രക്ഷാകര്‍തൃ സംഗമം-അഥവാ ഓപ്പണ്‍ ഹൗസ്…പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകാരുടെ മോഡല്‍ പരീക്ഷാ റിസള്‍ട്ടും റിപ്പോര്‍ട്ട് കാര്‍ഡും പിന്നെ കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളും സുരക്ഷിതമായി അടുക്കി തങ്ങള്‍ക്കു നിശ്ചയിച്ച മേശയ്ക്കരികില്‍ ഇരിക്കുന്ന അദ്ധ്യാപകര്‍…ആണ്‍കുട്ടികളെ കൈകാര്യം ചെയ്യുന്ന ‘ഹൃദയ’മുള്‍പ്പെടെയുള്ള അദ്ധ്യാപികമാര്‍ക്ക് പൊതുവെ ഇത്തരം സംഗമങ്ങള്‍ നിരാശ സമ്മാനിക്കാറുണ്ട്! കാരണം, എതിര്‍വശത്ത് പെണ്പിള്ളാരുടെ ചുമതലയുള്ള സഹപ്രവര്‍ത്തകര്‍ക്ക് തിരക്ക്…തിരക്കോട് തിരക്ക്. ‘ക്ലാസ്സ് ടീച്ചറെ’ കാണാന്‍ വരി വരിയായി നില്ക്കുന്ന പെണ്കിടാങ്ങളും രക്ഷാ കര്‍ത്താക്കളും…ഞങ്ങള്‍ ചിലര്‍ മുഖത്തോട് മുഖം നോക്കി…ഹൃദയമൊടുക്കം ‘ഇന്നെങ്കിലും 32 പേരില്‍ ഒരു 20 പേരെങ്കിലും വരണേ കര്‍ത്താവേ’ എന്ന് പ്രാര്‍ത്ഥിച്ചു…ഏതായാലും പ്രാര്‍ത്ഥന ഫലിച്ചു. മെല്ലെ മെല്ലെ എന്റെ ‘മക്കള്‍’ എത്തിത്തുടങ്ങി!
തലമുടിയ്ക്കിടയില്‍ വന്യജീവികള്‍ വിഹരിക്കുന്നുവോ എന്ന് സംശയം തോന്നത്തക്ക വിധം ഇടതൂര്‍ന്ന തലമുടിക്കാരന്‍ ആദ്യം. അവന്റെ മാതാശ്രീയോട് പറഞ്ഞു :
‘ഈ ഹെയര്‍ സ്റ്റൈല്‍ ഇവിടെ പറ്റില്ല . മുടി വെട്ടണം’.
‘പറഞ്ഞാ കേക്കണ്ടേ ടീച്ചറേ’ന്ന് അമ്മ.
എന്നിലെ കര്‍ക്കശക്കാരി ടീച്ചര്‍ ഉണര്‍ന്നു, ‘നാളെ നീയിങ്ങനെ വന്നാല്‍ ഉറപ്പായും ക്ലിനിക്കീന്നു കത്രിക മേടിച്ചു നിന്നെ ഞാന്‍ ക്ലിയറാക്കും. അത് വേണോ?’ മിസ്സിന്റെ ചിരിയും ഭീകരതയും കണ്ടിട്ടുള്ള അവന് വേണ്ടെന്നു തലകുലുക്കിപ്പോയി
മുട്ടനാടിനെ വെല്ലുന്ന വിധം താടിയും കൊണ്ട് അടുത്തയാള്‍. താടി പറ്റില്ലെന്ന നിയമത്തില്‍, കണ്ണ് മാത്രം വെളിയില്‍ കാണിച്ച ഉമ്മയുടെ മുഖഭാവം ഹൃദയത്തിനു പിടികിട്ടിയില്ല പതിനൊന്നാം ക്ലാസ്സിന്റെ ഡിസിപ്ലിന്‍ എന്റെയുത്തരവാദിത്തമെന്ന ആംഗലേയ മൊഴി കേട്ട്
ഒന്നും മനസ്സിലാവാതെ അവര്‍ മകനെ നോക്കി. ശുദ്ധമായ ഉറുദുവില്‍ ഒരുളുപ്പുമില്ലാതെ ‘താടിക്കാര്യം’ അവന് അവരെയറിയിച്ചു. അറിയാവുന്ന ഹിന്ദിയില്‍ കാര്യം വീണ്ടും പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതിങ്ങനെ :
‘താടി വടിപ്പിക്കാം, എങ്ങനെയെങ്കിലും തോറ്റ വിഷയത്തിന് ജയിപ്പിക്കണം’.
അവരുടെ ഭര്‍ത്താവിനു രണ്ടു ഭാര്യമാരിലായി പതിനഞ്ചു മക്കള്‍ (പുള്ളിക്കിതാണോ പണിയെന്ന് ഉറുദുവില്‍ ചോദിക്കാന്‍ അറിയാത്തോണ്ട് ചോദിച്ചില്ല ) അതില്‍, അവരുടെ ഏഴു മക്കളില്‍ ആറാമനാണ് മുന്നില്‍ നില്ക്കണ താരം! പത്തിരുപത്തിരണ്ട് അംഗങ്ങളുള്ള വില്ലയില്‍ താടീം മുടീം നോക്കാന്‍ ആര്‍ക്കു നേരം? താടിക്കാരന് വടിക്കാമെന്നേറ്റ് പോയി…ഇല്ലേല് നാളെ അസംബ്ലിയില്‍ ഞാന്‍ വടിക്കുമെന്ന്ടീ ച്ചര് ഹൃദയം. (ഭാവിയില്‍ ബാര്‍ബര്‍ ഷോപ്പിട്ടേലും ജീവിക്കാല്ലോ )
പേപ്പറുകള്‍ അടുക്കി വയ്ക്കുന്നതിനിടയില്‍ അടുത്ത മേശയ്ക്കരികില്‍ നിന്ന് ഉച്ചത്തിലുള്ള ശകാരം.
‘അവന് വേണ്ടിയാണ് ഞങ്ങള്‍ രാപ്പകല്‍ കഷ്ടപ്പെടുന്നത് അവനതൊന്നുമറിയണ്ട…തീറ്റ..ഉറക്കം…മൊബൈല്‍’
മിഴിച്ചു നോക്കിയ ഹൃദയം കണ്ടു. ഒരു ‘കുമാരന്’ തല താഴ്ത്തിയിരിക്കുന്നു. ഒന്നു രണ്ടു ടീച്ചര്‍മാരും കാത്തുനില്ക്കുന്ന രക്ഷിതാക്കളും ചിരിയടക്കി ‘തമാശ’ കാണുന്നു. അവന് കുനിഞ്ഞു തന്നെയിരുന്നു. അച്ഛന് പണ്ട് ‘സാറായി പഠിപ്പിച്ച കാലത്തെ’ വീര കൃത്യങ്ങളൊക്കെ എട്ടു ദിക്ക് പൊട്ടുമാറുച്ചത്തില്‍ വിവരിച്ചു! ‘ബഹളമാക്കണ്ട അവന് പഠിച്ചോളും’ എന്ന ടീച്ചര്‍ വാക്കിനോട് കയര്‍ത്ത്, അയാള്‍ സംസാരം തുടര്‍ന്നു . (അദ്ദേഹത്തിന്റെ ഭാഗത്തും ന്യായമുണ്ടാവും. ‘പ്രതീക്ഷകള്‍’ നഷ്ടപ്പെടുമ്പോഴുള്ള നിരാശ അനുഭവിച്ചവനല്ലേ അറിയൂ ) പക്ഷേ, ഹൃദയത്തിന് അയാളോട് നീരസം തോന്നി. പതിനെട്ടുകാരന് പയ്യന് കുനിഞ്ഞിരുന്നു കണ്ണ് തുടയ്ക്കുന്നത് കണ്ട് ഹൃദയം ആവര്‍ത്തിച്ചു. അവന്റെ മാനാപമാനങ്ങള്‍ പിതാവിന്റേതു കൂടിയാണെന്ന്, ലളിതമായി ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന്, ഉച്ചത്തിലുള്ള അട്ടഹാസത്തേക്കാള്‍ കരുത്ത്ചി ലനേരങ്ങളില് മൗനത്തിനുണ്ടെന്ന് ആരാണ് ഒന്ന് പറഞ്ഞു കൊടുക്കുക? എഞ്ചിനീയറിങ്ങ് കോളേജില്‍ സീറ്റ് ഉറപ്പാക്കുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത കഥ കൂടി അദ്ദേഹം വിവരിച്ചപ്പോള്‍ നീരസം അലോസരമായി മാറി!
(പിറ്റേന്ന് സ്കൂളില്‍ അവനെ കണ്ടപ്പോള്‍ അറിയാതെ ചോദിച്ചു പോയി, എന്തിനാ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?
വോട്ടവകാശം നേടിയ, പ്രായപൂര്‍ത്തിയായ ആ മകന് കൂസലില്ലാതെ പറഞ്ഞു, ‘അച്ഛന് എന്റെ വിഷമം കാണാത്തത് കൊണ്ട്. മിസ്സ്, ഐ ഡോണ്ട് ലൈക് സയന്‍സ്…ഐ വാണ്ടഡ് ടു സ്റ്റഡി ആര്‍ട്സ് ‘ അതോടെ ചിത്രം വ്യക്തമായി!)
അവിടെ കൊട്ടിക്കലാശം നടക്കുമ്പോഴാണ് അത്യാവശ്യം പഠിക്കുന്ന പയ്യന്റെ അച്ഛനും അമ്മയും മുന്നില്‍ വന്നിരുന്നത്. എല്ലാ വിഷയത്തിനും പാസ്സായി ക്ലാസ്സില്‍ ഒന്നാമതെന്ന് പറഞ്ഞപ്പോള്‍ അവരുടെ വക ചോദ്യം:
‘എത്ര ശതമാനം?’
അമ്പരന്ന ഹൃദയം പേപ്പറില്‍ ശതമാനക്കണക്ക് നോക്കി. 75 %. അത് കേട്ടപ്പോള്‍ അച്ഛന്റെ മുഖം വാടി!
‘ഇത്ര കുറച്ച് മാര്‍ക്കാണ് ബോര്‍ഡ് എക്സാമിനും വാങ്ങണതെങ്കില്‍ ഞങ്ങളെന്തിനാ ജീവിച്ചിരിക്കണേ?’
നെറ്റിയിലെ വിയര്‍പ്പൊപ്പി അമ്മയത് ശരി വച്ചു. അവന് പഠിത്തത്തേക്കാള്‍ ക്രിയാത്മക കാര്യങ്ങളില്‍ ഒന്നാമനാണെന്ന എന്റെ സമാശ്വാസം കേട്ട് അച്ഛന് കയര്‍ത്തു.
‘പഠിക്കാതെ ഇതിനൊക്കെ നടക്കണതെന്തിനാ? ഇനി ടീച്ചര്‍ അവനെ സ്റ്റേജിലൊന്നും കേറ്റണ്ട’
വേദിയില്‍ മിടുക്കനായ, ആര്‍ട്ട്സ് വിഷയത്തില്‍ ഉപരിപഠനം നടത്തണം എന്ന് പറഞ്ഞ, എന്തേല്‍പ്പിച്ചാലും ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കുന്ന, അവന്റെ മുഖം കണ്ണില്‍ തെളിഞ്ഞു! അച്ഛന് തുടര്‍ന്നു…
‘ഞാന്‍ എഞ്ചിനീയറാ…അവന്റെ ചേച്ചീം അതെ…അവനും അങ്ങനെയാവണം’
‘അവന്’ എന്നത് ഒരു വ്യക്തിആണെന്നും തെരഞ്ഞെടുക്കുന്ന വഴി അവന്റെ സ്വാതന്ത്ര്യമാണെന്നും ദയവു ചെയ്തു നിങ്ങളുടെ ജീവിതം അവനെക്കൊണ്ട് ജീവിപ്പിക്കരുതെന്നും അലറിപ്പറയാന്‍ ഹൃദയമാഗ്രഹിച്ചു. കഴിയില്ലെന്ന ധര്‍മ്മ സങ്കടത്തില്‍ അവരുടെ തീരുമാനങ്ങള്‍ വെറുതെ കേട്ടിരുന്നു!
മറ്റൊരു രക്ഷിതാവ്, അക്ഷമനായി കാത്തു നിന്നു. ഊഴമെത്തിയപ്പോള്‍ ഒന്നിരിക്കാന്‍ പോലും ആള്‍ക്ക് നേരമില്ല! റിപ്പോര്‍ട്ട് കാര്‍ഡ് ഒരു കൈ കൊണ്ട് വാങ്ങി മറുകൈയ്യില്‍ ഫോണ്‍ സംഭാഷണം തുടര്‍ന്നു…പഠന പുരോഗതി പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയ ഹൃദയം ചെറുചിരിയോടെ മൗനമവലംബിച്ചു.
‘ടീച്ചറെ ഓനെ നോക്കിക്കോണ’ന്ന് പറഞ്ഞു കക്ഷി സ്ഥലം കാലിയാക്കി.
അതിനിടെ മറ്റൊരു അമ്മ ഓടിപ്പാഞ്ഞെത്തി.
രണ്ടു വിഷയത്തിന് മകന് തോറ്റെന്ന് പറഞ്ഞപ്പോള്‍ ‘പൊട്ടിയാ…ഞാമ്പറഞ്ഞേക്കണേണ്…മൊബീലും കൊണ്ട് നടക്കണേന്…ഇപ്പ കിട്ടിയല്ലാ…വേറെ ആരേലും പൊട്ടിയാ ടീച്ചറേ ?’
ചിരിയടക്കി തോറ്റവര്‍ ഉണ്ടെന്നു പറഞ്ഞപ്പോ ആശ്വാസത്തോടെ നെഞ്ചില്‍ കൈവച്ചു അവര്‍ പറഞ്ഞു:
‘ഹോ …പൊട്ടിയവരുണ്ടല്ലാ …ഇപ്പ ആശ്വാസായി’
എന്തായാലും 70 ശതമാനം ഹാജര്‍ രേഖപ്പെടുത്തി ‘സംഗമം’ അവസാനിപ്പിക്കുമ്പോള്‍ ഹൃദയം ചിലരെയോര്‍ത്തു… അത്യാവശ്യം നന്നായി കഴിയാനുള്ള വരുമാനമുള്ള, മക്കളെ കനത്ത ഫീസ് കൊടുത്തു സമ്പന്നര്‍ പഠിക്കുന്ന സ്കൂളില്‍ പഠിപ്പിയ്ക്കുന്ന, ദമ്പതിമാര്‍ വക പറച്ചില്… ‘ഞങ്ങളോ ഇങ്ങനെയായി (എങ്ങനെയായി എന്ന് ഹൃദയം ചോദിച്ചില്ല ) ഞങ്ങള്‍ക്ക് കിട്ടാത്തത് അവര്‍ക്ക് കിട്ടണം’.
‘മകന് പഠിച്ചില്ലേല്‍ കാശ് കൊടുത്തു സീറ്റ് വാങ്ങും’ , ‘ഞാന്‍ എന്‍ജിനീയര്‍, എന്റെ മോനും അതാവണം’ എന്ന് അഭിമാന പൂര്‍വ്വം പറയുന്ന അച്ഛനമ്മമാര്‍… സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ മക്കളാവശ്യപ്പെടുന്നതെല്ലാം കൊടുത്ത് ഒടുക്കം അവര്‍ അതുപയോഗിക്കുന്നുവെന്ന് വിലപിക്കുന്ന രക്ഷിതാക്കള്‍…
‘ഓ എന്റെ ബുദ്ധിമുട്ട് മക്കളറിയരുത്. അവരെയെന്തിനു വിഷമിപ്പിക്കണം’ എന്ന് കരുതി, കടം വാങ്ങി മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന മഹാമനസ്കര്‍. ഇവരോട് ഹൃദയത്തിനു പറയാനുള്ളത് ഇത്രമാത്രം. മക്കള്‍ വേറിട്ട വ്യക്തികളാണ്. ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളുള്ളവര്‍. അവരെ ആ സ്വപ്നങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കാന്‍ അനുവദിക്കുക. വഴിതെറ്റിയാല്‍ നേര്‍വഴി കാട്ടിക്കൊടുക്കുക. ഒരു സങ്കടം വന്നാല്‍ ഞാനുണ്ടെന്ന് താങ്ങാവുക. കുറ്റപ്പെടുത്തലുകള്‍ക്ക് പകരം തിരുത്തലുകള്‍ നടത്തുക. നമ്മുടെ ജീവിത പ്രാരാബ്ധങ്ങള്‍ അവരും അറിഞ്ഞോട്ടെ. ചെലവാക്കുന്ന ഓരോ തുട്ടും വിയര്‍പ്പിന്റെ വിലയാണെന്ന് അവരറിയട്ടെ. നാളെയൊരു പക്ഷെ, സമ്പന്നന്മാരായില്ലെങ്കിലും മനുഷ്യത്വമാണ് സമ്പത്തെന്ന് അവരെ പഠിപ്പിക്കുക. അവര്‍ വളരട്ടെ…സാഹചര്യങ്ങളോട് സമരസപ്പെട്ട്, നന്മതിന്മകള് തിരിച്ചറിഞ്ഞ്, പ്രതിസന്ധികളുടെ വാള്‍ത്തലപ്പിനെ അതിജീവിച്ച്, സങ്കട വേലിയേറ്റങ്ങള്‍ തരണം ചെയ്ത്, അഹന്തക്കൊടുമുടി കയറാതെ…നല്ലതു ചെയ്ത്…നല്ലവരായി വളരട്ടെ…