“പാണ്ഡവപ്പെരുമയുടെ നാട് ”

in നാട്ടുവിശേഷം

തിരുവിഴാംകുന്ന് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് ശ്രീവാഴുംകുന്ന് എന്നായിരുന്നുവത്രേ. കിഴക്ക് പുറ്റാനിക്കാടന്‍ മലകളും കൊടുവാളിപ്പുറം ദേശവും, വടക്ക് ഇരട്ടവാരി, പൊരുതല്‍ മലകളും. ഇവയോട് തൊട്ടു കിടക്കുന്ന ഈ ഗ്രാമമാണ് അരക്കില്ലം ചുട്ടെരിക്കപ്പെട്ടപ്പോള്‍ പാണ്ഡവര്‍ വനവാസത്തിന് തിരഞ്ഞെടുത്തതെന്ന് ഐതീഹ്യം. ഭീമനാട്, അരക്കുപറമ്പ് എന്നീ പ്രദേശങ്ങള്‍ പേരുകൊണ്ട് ഈ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് 1400 ഏക്കര്‍ റിസര്‍വ് വനം ഗ്രാമത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. തൊട്ടൊഴുകുന്ന കുന്തിപ്പുഴയും പാണ്ഡവന്മാരേയും അമ്മ കുന്തീദേവിയെയും അനുസ്മരിപ്പിക്കുന്നു. കുന്തിപ്പുഴയുടെ ഉദ്ഭവസ്ഥാനത്തുള്ള പാത്രക്കടവും ഐതീഹ്യങ്ങളിലുണ്ട്.

നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മതമൈത്രിയുടെ നിദര്‍ശനമായിരുന്നു. ഉത്സവദിവസം ക്ഷേത്രത്തില്‍ നിന്ന് കോമരം തുള്ളി വരുന്ന സമയത്ത്, ചമയിച്ചു നിര്‍ത്തിയ ഗജവീരന്മാരുടെ മുന്‍പില്‍ വെളുത്ത തുണി കൊണ്ട് തല ആച്ഛാദനം ചെയ്ത മുസ്ലീങ്ങളെ കാണണം. എങ്കില്‍ മാത്രമേ ഭഗവതിക്ക് തൃപ്തിയാകൂ എന്നായിരുന്നു വിശ്വാസം. ആനയുടെ മുന്‍പില്‍ വെള്ളത്തുണി തലയില്‍ കെട്ടി നില്‍ക്കാനുള്ള അവകാശം ഇവിടുത്തെ പ്രമുഖ മുസ്‌ളീം തറവാട്ടിലെ കാരണവര്‍ക്കായിരുന്നു. ഇപ്പോള്‍ ഈ ആചാരമില്ല.

തിരുവിഴാംകുന്നിന്റെ മുഖശ്രീ മനോജ്ഞമാക്കിയതില്‍ പ്രമുഖമായ ഒന്ന് വെറ്റിനറി സര്‍വകലാശാലയുടെ അധീനതയിലുള്ള ലൈവ് സ്റ്റോക്ക് റിസര്‍വ്വ് സ്റ്റേഷനാണ്. അത് നന്ദിപൂര്‍വ്വം സ്മരിക്കണം.തിരുവിഴാംകുന്ന് ഗവണ്മെന്റ് എല്‍.പി.സ്‌കൂളാണ് ഈ പ്രദേശത്തെ ഏക സര്‍ക്കാര്‍ വിദ്യാലയം. സുമാര്‍ 100 വര്‍ഷം മുമ്പ് എഴുത്ത് പള്ളിക്കൂടമായി ആരംഭിച്ചതാണ്. അട്ടപ്പാടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ ഉള്ളത് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഈ മേഖലയിലാണ്. കോട്ടക്കുന്ന്, പുളിക്കലടി, കരടിയോട്, ചൂരിയോട്, മേലേകുളം, അമ്പലപ്പാറ തുടങ്ങിയ ആദിവാസി കോളനികള്‍ തിരുവിഴാംകുന്നിലാണ്. ഇവിടുത്തെ ആദിവാസികള്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെടുന്നു.

എന്റെ കൗമാരകാലം. അന്നിവിടെ അനേകം പാടശേഖരങ്ങളുണ്ടായിരുന്നു. നല്ല ചേറ്റാഴമുള്ള വയലുകള്‍. പൂട്ടുന്ന സമയത്ത് കാലുകള്‍ വലിച്ചെടുക്കാന്‍ പൂട്ടുന്നവനും പോത്തും നന്നേ വിഷമിക്കും. കറുത്ത ഹല്‍വ പോലെയുള്ള ഈ മണ്ണില്‍ മുപ്പുവല്‍ കൃഷിയാണ് ചെയ്തിരുന്നത്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച- ഇതായിരുന്നു മുപ്പുവല്‍ കൃഷിയുടെ പേര്. വിരിപ്പ് കന്നിമാസത്തില്‍ കൊയ്യും.ഇതാണ് കന്നിക്കൊയ്ത്ത്. മുണ്ടകന്‍ മകരത്തില്‍ കൊയ്യും-മകരക്കൊയ്ത്ത്. ‘മുണ്ടകന്‍ കൊയ്യുന്ന കാലം മുഴുത്താമോദം’ എന്നാണ് കവി വാക്യം. (പുഞ്ച ഇടവത്തില്‍ അരിഞ്ഞെടുക്കും.)

മകരക്കൊയ്ത്ത് കാലത്ത് കര്‍ഷകഭവനങ്ങളില്‍ പിരിവുകാരുടെ പ്രവാഹമാവും. നേര്‍ച്ചപ്പിരിവ്, നാഗപ്പിരിവ്, നാഗൂര്‍പ്പിരിവ്, ഭഗവതിപ്പിരിവ്, കൊടുങ്ങല്ലൂര്‍പ്പിരിവ്. ഇടയ്ക്ക് കുറച്ചു കാലം സര്‍ക്കാരിന്റെ ‘ലെവി’ പിരിവുമുണ്ടായിരുന്നു. കൃഷി എന്നും നഷ്ടമായിരുന്നു. ചെറുകിട കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും. അതിവൃഷ്ടിയോ അനാവൃഷ്ടിയോ സൃഷ്ടിച്ച കെടുതികള്‍ ഒരു വശത്ത്. ജന്മിക്ക് പാട്ടം കൊടുക്കാനുള്ള ബാദ്ധ്യത മറുവശത്ത്. ഇതിനിടയില്‍ കര്‍ഷകന്റെ ‘കണ്ണുതള്ളി’ ‘ഉണക്കി ചേറി വൃത്തിയാക്കി, പത്തായക്കുറ്റം തീര്‍ത്ത് പത്തതിനാറു കണക്കില്‍ കന്നിയിലും ശിഷ്ടം മകരത്തിലും തന്നുകൊള്ളാം’ എന്ന വ്യവസ്ഥ അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് കൃഷിയാവശ്യത്തിന് ഭൂമി ലഭിച്ചിരുന്നത്. ;കുടിയാന്‍’ വ്യവസ്ഥ പ്രകാരം പാട്ടം അളക്കുകയും വേണം.

വര്‍ഷകാലത്ത് കര്‍ഷകര്‍ നെല്ലും വൈക്കോലും ഉണക്കിയെടുത്തത് വലിയ പാറയിലാണ്. ഭൂനിരപ്പില്‍ നിന്ന് രണ്ട്-രണ്ടരയടി ഉയരത്തില്‍ സമനിരപ്പായി കിടന്ന പാറ. പേര് പോലെ തന്നെ വലിയ പാറയായിരുന്നു.ഏകദേശം അഞ്ച് ഏക്കറിലധികം വിസ്തൃതി! പരിസരത്തെ കുട്ടികള്‍ കാല്‍പന്ത് കളിച്ചു പഠിച്ചത് ഈ പാറയിലാണ്. സമരപ്രചാരണ യോഗങ്ങള്‍, രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍, വായനശാല വാര്‍ഷികങ്ങള്‍, സ്വാതന്ത്ര്യദിനാഘോഷങ്ങള്‍, സാക്ഷരതാ പ്രചാരണ യജ്ഞങ്ങള്‍, മതപ്രഭാഷണങ്ങള്‍… ഇങ്ങനെ ധാരാളം സംഭവങ്ങള്‍ക്ക് വേദിയായിട്ടുണ്ട് വലിയപാറ.

സമീപത്തെ കിണറുകളിലും അരുവികളിലും വറ്റാത്ത ജലസ്രോതസ്സിന്റെ കാരണവും വലിയപാറയാകാം. വലിയപാറ ഇപ്പോഴില്ല. അതൊക്കെ വെടി വെച്ച് പൊട്ടിച്ച് കഷ്ണങ്ങളാക്കി കടത്തിപ്പോയി. പത്തുകൊല്ലത്തോളം ഇവിടെ ഇടവേളകളില്ലാത്ത പണിയായിരുന്നു. പാറയുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് വലിയൊരു കുളമാണ്. ആ കുളത്തില്‍ മത്സ്യം വളര്‍ത്തിയിരുന്നു. ഇപ്പോള്‍ അതുമില്ല. മന്വന്തരങ്ങള്‍ കൊണ്ടാണ് ഒരു വലിയ പാറയോ മഹാനദിയോ രൂപം കൊള്ളുന്നത്. അത് നിഷ്‌കരുണം നശിപ്പിക്കാന്‍ മനുഷ്യര്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ മതി. അതു മാത്രവുമല്ല പാല പൂത്ത പരിമളവുമായി ഒഴുകിനടന്ന പാതിരാക്കാറ്റും ഇപ്പോഴില്ല.

Leave a Reply

Your email address will not be published.

*