‘മാലാഖ’

in കഥ

‘കാവല്‍ മാലാഖമാരെ, നിങ്ങളെന്റെ മകളെ കാത്തുകൊള്ളേണമെ
എന്റെ പ്രാര്‍ത്ഥനകള്‍ തള്ളിക്കളയരുതെ..’
-ഒരമ്മയുടെ പ്രാര്‍ത്ഥനകളില്‍ നിന്ന്

ചൂണ്ടുവിരല്‍ത്തുമ്പുകൊണ്ടുരച്ചു നോക്കിയെങ്കിലുമത് മാഞ്ഞില്ല. റോസിലി കരുതിയത് കുമ്മായപ്പാടാണെന്നാണ്. വീടിനു പിന്നിലായി, ആകാശം നോക്കി നിൽക്കുന്ന കുളിമുറിയുടെ ചുവരുകളില്‍, അടര്‍ന്നു വീഴാന്‍ മുഹൂര്‍ത്തം കാത്തിരിക്കുന്ന കുമ്മായത്തിന്റെ പാളികള്‍ ശ്രദ്ധയില്‍ പെട്ടിട്ട് രണ്ടു ദിവസങ്ങള്‍ പോലുമായിട്ടില്ല. അവധിദിവസങ്ങളില്‍ റോസിലി കുഞ്ഞു മിഷയെ കുളിപ്പിക്കുന്നതവിടെയാണ്. ആ ദിവസങ്ങളില്‍ അവളുടെ അച്ഛന്‍ ജോസഫിനും പ്രകൃതിയോട് ഒരു പ്രത്യേക സ്‌നേഹം തോന്നും. അപ്പോഴവിടെ പോയി നിന്നാണയാളും കുളിക്കുക. സിമന്റ് തറയില്‍ ഉപ്പൂറ്റിയുരച്ച് കഴുകിയതിന്റെ സുഖം വന്നു റോസിലിയോട് വിവരിക്കുകയും ചെയ്യും. ജോസഫിന്റെ അവധി ദിവസത്തെ കുളി ഒരു ആഘോഷമാണ്. ആഘോഷം കഴിഞ്ഞാല്‍ മണമുള്ള സോപ്പില്‍ അയാളുടെ മുടിയിഴകളുണ്ടാകും, താഴെ വീണ് സോപ്പിന്റെ വക്ക് ചളുങ്ങിയിട്ടുണ്ടാകും, മണ്‍ത്തരികള്‍ സോപ്പിനു പരുക്കന്‍ പുറം സമ്മാനിച്ചിട്ടുണ്ടാകും. അതെല്ലാം നഖം കൊണ്ട് ചുരണ്ടി കളഞ്ഞശേഷമെ റോസിലി കുഞ്ഞു മിഷേലിനെ കുളിപ്പിക്കൂ. അയല്‍വക്കത്തുള്ള കുട്ടികളുമൊത്ത് കളിക്കുമ്പോള്‍, ചുവരുകളില്‍ പായലു പിടിച്ച് പച്ച നിറം കലര്‍ന്ന ആ ചെറിയ മുറി മിഷേലിനു ഒളിയിടമാകും. റോസിലി ചെറിയ ചുവന്ന മഗ് നിറയെ വെള്ളം കോരിയെടുത്ത് വീണ്ടും മിഷേലിന്റെ ചുമലിലേക്ക് കോരിയൊഴിച്ചു. മിഷേലിന്റെ ഇടതുചുമലിനു താഴെയായി കാണപ്പെട്ട വെളുത്ത് പാട് അപ്പോഴും പോയില്ല. കുഞ്ഞു മിഷയാണേല്‍ കണ്ണും പൂട്ടി കൈകള്‍ ദേഹത്തോട് ചേര്‍ത്ത് വെച്ച് തണുപ്പുള്ളിലേക്ക് കയറാതെ ചെറുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഒരോ തവണയും വെള്ളം അവളുടെ ദേഹത്തെ പൊതിയുമ്പോള്‍ അവള്‍ സ്വയം ചുരുങ്ങാന്‍ ശ്രമിച്ചു. തല കുടഞ്ഞും, കാലുകള്‍ താളത്തില്‍ ചവിട്ടിയും അവള്‍ കുളി ഒന്നു തീര്‍ന്നു കിട്ടാന്‍ ധൃതി കാണിച്ചു.

കുളി കഴിഞ്ഞു തലതുവര്‍ത്തുമ്പോള്‍ മിഷ നിര്‍ത്താതെ മൂളിയ ശബ്ദം, റോസിലിയുടെ കൈകളുടെ ചലനത്താല്‍ താളത്തില്‍ വിറച്ചു കൊണ്ടിരുന്നു. ഇതൊക്കെയും പതിവുകളാണ്. ഈ പതിവുകളില്ലാതെ അവരുടെ ജീവിതം പൂര്‍ണ്ണമാകുമായിരുന്നില്ല. മിഷയുടെ മേല് തുടയ്ക്കുമ്പോള്‍ വീണ്ടും റോസിലി മുതുകിലെ വെളുത്ത പാട് ശ്രദ്ധിച്ചു. തോര്‍ത്ത് കൊണ്ട് ഉരച്ചു നോക്കി. തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ ജോസഫിനോടതേക്കുറിച്ച് പറയണമെന്നുറപ്പിക്കുകയും ചെയ്തു. വെളുത്ത പാടുകള്‍ സൂക്ഷിക്കണം. ഇനി വല്ല പാണ്ടോ ചര്‍മ്മരോഗമോ വരുന്നതിന്റേയും തുടക്കമാണോ?. തന്റെ കുടുംബത്തിലാര്‍ക്കും അതില്ല. ഇനി ജോസഫിന്റെ കുടുബത്തില്‍..?. അതോ സ്‌കൂളിലേതെങ്കിലും കുട്ടികളില്‍ നിന്ന് പകര്‍ന്നാതാവുമോ?. ആലോചിക്കുംതോറും തോറും അവളുടെ ആധിപിടിച്ച ചിന്തകള്‍ക്ക് കൂടുതല്‍ ശിഖരങ്ങള്‍ മുളച്ചു.

മനസ്സില്‍ പടര്‍ന്ന വെളുപ്പ് തത്ക്കാലത്തേക്ക് മായ്ച്ചു കളഞ്ഞെങ്കിലും രാത്രി വീണ്ടുമത് തെളിഞ്ഞു വന്നത് കൊണ്ട് റോസിലി ജോസഫിനോടതേക്കുറിച്ച് പറഞ്ഞു.
‘അതിനു തക്ക പാപം ചെയ്തവരാരും എന്റെ കുടുംബത്തിലില്ലെടി’ എന്നലസമായി പറഞ്ഞ് അയാള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് മുഖം തിരിച്ചു.
‘എന്റെ വീട്ടിലും ആര്‍ക്കുമില്ല. ഇച്ചാച്ചന്റെ വീട്ടിലും ആര്‍ക്കുമില്ല..പിന്നെ..?’
അതിനുത്തരം അലസമായോ ഗൗരവമായോ പറഞ്ഞാല്‍ അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന് തോന്നിയതു കൊണ്ട് ജോസഫ് തികഞ്ഞ മൗനം പാലിച്ചു.

തിങ്കളാഴ്ച്ച രാവിലെ ജോസഫിനു ടിഫിന്‍ നിറയ്ക്കുന്നതിന്റേയും മിഷയെ സ്‌കൂളില്‍ പോകുന്നതിനായി ഒരുക്കുന്നതിന്റേയും തിരക്കുകള്‍ക്ക് നടുവിലായിരുന്നു റോസിലി. അകത്തെ മുറിയില്‍ ജോസഫ് ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലായിരുന്നു. വാച്ച്?..വാച്ച് കാണുന്നില്ല. തലേദിവസം അഴിച്ച് പേഴ്‌സിനു മുകളില്‍ വെച്ചതാണ്. സാധാരണ പകല്‍ ചെന്നു നോക്കുമ്പോഴും അതവിടെ തന്നെ കാണുന്നതാണ്. കാണേണ്ടതാണ്. എന്തു കാണാതായാലും, അന്വേഷിക്കുന്നതിനേക്കാള്‍ എളുപ്പം റോസിലിയെ ആ ജോലി ഏല്‍പ്പിക്കുന്നതാണ്. എന്നാല്‍ റോസിലി ആ ജോലിയുടെ ബാറ്റണ്‍ മിഷയ്ക്ക് കൈമാറും. എപ്പോഴും ജോസഫിന്റെ വിളിയുടെ ആഘാതം അവസാനം ചെന്നു പതിക്കുന്നത് മിഷയുടെ പുറത്തായിരിക്കും.
‘അവള്‍ക്ക് നല്ല കണ്ണാ..എന്തു നോക്കിയാലും ആദ്യം അവള്‍ടെ കണ്ണിലേ പെടൂ’
ഇത്തവണയും തെറ്റിയില്ല. മിഷ, വാച്ച് ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിക്കൊണ്ടു വരുന്നത് പോലെ കൊണ്ടു വന്നു ജോസഫിനെ ഏൽപ്പിച്ചു.
‘എന്റെ മാലാഖക്കുഞ്ഞ്! മിഷമോളാണെന്റെ ഭാഗ്യം’ മകളുടെ കവിളില്‍ ഉമ്മ വെച്ചു കൊണ്ടയാള്‍ പറഞ്ഞു.
‘കണ്ണു വെയ്ക്കാതെ’ അതും പറഞ്ഞു റോസിലി ജോസഫിനെ നോട്ടം കൊണ്ട് താക്കീത് ചെയ്തു.

ജോസഫ് മിഷയുമായി ബൈക്കില്‍ പോയതിനു ശേഷം റോസിലി വെളുപ്പിനെ കുറിച്ച് കൂടുതലായി ആലോചിക്കാന്‍ തുടങ്ങി. രാവിലെ മിഷേലിനെ കുളിപ്പിക്കുമ്പോഴും ആ വെളുത്തപാട് മാഞ്ഞുപോകാതിരുന്നത് റോസിലി ശ്രദ്ധിച്ചിരുന്നു. ചെറിയ ഒരു തടിപ്പുണ്ടിപ്പോള്‍. അതു മാത്രമല്ല വെളുപ്പ് പടരുന്നോ എന്നും സംശയം. ഇപ്പോള്‍ മുതുകില്‍ രണ്ടിടത്ത് വെളുപ്പ് കാണുന്നുണ്ട്. ഏതെങ്കിലും ഒരു സ്‌കിന്‍ ഡോക്ടറെ ഉടന്‍ കാണിക്കണം. എത്രപെട്ടെന്നാണിത് പടരുന്നത്. വൈകിട്ട് ജോസഫ് വരുന്നതും കാത്ത് റോസിലി ഇരുന്നു. ഇടവേളകളില്‍ കാവല്‍മാലാഖമാരെ വിളിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

വൈകിട്ട് വന്നയുടന്‍ ജോസഫിനെ റോസിലി അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. മിഷ പതിവു പോലെ ഡൈനിംഗ്‌ടേബിളില്‍ അവളേയും കാത്തിരുന്ന ബിസ്‌ക്കറ്റിന്റേയും ചൂടുപാലിന്റേയും മുന്നില്‍ ഇരുപ്പുറപ്പിച്ചു. റോസിലിയുടെ ആധി, ഗൗരവത്തോടെ എടുക്കണമോ വേണ്ടയോ എന്ന് ജോസഫ് സംശയിച്ചു. ചിലപ്പോള്‍ അതു എണ്ണമാറി തേച്ചതോ, എവിടെയെങ്കിലും വീണു പോറിയതോ അങ്ങനെ വല്ലതുമായിക്കൂടെ?. രണ്ടു ദിവസം കഴിയുമ്പോള്‍ താനെ മാറിയാലോ?. അല്ലെന്ന് റോസിലി തറപ്പിച്ചു പറഞ്ഞു. എന്നാല്‍ സംശയങ്ങള്‍ ഇപ്പോള്‍ തന്നെ ദൂരികരിക്കാമെന്നായി.
ജോസഫ് മിഷയെ മുറിയിലേക്ക് വിളിച്ചു.
‘വരുന്നു പപ്പാ’ എന്നു പറഞ്ഞ് മിഷ ഓടിവന്നു.
യൂണിഫോം ഉടുപ്പ് മാറ്റി നോക്കിയപ്പോള്‍ ജോസഫും കണ്ടു, വെളുത്ത രണ്ടു പാടുകള്‍. തൊട്ടു നോക്കി. എന്തോ തട്ടുന്നുണ്ട്. റോസിലി ശ്രദ്ധിച്ചു, പാടുകള്‍ രാവിലെ കണ്ടതിലും കൂടുതലായിരിക്കുന്നു. ഇപ്പോള്‍ തൊലിപ്പുറത്തേക്ക് അതു വളര്‍ന്നിട്ടുണ്ട്. വിരലു കൊണ്ടുരസുമ്പോള്‍ തട്ടുന്നുണ്ട്. കൂര്‍ത്ത എന്തോ പോലെ.
‘എന്താ പപ്പാ?’ പപ്പയുടേയും മമ്മയുടേയും ഭാവവ്യത്യാസം കണ്ട് മിഷേല്‍ ചോദിച്ചു.
‘ഒന്നൂല്ല മോളെ…നമുക്ക് ഡോക്ടറുടെ അടുത്തൊന്ന് പോയേച്ചു വരാം’.

തങ്ങളുടെ ടോക്കണ്‍ വിളിക്കുന്നതും കാത്തിരിക്കുമ്പോള്‍ റോസിലി തലേദിവസം കണ്ട സ്വപ്നത്തെക്കുറിച്ചാണോര്‍ത്തത്. പതിവില്ലാതെ അമ്മച്ചി സ്വപ്നത്തിലെന്തിനാ കയറി വന്നത്? വന്നതല്ലാതെ ഒന്നുമൊട്ട് പറഞ്ഞതുമില്ല. വരാന്തയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു അമ്മച്ചി. അമ്മച്ചിയുടെ മടിയില്‍ മിഷമോള്‍. മിഷ ജനിക്കുന്നതിനു മുമ്പേ അമ്മച്ചി പോയതാണ്. പക്ഷെ സ്വപ്നത്തില്‍ മിഷയ്ക്ക് അമ്മച്ചിയെ നല്ല പരിചയമുള്ളത് പോലെയാണ് കാണപ്പെട്ടത്. അമ്മച്ചി മിഷയുടെ തോളില്‍ തടവിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് സാവധാനം മിഷയുടെ രണ്ടു കൈകളുമുയര്‍ത്തി ഒരു പക്ഷിയെ അനുസ്മരിപ്പിക്കും വിധം പറക്കുന്നതായി കാണിച്ചു. എന്താണത്? ഏതു ആകാശയാത്രയെ കുറിച്ചാണ് അമ്മച്ചി പറയുന്നത്?
‘ടോക്കണ്‍ പതിനൊന്ന്’ എന്ന ഉറക്കെയുള്ള വിളികേട്ട് മൂവരും അകത്തേക്ക് പോയി.

ഡോക്ടര്‍ വെളുത്തപാടില്‍ തട്ടി നോക്കി, പതിയെ അമര്‍ത്തി നോക്കി. മിഷയ്ക്ക് വേദനയൊന്നുമില്ല. അവള്‍ ചുവരിലൊട്ടിച്ച ചിത്രങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. പിന്നീട് മേശപ്പുറത്തെ വസ്തുക്കളിലൂടെയും. ഡോക്ടര്‍ പിന്നിലെ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകമെടുത്ത് ചില പേജുകള്‍ ഓടിച്ചു വായിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ റോസിലിയുടെ പരിഭ്രമം വര്‍ദ്ധിച്ചു. ഇനി ചിലപ്പോള്‍ ഡോക്ടര്‍ക്കും ഇതെന്താണെന്ന്…
അജ്ഞാതരോഗമോ, ഔഷധമില്ലാത്ത വ്യാധിയോ..ആണും പെണ്ണുമായി ഈയൊരെണ്ണമേയുള്ളൂ. മുഴുവന്‍ സ്‌നേഹവും ഇവളിലാണ് നിറച്ചിരിക്കുന്നത്.
‘മിഷേലിനു എന്താണ് പ്രശ്‌നമെന്ന് കൃത്യമായി പറയാന്‍ പറ്റില്ല. ഞാന്‍ മറ്റൊരു ഡോക്ടര്‍നു റെഫര്‍ ചെയ്യാം. എന്റെ ഫ്രണ്ടും സീനിയറുമാണ്.’
അതു പറഞ്ഞ് അയാള്‍ പേരും, ഫോണ്‍ നമ്പറുമെഴുതി കൊടുത്തു.
‘ഈ നമ്പറില്‍ വിളിച്ചു ചോദിച്ചിട്ട് പൊയ്‌ക്കോള്ളൂ’
റോസിലിക്ക് എത്രയും വേഗം അവിടെ നിന്നിറങ്ങി പോകണമെന്നു തോന്നി. മറ്റൊരു ഡോക്ടറുടെ അടുത്തേക്കല്ല, നേരെ പള്ളിയിലേക്ക്. മെഴുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിക്കണം.

പടികളിറങ്ങുമ്പോള്‍ ജോസഫിന്റെ മുഖം മ്ലാനമായിരുന്നു. ചെറിയ എന്തോ സ്‌കിന്‍ ഡിസീസ് എന്നു കരുതിയതാണ്. പക്ഷെ ഇപ്പോള്‍ മറ്റെന്തോ..
പള്ളിയില്‍, ക്രൂശിത രൂപത്തിനു മുന്നില്‍ കത്തിച്ചു വെച്ച മെഴുകുതിരികളെ പോലെ റോസിലിയുടെയും ജോസഫിന്റേയും മനസ്സുരുകി. അവര്‍ മുട്ടുകുത്തി നിന്നു കുരിശ് വരച്ചു. തങ്ങള്‍ ഏറ്റുപറയാനോ മനസ്താപപ്പെടാനോ തക്ക പാപങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മനസ്സില്‍ പലയാവര്‍ത്തി ചോദിച്ചുറപ്പിച്ചു. ആ രാത്രി മിഷ, റോസിലിയുടേയും ജോസഫിന്റേം മധ്യത്തിലാണ് കിടന്നത്. ഇരുവശത്തും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന പപ്പയുടെയും മമ്മയുടേയും നടുവില്‍ കിടന്ന് മിഷ സ്വപ്നങ്ങള്‍ കണ്ടു സുഖമായുറങ്ങി.

പിറ്റേന്ന് കുളിപ്പിക്കുമ്പോള്‍ മിഷയുടെ മുതുകില്‍ നോക്കാന്‍ റോസിലിക്ക് ഭയമുണ്ടായി. പാട് അവിടെ കാണരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് അവളെ തിരിച്ച് നിര്‍ത്തിയത്. എന്നാല്‍ റോസിലി ആ കാഴ്ച്ച കണ്ട് തളര്‍ന്നു പോയി. പാടിന്റെ സ്ഥാനത്ത് വെളുത്ത് എന്തോ ഒന്ന് മുതുകില്‍ നിന്നുയര്‍ന്ന് നില്ക്കുന്നതാണ് കണ്ടത്. മുഖം മുതുകിനോട് ചേര്‍ത്ത് നോക്കി. അപ്പോഴത് കൂടുതല്‍ വ്യക്തമായി. തൊട്ടു നോക്കി. അതൊരു കോഴിക്കുഞ്ഞിന്റെ ചിറകുകള്‍ പോലുണ്ട്. അരികുകളില്‍ ചെറിയ വെളുത്തത്തൂവല്‍ പോലെ.. റോസിലി നടുങ്ങി പോയി. ഇതെന്താണ് സംഭവിക്കുന്നത്?. ഒരു മനുഷ്യന്റെ പുറത്തും തൂവല്‍ മുളച്ചു വന്നതായി കേട്ടിട്ടില്ല. ഇതു ദിനംപ്രതി വളര്‍ന്നാല്‍?. തൂവലുകള്‍ കൊണ്ട് മിഷയുടെ ശരീരം മൂടിയാല്‍. റോസിലിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവള്‍ ഉടന്‍ തന്നെ ജോസഫിനെ വിളിച്ചു. പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട് പാതി ഷേവ് ചെയ്ത മുഖവുമായി ജോസഫ് ഓടി വന്നു.
‘എന്താ എന്താ പറ്റീത്?’
‘ഇതൊന്നു നോക്കിക്കെ ഇച്ചാച്ചാ..നമ്മുടെ മിഷ മോടെ മുതുകേല്..’
മിഷ അപ്പോഴേക്കും കൈകള്‍ പിന്നിലേക്കെത്തിച്ച് എന്താണെന്നറിയാന്‍ ശ്രമമാരംഭിച്ചിരുന്നു.
ജോസഫും തൊട്ടു നോക്കി. തൂവലുകള്‍…
നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ ഒരു ഷോ ക്കു വേണ്ടി ചിറകുകളുള്ള വസ്ത്രം ധരിച്ചിരുന്നു മിഷ. നക്ഷത്രം ഒട്ടിച്ചു വെച്ച മിനുങ്ങുന്ന വടിയുമായി അവള്‍ നില്ക്കുന്ന ഫോട്ടോ അല്‍ബത്തിലുണ്ട്. സുന്ദരിയായിരുന്നു ആ വസ്ത്രത്തില്‍ അവള്‍. പക്ഷെ ചിറകുകള്‍.. അതൊക്കെയും കഥകളില്‍ മാത്രമല്ലെയുള്ളൂ. ഇതു വരെ ഒരു പെണ്‍കുട്ടിക്കും ചിറകു മുളച്ചതായി കേട്ടറിവോ വായിച്ചറിവോ ഇല്ല. പുണ്യപുസ്തകങ്ങളില്‍ പോലും പുരുഷന്മാരാണ് മാലാഖമാര്‍. ഗബ്രിയേല്‍..മിഖായേല്‍..റാഫേല്‍.. അയാള്‍ മാലാഖമാരുടെ പേരുകള്‍ ഓര്‍ത്തെടുത്തു. മാലാഖയെ പോലെ സുന്ദരി എന്നു പറഞ്ഞിട്ടുണ്ട് മിഷയെ കാണുമ്പോഴൊക്കെയും. പക്ഷെ അവള്‍ക്ക് ചിറകുകള്‍..അവള്‍ വളര്‍ന്ന് വിവാഹപ്രായമാകുമ്പോള്‍.. ജോസഫ് വിയര്‍ക്കാന്‍ തുടങ്ങി.

മിഷ ആ ദിവസം സ്‌കൂളില്‍ പോയില്ല. ജോസഫ് ഓഫീസിലും പോയില്ല. വാതിലടച്ച് അവര്‍ വീട്ടിനുള്ളില്‍ തന്നെയിരുന്നു.
ആരോടിതു പറയും?. ആശുപത്രിയില്‍ പോയാല്‍ ഇതൊരു വിചിത്രമായ കേസാണെന്ന് പറഞ്ഞ് അവര്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും. കൊച്ചു മിഷയുമായി ആശുപത്രികള്‍ കയറേണ്ടി വരും. പലരും ഇനി ഇവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കാന്‍ തുടങ്ങും. ഇതേക്കുറിച്ച് ആരെങ്കിലുമറിഞ്ഞാല്‍ പത്രക്കാര്‍ വന്നു വീടു മൂടും..ടി വി ചാനലുകള്‍..മിഷ..അവള്‍ കുഞ്ഞാണ്. അവള്‍ക്കതൊക്കെയും താങ്ങാനുള്ള ശക്തിയുണ്ടാവില്ല. അവളുടെ സ്‌കൂള്‍ജീവിതം അതോടെ തകിടം മറിയും. സുഹൃത്തുക്കള്‍..അവരോട് പോലും ഇതു പറയാനാവില്ല. അടക്കംപറച്ചിലുകള്‍ കൊണ്ട് പൊതിഞ്ഞ്, ‘ആരോടും പറയരുത്’ എന്ന താക്കീതും വെച്ചുപൂട്ടി കൈമാറാവുന്ന ഒരു രഹസ്യമല്ലിത്. ജോസഫ് ഗൗരവം കൊണ്ട് തന്റെ ആധി മറച്ചുപിടിക്കാനാവതും ശ്രമിച്ചു. തന്റെ നെറ്റിയില്‍ പൊടിഞ്ഞു പൊങ്ങുന്ന വിയര്‍പ്പ് കണ്ടാല്‍ റോസിലിയും തളരും. അയാള്‍ പോയി മുഖം കഴുകി വന്നു കട്ടിലില്‍ ഇരുന്നു. കുഞ്ഞു മിഷ കളര്‍പെന്‍സിലുകള്‍ കൊണ്ട് ഒരു ചിത്രത്തിനു നിറം പകര്‍ന്നുകൊണ്ടിരുന്നു.

പള്ളിയില്‍ പോയി ഫാദര്‍നെ കണ്ടാലോ?. പക്ഷെ ഫാദര്‍ നു എന്തു ചെയ്യാനാവും? കുഞ്ഞു മിഷയ്ക്കായി പ്രാര്‍ത്ഥിക്കാനല്ലാതെ..
ഇതാരുമറിയാതെ മൂടി വെയ്ക്കണം. മറച്ചു വെയ്ക്കണം. മിഷ പോലുമറിയരുത്. അവള്‍ക്കിതു താങ്ങാനാവുന്ന കാര്യമല്ല. ഏതെങ്കിലും ആശുപത്രിയില്‍..ശസ്ത്രക്രിയ വഴി ആ ചിറകുകള്‍ മുറിച്ച് മാറ്റണം..പക്ഷെ..ചിലപ്പോള്‍ അവ പിന്നെയും കിളിര്‍ത്ത് വന്നേക്കാം. അപ്പോള്‍? ജോസഫും റോസിലിയും എന്താ ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥരായി. തത്ക്കാലം അവള്‍ സ്‌കൂളില്‍ പോകട്ടെ. എല്ലാം പതിവ് പോലെ തന്നെ ഇരിക്കട്ടെ. മിഷയോട് ഇതേക്കുറിച്ചൊന്നും പറയണ്ട.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍, റോസിലിയേയും ജോസഫിനേയും ഭയചകിതരാക്കി കൊണ്ട് ചിറകുകള്‍ ഒളിച്ചു വെയ്ക്കാനാവാത്ത വിധം വളര്‍ന്നു കഴിഞ്ഞിരുന്നു. റോസിലി കണ്ണീരടക്കാന്‍ ശ്രമിച്ചു കൊണ്ട് മിഷയുടെ കുഞ്ഞുശരീരം തുണി കൊണ്ട് ചുറ്റിവരിഞ്ഞു.
‘മിഷ മോള്‍ക്ക് തണുക്കാതിരിക്കാനാ’
മിഷയ്ക്ക് തന്റെ ശരീരം വരിഞ്ഞു മുറുകുന്നത് തീരെ ഇഷ്ടമായില്ല. തന്റെ പിന്നില്‍ എന്തോ ഭാരം വെച്ചതു പോലെ എന്നവള്‍ പരാതി പറയാന്‍ തുടങ്ങി. കിടക്കുമ്പോള്‍ എന്തൊ കുത്തുന്നത് പോലെ എന്നവള്‍ മമ്മയോട് പരാതി പറഞ്ഞുകൊണ്ടിരുന്നു. ‘എല്ലാം മോള്‍ക്ക് വെറുതെ തോന്നുന്നതാ, അവിടെ ഒന്നുമില്ല’ എന്നൊക്കെ പറഞ്ഞുവെങ്കിലും, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മിഷ കണ്ണാടിയില്‍ നോക്കി അതു കണ്ടുപിടിക്കുക തന്നെ ചെയ്തു.
‘മമ്മാ എനിക്ക് വിംഗ്‌സ് വന്നു!’ അവള്‍ ആവേശപൂര്‍വ്വം പറഞ്ഞു.
‘പേടിക്കണ്ട മോളെ, മമ്മ അതു മുറിച്ചു കളയാം..മോള്‍ക്ക് വേദനിക്കത്തില്ല കേട്ടോ’
എന്നാല്‍ കുഞ്ഞു മിഷ റോസിലിയെ അതിശയപ്പെടുത്തി കൊണ്ട്, ഭയപ്പെടുത്തി കൊണ്ട്, ആ നീക്കത്തെ എതിര്‍ത്തു,
‘എനിക്ക് വിംഗ്‌സ് വേണം ഞാന്‍ സ്‌കൂളില്‍ ഷോയ്ക്ക് വിംഗ്‌സ് വെച്ചതാണല്ലോ. എനിക്കിഷ്ടാണ് വിംഗ്‌സ്!’
മിഷയ്‌ക്കെന്തിനാ ചിറകുകള്‍?. അവള്‍ ചിറകുകള്‍ വീശി എവിടെ പറന്നു പോകാനാണാഗ്രഹിക്കുന്നത്?.
ഒരാശ്വാസം എന്തെന്നാല്‍ പ്രതീക്ഷിച്ചതു പോലെ അവള്‍ കരയുകയോ, പേടിച്ചു നിലവിളിക്കുകയോ ചെയ്തില്ല എന്നാണ്. സ്‌കൂളില്‍ പോകുന്നത് അവള്‍ തുടര്‍ന്നു.
‘മോളിതു ആരോടും പറയരുത്..പറഞ്ഞാല്‍ അവര്‍ മോള്‍ടെ വിംഗ്‌സ് മുറിച്ചു കളയും..സീക്രട്ടായിട്ട് വെയ്ക്കണം..’
‘പ്രോമിസ്’ – മിഷ അമ്മയ്ക്ക് കൈവെള്ളയിലടിച്ച് സത്യം ചെയ്തു. ഹൃദയഭാഗത്ത് കുരിശ് വരച്ച് റോസിലിയും.

റോസിലിക്കും ജോസഫിനും ഇപ്പോള്‍ ഉറക്കം ശരിക്കു കിട്ടാതായിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന്, അര്‍ദ്ധരാത്രി കഴിയുമ്പോള്‍ എങ്ങനെയോ ഉറങ്ങി പോവുന്നു. അവര്‍ രണ്ടു പേരുടെയും കണ്‍ത്തടങ്ങളില്‍ ഉറക്കമില്ലായ്മ കറുത്തനിറമായി തളം കെട്ടികിടന്നു.

സ്‌കൂള്‍ വിട്ടു വന്നുകഴിഞ്ഞാല്‍, അലമാരിയിലുറപ്പിച്ച നീണ്ട വലിയ കണ്ണാടിയില്‍ ചിറകുകളുടെ ഭംഗി നോക്കിയിരിക്കും മിഷ. ഇപ്പോള്‍ തൂവലുകള്‍ക്ക് നീളം വെച്ചിട്ടുണ്ട്. അവ ട്യൂബ്ലൈറ്റ് വെട്ടത്തില്‍ തിളങ്ങുന്നത് നോക്കിയവള്‍ രസിച്ചു.
‘മമ്മാ എന്റെ വിംഗ്‌സ് നു കളര്‍ കൊടുക്കണം’
റോസിലി മിഷയുടെ വിചിത്രമായ ആവശ്യം കേട്ടെങ്കിലും പരിഭ്രമമറിയിക്കാതെ അവള്‍ പറയുന്നത് പോലെ ചെയ്തു കൊടുത്തു.

രാത്രിയില്‍ അവള്‍ കിടന്നുറങ്ങുന്നതും നോക്കി ജോസഫും റോസിലിയും ഇരുന്നു. ഇപ്പോള്‍ കണ്ടാല്‍ ഏതോ ഒരു കെട്ടുകഥയിലെ കഥാപാത്രമാണവള്‍ എന്നു തോന്നും. എന്തു സന്തോഷത്തിലാണവളിപ്പോള്‍. വിടര്‍ത്തി വെച്ച ചിറകുകള്‍ക്ക് മുകളില്‍ കിടക്കുകയാണെന്നെ തോന്നൂ. പക്ഷെ അവള്‍ ചിറകുകള്‍ വീശുമ്പോള്‍ തങ്ങളുടെ ഉള്ളിലേക്ക് തീക്കാറ്റാണടിക്കുന്നത്. ഉള്ളു മുഴുവന്‍ ചൂട് നിറയുന്നു. ആരോടും പറയാനാവാതെ, ഒന്നും ചെയ്യാനാവാതെ എത്ര നാള്‍?. ഇവള്‍ വളരുകയാണ് ഒരോ നിമിഷവും, ഇവളുടെ ചിറകുകളെ പോലെ. രാത്രി അവളറിയാതെ, നോവറിയാതെ തൂവലുകള്‍ മുറിക്കണം. അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ ഭയപ്പെടുത്തി നിര്‍ത്തുകയോ ചെയ്യാം. പക്ഷെ ചിറകുകള്‍..അവ മുറിച്ചു കളയേണ്ടത് തന്നെ. മിഷ ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കണം. മറ്റേതു പെണ്‍കുട്ടിയേയും പോലെ ദിവ്യത്വമൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു ചെറിയ പെണ്‍കുട്ടി. തന്റെ വയറ്റില്‍ പിറന്ന ജോസഫിന്റെ മകള്‍.

റോസിലി തയ്യല്‍മെഷീനു സമീപം വെച്ച പെട്ടിയില്‍ നിന്നും കത്രികയെടുത്തു കൊണ്ടു വന്നു. ജോസഫിനു അവളെ തടയണമോ വേണ്ടയോ എന്നു നിശ്ചയമില്ല. റോസിലി ചെയ്യുന്നത് തെറ്റാണോ, ശരിയാണോ എന്നുമറിയില്ല. പക്ഷെ മിഷ..മറ്റേതു സാധാരണ പെണ്‍കുട്ടിയേയും പോലെ ചിറകുകളില്ലാതെ വേണ്ടെ അവളും… അങ്ങനെ വേണം അവള്‍ വളരേണ്ടത്. വിറയ്ക്കുന്ന കൈകളോടെ റോസിലി തൂവലുകള്‍ കത്രിക കൊണ്ട് മുറിച്ചു. തൂവലുകള്‍ മെത്തയില്‍ ചെറിയ ചെറിയ കഷ്ണങ്ങളായി വീണു. ഒപ്പം റോസിലിയുടെ കണ്ണുനീരും. നാളെ പകല്‍ എഴുന്നേല്‍ക്കുമ്പോള്‍ മിഷ എന്തു ചോദിക്കും? അവള്‍ക്കെന്തു മറുപടി കൊടുക്കും?. അവളുടെ ചിറകുകള്‍ അവളുടെ മമ്മ തന്നെ മുറിച്ചു കളഞ്ഞെന്നു പറഞ്ഞാല്‍?. റോസിലി മുറിഞ്ഞു വീണ തൂവലുകള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ നിറച്ചു. അടുക്കളയില്‍ കൊണ്ടു വെച്ച ശേഷം വന്നു മിഷേലിനു സമീപം കിടന്നു.

രാവിലെ വലിയൊരു കരച്ചില്‍ കേട്ടാണ് റോസിലി ഉണര്‍ന്നത്. നോക്കുമ്പോള്‍ മിഷ കണ്ണാടിക്കു മുന്നില്‍ നിന്നു വലിയ വായില്‍ കരയുന്നു. തന്റെ നിറം പിടിപ്പിച്ച തൂവലുകള്‍ ആരോ മുറിച്ചു കളഞ്ഞു എന്നുറക്കെ പറഞ്ഞവള്‍ തറയിലിരുന്നു കാലുകള്‍ ഇളക്കി ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു.
‘മമ്മാ..മമ്മാ..എന്റെ വിംഗ്‌സ്..ആരോ..കട്ട് ചെയ്ത് കളഞ്ഞു’ അവള്‍ ഏങ്ങിയേങ്ങി കരയുന്നതിനിടയില്‍ പറഞ്ഞു കൊണ്ടിരുന്നു.
‘മോള് വിഷമിക്കണ്ട മോളെ..അതൊക്കെയും കിളിര്‍ത്ത് വരും..’
‘ഇല്ല..എന്റെ വിംഗ്‌സിന്റെ ഫെതേര്‍സൊക്കെ പോയി…ഇനി അതു വരൂല്ലാ’ അവള്‍ നിലവിളി തുടര്‍ന്നു.
‘ഇല്ല മോളെ അതൊക്കെ വരും..മോള് കരയണ്ട’ റോസിലിക്കൊപ്പം ജോസഫും മിഷയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. നിര്‍ത്താതെ കരഞ്ഞ് അവള്‍ക്ക് ശ്വാസമെടുക്കാന്‍ കഴിയാതെയായി. റോസിലി മിഷയെ കിടക്കയില്‍ കിടത്തി, അവളോട് ചേര്ര്‍ന്നു കിടന്നു.
‘ദാ..മമ്മി മോള്‍ടെ അടുത്ത് തന്നെ ഉണ്ട്. ഒരിടത്തും പോവൂല്ല.’
മിഷ കരഞ്ഞു കരഞ്ഞുറങ്ങി. ജോസഫ് ആ ദിവസം ഓഫീസില്‍ പോകണ്ട എന്നു തീരുമാനമെടുത്തു.

അന്നു രാത്രി മിഷയ്ക്ക് പനി പിടിച്ചു. റോസിലി കര്‍ച്ചീഫ് നനച്ച് അവളുടെ നെറ്റിയിലും കാലിനടിയിലുമൊക്കെ വെച്ചു കൊണ്ടിരുന്നു. ചൂട് താഴുകയും ഉയരുകയും ചെയ്തുകൊണ്ടിരുന്നു. രാത്രി ഏറെ ആയിട്ടും ചൂട് കുറയുന്നില്ല എന്ന് കണ്ട് മിഷയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തീരുമാനിച്ചു. ഒരു ഇഞ്ചക്ഷന്‍ കൊടുത്തപ്പോള്‍ മിഷയുടെ ശരീരം തണുത്തു.
‘ഇനി പേടിക്കാനൊന്നുമില്ല. പകല്‍ വീണ്ടും ചൂടു കൂടുകയാണെങ്കില്‍ കൊണ്ടു വന്നാല്‍ മതി’

വീട്ടിലേക്ക് കയറുമ്പോള്‍ മിഷ റോസിലിയുടെ തോളില്‍ തളര്‍ന്നു കിടന്നു. അവള്‍ എതൊക്കെയോ അവ്യക്തമായി പറയുന്നത് റോസിലി കേട്ടു.
‘എന്റെ വിംഗ്‌സ്..വിംഗ്‌സ്..വിംഗ്‌സ്..’
കിടക്കയില്‍ മിഷയെ കിടത്തി, റോസിലി സമീപം കിടന്നു. ജോസഫ് മിഷയുടെ ഇടതു കൈപിടിച്ചു കൊണ്ട് സമീപമിരുന്നു. അയാള്‍ അല്പനേരം ഇരുന്നുറങ്ങാന്‍ തയ്യാറെടുത്തു.

മിഷേലിനെ കാണുന്നില്ല. വീടു മുഴുക്കേയും തിരഞ്ഞു. എല്ലാം മുറികളിലും കയറി നോക്കി. പുറത്തെ കുളിമുറിയിലും പോയി നോക്കി. സന്ധ്യ കഴിഞ്ഞസമയത്ത് അവള്‍ എവിടെ പോയതാണ്?. പുറത്ത് നല്ല നിലാവുണ്ട്. ‘മമ്മാ മമ്മാ’ എന്ന നീണ്ടവിളി കേട്ടപ്പോള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. മുറ്റത്ത് ഊഞ്ഞാലിനു സമീപം അവള്‍ നില്‍ക്കുന്നു. ഇപ്പോഴാണ് സമാധാനമായത്. അവള്‍ പെറ്റിക്കോട്ട് മാത്രമാണ് ധരിച്ചിരിക്കുന്നത്.
‘വാ മോളെ..അകത്തു വാ. കുളിച്ച് ഡ്രെസ്സ് മാറാം. നേരമിരുട്ടിയത് കണ്ടില്ലെ?’
‘മമ്മാ ഇതു നോക്ക്’ അതു പറഞ്ഞ് അവള്‍ തിരിഞ്ഞു. അപ്പോഴാണത് കണ്ടത്. അവളുടെ ചുമലില്‍ വിടര്‍ന്നു വന്ന വലിയ രണ്ടു ചിറകുകള്‍
വെളുവെളുത്ത, മിനുപ്പുള്ള ചിറകുകള്‍. നിലാവില്‍ അതു തിളങ്ങുന്നുണ്ട്.
‘എന്തു ഭംഗിയാ അല്ലെ മമ്മാ’ അതു പറഞ്ഞ്, അവള്‍ ചിറകുകള്‍ പതിയെ വീശി തുടങ്ങി.
‘ഇതു നോക്ക്’ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ചിറകുകള്‍ വേഗത്തില്‍ വീശിത്തുടങ്ങിയപ്പോള്‍ കുഞ്ഞു മിഷ പതിയെ മേല്‍പ്പോട്ടുയര്‍ന്നു. ഇപ്പോള്‍ കാലുകള്‍ മണ്ണില്‍ തൊടുന്നില്ല. അവള്‍ ചിറക് വീശി കൂടുതല്‍ ഉയരത്തിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു.
‘മിഷാ..നീ താഴെ വാ..മമ്മയ്ക്ക് പേടിയാവുന്നു’
‘പേടിക്കണ്ട മമ്മ..മിഷമോള്‍ക്കൊന്നും പറ്റൂല്ല..’
അവള്‍ ചിറകുകള്‍ വീശിക്കൊണ്ടിരുന്നു. കാണെക്കാണെ അവള്‍ ഉയര്‍ന്നുയര്‍ന്ന് ചന്ദ്രനെ മറച്ചു കൊണ്ട് കൂടുതല്‍ ഉയരത്തിലേക്ക് പോയി.
അവള്‍ കൈ വീശി കാണിക്കുന്നതു കാണാം പക്ഷെ പറയുന്നത് കേള്‍ക്കാനാവുന്നില്ല. പരിഭ്രാന്തിയോടെ ‘മിഷാ മിഷാ’ എന്നുറക്കെ വിളിച്ചു. അതൊരു നിലവിളി പോലെ നീണ്ടു. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ഒരു വെളുത്ത പൊട്ടുപോലെയായി കഴിഞ്ഞിരിക്കുന്നു മിഷ ഇപ്പോള്‍. ഇരുട്ടിലൂടെ ഓടുമ്പോള്‍ എവിടെയോ തട്ടി വീണു. ഏതോ ആഴമുള്ള കുഴിയിലേക്ക്..ഇരുട്ട് നിറഞ്ഞ താഴ്ച്ചയിലേക്ക്..
പെട്ടെന്ന് കണ്ണു തുറന്ന് നോക്കുമ്പോള്‍ റോസിലി കണ്ടു, ജോസഫ് മിഷേലിന്റെ ഇടതു കൈയ്യും പിടിച്ച് കസേരയില്‍ ഇരുന്നുറങ്ങുന്നത്. റോസിലി മിഷയെ സൂക്ഷിച്ചു നോക്കി. എന്തു ഭംഗിയാണ് മോള്‍ക്ക്. മിഷയുടെ കൈപിടിച്ചപ്പോളറിഞ്ഞു, തണുപ്പിന്റെ കൈയ്യില്‍ പിടിച്ചതു പോലെ. റോസിലി പതിയെ മിഷയുടെ മുഖത്തേക്ക് മുഖം ചേര്‍ത്തു. മിഷയുടെ നെഞ്ചുംകൂട് ഉയര്‍ന്നുതാഴുന്നുണ്ടായിരുന്നില്ല.
‘മിഷാ..മിഷാ..’
റോസിലിയുടെ ശബ്ദം ഒരു വലിയ നിലവിളിയായി മുറി മുഴുക്കെയും നിറഞ്ഞു.

1 Comment

Leave a Reply

Your email address will not be published.

*