പൂജ്യം : പുസ്തകാസ്വാദനം

in പുസ്തകാസ്വാദനം

“നാട്യ പ്രധാനം നഗരം ദരിദ്രം; നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം ” കുറ്റിപ്പുറത്ത് കേശവൻ നായർ കുറിച്ച വരികൾ. ഇന്നത്തെ കവികൾ അങ്ങനെ എഴുതാൻ ധൈര്യപ്പെടില്ല. നഗരവും നാട്ടിൻ പുറവും മതിലുകളാൽ സമൃദ്ധം എന്നേ എഴുതാൻ കഴിയൂ. അത്രമേൽ മതിലുകൾ. ഭൗതികമായി മാത്രമല്ല ഉള്ളിലും മതിലുകൾ. മതം മദമാക്കി മിതിലുകൾ നിർമ്മിച്ച് അവയിൽ സുരക്ഷിതരെന്നു കരുതി വിരാജിക്കുന്ന മലയാളി. അവിടെയാണ് ആദി പിതാക്കൾ ഹൃദയ നഗരി പണിയാൻ സ്വപ്നം കണ്ടത്. ഗുരുവായി പുരന്ദരനെ ലഭിച്ചപ്പോൾ അവർ ആഹ്ലാദചിത്തരായി. സമ്മോഹനമായ ഈ ആശയം കൂടുതൽ പേരിലേക്കെത്തിക്കാൻ ശ്രമമായി പിന്നീട്. പക്ഷേ അത് ഹൃദയങ്ങളെ പിളർത്തി. ആദ്യം പ്ലസിലൂടെ വികസിച്ച് മൈനസിലൂടെ പരിണമിച്ച് പൂജ്യമെന്ന പൂർത്തീകരണത്തിലെത്തുന്ന രവിവർമ്മ തമ്പുരാന്റെ നോവൽ ‘പൂജ്യം’ ഒറ്റയിരുപ്പിന് വായിച്ച് തീർത്തു. എഴുത്തുകാരൻ നേരെ നമ്മുടെ ഹൃദയത്തോടാണ് സംവദിക്കുന്നത്. ശയ്യാനുകമ്പയിലും ഭയങ്കരാമുടിയിലും ഒൻപത് പെൺകഥകളിലും നേരത്തേ തന്നെ രവിവർമ്മ തമ്പുരാനെ അറിഞ്ഞിരുന്നു. സാഹോദര്യവും സ്നേഹവും ഉറക്കെ ഉദ്ഘോഷിക്കുന്ന നോവൽ വായിച്ച് തീർത്തപ്പോൾ എന്തെങ്കിലും കുറിക്കാതെ വയ്യ.

രവിവർമ്മ തമ്പുരാൻ

ഒരു ഉത്തമ കൃതിയിൽ എന്തൊക്കെയാണ് നാം അന്വേഷിക്കുന്നത്? മനോഹരമായ ഭാഷ, ശ്രദ്ധേയമായ ജീവിത നിരീക്ഷണങ്ങൾ, മനസ്സിൽ നിറയുന്ന കഥാപാത്രങ്ങൾ, ഉള്ളിൽ തട്ടുന്ന ശൈലി ഇതെല്ലാം ഇതിലുണ്ട്. മൂന്നു ഭാഗങ്ങളായി കഥ വികസിക്കുന്നു. ആദി പിതാക്കളും യെശയ്യാവും പുരന്ദരനും കണ്ടു മുട്ടുകയും ആശയങ്ങൾ കൈമാറുകയും ഹൃദയനഗരിയുടെ സൃഷ്ടി തുടങ്ങുകയും ചെയ്യുന്ന ആദ്യഭാഗം, മതിലുകളില്ലാത്ത നഗരിയെന്ന ആശയത്തോട് സുരക്ഷാ ന്യായങ്ങൾ പറഞ്ഞ് കൂട്ടത്തിലുള്ള ചിലർ വിയോജിക്കുയും മതിലുകൾ ഉയരുകയും ഉയർത്തിയവർ തന്നെ മതിലു പൊളിച്ചു മാറ്റുകയും ചെയ്യുന്ന രണ്ടാം ഭാഗം തുടർന്ന് പൂജ്യമാവുന്ന മൂന്നാം ഭാഗം.

ആദി പിതാക്കൾക്ക് മുന്നേ മതിലില്ലാ ഭവനത്തെ ഉപാസിച്ച അർണോജന്റെ കുടുംബം നോവലിന്റെ ആദ്യാവസാന ഭാഗങ്ങളിൽ എത്തുന്നു. സത്യത്തിൽ ഒരു ആശയവും പുതിയതല്ലല്ലോ? അത് കൊണ്ടല്ലേ ” ഗിരി നിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ മറ്റൊന്നും എനിക്ക് പറയാനും പഠിപ്പിക്കാനുമില്ലെന്ന് ഗാന്ധി പറഞ്ഞത്. നമ്മുടെ പൂർവ്വികർ മതിലുകളില്ലാതെ സാഹോദര്യത്തോടും സുരക്ഷയോടും ജീവിച്ചു. നാമാവട്ടെ മതിലുകൾക്കുള്ളിൽ സുരക്ഷയില്ലാതെ ജീവിച്ചു തീർക്കുന്നു. സാഹോദര്യം നമുക്ക് മാനവസാഹോദര്യമല്ല, ഹിന്ദു-മുസ്ലിം-കൃസ്ത്യൻ ഐക്യം മാത്രമാണ്. ആരാധനയ്ക്കിടെ നാം ആരാധ്യനെ മറക്കുന്നു. ദൈവം നമുക്കൊരു ടൂൾ ആണ്, കാര്യം സാധിക്കാനും ഭിന്നിക്കാനുമുള്ള ടൂൾ. മതിലുകൾ പൊളിക്കാൻ ഇനിയും വൈകിയാൽ നാം വലിയ വില കൊടുക്കേണ്ടി വരും. നോവലിൽ ബബ്ബാർ നേരിട്ടതു പോലെ.

ഹൃദയഹാരിയായ പ്രണയം ഒരു സുഗന്ധമായി നോവലിൽ ചേർത്തിരിക്കുന്നു. അത് തിരിച്ചറിയുന്നവർക്ക് മാത്രം അനുഭവവേദ്യമാണത്. പുരന്ദരന് യോഗക്കിടയിലും ആ സുഗന്ധം അനുഭവിക്കാനാവുന്നു. പ്രണയാതുരമായ ഒരു മനസിൽ വായനക്കാരനും അത് കണ്ടെത്തും.
കുട്ടികൾ ഈ മതിലുകളെയൊക്കെ തകർക്കാൻ വെമ്പുന്നുണ്ട്. അവർ അത് പ്രകടിപ്പിക്കുന്നുമുണ്ട്. പക്ഷേ ബാല്യം നഷ്ടമായതാണല്ലോ നമ്മുടെ ശാപം.

‘പൂജ്യ’ത്തിന്റെ പ്രകാശനം

നമ്മടെ നാട്ടിൽ പണിതുയർത്തിയ ജാതി മതിലിനെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉണ്ടിതിൽ. യെശയ്യാവ് പറയുന്നത് ശ്രദ്ധിയ്ക്കുക “ജാതി ഒരു മതിലാണ്. ഒരാളെ ഉള്ളിലേക്കു കയറാനോ പുറത്തിറക്കാനോ അനുവദിക്കാത്ത ദൃഡമായ മതിൽ. ജാതിമതിൽ ഒരിക്കലും ഒറ്റയൊരെണ്ണമല്ല. എല്ലാ രണ്ട് ജാതികൾക്കുമിടയിൽ ഒരു മതിലുണ്ട്. ഈ മതിൽ ആദ്യം സൃഷ്ടിച്ചത് അന്നത്തെ മേൽജാതിക്കാരാണ്. അവരത് പണിതതും നിലനിർത്തിയതും എല്ലാം ഒരൊറ്റ ലക്ഷ്യം വച്ചാണ്. തങ്ങളുടെ അപ്രമാദിത്വം മറ്റുള്ളവരിൽ സ്ഥാപിച്ചെടുക്കുക. തങ്ങളെക്കാൾ താഴെയുള്ള മറ്റു ജാതിക്കാരെ മതിലിനു പുറത്ത് നിർത്തി അവരെക്കൊണ്ട് തങ്ങളുടെ മേൽക്കോയ്മ അംഗീകരിപ്പിക്കുക, ഒരിക്കലും മേൽജാതി ഒന്നു മാത്രമായിരുന്നില്ല. ഒരുപാട് മേൽജാതികൾ. ഒരു പാട് കീഴ്ജാതികൾ. ഏതു രണ്ട് ജാതികൾക്കു മിടയിൽ ഒരു മതിൽ മാനം മുട്ടെ ഉയർന്നങ്ങനെ നിന്നു”

ശരിയല്ലേ? ഈ ഒരു നോവൽ കൊണ്ട് രവിവർമ്മ തമ്പുരാന് ആ മതിൽ പൊളിക്കാനൊന്നുമാവില്ല. ആരാധനാലയങ്ങൾ ഈ നോവലിൽ മാനവസ്നേഹത്തിന് വിഘാതമായപ്പോൾ പൊളിച്ചുവെങ്കിലും ഈ നാട്ടിൽ പൊളിക്കാനാവില്ല. എന്നോ പൊളിച്ച ആരാധനാലയ പുനസ്ഥാപനമാണ് രാജ്യത്തെ മുഖ്യ പ്രശ്നം എന്ന് കരുതുന്നവരുടെ എണ്ണം തീരെ കുറവല്ല. എങ്കിലും കാണുന്നവരെ കൂടെപ്പിറപ്പാക്കുന്ന മാനവ സാഹോദര്യത്തെ ഈ നോവൽ വിളിച്ചുദ്ഘോഷിക്കുന്നുണ്ട്. ഇത്തരം ഉണർത്തലുകൾ ഇനിയും ഈ തൂലികയിൽ നിന്നും പുറത്തു വരട്ടെ!

പൂജ്യ മദ: പൂജ്യമിദം
പൂജ്യാൽ പൂജ്യ മുദ ച്യതേ
പൂജ്യസ്യ പൂജ്യമാദായ
പൂജ്യമേവാ ശിഷ്യതേ
(പൂജ്യം ശൂന്യതയല്ല പൂർണ്ണതയാണ്. അനാദിയായ കാല പ്രവാഹം. സമീകരണം )

പൂജ്യം (നോവൽ) രവിവർമ്മ തമ്പുരാൻ – എസ് പി സി എസ് – പേജ് 176 വില 170 രൂപ – നാഷണൽ ബുക്ക് സ്റ്റാൾ

Leave a Reply

Your email address will not be published.

*