്തിയുമെടുത്ത് ഈ മുന്നേറ്റത്തെ ചെറുക്കാനെത്തി. ഒക്ടോബര്‍ 24 ആയപ്പോഴേക്കും ‘ബുള്‍ ഹാല്‍സി’ രണ്ട് പടക്കപ്പലുകളുടെ സംഘങ്ങളെ ജപ്പാന്റെ കിഴക്കന്‍ തീരത്തേക്ക് ആക്രമണത്തിനയച്ചു. ‘ജെറാള്‍ഡ് ബോഗന്റെ’ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകളും ‘ജോണ്‍ മക്ലെയിന്‍സിന്റെ’ നേതൃത്വത്തില്‍ വിമാനവാഹിനിക്കപ്പലുകളും ഈ കപ്പല്‍പ്പടയിലുണ്ടായിരുന്നു. വൈസ് അഡ്മിറല്‍ ‘തോമസ് കിന്‍കെയ്ഡി’ന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ എഴാം കപ്പല്‍പ്പടയും ‘മാര്‍ക്ക് മിറ്റ്‌സ്‌ച്ചെറു’ടെ നേതൃത്വത്തിലുള്ള അതിവേഗ യുദ്ധക്കപ്പലുകളും 18 കോര്‍വെറ്റുകളും വിമാനവാഹിനിക്കപ്പലുകളും വിമാനങ്ങളും അന്തര്‍വാഹിനിയെ തടയുന്ന കപ്പലുകളുമായി ജപ്പാനെതിരെ ഒത്തൊരുമിച്ച് പോരാടി.

മുസാഷി യുദ്ധക്കപ്പൽ

‘സിബുയാന്‍ കടലി’ലും ഇതേ സമയത്ത് മറ്റൊരു പോര്‍മുഖം തുറക്കപ്പെട്ടു. ഇംപീരിയല്‍ ജപ്പാന്റെ വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യുടെ 5 യുദ്ധക്കപ്പലുകളും 12 സപ്പോര്‍ട്ട് കപ്പലുകളും 15 ഡിസ്‌ട്രോയേഴ്‌സും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളായ എന്റര്‍പ്രൈസസില്‍നിന്നും ഫ്രാങ്ക്‌ലിന്‍സില്‍നിന്നും പറന്നുയര്‍ന്ന 260-ഓളം യുദ്ധവിമാനങ്ങളുടെ ഇടതടവില്ലാത്ത വ്യോമാക്രമണം നേരിടേണ്ടിവന്നു. ജപ്പാന്റെ 71,659 ടണ്‍ ഭീമന്‍ യുദ്ധക്കപ്പല്‍ ‘മുസാഷി’ പതിനേഴോളം ബോംബുകളും പത്തൊമ്പതോളം ടോര്‍പിഡോകളുമേറ്റ് കടലില്‍ കത്തിയമര്‍ന്നു. ‘മുസാഷി’യിലെ രണ്ടായിരത്തിയഞ്ഞൂറിലധികം നാവികരില്‍ പകുതിയും ഈ ഒരൊറ്റ ആക്രമണത്തില്‍ മരിച്ചു. അവശേഷിച്ചവരെ ജപ്പാന്റെ മറ്റു യുദ്ധക്കപ്പലുകള്‍ രക്ഷിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് ജപ്പാന്റെ പ്രത്യാക്രമണത്തില്‍ പത്തിലധികം വിമാനങ്ങള്‍ മാത്രംമാത്രമാണ് നഷ്ടപ്പെട്ടത്. വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യ്ക്ക് പതാകവാഹക കപ്പലായ ‘മുസാഷി’യോടൊപ്പം രണ്ട് ക്രൂയിസ് കപ്പലുകള്‍ നശിപ്പിക്കപ്പെടുകയും മറ്റൊരു ക്രൂയിസ് കപ്പലിന് സാരമായ കേടുപാടുകളുണ്ടാവുകയും ചെയ്തു.

ജപ്പാൻ നാവികസേനയുടെ സെന്റർ ഫോഴ്സ്

സിബുയാന്‍ കടല്‍ യുദ്ധത്തില്‍ തിരിച്ചടിയേറ്റെങ്കിലും പോരാട്ടവീര്യം മനസ്സില്‍ സൂക്ഷിച്ചിരുന്ന വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’ ലെയ്‌റ്റോ കടലിടുക്ക് കീഴടക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറ്റംതുടരുക തന്നെ ചെയ്തു. ‘ഹാല്‍സി’ ആ നാവികനീക്കം ജപ്പാന്‍പക്ഷത്തുനിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂടുതല്‍ കരകളോട് ചേര്‍ന്ന് ജപ്പാന്‍ സേനക്കുനേരേ ആക്രമണം നടത്താന്‍ സഖ്യകക്ഷികള്‍ വിമുഖത കാട്ടിയിരുന്നു. ഇതിന് പ്രധാനകാരണം അതിശക്തരായ ജപ്പാനീസ് വായുസേനയുടെ വിമാനങ്ങളായിരുന്നു. മൂന്ന് വലിയ സംഘങ്ങളായി ‘ലെയ്‌റ്റെ’ കീഴടക്കാന്‍ വിന്യസിക്കപ്പെട്ട ജപ്പാനീസ് കപ്പല്‍പ്പടയെ നേരിട്ടത് വിമാനവാഹിനിക്കപ്പലായ ‘എസ്സെക്‌സില്‍’ നിന്നുള്ള പ്രഗത്ഭരായ ‘എഫ്6എഫ്’ യുദ്ധവൈമാനികരായിരുന്നു. ‘ഡേവിഡ് മക്കാംബെല്ലി’ന്റെ നേതൃത്വത്തില്‍ വിന്യസിക്കപ്പെട്ട ‘എഫ്6എഫ്’ യുദ്ധവിമാനങ്ങള്‍ ജപ്പാനീസ് യുദ്ധവിമാനങ്ങളുമായി ശക്തിയുക്തം പോരാടി. ‘എസ്സെക്‌സില്‍’ നിന്നുള്ള യുദ്ധവിമാനങ്ങള്‍ ഒരൊറ്റ ദിവസംകൊണ്ട് 43 ജപ്പാനീസ് വിമാനങ്ങളാണ് വെടിവെച്ചിട്ടത്. പക്ഷേ ഇതെ കപ്പല്‍പ്പടയിലെ ലൈറ്റ് ക്രൂയിസര്‍ ‘ബര്‍മിങ്ങ്ഹാം’ (സി.സി.62) ജര്‍മ്മന്‍ വ്യോമാക്രമണത്തില്‍ ഹാങ്ങര്‍ ഡെക്കിലെ ആയുധശേഖരത്തില്‍ ബോംബ് പൊട്ടിത്തെറിക്കുകയും 700 ഓളം നാവികരുള്‍പ്പെടെ കത്തിചാമ്പലായി പസഫിക് സമുദ്രത്തില്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് 108 നാവികരുടെ ജീവനെടുത്ത് ‘പ്രിന്‍സ്റ്റണ്‍’ ചെറുവിമാനവാഹിനിയും 270 നാവികരുടെ ജീവനെടുത്ത് ‘ഏവിയേറ്റര്‍’ ചെറുവിമാനവാഹിനിയും സമുദ്രത്തില്‍ കത്തിയമര്‍ന്നു. ജപ്പാന്റെ ‘ഇംപീരിയല്‍ നേവി’ അങ്ങിനെ കീഴടങ്ങാന്‍ വിസമ്മതിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി.

സഖ്യസേനയുടെ നാവികസേനാ വിന്യാസം

ഒക്ടോബര്‍ 24 അര്‍ദ്ധരാത്രികഴിഞ്ഞ് താത്കാലിക താവളമായി ‘ലൂസന്‍’ ദ്വീപിനും ‘സമര്‍’ ദ്വീപിനും നടുവിലെ ‘സാന്‍ ബെര്‍ണാര്‍ഡീനോ’ മുനമ്പ് ‘ഒസാവോ’ തിരഞ്ഞെടുത്തു. ‘മിറ്റ്‌സ്ച്ചറിന്റെ’ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകളെ അനുഗമിച്ചിരുന്ന ചരക്ക് കപ്പലുകള്‍ ആക്രമിക്കുക എന്നായിരുന്നു ഇതിന്റെ ലക്ഷ്യം എന്നാണ് ആദ്യം സഖ്യസേന കരുതിയത്. പക്ഷേ അമേരിക്കന്‍ നേവിയുടെ ചെറുവിമാനവാഹിനിയായ ‘ഇന്റിപെന്റന്‍സില്‍’ നിന്നുള്ള രാത്രി ആക്രമണങ്ങള്‍ക്കും ചാരവൃത്തിക്കും സുസജ്ജമായ ‘എയര്‍ ഗ്രൂപ്പ് 41’ തങ്ങളുടെ ‘അവഞ്ചര്‍’ റഡാര്‍ സംവിധാനത്താല്‍ ആക്രമിക്കാന്‍ തക്കം പാര്‍ത്ത് കിടന്നിരുന്ന ജപ്പാന്റെ വമ്പന്‍ നാവിക സേനയുടെ സാന്നിധ്യം മനസ്സിലാക്കി. ‘മാക് അര്‍തര്‍’ കരുതിയത് ഈ വിവരം അമേരിക്കയുടെ ഹാല്‍സി നേതൃത്വം കൊടുത്ത മൂന്നാം കപ്പല്‍പ്പടയ്ക്ക് കൈമാറി. പക്ഷേ ഹാല്‍സി ഈ വിവരം തള്ളിക്കളയുകയാണുണ്ടായത്. ഇത് കൂടാതെ ആസ്‌ട്രേലിയന്‍ ടാസ്‌ക്ക് ഫോഴ്‌സിന്റെ 38-ആം ‘സെര്‍ച്ച് ടീമും’ ശത്രുവിന്റെ സിന്നിദ്ധ്യം ‘ഹാല്‍സി’യ്ക്ക് കൈമാറി. ‘ഒസാവ’യുടെ നേതൃത്വത്തിലുള്ള 4 വിമാനവാഹിനിക്കപ്പലുകളും മറ്റനേകം യുദ്ധക്കപ്പലുകളും സമീപത്ത് തന്നെയുണ്ടെന്നവിവരം മുതിര്‍ന്ന നാവികര്‍ ഹാല്‍സിയെ അറിയിച്ചു. രണ്ടു വിവരങ്ങളും ക്രോഡീകരിച്ചപ്പോള്‍ ഒസാവയുടെ നാവിക വ്യൂഹത്തിന്റെ ലക്ഷ്യം സഖ്യസേനക്ക് മനസ്സിലായി. വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യുടെ നേതൃത്വത്തില്‍ കടന്നുവരാന്‍പോകുന്ന ‘സെന്റര്‍ ഫോഴ്‌സ്’ നാവികവ്യൂഹത്തിന് വഴികാട്ടുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആക്രമിക്കാനുള്ള ‘മിറ്റ്‌സ്ച്ചറി’ന്റെ നിര്‍ദ്ദേശം വീണ്ടും ഹാല്‍സി നിരാകരിച്ചു.

പ്രിൻസ്റ്റൺ കത്തിയമർന്നപ്പോൾ

ഇതേസമയം വടക്ക് ജപ്പാന്‍ കടലില്‍ ‘ടോക്യോ’ ആസ്ഥാനമായുള്ള ജപ്പാന്റെ മൂന്നാം കപ്പല്‍പ്പട അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുമായി സുറിഗാവോ മുനമ്പില്‍ വെച്ച് ഏറ്റുമുട്ടി. ചെറുബോട്ടുകള്‍ മുതല്‍ ഭീമാകാരമായ വിമാനവിഹിനിക്കപ്പലുകള്‍ വരെ ഇരുഭാഗത്തുനിന്നും ആക്രമണത്തില്‍ പങ്കെടുത്തു. ഇതാണ് ലോകം കണ്ട ഏറ്റവും വലിയ നാവികയുദ്ധമുഖമായി ചരിത്രം വിശേഷിപ്പിച്ചത്. യുദ്ധം അവസ്സാനിച്ചപ്പോഴേക്കും ‘ടക്കിയോ കുറീറ്റാ’യുടെ നാവികസേന കിഴക്കോട്ടേക്കും ‘ജിസബുവോ ഒസാവ’യുടെ ബാക്കിവന്ന യുദ്ധക്കപ്പലുകളുമായി വടക്കന്‍ ദിശയിലേക്ക് പോവുകയും ചെയ്തു.

1944 ഒക്ടോബര്‍ 25ന് വൈസ് അഡ്മിറല്‍ ‘കിന്‍കെയ്ഡി’ന്റെ നേതൃത്വത്തില്‍ നിന്ന മൂന്നാം എസ്‌കോര്‍ട്ട് ഗ്രൂപ്പിലെ ‘അവഞ്ചര്‍’ റഡാറില്‍ ഒരു പടു കൂറ്റന്‍ ജപ്പാന്‍ നാവികസേനാവിന്യാസം സാന്‍ ബെര്‍ണാര്‍ഡിനോ മുനമ്പില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വൈസ് അഡ്മിറല്‍ ‘ടക്കിയോ കുറീറ്റാ’യുടെ നേതൃത്വത്തില്‍ മുന്നോട്ടാക്രമിക്കാനെത്തിയ ജപ്പാന്‍ നാവികസേനയെ നേരിട്ടത് അമേരിക്കന്‍ നേവിയുടെ റിയര്‍ അഡ്മിറല്‍ ‘ക്ലിഫ്റ്റണ്‍ സ്പാര്‍ഗ്വെ’യുടെ ടാസ്‌ക് ഗ്രൂപ്പ് 77.4.3 യും, 6 കോര്‍വെറ്റ്‌സും, 7 എസ്‌ക്കോര്‍ട്ട് പടക്കപ്പലുകളുമായിരുന്നു. സമര്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്തുവെച്ച് ഇരുനാവികസേനകളും ശക്തമായ യുദ്ധത്തിന് തുടക്കംകുറിക്കുകയും ചെയ്തു. ‘ക്ലിഫ്റ്റണ്‍ സ്പാര്‍ഗ്വെ’യുടെ നാവികസേനക്ക് വെല്ലുവിളിയുമായെത്തിയത് 4 യുദ്ധക്കപ്പലുകളും, 8 ക്രൂയിസറുകളും, 11 ഡിസ്ട്രോയറുകളുമായിരുന്നു. പക്ഷേ അപ്പോഴും സഖ്യസേനയുടെ രക്ഷയ്‌ക്കെത്തിയത് വ്യോമസേനയുടെ വിമാനങ്ങള്‍ തന്നെയായിരുന്നു. ‘അവഞ്ചര്‍’ റഡാറിന്റെ ബലത്തില്‍ ശക്തമായ ടോര്‍പിഡോ ആക്രമണം നടത്താനും അവര്‍ക്കായി.

കമികേസ്‌ വിമാനം

അതിശക്തമായ ആക്രമണത്തിലൂടെ ജപ്പാന്റെ ഇംപീരിയല്‍ നേവി മുന്നേറിക്കൊണ്ടേയിരുന്നു. ‘ഗാംബിയര്‍ ബേ’ എന്ന വിമാനവാഹിനിക്കപ്പല്‍ ഈ ജാപ്പാനീസ് ആക്രമണത്തില്‍ തകര്‍ന്ന് കടലിനടിയിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. 1940 ല്‍ വിമാനവാഹിനിക്കപ്പല്‍ ‘ഗ്ലേറിയസ്’ മുങ്ങിയതിന് ശേഷം ആദ്യമായായിരുന്നു പടക്കപ്പലാക്രമണത്തില്‍ ഒരു അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ മുങ്ങി നശിക്കുന്നത്.ആ വൈകുന്നേരമാണ് ‘സെന്റ് ലോ’ എന്ന യുദ്ധക്കപ്പല്‍ യുദ്ധവിമാനം ഇടിച്ചിറക്കപ്പെട്ട് കത്തിച്ചാമ്പലായി നശിച്ചത്. ‘സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്’ എന്ന ‘കമികോസ്’ ആത്മഹത്യാ വിഭാഗത്തിന്റെ ആദ്യത്തെ ഇര. ‘കമികോസ്’ ആ ഒരൊറ്റദിവസം തകര്‍ത്തത് ആറോളം കോര്‍വെറ്റുകളായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഈ ‘കമികോസ്’ ആക്രമണരീതി സഖ്യരാജ്യങ്ങളുടെ നാവികസേനകളില്‍ ഭീതിപടര്‍ത്തി. സമര്‍ തീരം ഈ യുദ്ധനാടകം കണ്ട് അന്തിച്ചുനിന്നു. കലിപൂണ്ട ‘ഹെല്‍സി’യുടെ മൂക്കിന് താഴെക്കൂടെ തന്റെ 4 വിമാനവാഹിനിക്കപ്പലുകള്‍ പായിച്ച് ‘ഒസാവയും’ കഴിവ് തെളിയിച്ചു. വടക്കന്‍ ഫിലിപ്പൈന്‍സിലെ ദ്വീപസമൂഹങ്ങളായിരുന്നു അവയുടെ ലക്ഷ്യം.

യുദ്ധാനന്തരം ഫിലിപ്പൈൻസ് തീരത്ത് കപ്പലിറങ്ങിയ സഖ്യസേന

ഇതേസമയം അമേരിക്കന്‍ നേവിയുടെ മൂന്നാം കപ്പല്‍പ്പട ജപ്പാന്റെ അവശേഷിച്ചിരുന്ന യുദ്ധക്കപ്പലുകളും വിമാനവാഹിനികളും നശിപ്പിച്ചു. ഈ വിവരമറിഞ്ഞ ഹെല്‍സി ചരിത്രത്തിലെ മണ്ടത്തരം കാണിക്കുകയും ‘സാന്‍ ബര്‍ണാര്‍ഡോ’ മുനമ്പില്‍ നിന്ന് സേനയെ ആക്രമണത്തിനായി മാറ്റി വിന്യസിക്കുകയും ചെയ്തു. ഹെല്‍സി കരുതിയത് വൈസ് അഡ്മിറല്‍ ‘വില്ലീസ് ലീ’യുടെ 34-ആം കപ്പല്‍വ്യൂഹം സാന്‍ ബര്‍ണാര്‍ഡോ മുനമ്പില്‍ നില നിര്‍ത്തിയാല്‍ ശത്രു പക്ഷത്ത് നിന്നുള്ള ഏതൊരാക്രമണത്തേയും നിഷ്പ്രഭമാക്കാനാവുമെന്നാണ്.പക്ഷേ യുദ്ധത്തിലെ കഴിവുകള്‍ ചിന്തകളിലേക്ക് ആവാഹിക്കാന്‍ ഹെല്‍സിക്ക് കഴിയാതെ പോയതിലൂടെയുണ്ടായ നാശം വളരെ വലുതായിരുന്നു. വൈകാതെതന്നെ ജപ്പാന്റെ യുദ്ധക്കപ്പലുകള്‍ അമേരിക്കന്‍ പടക്കപ്പലുകളുടെ മേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ ഹെല്‍സിക്ക് പിന്നീട് ചിന്തിക്കാനൊരവസരം കൊടുക്കാതെ ഒസാവയുടെ നാവികസേന എണ്ണമറ്റ അമേരിക്കന്‍ കപ്പലുകളുടെ മേല്‍ ഇടിത്തീപോലെ ആക്രമണം നടത്തി. ഏകദേശം ആറോളം യുദ്ധക്കപ്പലുകള്‍ നശിപ്പിക്കപ്പെടുകയും ബാക്കിയുള്ളവ കേടുവരുത്തപ്പെടുകയും ചെയ്തു. ഏകദേശം ഒരുമണിക്കൂറോളം ഗാഢമായി ആലോചിച്ച ശേഷം ഹെല്‍സി തന്റെ നാവികസേനാവ്യൂഹത്തോട് തിരിച്ച് പഴയ സ്ഥലത്തേക്ക് പോകാന്‍ ഉത്തരവ് കൊടുത്തു. പക്ഷേ എല്ലാം വൈകിപ്പോയിരുന്നു. വിനാശം വിതച്ച് ഒസാവയുടെ സേന കടന്നു പോയിക്കഴിഞ്ഞിരുന്നു. 4 വിമാനവാഹിനികളും 116 വിമാനങ്ങളുമായി യുദ്ധം തുടങ്ങിയ ഒസാവ’യുടെ സേനക്ക് 25 യുദ്ധവിമാനങ്ങള്‍ ആ യുദ്ധത്തില്‍ നഷ്ടപ്പെട്ടു.

ഒക്ടോബര്‍ 26 രാവിലെ 8 മണിയോടെ ‘മിറ്റ്‌സ്‌ച്ചെര്‍’ തന്റെ വിമാനവാഹിനികളായ ‘എസ്സെക്‌സ്’, ‘ലെക്‌സിങ്ങ്ന്റണ്‍’ എന്നിവയില്‍ നിന്നുള്ള 180 ഓളം യുദ്ധവിമാനങ്ങള്‍ ഒസാവയുടെ നാവികസേനക്ക് നേരെ ആക്രമണമഴിച്ചുവിട്ടു. ഒസാവയുടെ സേനയിലെ ‘ചീറ്റോസ്’,’സുയിഹോ’ എന്നീ കോര്‍വെറ്റുകളും ഒരു ഡിസ്‌ട്രോയറും കത്തിചാമ്പലാവുകയും രണ്ട് വിമാനവാഹിനികള്‍ക്ക് സാരമായി കേടുപാടുകള്‍ പറ്റുകയും ചെയ്തു. തുടര്‍ന്ന് ‘ഒസാവ’ തന്റെ ജപ്പാന്‍ ഇംപീരിയല്‍ പതാക ‘ഒയോഡ’ എന്ന ക്രൂയിസറിലേക്ക് മാറ്റുകയും ചെയ്തു.

യുദ്ധവിജയത്തിന് ഒസാവയുടെ മരണം അനിവാര്യമാണെന്ന് സഖ്യസേനകള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സഖ്യസേനയുടെ ഗ്രൂപ്പ് കമാന്റര്‍ ‘ഡേവിഡ് മക്ക് കാംബെല്‍’ ആണ് ചെറുകാരിയറായ ‘ചിറ്റോസിനെ’ മുക്കിയതിന് കാരണമായ ആക്രമണം നടത്തിയത്. വിമാനവാഹിനിക്കപ്പലായ ‘ലെക്‌സിങ്ങ്ന്റണ്‍’ നിയന്ത്രിച്ചിരുന്ന ‘ഹഗ്ഗ് വിന്റേഴ്‌സ്’ 200 ഓളം യുദ്ധവിമാനങ്ങളെ അവശേഷിക്കുന്ന ജപ്പാന്‍ കപ്പല്‍പ്പടയെ നശിപ്പിക്കാനായി അയച്ചു. ജപ്പാന്റെ ‘സുയികാക്കൂ, സുയിഹോ എന്നീ വിമാനവാഹിനികളെ ആണ് യുദ്ധവിമാനങ്ങള്‍ ആദ്യം ആക്രമിച്ചത്. അത്യാധുനിക വിമാനവേധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇരുനൂറോളം വരുന്ന യുദ്ധവിമാനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പത്തിമടക്കി. ‘സുയിഹോ’ പൊട്ടിത്തെറിച്ചില്ലാതായി. ‘സുയികാക്കൂ’ നിന്നുപോവുകയും പിന്നീട് സമുദ്രത്തിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ജാപ്പാനീസ് എസ്‌ക്കോര്‍ട്ട് പടക്കപ്പലുകള്‍ക്കും ഇതേ ഗതിയില്‍ മുങ്ങിപ്പോകാനായിരുന്നു വിധി. അങ്ങിനെ ഒരേ ആക്രമണത്തില്‍ മൂന്ന് വിമാനവാഹിനികളെ നശിപ്പിക്കാന്‍ കഴിഞ്ഞു എന്ന ഖ്യാതിയും ‘ഹഗ്ഗ് വിന്റേഴ്‌സി’നെ തേടിയെത്തി. ഇതേ സമയം ‘ഹാല്‍സേ’ 4 ക്രൂയിസറുകളും 9 കോര്‍വെറ്റുകളും അയച്ച് ‘ഒയോഡ’യെ മുക്കുകയും ചെയ്തു. തുടര്‍ന്ന് ‘ലെയ്‌റ്റെ’ യുദ്ധത്തിന് ശേഷവും 26, 27 തീയതികളില്‍ സഖ്യസേനയുടെ കപ്പലുകളും വിമാനങ്ങളും ഒരു ജപ്പാനീസ് ക്രൂയിസറിനേയും 3 ഡിസ്‌ട്രോയേഴ്‌സിനേയും നശിപ്പിക്കുകയും ചെയ്തു. അങ്ങിനെ വെറും നാലുദിവസത്തെ ‘ലെയ്‌റ്റേ’ യുദ്ധത്തിനൊടുവില്‍ ജപ്പാന് നഷ്ടമായത് 26 ഓളം ചെറുതും ഭീമാകാരവുമായ യുദ്ധക്കപ്പലുകളായിരുന്നു.

ലെയ്‌റ്റെ യുദ്ധത്തിന് ശേഷം വീണ്ടും ഫിലിപ്പൈന്‍സ് തീരത്ത് സഖ്യരാജ്യങ്ങളുടെ നാവികസേനയും ജപ്പാന്റെ ഇംപീരിയല്‍ നാവികസേനയും ഏറ്റുമുട്ടുകയും ജപ്പാന്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ലെയ്‌റ്റെ യുദ്ധത്തിന് ശേഷം ‘കമികോസ്’ എട്ടോളം സഖ്യകക്ഷികളുടെ വിമാനവാഹിനികളില്‍ ആക്രമണം നടത്തി. പലതും മാസങ്ങളോളം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റേണ്ടിയും വന്നു. പിന്നീട് അമേരിക്ക ഫിലിപ്പൈന്‍സ് കീഴടക്കുകയും ജപ്പാന്റെ മുന്നേറ്റം തടയുകയും ചെയ്തു. തുടര്‍ന്ന് ആവശ്യത്തിനുള്ള എണ്ണയുടെ അഭാവമുണ്ടാവുകയും അതിനായവര്‍ സഖ്യസേനയുടെ എണ്ണഡിപ്പോകൾ ആക്രമിക്കുകയും ചെയ്തു. ഇതില്‍ കലിപൂണ്ട അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിടുകയും ചെയ്തു. മനുഷ്യന്‍ അവന്റെ ആസുരഭാവം കാണിച്ച ലോകമഹായുദ്ധങ്ങള്‍ പട്ടിണിയും പരിപട്ടവും രക്തസാക്ഷികളും അംഗവൈകല്യവും അരാജകത്വവും അനാഥത്വവും മാത്രം നല്‍കി കടന്നുപോയി. ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാവാതിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു..നന്ദി…നല്ല നമസ്ക്കാരം…

കടപ്പാട്- ബാരെറ്റ് ടില്‍മാന്റെ ‘ബുക്ക് ഓണ്‍ വേവ് ആന്റ് വിങ്ങ് : ദി 100 ഇയര്‍ ക്വസ്റ്റ് ടു പെര്‍ഫെക്റ്റ് ദി എയര്‍ക്രാഫ്റ്റ് കാരിയര്‍’

Leave a Reply

Your email address will not be published.

*