പുസ്തകാസ്വാദനം : ‘ടു ലിവ്’

in പുസ്തകാസ്വാദനം

‘യു ഹുവ’യുടെ ‘ടു ലിവ്’. എന്നെ ഏറെ സ്വാധീനിച്ചതും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നതും, അക്ഷര സ്‌നേഹികള്‍ ഒരിക്കലെങ്കിലും വായിക്കേണ്ടുന്നതുമായ പുസ്തകം. ഇന്ന് വീണ്ടും വായിച്ചു. ജീവിതത്തിന്റെ കാഴ്ച കൂടുതല്‍ തെളിച്ചമുള്ളതായി. യു ഹുവയുടെ ഹൃദയഭാഷ്യത്തില്‍ എല്ലാ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്പന്ദിച്ചു നില്‍ക്കുന്ന ജീവിതമെന്ന സത്യത്തിന്റെ മുന്നില്‍ അത്ഭുതാദരവുകളോടെ നില്‍ക്കുന്ന വായനക്കാരനായി ഞാന്‍. ഏറ്റവും ലളിതവും ഏറ്റവും സങ്കീര്‍ണവുമായ പുസ്തകം. സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ എല്ലാ ഇതിഹാസങ്ങളെയും കവച്ചു വെയ്ക്കുന്ന രചനാചാതുര്യം.

പ്രൊഫസര്‍ എം.പി.പോള്‍ ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവലിനെക്കുറിച്ച് പറഞ്ഞത് ‘ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേട്; അതില്‍ നിന്ന് ഇപ്പോഴും ചോര പൊടിക്കുന്നു’ എന്നാണ്.അത് ബഷീറിയന്‍ സാഹിത്യത്തെ മുഴുവനായി പ്രതിനിധാനം ചെയ്യുന്നു. കാല്‍പ്പനികതയുടെ, അതിഭാവുകത്വത്തിന്റെ, സ്വപ്നഭൂമികകളില്‍ മാത്രം അഭിരമിച്ചിരുന്ന അനുവാചകന്റെ നേര്‍ക്ക് പിടിച്ച ഒരു കണ്ണാടി ആയിരുന്നു ബഷീറിയന്‍ സാഹിത്യം. ഇവിടെ യു ഹുവയുടെ ടു ലിവ് എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍, ജീവിതമെന്ന പരുക്കന്‍ യഥാര്‍ത്ഥ്യം ഇത്രയും അയത്‌നലളിതമായി ആവിഷ്‌കരിക്കാന്‍ കഴിയുമോ എന്നു തോന്നിപ്പോയി.

നമുക്ക് ചുറ്റും സ്പന്ദിച്ചു നില്‍ക്കുമ്പോഴും നാമറിയാതെ പോകുന്ന ജീവിത യഥാര്‍ത്ഥ്യം വീണ്ടെടുക്കാനുള്ള ഒരു മൂന്നാം കണ്ണ് പ്രദാനം ചെയ്യുന്നുണ്ട് ഈ നോവല്‍. ഇതു വായിച്ചു പൂര്‍ണമാകുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്ന ഒരു ഭാരം, നൊമ്പരം അത് ദാര്‍ശനികമായ ഒരു ഉള്‍ക്കാഴ്ചയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന മായാജാലം നാം അനുഭവിക്കുന്നു. ജീവിതത്തിലേക്ക് നോക്കാന്‍ ഒരു നിസംഗന്റെ കാഴ്ച ഞൊടി നേരമെങ്കിലും ലഭിക്കുന്നു ഈ നോവലിലൂടെ.

കാലദേശങ്ങള്‍ക്കതീതമായി, ഭൂമിശാസ്ത്ര പരവും സാംസ്‌കാരികവുമായ വൈജാത്യങ്ങള്‍ക്കിടയിലും മനുഷ്യന്റെ ജീവിതം എല്ലായിടത്തും ഒരു പോലെയാെണന്നുളളത്തിന്റെ ഉത്തമ നിദര്‍ശനമാണ് ഈ നോവല്‍. ആസക്തി, സ്‌നേഹം, കടമ മുതലായവയുടെ കണ്ണികളില്‍ ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൂട്ടം മനുഷ്യര്‍.ജീവിതത്തിന്റെ തീഷ്ണമായ അനേകം അനുഭവങ്ങളിലൂടെ കടന്നു വരുന്ന നായകന്‍ ഫ്യുഗി ആദ്യന്തം ഒരു പച്ച മനുഷ്യനായി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളിലൂടെ അതിജീവനം ചെയ്യുന്ന ഫ്യുഗി, നഷ്ടപ്പെടലുകളുടെ ബാക്കിയായി നോവലില്‍ അവസാനം ഒറ്റപ്പെടുമ്പോള്‍ അറവുകാരനില്‍ നിന്നും വാങ്ങുന്ന വയസന്‍ കാള (പേരക്കുട്ടിക്ക് നല്‍കുന്ന വാഗ്ദാനത്തിന്റെ സ്മരണയ്ക്കായി) അയാളെ ഒരു ഔന്ന്യത്യത്തിലേക്ക് പ്രതിഷ്ഠിക്കുന്നതിന് നിദാനമാകുന്നു. പരസ്പരാശ്രയത്വതിന്റെ ജീവിതപ്പാത ഇനിയും നീണ്ടു കിടക്കുന്നുവെന്ന ഒരു ശുഭാപ്തിവിശ്വാസം അയാളെ നയിക്കുന്നു.

യൗവനത്തില്‍ പൈതൃകസ്വത്തും കുടുംബത്തിന്റെ സല്‍പ്പേരും ധൂര്‍ത്തിലും ചൂതാട്ടത്തിലും നശിപ്പിച്ച് ഒടുവില്‍ പശ്ചാത്താപവിവശനായി തന്റെ ഭാര്യയേയും മക്കളേയും സ്‌നേഹിക്കുകയും തന്റെ കടമകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന ഫ്യൂഗിയുടെ ജീവിതം ഒരു സാധാരണമനുഷ്യന്റെ അതിശയോക്തിപരമല്ലാത്ത ജീവിതമായി സംക്ഷേപിച്ചാലും ആ സാധാരണത്വത്തിലും അസാധാരണമായി നിലകൊള്ളുന്ന മനുഷ്യ ബന്ധങ്ങളുടെ തീവ്രത നമ്മെ അനുഭവിപ്പിക്കുന്നു ഈ നോവല്‍.

ചൈനയുടെ സാമൂഹ്യജീവിതത്തില്‍ സമൂലമാറ്റങ്ങള്‍ക്ക് ഹേതുവായിത്തീര്‍ന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ എങ്ങനെയെല്ലമാണ് പ്രാന്തവല്‍കൃതരുടെ ജീവിതത്തെ സ്വാധീനിച്ചതെന്ന് നോവലില്‍ നാം കാണുന്നു. ഈ നോവല്‍ നടക്കുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍-ചിയാങ് കൈഷക്കിന്റെയും മാവോ സേതുങ്ങിന്റെയും ഭരണകാലം-നേരിട്ട് വിവരിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നോവലിസ്റ്റ് അതിന്റെ അനുരണനങ്ങള്‍ ഗ്രാമീണചൈനയിലെ കര്‍ഷകജീവിതങ്ങളെ ഗ്രസിക്കുന്നതിന്റെ വിവരണമാണ് നല്‍കുന്നത്.

മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം നോവലിലുടനീളം ജീവത്തായി നിലകൊള്ളുന്നു. ജീവിത ദുരന്തങ്ങളില്‍ ഒറ്റപ്പെടുന്ന ഫ്യൂഗി ഓരോപ്രാവശ്യവും കാരുണ്യത്തിന്റെ ആ ഗര്‍ഭസ്ഥലികളില്‍ അഭയംപ്രാപിക്കുന്നുണ്ട്. നോവലിന്റെ പശ്ചാത്തലം തന്നെ ഈ കാര്‍ഷിക സംസ്‌ക്കാരമായതിനാല്‍, ആദിമ മനുഷ്യന്റെ പ്രതിരൂപമായി ഫ്യൂഗി പരിവര്‍ത്തിക്കപ്പെടുന്നത്, നോവലിലുടനീളം ആ പൗരാണികതയുടെ തണലിന്റെ കുളിരനുഭവിക്കുന്നത് കൊണ്ട് നാം അറിയാതെ പോകുന്നു. എന്നാല്‍ അവസാനഭാഗത്ത് ഫ്യൂഗി തന്റെ സഹചാരിയുമൊത്ത്-ആദിമ മനുഷ്യന്റെ സഹചാരി-ആ പ്രാക്തനതയിലേക്ക് മടങ്ങുന്നു. അല്ല തുടരുന്നു.

ഓരോ വായനയിലും സ്‌നേഹത്തിന്റെ, നന്മയുടെ കൈത്തിരി വെട്ടം ഹൃദയത്തില്‍ കൊളുത്തുന്നു ഈ നോവല്‍.ഓരോ മനുഷ്യനിലുമുള്ള കാരുണ്യത്തിന്റെ ഉറവയെ കണ്ടെത്താന്‍ ഇതു സഹായിക്കുന്നു.അതെ കാലാതിവര്‍ത്തിയായ മനുഷ്യഗാഥ.

Leave a Reply

Your email address will not be published.

*