“സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി”

in പുസ്തകാസ്വാദനം

“കനവ് തുലൈന്തവള്‍ നാന്‍
കവിതൈ മറന്തവള്‍ നാന്‍
കാതല്‍ കരിന്തവള്‍ നാന്‍
കര്‍പ്പ് മുറിന്തവള്‍ നാന്‍”

സുഗന്ധിയോടൊപ്പമായിരുന്നു. അതെ, സാക്ഷാല്‍ ആണ്ടാള്‍ ദേവനായകിക്കൊപ്പം. മീനാക്ഷി രാജരത്തിനത്തിനും രജനി തിരണാഗാമക്കുമൊപ്പം. പീറ്റര്‍ ജീവാനന്ദമെന്ന സ്‌ക്രിപ്റ്റ് റൈറ്റര്‍ക്കൊുപ്പം. ‘Women behind The Fall of Tigers’ എന്ന പൂര്‍ത്തികയാകാത്ത സിനിമാ സ്വപ്നങ്ങള്‍ക്കൊപ്പം…

നോവല്‍ വിട്ട് പെട്ടെന്ന് തലയ്ക്ക് പിടിക്കുന്ന ചെറുകഥകള്‍ വായിക്കുന്നതിനാല്‍ 295 പേജുകളുള്ള ഈ നീണ്ട നോവല്‍ ഒറ്റയിരുപ്പിന് വായിക്കാനുള്ള ക്ഷമയൊക്കെ ഉണ്ടാകുമോ എന്നാദ്യം സംശയിച്ചിരുന്നു. പക്ഷേ ഇ എം. എസ് അക്കാദമിയിലുണ്ടായിരുന്ന ഒന്നര ദിവസം കൊണ്ട് നോവല്‍ വായിച്ചു. ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ പോലെ ഇനിയെന്തെന്നറിയാനുള്ള ആകാംഷ നിറച്ച എഴുത്താണീ നോവലിനുമുള്ളത്.

ഭാവനയും ചരിത്രവും മിത്തുമൊക്കെച്ചേര്‍ന്നു കൊണ്ട് ടി.ഡി രാമകൃഷ്ണനെഴുതിയ ”സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി” വായിച്ചു തുടങ്ങിയാല്‍ പിന്നെ മനസ്സിലുള്ളത് ആ സിംഹളനാടിന്റെ പശ്ചാത്തലം മാത്രമാകും. പകുതി റീഡിങ്ങ് റൂമിലും, മഴയില്ലാത്തപ്പോള്‍ അക്കാദമി ലൈബ്രറിയുടെ അടഞ്ഞ വാതിലിനിപ്പുറവുമിരുന്ന് ശ്രീലങ്കയിലേക്ക് യാത്ര തുടര്‍ന്നു.

വരാന്തയിലിരിക്കുമ്പോള്‍ ഇഴഞ്ഞടുത്തേക്കുവന്ന കറുത്ത കുഞ്ഞിപ്പുഴുക്കളെ കൊല്ലാതെ വഴിമാറ്റിവിട്ട് രജനി തിരിണഗാമയെപ്പറ്റി സിനിമെടുക്കാന്‍ വന്നവരോടൊപ്പം യാത്ര തിരിച്ചു. പീറ്റര്‍ ജീവാനന്ദത്തിന്റെ തകര്‍ന്ന സിനിമാസ്വപ്നങ്ങള്‍ തളിരിടുന്നതില്‍ ആഹ്ലാദിച്ചു. ആദ്യ സിനിമയിലെ നായികയായിരുന്ന സുഗന്ധിയെത്തേടി പീറ്ററിനോടൊപ്പം സഞ്ചരിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ട്രാന്‍സ്‌നാഷണല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ആ സിനിമയിലൂടെയാണ് രജനി തിരണഗാമയുടെ മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ അടഞ്ഞ കോണുകള്‍ നാമറിയുന്നത് , കാണ്മാണ്ടായ സുഗന്ധിയുടെ കഥ ചുരുള്‍ നിവരുന്നത്, ദേവനായകിയുടെ ആ മിത്ത് സുഗന്ധിയനുഭവിച്ച ജീവിതത്തോട് ചേര്‍ത്തു വായിക്കപ്പെടുന്നത്, രജനിയെപ്പോലെ മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ട മനുഷ്യര്‍ക്കും സ്ത്രീകള്‍ക്കും നേരിടേണ്ടി വന്ന ദുഃഖങ്ങളുടെ കുറ്റിയിട്ട വാതിലുകള്‍ വലിച്ചുതുറക്കപ്പെടുന്നത്. പക്ഷേ ആ സിനിമയും ആദ്യ സിനിമ പോലെ തന്നെ അണഞ്ഞുപോകുന്നുവെന്നത് വിരോധാഭാസമായിരിക്കാം. തമിഴരും സിംഹളരും തമ്മിലുള്ള യുദ്ധത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വിശുന്ന നോവലാണിത്.

വിപ്ലവപ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധത, സ്ത്രീകള്‍ക്ക് തങ്ങളുടെ നിലപാടിനുനല്‍വേണ്ടി പോരാടുമ്പോള്‍ പണയം വെക്കേണ്ടിവരുന്നത് എന്തൊക്കെയാണ് – ഒക്കെ നോവല്‍ പലവുരു ചര്‍ച്ചക്കെടുക്കുന്നു. പാരീസിലെ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്കിടയിലെ കറുപ്പ് എന്ന രഹസ്യസംഘടനയുടെ മാസികയില്‍ നിന്നും സുഗന്ധി എഴുതിയ ‘ഒരു പെണ്‍ പോരാളിയിന്‍ വാഴ്‌ക്കെ കുറിപ്പുകളും’, മീനാക്ഷി രാജരത്തിനമെന്ന പേരിലവളെഴുതിയ ‘ദേവനായകിയിന്‍ കതൈ’യും നോവലിന് ഊര്‍ജ്ജമേകുന്നു, പീറ്ററിന് തന്റെ സിനിമക്കും ജീവിതത്തിനും ഉണ്ടായിട്ടുള്ള വിടവുകള്‍ പൂരിപ്പിക്കാനവസരം ലഭിക്കുന്നു…

മഹേന്ദ്രവര്‍മ്മന്‍, രാജരാജ ചോളന്‍, ചാം പ്രസിദ്ധ്, മഹീന്ദ്രന്‍… സുഗന്ധി എന്ന ആണ്ടാളിന്റെ കഥ സുഗന്ധി തന്നെ എഴുതുന്നു. സുഗന്ധി, മീനാക്ഷി രാജരത്തിനമെന്ന മറയ്ക്കുള്ളിലൂടെ പറയുന്ന ആ മിത്തിലെ പേരുകള്‍ക്ക് സ്വന്തം ജീവിതത്തില്‍ നിന്ന് മാറ്റങ്ങളുണ്ടായേക്കാം. പക്ഷേ ദുഃഖത്തിനും പ്രതികാരത്തിനും ഒരേ രൂപം ഒരേ ശക്തി.

തന്റെ രണ്ടാമത്തെ കൂട്ടുകാരിയെ രണ്ടാം സിനിമക്ക് ബലി നല്‍കി് വീണ്ടും പേടിച്ചൊളിച്ചോടുമ്പോള്‍, ഒളിച്ചോടാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, പീറ്റര്‍ ജീവാനന്ദം ചരിത്രം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. രജനിക്കുവേണ്ടി നിര്‍മ്മിക്കുന്ന ആ സിനിമയും നിന്നുപോകുമ്പോള്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ കഥ പറയപ്പെട്ടു കഴിഞ്ഞു നോവലിലൂടെ. ഏറെ ശ്രദ്ധയോടെ പ്ലാന്‍ ചെയ്തിട്ടും പാളിയ ആ സ്‌ഫോടനത്തില്‍ തീയാളിക്കത്തുമ്പോള്‍ സുഗന്ധി ആകാശത്തേക്ക് പറന്നുയര്‍ന്നുവത്രേ.

”കനവ് തുലൈന്തവള്‍ നാന്‍
കവിതൈ മറന്തവള്‍ നാന്‍
കാതല്‍ കരിന്തവള്‍ നാന്‍
കര്‍പ്പ് മുറിന്തവള്‍ നാന്‍”

– ഈ വരികള്‍ പീറ്റര്‍ ജീവാനന്ദം തന്റെ വിമാനയാത്രയില്‍ കേട്ടുവെങ്കില്‍ അവള്‍ സുഗന്ധി എന്ന ആണ്ഡാള്‍ തന്നെയെന്നതിന് സംശയം വേണ്ട…

 

Tags:

Leave a Reply

Your email address will not be published.

*