വിചിത്രമായ ലക്ഷ്യങ്ങളും, അനുഭവങ്ങളുമായി ഓരോ തവണയും യാത്രകള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. പഠിക്കുന്ന കാലത്ത് വരുത്തിയ അക്ഷരത്തെറ്റുമായി ഇപ്രാവശ്യത്തെ എന്റെ യാത്രക്ക് ഒരു ബന്ധമുണ്ടായത് അപ്രതീക്ഷിതമായാണ്. പഠിക്കുമ്പോള്‍ എഴുതി പഠിക്കണമെന്നാണ് ഉമ്മ ഞങ്ങളോട് പറയാറ്. എത്ര എഴുതിയാലും വായിച്ചാലും ഞാന്‍ തെറ്റിക്കുന്നൊരു പേരുണ്ടായിരുന്നു എന്റെ ജിയോഗ്രഫി പുസ്തകത്തില്‍. ചുവന്ന മഷി കൊണ്ട് ടീച്ചര്‍ക്ക് വട്ടം വരക്കാനും അടിവരയിടാനും വെട്ടാനും ഉത്തര കടലാസിലും നോട്ട്ബുക്കിലുമായി ആ പേര് എപ്പോഴും എന്റെ സൈ്വര്യം കെടുത്തി. ടീച്ചര്‍ വരച്ചിട്ട വരകള്‍ക്ക് ഭംഗി പോരാന്ന് തോന്നിയപ്പോള്‍ ഞാന്‍ അതിന് ചുറ്റും ചായകൂട്ടുകള്‍ കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത് അലങ്കരിച്ചു മോടി കൂട്ടി.
പത്താംക്ലാസോടെ ആ ബാധ ഒഴിഞ്ഞെന്ന് കരുതിയത് വെറുതെയായെന്ന് കറങ്ങിത്തിരിഞ്ഞ് കാനഡയില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. അതിന് കാരണവുമുണ്ട്. അന്ന് തട്ടിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞ ജിയോഗ്രഫി ബുക്കിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് ഇവിടെ ഞാന്‍ പങ്കെടുത്ത ഒരു ട്രെയിനിംഗ് ക്ലാസ്സിലെ ടീച്ചറാണ്. മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ ക്ലാസ്സിന് പോയിരുന്നത്. കുറെക്കാലത്തിന് ശേഷം വീണ്ടും ക്ലാസ്സില്‍ ഇരുന്ന് ദിവാസ്വപ്നങ്ങള്‍ കാണാന്‍ കിട്ടിയ അവസരം ഞാന്‍ ശരിക്കും മുതലാക്കി. അങ്ങിനെ ക്ലാസ്സില്‍ സ്വസ്ഥമായിരുന്നു സ്വപ്നം കണ്ടിരുന്ന എന്നെ അലസോരപ്പെടുത്തി കൊണ്ട് മദാമ്മ ടീച്ചര്‍ വീണ്ടും ”ആ പേര് തന്നെ” പറയുന്നു.

എന്നെ ഇത്രയധികം ചുറ്റിച്ച വേറെയൊരു പേരില്ല. അതാണ് ലേയ്ക്ക് സുപ്പീരിയര്‍ (Lake Superior). ഞാന്‍ എഴുതിയിരുന്നതോ Lake Supireor എന്നും! അക്ഷരത്തെറ്റ് തിരുത്തുന്ന തിരക്കില്‍ ലേയ്ക്ക് സുപ്പീരിയര്‍ വടക്കേ അമേരിക്കയിലാണെന്ന് പഠിച്ചതും ഞാന്‍ മറന്നിരുന്നു. സുപ്പീരിയര്‍ ഉള്‍പ്പെടുന്ന ”ഗ്രേറ്റ് ലേയ്ക്കു(The Great Lakes)കളെ കുറിച്ചാണ് ക്ലാസ്സില്‍ ചര്‍ച്ച. ”ഹോംസ്(HOMES)’ എന്ന ചുരുക്ക പേരില്‍ (Lake Huron, Ontario, Michigan, Erie, Superior) ഇവയെ ഓര്‍ത്തുവെയ്ക്കുന്നതാണ് എളുപ്പമെന്ന് പറഞ്ഞു തന്നതോണ്ടായിരിക്കും ടീച്ചറെ എനിക്കിഷ്ടായി. ക്ലാസ്സ് കഴിഞ്ഞു പൊടിയും തട്ടി പോരുമ്പോള്‍ ”ഹോംസും, സുപീരിയറും” എല്ലാം അവിടെത്തന്നെ വെച്ചു. ആളു വീതം നദികളും തടാകങ്ങളുമുള്ള ഈ നാട്ടില്‍ സുപീരിയറിന് ഇത്രേം പ്രാധാന്യമെന്താണെന്നറിയാന് നാല് വര്‍ഷങ്ങള്‍ക്കുശേഷം അവിടെവരെ പോകേണ്ടിവന്നു എന്നത് വേറെ കാര്യം. ഇനി പണ്ട് പേര് തെറ്റിച്ച് എഴുതിയതിന് എന്നെ അങ്ങോട്ട് വിളിപ്പിച്ചതാണോ?

ഓഗസ്റ്റ് എട്ട് കാനഡയില്‍ അവധിയാണ്. തിങ്കളാഴ്ച ആയതിനാല്‍ മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവുമുണ്ട്. കുട്ടികള്‍ രണ്ടുപേരും അവരുടേതായ തിരക്കുകളിലും. വെറുതെ മൂന്ന് ദിവസം ചുമരും നോക്കിയിരിക്കാതെ ഒരു യാത്ര പോക്കോളൂ എന്ന് പറഞ്ഞതും മക്കള്‍ തന്നെ. സുപീരിയറിന്റെ തീരത്ത് ക്യാമ്പിംഗിന് പോയാലോ എന്ന് ഹുസൈന് ചോദിച്ചപ്പോള്‍ ഞാനൊരു വളിച്ച ചിരി ചിരിച്ചതല്ലാതെ ഞങ്ങള്‍ തമ്മിലുള്ള ആ പഴയ സ്നേഹബന്ധത്തെ കുറിച്ച് മിണ്ടിയില്ല. വടക്കേ ഒന്റാറിയോയിലെ വളരെ പഴയൊരു കുടിയേറ്റ പ്രദേശമാണ് സൂ സെയിന്റ് മേരി (Sault Ste. Marie). തൊട്ടയല്‍പ്പക്കമായ അമേരിക്കയിലും ഇതേ പേരില്‍ ഒരു സ്ഥലമുണ്ട്. ‘സൂ’ എന്ന് വിളിക്കുന്ന ഈ സ്ഥലത്തേക്ക് എഴുന്നൂറ് കിലോമീറ്റര്‍ ദൂരമുണ്ട് മിസ്സിസ്സാഗായില്‍ നിന്ന്. അവിടെ നിന്ന് ക്യാമ്പ് ചെയ്യുന്ന പാര്‍ക്കിലേക്ക് വീണ്ടും ഇരുന്നൂറ് കിലോമീറ്റര്‍ പോകണം.

ശനിയാഴ്ച രാവിലെ നേരത്തെ പുറപ്പെട്ടാല്‍ ഹൈവേയിലെ തിരക്ക് ഒഴിവായിക്കിട്ടുമെന്നതിനാല്‍ അഞ്ചു മണിയായപ്പോഴേക്കും ഞങ്ങള്‍ ടോറോന്റോ കടന്നിരുന്നു. കാനഡയുടെ വടക്ക് ഭാഗത്തേക്കുള്ള യാത്ര പെട്ടെന്ന് മടുക്കും. പാറക്കൂട്ടങ്ങളാണ് റോഡിനിരുവശവും. ഇതെല്ലാം ഉരുണ്ട് താഴെ വീഴുമോന്ന് പേടിച്ചിരിക്കുന്നത് കൊണ്ടായിരിക്കും ഈ മടുപ്പ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണെന്ന് തോന്നുന്നു പല നിറത്തിലുള്ള പാറകള്‍ കാണാം. വലിയ വലിയ പാറകളുടെ മേലേ കല്ലുകള്‍ കൊണ്ട് പല അടയാളങ്ങള്‍ ഉണ്ടാക്കി വെച്ചത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അടുത്ത് ചെന്ന് നോക്കാന്‍ പറ്റിയ ഒരിടത്ത് അത് കണ്ടപ്പോള്‍ കുറേനേരം നോക്കി നിന്നുവെന്നല്ലാതെ എനിക്കൊന്നും പിടിക്കിട്ടിയില്ല. ആരാധനാമൂര്ത്തികളാണോ അതോ ഇനി ദിശയറിയാന്‍ വെച്ചതാണോ എന്നൊക്കെ ആര്‍ക്കറിയാം.

മെനോനയ്റ്റ്സ് (Mennonites) കമ്മ്യൂണിറ്റിക്കാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങള്‍ കാണാന്‍ കഴിയുക വടക്കോട്ടുള്ള യാത്രകളിലാണ്. അവരെ കുറിച്ച് വളരെ കുറച്ചു മാത്രമേ എനിക്കറിയൂ. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍നിന്നും കാനഡയില്‍ എത്തിയവരാണിവര്‍. നിത്യ ജീവിതത്തില്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാധനങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ആവശ്യമേയില്ല. ഉദാഹരണത്തിന്.. വാഹനങ്ങള്‍, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡുകള്‍, രാസവളങ്ങള്‍, ഫോണ്‍ മുതലായവയൊന്നും മെനോനയ്റ്റ്സ് ഉപയോഗിക്കില്ലെന്നാണ് കേട്ടത്. കുതിരവണ്ടിയിലാണ് ഇവര്‍ യാത്ര ചെയ്യുക. വേഷവിധാനങ്ങളും വ്യത്യസ്തമാണ്. വഴിയരികിലെ വയലില്‍ ഒരാള്‍ കുതിരയെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി ഞങ്ങള്‍ കടന്നു പോകുന്നത് മെനോനയ്റ്റ്സുകളുടെ ഗ്രാമത്തിലൂടെയാണെന്ന്. വണ്ടി ഒരരികില്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വീട്ടിലുണ്ടാക്കിയ അപ്പത്തരങ്ങള്‍ വഴിയരികില്‍ വെച്ച് വില്ക്കാന് രണ്ടു സ്ത്രീകള്‍ വന്നതും കുതിരവണ്ടിയില്‍ തന്നെ. ടെക്നോളജി മനുഷ്യനെ ആപ്പിലാക്കുന്ന ഇക്കാലത്ത് യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ ശാന്തമായും സ്വസ്ഥമായും ഇവര്‍ ജീവിക്കുന്നു. വയലിലെ കൃഷി പണികള്‍ നോക്കി നില്ക്കുമ്പോള് നാട്ടിലെ കന്ന് പൂട്ടും, കൊയ്ത്തും മെതിയുമൊക്കെയാണ് ഓര്‍മ്മ വന്നത്.

ആയിരം ആളുകള്‍ മാത്രമുള്ള ആ ഗ്രാമത്തില്‍ നിന്ന് പോരാന്‍ തന്നെ തോന്നിയില്ലെനിക്ക്. പിന്നെയും കുറെ ദൂരം പോകേണ്ടേ… അതുകൊണ്ട് പേരറിയാത്ത ആ കൃഷിക്കാരനോട് കൈവീശി യാത്ര പറഞ്ഞ് ഞങ്ങള്‍ നീങ്ങി. വൈകുന്നേരം നാലു മണിയോടെ ഞങ്ങള്‍ പാര്‍ക്കിന്റെ(Lake Superior Provincial Park) ഓഫീസില്‍ എത്തി. ഓണ്‍ലൈന്‍വഴി ക്യാമ്പ് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഫീസടച്ച് ($79.00) പെര്‍മിറ്റ് വാങ്ങേണ്ടിയിരുന്നു. പെര്‍മിറ്റിന്റെ കോപ്പി കാറില്‍ പുറത്തേക്ക് കാണുന്ന രീതിയില്‍ വെക്കണം എന്ന് നിര്‍ബന്ധമാണ്. ഓഫീസില്‍ പൈസ അടച്ചു രസീതും, തീ കായാനുള്ള ഒരു കെട്ട് വിറകും വാങ്ങി ഞങ്ങള്‍ ക്യാമ്പ് സൈറ്റായ 143 ലേക്ക് പോയി. പാര്‍ക്കിലെ ഒരു ബെഞ്ച് ഒഴികെ മറ്റൊന്നുമില്ല. എപ്പോഴും ക്യാമ്പ് കെട്ടിപ്പൊക്കി ശരിയാക്കുന്നതൊക്കെ മക്കളാണ്. എനിക്ക് ഭക്ഷണകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ഇപ്രാവശ്യം എല്ലാം എന്റെ തലയിലായി. ഹുസൈന് പരിസര വീക്ഷണത്തിന് പോയി വരുമ്പോള്‍ ഞാന്‍ ടെന്റ് നിലത്ത് ഉറപ്പിക്കുന്ന തിരക്കിലാണ്. ”ടെന്റിനും, ചുറ്റികക്കും വേദനിക്കൂലാ, കാറ്റത്ത് പാറി പോയാല്‍ അതാ പോയീന്നും പറഞ്ഞ് തണുപ്പത്ത് കുത്തിരിക്കേണ്ടിവരു”ന്ന് പറഞ്ഞപ്പോ ”ഇങ്ങിനെയൊക്കെ പറയാന്‍ പറ്റ്വോ” എന്നൊരു ഭാവത്തില്‍ ഞാന്‍ എന്റെ പ്രതിഷേധം ഒതുക്കി.

ഒന്‍പത് മണി കഴിയും ഇവിടെ സൂര്യന് അസ്തമിക്കാന്‍. അതുവരെ മുഖത്തോടുമുഖം നോക്കിയിരിക്കുന്നതിലും ഭേദം പാര്‍ക്കിലൂടെ ഒന്ന് കറങ്ങി വരുന്നതാണ്. ക്യാമറ ശരിയാക്കുന്നതിനിടക്ക് സുലൈമാനിക്കുള്ള ഓര്‍ഡര്‍ കിട്ടിയതോടെ എന്റെ മരച്ചുവട്ടിലെ അടുക്കള സജീവമായി. ഫ്രീസ് ചെയ്ത് കൊണ്ട് വന്ന സൂപ്പ്, കോഴിക്കറി, കുബൂസ്, ബ്രെഡ്, ബട്ടര്‍, ജാം, ബിസ്ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയാണ് രണ്ട് ദിവസത്തേക്ക് കരുതിയിരിക്കുന്നത്. സുലൈമാനിയും കുബൂസും കോഴിക്കറിയും ചൂടാക്കി കഴിക്കാന്‍ ഇരുന്നപ്പോള്‍ ”ഉസ്താദ് ഹോട്ടല്‍”ന്നൊരു ബോര്‍ഡും കൂടെ തൂക്കായിരുന്നുന്നെനിക്ക് തോന്നി. സുലൈമാനിയും കുടിച്ച് ”ശാന്തമായി” നില്ക്കുന്ന സുപീരിയറിന്റെ തീരത്തിരിക്കാന്‍ നല്ല സുഖമുണ്ട്. ശാന്തമായി എന്ന് എടുത്തു പറയാന്‍ കാരണം ആ പാര്‍ക്ക് ഓഫീസില്‍ നിന്ന് കിട്ടിയ കുറിപ്പുകളൊന്നും ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല. സുപീരിയറിന് ശാന്തത എന്ന വാക്ക് ചേരില്ലെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്.

ഞാനുണ്ടാക്കിയ കോഴിക്കറിക്ക് നാട്ടില്‍ ആരാധകരില്ലെങ്കിലും കാട്ടില്‍ ആരാധകരുണ്ടായാലോ എന്ന് പേടിച്ച് കോള്‍ഡ് ബോക്സും, സ്റ്റവ്വും ഭദ്രമായി കാറിനുള്ളിലേക്ക് എടുത്തുവെച്ചു. മാപ്പുമായി ഹൈക്കിംഗ് ട്രേയിലുകള് നോക്കാന്‍ ഇറങ്ങി. പെട്ടെന്ന് നടന്ന് തിരിച്ചെത്താവുന്നതും കൂട്ടത്തില്‍ ചെറുതുമായ ”എഗവാ റോക്ക് പിക്ടോഗ്രഫ്സ് (Agawa Rock Pictographs, km 1098.0)’ ഇപ്പോള്‍ കാണാമെന്ന് കരുതി ഹൈക്കിംഗ് സ്റ്റിക്കുമായി ഇറങ്ങി.
കാനഡയിലെ ആദിവാസി ഗോത്രവര്‍ഗമായ ഓജിബ്വാക്കാരുടെ പൂര്‍വികര്‍ സുപീരിയറിന്റെ തീരത്തെ പാറകളില്‍ ചുകന്ന പാറ പൊടിയും മീനെണ്ണയും ചേര്‍ത്ത് അവരുടെ സ്വപ്നങ്ങളും വിശ്വാസങ്ങളും, കഥകളും വരച്ചു വെച്ചത് കാണാനാണ് പോകുന്നത്. പാറകളില്‍ അള്ളിപ്പിടിച്ച് അരമണിക്കൂര്‍ നടന്നാല്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്ന വലിയ ഗ്രാനൈറ്റ് പാറകളുടെ അടുത്തെത്താം. നടക്കുന്നതിനിടയില്‍ കണ്ട ചുകന്ന ബോര്‍ഡാണ് എന്റെ നടത്തം ഇരുത്തമാക്കി മാറ്റിയത്.
ഒന്ന് നോക്കി വരാമെന്നും പറഞ്ഞു ഹുസൈന് പോയി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആളുടെ ഒരു വിവരവുമില്ല. ഹൈക്കിംഗ് സ്റ്റിക്ക് ആണ് ആകെയുള്ള ധൈര്യം. നടന്നും, ഇരുന്ന് നിരങ്ങിയും, പകുതി ദൂരമെത്തിയപ്പോഴുണ്ട് കുറച്ചാളുകള്‍ അപ്പുറത്ത് നിന്ന് വരുന്നു. പാറയുടെ മുകളിലൂടെ സിംഗിള്‍ ലേയ്ന്‍ ട്രാഫിക്കേ പറ്റൂ, ഡബിള്‍ ലേയ്ന്‍ നടക്കൂല. അത് കൊണ്ട് ഞാന്‍ ഒതുങ്ങി പാറയോട് ഒട്ടി നിന്നു. കൈ വിട്ടാലോ കാലു വഴുക്കിയാലോ നേരെ താഴെ സുപീരിയറിന്റെ മടിയില്‍ ഇരുന്ന് ‘സ്പെല്ലിംഗ്” ശരിക്ക് പഠിക്കാം.
മഞ്ഞും, മഴയും തിരകളും ചേര്‍ന്ന് മായിച്ചു കൊണ്ടിരിക്കുന്ന പതിനേഴാം നൂറ്റാണ്ടിലെ ഈ അടയാളപ്പെടുത്തലുകളുടെ പൊരുള്‍ എന്തെന്ന് ഇതുവരെ ആര്‍ക്കും വ്യക്തമായി അറിയില്ല. പഠനങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. കാണുന്നതിനും ഫോട്ടോയെടുക്കുന്നതിനും നമുക്ക് വിലക്കില്ല, എന്നാല്‍ ചിത്രങ്ങളില്‍ തൊടരുത് എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഏറെ പ്രാധാന്യത്തോടെ വരച്ചു വെച്ചിരിക്കുന്നതാകട്ടെ കൊമ്പുകള്‍ ഉള്ള ഒരു വിചിത്ര ജീവിയുടെ ചിത്രവും. തല്ക്കാലം ഞാന്‍ ഇംഗ്ലീഷില്‍ അതിന്റെ പേര് പറഞ്ഞു തരാം. Misshepezhieu, the Great Lynx. വെള്ളത്തിന്റെ ആത്മാവായി ഇതിനെ അവര്‍ സങ്കല്പ്പിച്ചു. ഇതിന്റെ വാലിന് കാറ്റിനെയും തിരകളെയും അടിച്ചമര്‍ത്താന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. രക്ഷിക്കാനും, കൊല്ലാനും, സ്നേഹിക്കാനും കഴിയുന്ന ദൈവമായിരുന്നു അവര്‍ക്കിത്. അതിനോടൊപ്പം ഓരോ കുഞ്ഞ് ജനിക്കുമ്പോഴും പാറകളില്‍ പ്രകൃതിയുമായി ബന്ധമുള്ള പല ചിഹ്നങ്ങളും ഇവര്‍ വരച്ചു വെച്ചത് പ്രകൃതിക്ക് കുഞ്ഞിനെ പരിചയപ്പെടാനും അപകടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ പ്രകൃതിതന്നെ രക്ഷപ്പെടുത്തുവാനുമാണ് എന്നെല്ലാം ഇപ്പോള്‍ ഈ ചിത്രലേഖകള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ പറയുന്നു. ഇത് വരച്ചു വെച്ചവരാരും ഇന്നില്ലാത്തതിനാല്‍ ആധുനിക വ്യാഖ്യാനങ്ങള്‍ നമുക്ക് വിശ്വസിക്കാം.

ഇന്നലെകളെ കുറിച്ചറിയാനുള്ള കൗതുകം ഒന്ന് മാത്രമാണ് എന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. ഫോട്ടോയെടുത്തു തിരിച്ചു വരുന്ന ഹുസൈന് കണ്ടത് പാറയില്‍ അള്ളിപ്പിടിച്ച് നില്ക്കുന്ന എന്നെയാണ്. ‘ഏതായാലും ഇത്ര ദൂരം പോന്നില്ലേ ഇനി ബാക്കി കൂടി പതുക്കെ നടന്നോ, വീഴുമ്പോ പറഞ്ഞാ മതിയെന്നായി….’ പട്ടാമ്പിക്കാരിക്കുണ്ടോ വാശിക്ക് കുറവ്! അപ്പുറത്തേക്ക് നടന്നിട്ട് തന്നെ കാര്യം എന്നുറച്ച് ഞാനും. ഒടുവില്‍ ഞാനും എത്തി ചിത്രങ്ങള്‍ കണ്ടു. ഇത്രയും ബുദ്ധിമുട്ടി ചിത്രങ്ങള്‍ വരച്ച് ഇവര്‍ എന്താണാവോ നമ്മളോട് പറയാന്‍ ശ്രമിച്ചത്. അങ്ങോട്ട് പോയത് പോലെ തന്നെ നിരങ്ങിയും അള്ളിപ്പിടിച്ചും ഞാന്‍ തിരിച്ച് മണ്ണില്‍ ലാന്‍ഡ് ചെയ്തു. പാറപ്പുറത്തെ ക്യാറ്റ്വാക്കും കഴിഞ്ഞ് കരയിലെത്തിയപ്പോഴാണ് ഹുസൈന് എനിക്ക് പാര്‍ക്ക് ഓഫീസില്‍ നിന്ന് കിട്ടിയ ഒരു പേപ്പര്‍ തരുന്നത്. അതില്‍ ലേയ്ക്ക് സുപ്പീരിയര്‍ എങ്ങിനെ സുപീരിയറായി എന്ന് വളരെ വിശദമായിത്തന്നെയുണ്ട്.
വടക്കേ അമേരിക്ക മുഴുവനായും അഞ്ചടി വെളളത്തില്‍ മുങ്ങും ഇവിടെ നിന്നൊരു വെള്ളപ്പൊക്കമുണ്ടായാല്‍. ഒരു ഗുണമുണ്ട് മുങ്ങുമ്പോള്‍ ശുദ്ധ ജലത്തില്‍ തന്നെ മുങ്ങാം. ”ഇന്‍ലാന്‍ഡ് സീ (Inland Sea)’ എന്നൊരു വിശേഷണവും ഈ മഹതിക്കുണ്ടത്രേ. ഒരാഴചയിലെ രണ്ടു ദിവസവും സുപ്പീരിയര്‍ പ്രക്ഷുബ്ധമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കടല്‍ തിരകളെക്കാള്‍ ശക്തമാണത്രേ ഇതിലെ തിരകള്‍. ചെറുതും വലുതുമായ മുന്നൂറ്റിയന്‍പതോളം കപ്പലുകളെയും അതിലെ ജീവനുകളെയുമാണ് സുപ്പീരിയര്‍ അവളുടെ മടിയില്‍ ഉറക്കി കിടത്തിയിരിക്കുന്നത്. സായിപ്പിന്റെ ഭാഷയില്‍ വിവരിച്ചാല്‍ ‘Deepest, Coldest, Cleanest and Largest’. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാം തികഞ്ഞത്! ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ സുപ്പീരിയര്‍ കോപത്തിലെന്ന പോലെ വൃത്തിയുടെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ. അതുകൊണ്ടാവണം മറ്റ് പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി ‘Special Rules Apply to Lake Superior Provincial Park’ എന്നെഴുതിയിരിക്കുന്നത്. നവംബര്‍ മാസത്തിലാണ് ലേയ്ക്ക് സുപ്പീരിയര്‍ വളരെ മോശമാകുന്നത്. അപ്പോഴായിരിക്കും ഇവിടെ ദുര്‍ഗാഷ്ടമി. മിക്ക അപകടങ്ങള്‍ നടന്നിട്ടുള്ളതും നവംബറിലാണത്രേ. സെപ്റ്റംബര്‍ അവസാനത്തോടെ ഈ പാര്‍ക്ക് അടക്കുന്നതും ഇതേ കാരണം കൊണ്ടാകും. തടാകത്തിലെ ഭൂതം പുറത്തിറങ്ങുന്ന സമയമാണിതെന്ന് നാടോടി കഥ.

അസ്തമയ സമയം അടുത്തതിനാല്‍ ഞങ്ങള്‍ ക്യാമ്പിനടുത്തുള്ള ബീച്ചിലേക്ക് പോന്നു. നീലാകാശം മുഴുക്കെയും ചെഞ്ചായം പടര്‍ത്തി വെള്ളത്തിലേക്ക് ആണ്ടുപോകുന്ന സൂര്യനെ ക്യാമറയിലും കാന്‍വാസിലും പകര്‍ത്താന്‍ അവിടെ ആളുകള്‍ ഏറെയുണ്ടായിരുന്നു. രാത്രി വൈകുവോളം ഞങ്ങള്‍ അവിടെയിരുന്നു.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം മാനിച്ച് രാവിലെ തന്നെ കാട് തെണ്ടാന്‍ ഇറങ്ങി. പിംഗുയിസിബി (Pinguisibi) ഹൈക്കിംഗ് ട്രേയില്‍ അധികം ബുദ്ധിമുട്ടില്ലാത്തതും, വെള്ളച്ചാട്ടങ്ങള്ക്കരികിലൂടെയാണെന്നും വായിച്ച് മനസ്സിലാക്കി. അതേ, ഒറ്റ ദിവസം കൊണ്ട് ഞാന്‍ നന്നായി. ഇപ്പോ എന്ത് കണ്ടാലും വായിക്കും! ധാരാളം മീന്‍ കിട്ടുന്ന സാന്‍ഡ റിവറി (Sand River) നരികിലൂടെയാണ് ട്രേയില്‍. ഉരുള്ളന്‍ കല്ലുകളും വന്മരങ്ങളുടെ വേരുകളും കെട്ടുപിണഞ്ഞു കിടക്കുന്നു. വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് ഒരുമണിക്കൂര്‍ സമയംകൊണ്ട് നടന്നെത്താം എന്ന് പറയുന്നുണ്ടെങ്കിലും സാധിക്കില്ല. നടത്തവും ഫോട്ടോഗ്രാഫിയും കൂടെയാകുമ്പോള്‍ സമയം ഏറെ വൈകും. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത ഞാന്‍ മനസ്സിലും ഹുസൈന് ക്യാമറയിലും ഒപ്പിയെടുത്തു. കണ്ണീരൊഴുക്കുന്ന വേരുകളെ കണ്ടത് ഇവിടെയാണ്. നൊമ്പരമായി ആ കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. മഴ ചാറി തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ അവിടെ നിന്ന് പോന്നിരുന്നു.

അടുത്തതായി പോയത് സുപീരിയറിന്റെ തീരത്തുള്ള പ്രേത നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട തുറമുഖത്തേക്കായിരുന്നു . പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഏറെ സജീവമായിരുന്ന ഗര്ഗാഞ്ചുവാ ഹാര്‍ബര്‍ (Gargantua Harbour). അന്ന് ബോട്ട് വഴിയല്ലാതെ ഈ നഗരത്തിലേക്ക് എത്താന്‍ വേറെ മാര്‍ഗമൊന്നും ഇല്ലായിരുന്നു. മാസത്തില്‍ രണ്ടു തവണ മാത്രമേ ഈ നഗരത്തിലേ ജനങ്ങള്‍ക്കുള്ള ആവശ്യസാധനങ്ങളുമായി ബോട്ടുകള്‍ എത്തൂ. മത്സ്യബന്ധന തൊഴിലാളികളായിരുന്നു ഇവിടെ പാര്‍ത്തിരുന്നത്. 1900 ലെ ഒരു രാത്രിയില്‍ നൂറ്റി മുപ്പതടി നീളമുള്ള ബോട്ടിന് തീപിടിച്ചപ്പോള്‍, തീ നഗരത്തിലേക്ക് പടരാതിരിക്കാന്‍ അതിനെ വെട്ടിപ്പൊളിച്ച് സുപീരിയറില് താഴ്ത്തി. അതിനുശേഷം ഈ തുറമുഖ നഗരം ഗതിപിടിച്ചില്ലെന്നും ഒടുവില്‍ ജനങ്ങള്‍ ഇവിടം ഉപേക്ഷിച്ചു പോവുകയുമായിരുന്നു. സുപ്പീരിയര്‍ നല്ല സ്വഭാവത്തിലിരിക്കുന്ന സമയത്ത് തോണിയില്‍ പോയാല്‍ തീ പിടിച്ച് നശിച്ച ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കാണാം. പതുക്കെയാണെങ്കിലും പോയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഈ നഗരം.
പതിനാല് കിലോമീറ്ററോളം കൊടും കാട്ടിലൂടെ വണ്ടിയോടിച്ച് പോയാലെ ഹാര്‍ബാറില്‍ എത്തൂ. വളഞ്ഞും തിരിഞ്ഞും കയറിയും ഇറങ്ങിയും ചരല് പാകി വീതി നന്നേ കുറഞ്ഞ ഈ വഴിയിലൂടെ വേനല്‍ക്കാലത്ത് മാത്രമേ വണ്ടികള്‍ക്ക് പോകാന്‍ കഴിയൂ. കാട്ടിലൂടെ നടക്കുമ്പോള്‍ ഇല്ലാത്ത ഭീതിയാണ് വണ്ടിയില്‍ ഇരുന്നു ചുറ്റുമുള്ള കാട് കണ്ടപ്പോള്‍ തോന്നിയത്. മഴ കനത്തു തുടങ്ങിയിരുന്നു. മുന്നില്‍ ഒരുവഴിയുണ്ടെന്നു വിചാരിച്ചു കൊണ്ട് യാത്ര ചെയ്യാമെന്നല്ലാതെ ഒന്നും കാണുന്നില്ല. ആയിരം കിലോമീറ്റര്‍ ഓടിച്ചു വന്നതിനേക്കാള്‍ പ്രയാസമായിരുന്നു പതിനാലു കിലോമീറ്റര്‍ താണ്ടാന്‍.

വണ്ടി നിര്‍ത്താന്‍ ഒഴിഞ്ഞ ഒരു സ്ഥലമുണ്ട്. അവിടെ വണ്ടി നിര്‍ത്തിയിട്ട് തീരത്തേക്ക് നടക്കണം. ബുദ്ധിമുട്ടി ഇത്രേടം വന്നത് വെറുതെയായില്ല. എന്തൊരു ഭംഗിയാണ് ഈ തീരത്തിന്! പല നിറത്തില്‍ ഉരുട്ടി മിനുക്കിയ പാറക്കല്ലുകള്‍ തീരത്താകമാനം നിരത്തിയിരിക്കുന്നു. ഇത് വേറെ ആരുടേയും പണിയല്ല. സുപീരിയറിന്റെ സ്വന്തം കലാവിരുത് തന്നെ. ശക്തമായ തിരകള്‍ കൊണ്ട് പാറകളെ ഇതുപോലെ ഉരുട്ടിയെടുക്കാന്‍ ഇവള്‍ക്ക് മാത്രമേ കഴിയൂ. നേരിട്ട് കണ്ടിട്ടും തൊട്ടു നോക്കിയിട്ടും എനിക്ക് വിശ്വാസിക്കാനാവുന്നില്ല…. കുട്ടികളുമായി മഴനനഞ്ഞ് തീരത്ത് നില്ക്കുന്ന ഒരു കുടുംബത്തിനെ അവിടെ കണ്ടു. ആറു ദിവസത്തെ ഹൈക്കിംഗ് കഴിഞ്ഞു കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിയവരാണ്. ക്ഷീണിതനാണെങ്കിലും ഹൈക്കിംഗിന്റെ വിശദാംശങ്ങള്‍ സായിപ്പ് ക്ഷമയോടെ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. ക്ഷണികമാണെങ്കിലും ഇത്തരം സൗഹൃദങ്ങള്‍ പങ്കുവെക്കുന്ന അനുഭവങ്ങള്‍ ഏറെക്കാലം മനസ്സിലുണ്ടാകും. കുറേനേരം അവരുമായി സംസാരിച്ചു ഞങ്ങള്‍ പിരിഞ്ഞു. ഹുസൈന് വീണ്ടും ഫോട്ടോയെടുക്കാന്‍ പോയി. പ്രേത നഗരത്തില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ അഞ്ചു മണിയായി.

കാപ്പി കുടിയൊക്കെ കഴിഞ്ഞ് മറ്റൊരു ബീച്ചിലെത്തിയപ്പോഴേക്കും സുപ്പീരിയര്‍ അവളുടെ ശാന്ത സ്വഭാവമൊക്കെ കൈവെടിഞ്ഞിരുന്നു. ബീച്ചില്‍ കടപുഴകി കിടക്കുന്ന മരങ്ങള്‍ കാണാം. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പെന്നോണം അതെല്ലാം അവിടെത്തന്നെ കിടക്കുന്നുണ്ട്. തോണി തുഴഞ്ഞിരുന്ന ഒരമ്മയും മകളും തിരിച്ചെത്തി തോണി കരക്കടുപ്പിക്കുമ്പോള്‍ ‘Lake is disturbed’ എന്ന് അവിടെയുള്ളവരോട് പറയുന്നത് കേട്ടു. അധികനേരം അവിടെയും ഇവിടെയും കറങ്ങി നടക്കാതെ ഞങ്ങള്‍ തിരിച്ചു ക്യാമ്പിലേക്ക് പോന്നു. ഉണ്ടായിരുന്ന ബാക്കി ഭക്ഷണവും കഴിച്ച് ഒരു ചായയും കുടിച്ച് ഞങ്ങള്‍ ബീച്ചിലേക്ക് പോയി. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരുന്നു ബീച്ച്. ഒന്നുരണ്ട് പേരൊഴികെ വേറെയാരുമില്ല. തിരകള്‍ക്ക് ശക്തിയേറിയിരുന്നു. തലേന്ന് കണ്ട തടാക ദൃശ്യങ്ങള്‍ സ്വപ്നമായിരുന്നോ എന്ന് തോന്നിപ്പിക്കും വിധമായി ഇന്നത്തെ കാഴ്ച. കാറ്റും തണുപ്പും വല്ലാതെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയപ്പോള്‍ ടെന്റിന്റെ കൊച്ചു സുരക്ഷിതത്തിലേക്ക് ഞങ്ങള്‍ മടങ്ങി.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ക്യാമ്പ് സൈറ്റ് ഒഴിഞ്ഞ് ഞങ്ങള്‍ ടോറോന്റോയിലേക്ക് മടക്കയാത്ര ആരംഭിച്ചു. വഴിയില്‍ കണ്ട കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ ഒന്നിറങ്ങി. എല്ലാ യാത്രയിലും എന്തെങ്കിലും ഒന്ന് ശേഖരിച്ചു കൂടെ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. തിരഞ്ഞ് തിരഞ്ഞ് ഒടുവില്‍ കിട്ടിയത് ഒരു ചെറിയ മഞ്ഞ കൂടിനുള്ളില്‍ ഇറക്കി വെച്ചിരിക്കുന്ന നാല് കുഞ്ഞു പാവകളെയാണ്. ‘വറി ഡോള്‍സ്(Worry Dolls) എന്നാണത്രേ ഇതിന് പേര്. ഇതുപോലെയുള്ള കുഞ്ഞു പാവകളോട് രാത്രിയില്‍ തങ്ങളുടെ വ്യാകുലതകള്‍ ഇവിടുത്തെ ഗോത്രക്കാര്‍ പറയുമെത്രേ. എന്നിട്ട് ഉറങ്ങുമ്പോള്‍ അവയെ അടുത്ത് കിടത്തും. എല്ലാ മനക്ലേശങ്ങളും, പ്രയാസങ്ങളും ഈ പാവകള്‍ ഏറ്റെടുക്കുമെന്നായിരുന്നു ആ പാവങ്ങളുടെ വിശ്വാസം. ഈ കഥയേക്കാളൊക്കെ എനിക്ക് പ്രിയം ആ പാവകള്‍ തിരിച്ചു നല്കിയ എന്റെ ബാല്യകാല സ്മൃതികളാണ്….
മടങ്ങുംവഴി ഫ്രഞ്ച് റിവറില്‍ ഒന്നിറങ്ങി. പണ്ടൊരിക്കല്‍ പോയി കണ്ടതാണ്. എങ്കിലും വെറുതെ ഒരു വട്ടംകൂടി…. നഗരത്തിന്റെ തിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും മനസ്സ് സ്വസ്ഥമായിരുന്നു.
Nall vivaranam…
Valare nalla yatra vivaranam…
അപരിചിതമായ ഭൂമിയെ നന്നായി പരിചയപ്പെടുത്തി.
ഇതിപ്പോ ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു!
മോഡറെഷന് കിട്ടിയാലും ഞാന്‍ ജയിക്കുമെന്ന് തോന്നുന്നില്ല.