“ഒരു ചെറു പുഞ്ചിരി”

in സിനിമ

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആറാമത്തെ സംവിധാന സംരഭത്തില്‍ ഉദിച്ചു വന്ന ഒരു മനോഹര സിനിമയാണ് ‘ഒരു ചെറു പുഞ്ചിരി’. ശ്രീരമണ എന്ന തെലുങ്ക് എഴുത്തുകാരന്റെ ‘മിഥുനം’ എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം.ടി ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള ഈ കൊച്ചു സിനിമ പ്രേക്ഷകനോട് പങ്കു വക്കുന്നത് ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ കഥയാണ്. വാര്‍ദ്ധക്യത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ ദമ്പതികളുടെ കഥ പല സിനിമകളിലും പ്രേക്ഷകന്‍ കണ്ടു മറന്നിരിക്കുന്നു. എങ്കിലും പ്രമേയം കൊണ്ടും ലളിതമായ അവതരണ രീതി കൊണ്ടും ഈ സിനിമ ഏറെ മികവു പുലര്‍ത്തുന്നു.

കൃഷ്ണ കുറുപ്പും (ഒടുവില്‍ ഉണ്ണി കൃഷ്ണന്‍) അമ്മാളുക്കുട്ടിയും (നിര്‍മലാ ശ്രീനിവാസന്‍) വാര്‍ദ്ധക്യത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്. വാര്‍ദ്ധക്യം ശരീരത്തിന് മാത്രമാണ് ബാധിക്കുന്നത്, മനസ്സിന് അതൊരു പ്രശ്‌നമേയല്ല എന്ന നിലപാടില്‍ വിശ്വസിച്ചു പോകുന്നവരാണ് ഇരുവരും. അത് കൊണ്ട് തന്നെ ചെറുപ്പക്കാരെ പോലെയുള്ള കുസൃതിയും, ദ്വേഷ്യവും, കളി പറയലും ഇവര്‍ തുടരുന്നു. മക്കളെല്ലാം ദൂരെയാണ് താമസമെങ്കിലും അതിന്റെ പരാതിയോ പിണക്കമോ ഇവര്‍ ആരോടും പറയുന്നു പോലുമില്ല. അവരുടെ ജീവിതത്തിന്റെ പ്രസരിപ്പ് കാണിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് ഒരു പക്ഷേ പ്രേക്ഷകന്‍ നര്‍മത്തോടെയും കൗതുകത്തോടെയുമായിരിക്കാം ആസ്വദിക്കുക .

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന കൃഷ്ണ കുറുപ്പ് താന്‍ നട്ട് വളര്‍ത്തുന്ന ചെടികളോടും മരങ്ങളോടുമെല്ലാം കിന്നാരം പറയുന്നതില്‍ കേമനാണ്. വെള്ളരിക്കണ്ടത്തില്‍ കായ്ച്ചു നില്‍ക്കുന്ന വെള്ളരികള്‍ തലേ ദിവസം എണ്ണി വച്ചതിനേക്കാള്‍ കുറവാണെന്ന് ബോദ്ധ്യപ്പെടുന്ന കുറുപ്പ് ഭാര്യയെ സംശയിക്കുന്നുണ്ട്. തനിക്കെന്തിനാ വെള്ളരി കട്ട് തിന്നേണ്ട കാര്യം എന്ന് ചോദിക്കുന്ന ഭാര്യയോട് കുറുപ്പ് പറയുന്ന ഓരോ മറുപടിയും രസകരമാണ്. തന്റെ തൊടിയില്‍ കയറി വെള്ളരിയും പേരക്കയും മാങ്ങയും പറിക്കുന്ന കള്ളനെ പിടിക്കാന്‍ കാത്തിരിക്കുന്ന കുറുപ്പിന്റെ കയ്യില്‍ അകപ്പെടുന്നത് കണ്ണന്‍ എന്ന കൊച്ചു പയ്യനാണ്. അങ്ങാടിയില്‍ അലഞ്ഞു നടന്നിരുന്ന അവനെ പോസ്റ്റ്മാന്‍ രാമന്‍ കുട്ടിയാണ് ജാനുവമ്മയുടെ വീട്ടില്‍ ഒരു ചെറിയ സഹായിയായി നിയോഗിച്ചത്. സ്‌കൂളിലെ പഠിത്തം നിര്‍ത്തിയതിന് കാരണം ചോദിക്കുന്ന കുറുപ്പിനോട് കണ്ണന്‍ പറയുന്ന മറുപടി സ്‌കൂളിലെ ഉച്ചക്കഞ്ഞി നിര്‍ത്തി എന്നാണ്.

ടി വി യില്‍ സിനിമ കാണുമ്പോള്‍ പോലും തങ്ങളുടെ പഴയകാല ഓര്‍മ്മകള്‍ പങ്കിടാന്‍ കുറുപ്പും അമ്മാളുക്കുട്ടിയും ശ്രദ്ധിക്കുന്നുണ്ട് . അന്നൊക്കെ ഏതു സിനിമ വന്നാലും ടൗണില്‍ പോയി കാണുമായിരുന്നെന്ന് അവകാശപ്പെടുന്ന കുറുപ്പിനോട് അമ്മാളുക്കുട്ടി വിവാഹ ശേഷം തന്നെ അത് പോലെ ഒരുപാടു സിനിമാക്കൊന്നും കൊണ്ട് പോയിട്ടില്ല എന്ന് പരിഭവപ്പെടുന്നു. ഇത്തരത്തിലുള്ള പരിഭവങ്ങള്‍ വരുമ്പോള്‍ അമ്മാളുക്കുട്ടി തനിക്ക് ആദ്യ കാലത്ത് വന്ന ഒരു നല്ല കല്യാണാലോചനയെ കുറിച്ച് പറയുന്നത് സ്ഥിരം പരിപാടിയായത് കൊണ്ട് കുറുപ്പ് അതിനൊന്നും മറുപടി കൊടുക്കാറില്ല.

പരിഭവങ്ങളും പിണക്കങ്ങളും കുസൃതിയും നിറഞ്ഞ ഇവരുടെ ജീവിതം കാഴ്ചക്കാര്‍ക്ക് ആനന്ദകരമാണ്. ഭാഗ്യം ചെയ്ത ഭാര്യയും ഭര്‍ത്താവും ഇങ്ങനെയാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ മരിച്ചു പോയ ഭര്‍ത്താവിനെ വിഷമത്തോടെ ആലോചിക്കുന്ന ജാനുവമ്മ സിനിമയിലെ മറ്റൊരു കഥാപാത്രമാണ്. ജാനുവമ്മയുടെ മകളായ നിര്‍മ്മലയ്ക്ക് കല്യാണാലോചനകള്‍ വരുന്ന സമയത്ത് ഒരു കാരണവരുടെ സ്ഥാനത്ത് കുറുപ്പ് മാഷും ഭാര്യയും ഉണ്ടാകും. വരുന്ന ചെക്കന്റെ വീട്ടുകാര്‍ക്ക് പണ്ടവും പണവുമാണ് വലിയ കാര്യം എന്ന് മനസ്സിലായാല്‍ പൂര്‍ണ്ണ അധികാരത്തോടെ തന്നെ കുറുപ്പ് അവരെ ആട്ടിപ്പായിച്ചിരിക്കും . ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് വേണ്ടി പണം പിരിക്കാന്‍ വരുന്നവരോടും ഇതേ നിലപാട് കുറുപ്പ് വെളിപ്പെടുത്തുന്നുണ്ട്. ഉച്ചക്കഞ്ഞി നിന്ന് പോയ സ്‌കൂളില്‍ അത് തുടങ്ങാന്‍ പൈസ പിരിക്കാന്‍ ആരും മുന്നോട്ട് ഇറങ്ങിയില്ല എന്നതിന്റെ പ്രതിഷേധമായിരുന്നു കുറുപ്പ് സത്യത്തില്‍ പ്രകടിപ്പിച്ചത്.

ഓരോ ദിവസവും എന്തൊക്കെ ഭക്ഷണവും കറിയും വക്കണം എന്നതിനെ കുറിച്ച് തീരുമാനിക്കുന്നത് കുറുപ്പാണ്. ഭാര്യയുടെ കൈപ്പുണ്യത്തെക്കുറിച്ച് ഇടയ്‌ക്കൊക്കെ നല്ല പ്രശംസ കൊടുക്കാനും കുറുപ്പ് ശ്രദ്ധിക്കാറുണ്ട്. തേങ്ങ ചിരകുന്ന സമയത്ത് അതില്‍ നിന്ന് ഒരു പിടിയെങ്കിലും വാരി തിന്നില്ലെങ്കില്‍ അദ്ദേഹത്തിന് സമാധാനമാകില്ല . ഒരിക്കല്‍ മൂത്ത തേങ്ങ തിരഞ്ഞെടുക്കാന്‍ വേണ്ടി കുറുപ്പ് തട്ടിന്‍ മുകളില്‍ കയറിയ സമയം നോക്കിയാണ് അമ്മാളുക്കുട്ടി തേങ്ങ ചിരകുന്നത്. ചിരകുന്ന തേങ്ങയുടെ ശബ്ദം കേട്ട ശേഷം താഴെ ഇറങ്ങാന്‍ നോക്കുന്ന കുറുപ്പിന് കോണി അവിടെ നിന്നും ആരോ മാറ്റി വച്ചിരിക്കുന്നു എന്ന് മനസിലാകുന്നു. ഭാര്യയോടുള്ള ആ സമയത്തെ തന്റെ ദേഷ്യം കുറുപ്പ് തട്ടിന്‍ മുകളില്‍ നിന്ന് പ്രകടിപ്പിക്കുന്നത് രസകരമായ ഒരു കാഴ്ചയാണ്.

കുറുപ്പിന്റെ വീട്ടില്‍ അതിഥിയായി വരുന്ന പഴയ സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമാണ് ഗോവിന്ദേട്ടന്‍. ഭാര്യ മരിച്ച ശേഷമുള്ള ഗോവിന്ദേട്ടന്റെ അവസ്ഥ സിനിമയില്‍ വിവരിക്കുന്നുണ്ട്. മക്കളെല്ലാം നല്ല നിലയിലാണ് , കയ്യില്‍ പണവുമുണ്ട് , പക്ഷെ ഒറ്റയ്ക്കാകുന്ന അവസ്ഥയില്‍ എല്ലാവരെയും വന്നു കാണുമ്പോഴാണ് മനസ്സിന് അല്‍പ്പം സമാധാനം എന്ന് പറയുന്ന ഗോവിന്ദേട്ടന്‍ സംസാരത്തിനിടയിലും ഭാര്യയെ ഓര്‍ക്കുന്നു. അടുത്ത ദിവസം കുറുപ്പിനോടും അമ്മാളുക്കുട്ടിയോടും യാത്ര പറഞ്ഞു തന്റെ ഒറ്റപ്പെടലിലേക്ക് വീണ്ടും നടന്നകലുന്ന ഗോവിന്ദേട്ടന്‍ ദയനീയമായി തിരിഞ്ഞു നോക്കുന്ന രംഗം പ്രേക്ഷകന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണ്.

കൃഷ്ണക്കുറുപ്പിന്റെ ചെറുപ്പ കാലത്തെ ഒരു പ്രണയത്തെ കുറിച്ച് സിനിമയില്‍ ചെറുതായൊന്നു സൂചിപ്പിക്കുന്നുണ്ട്. ചിന്നമണി എന്നായിരുന്നു അവളുടെ പേര്. അവളെക്കുറിച്ച് ഓര്‍മ വന്ന സമയത്ത് കുറുപ്പ് ഭാര്യയോട് ആ കാലത്തെ കുറിച്ച് പറയുന്നുമുണ്ട്. പക്ഷെ, അമ്മാളുക്കുട്ടിക്ക് ആ സംസാരം അത്രയ്ക്കങ്ങ് ബോധിച്ചില്ല എന്ന് മാത്രമല്ല അവര്‍ തമ്മില്‍ അല്‍പ്പ നേരത്തേക്ക് പിണങ്ങുകയും ചെയ്യുന്നു. അവരുടെ പിണക്കം മാറുന്നതിനും കാരണമാകുന്നത് ചിന്നമണി തന്നെ. മകളുടെ കൂടെ അമ്പലത്തില്‍ പോയി വരുന്ന സമയത്ത് ചിന്നമണിയെ നേരിട്ട് കാണുന്ന അമ്മാളുക്കുട്ടിക്ക് ആ സ്ത്രീയുടെ അവശത കണ്ടു നില്‍ക്കാന്‍ സാധിക്കുന്നില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അവരെ തീര്‍ത്തും അവശയാക്കിയിരിക്കുന്നു. തനിക്കു ആ സ്ത്രീയോട് ഒരു നിമിഷത്തേക്കെങ്കിലും കുശുമ്പ് തോന്നിയതില്‍ അമ്മാളുക്കുട്ടി പശ്ചാത്തപിക്കുന്നു. അതിനൊരു പരിഹാരമായി അമ്മാളുക്കുട്ടി ഭര്‍ത്താവിനോട് അവളെ പോയി കാണാന്‍ പറയുന്നുണ്ട്.

കുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെയും കുസൃതിയും കളി ചിരിയും പിണക്കവും ഇണക്കവുമെല്ലാം കഥയെ മുന്നോട്ടു രസകരമായി പറഞ്ഞു പോകുന്നതിനിടയില്‍ അല്‍പ്പമൊരു വിയോജിപ്പ് തോന്നിയേക്കാവുന്ന രംഗവും കടന്നു വരുന്നുണ്ട്. കൊച്ചുമകളുടെ പ്രേമ ബന്ധത്തിന് തടസ്സം നില്‍ക്കുന്നവരെ കുറുപ്പ് അംഗീകരിക്കുന്നില്ല. പകരം കൊച്ചുമകള്‍ക്ക് കൊടുക്കുന്ന ഉപദേശം മാത്രമാണ് കഥയിലെ ഏക വിരോധാഭാസം . എന്തെങ്കിലും എതിര്‍പ്പ് നേരിടേണ്ടി വന്നാല്‍ അടുത്ത ട്രെയിനില്‍ കാമുകനെയും കൂട്ടി കൊണ്ട് തറവാട്ടിലേക്ക് വരാനും അവിടെ വച്ച് കല്യാണം നടത്തി തരാമെന്നുമാണ് കുറുപ്പ് കൊച്ചു മകള്‍ക്ക് കൊടുക്കുന്ന വാഗ്ദാനം. ജീവിത പരിചയവും അനുഭവ സമ്പത്തും ഏറെയുള്ള കുറുപ്പിനെ പോലെയുള്ള ഒരു പഴയ കാലഘട്ടത്തിന്റെ വക്താവ്, നാട്ടുകാരുടെയും അയല്‍വാസികളുടെയും കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അത്ര പോലും പക്വത സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ കാര്യത്തില്‍ എടുത്തില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം.

ആദ്യം തൊട്ടു അവസാനം വരെയുള്ള രംഗങ്ങളില്‍ വരെ വ്യക്തമായ ജീവിത വീക്ഷണങ്ങള്‍ പങ്കു വക്കപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത. അത് പോലെ തന്നെ , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന മഹാ നടന്റെ വേര്‍പാട് മലയാള സിനിമയില്‍ വരുത്തിയ ക്ഷീണം എത്ര വലുതാണെന്ന് മനസിലാക്കാന്‍ കൃഷ്ണ കുറുപ്പ് എന്ന കഥാപാത്രത്തെ വിലയിരുത്തുന്നതിലൂടെ സാധിക്കും എന്ന് നിസ്സംശയം പറയാം.

വൃദ്ധരായ ആളുകളുടെ ജീവിതവീക്ഷണം എത്ര മഹത്തായ ഒന്നാണ് എന്ന് മനസിലാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് സഹായകമായേക്കാവുന്ന ഒരു സിനിമയാണ് ഇത് . അണുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മലയാളിയുടെ ഇത് വരെയുള്ള യാത്രയില്‍ കൈമോശം വന്നു പോയ ഒരു പിടി സാമൂഹിക സാംസ്‌ക്കാരിക കുടുംബ ജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സിനിമ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. ഈ സിനിമയിലൂടെ കഥാകാരന്‍ നമ്മളെ അതൊക്കെ ഓര്‍മിപ്പിച്ചു നിരാശപ്പെടുത്തുന്നതോടൊപ്പം ആ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോകലിന്റെ (സ്വപ്നത്തിലെങ്കിലും ) അനിവാര്യതയെ കുറിച്ച് ചൂണ്ടിക്കാണിക്കാനും മറക്കുന്നില്ല.

 

Leave a Reply

Your email address will not be published.

*