“തുംഗഭദ്രയിൽ പകലുണരുമ്പോൾ”

in യാത്ര

‘ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി
ജലേ-അസ്മിൻ സന്നിധം കുരു…’

തുംഗഭദ്രയിൽ പകൽ ഉണരുകയായിരുന്നു. ആകാശത്തിന്റെ അതിരുകളിൽ പതിയെ പടരുന്ന വെളിച്ചം നദിയിലെ ഓളങ്ങളെ സ്വർണാഭമാക്കി. കിഴക്കോട്ട് തിരിഞ്ഞ് മുങ്ങിനിവർന്ന് കൈക്കുമ്പിളിൽ കോരിയെടുത്ത ജലം ഉദിച്ചുയരുന്ന സൂര്യനുനേരെ നീട്ടി ഞാൻ ആ നിമിഷം എനിക്കു തന്ന നിയതിയുടെ നിയോഗത്തിനു നന്ദി പറഞ്ഞു. ഭാരതീയമായ നദികളെ മനസ്സിലാവാഹിച്ച്., അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകൾക്ക് പഞ്ചഭൂതങ്ങളോട് മാപ്പിരന്നു. വീണ്ടും മുങ്ങി ഉയരവെ എന്റെ കണ്ണുകളിൽ പടർന്ന നനവ് ഏറ്റുവാങ്ങി തുംഗഭദ്ര ഒഴുകി…

ഷിമോഗയിൽ നിന്ന് ചിത്രദുർഗയിലേക്ക് അതിരാവിലെയുള്ള ബസിൽ ആളുകൾ കുറവായിരുന്നു. ബസ് കടന്നുപോവുന്ന ഹോളഹന്നൂർ-ചന്നഗിരി റോഡിൽനിന്നും രണ്ടു കിലോമീറ്ററോളം അകലെയാണ് തുംഗ-ഭദ്ര സംഗമം. പുറപ്പെടും മുമ്പ് ഷിമോഗ ബസ് സ്റ്റാൻഡിൽ വെച്ചുതന്നെ കണ്ടക്ടറുമായി ചങ്ങാത്തം കൂടിയതുകൊണ്ട് സംഗമത്തിലേക്കുള്ള പാത ആരംഭിക്കുന്ന ചെറിയ കവലയിൽ അയാൾ വിസിലടിച്ച് ബസ് നിർത്തി. ഇറങ്ങുന്നതിനുമുമ്പ് എനിക്കു പോവേണ്ട വഴിയെക്കുറിച്ച് ഏകദേശധാരണയും തന്നു ആ നല്ല മനുഷ്യൻ.

അൽപ്പമാത്രയിൽ നമ്മുടെ ജീവിതത്തിലേക്ക് സ്നേഹം ചൊരിഞ്ഞ് എങ്ങോ പോയി മറയുന്ന നന്മനിറഞ്ഞ മനുഷ്യരെക്കുറിച്ച് ഓർത്തുകൊണ്ട് ഞാൻ ബസ്സിറങ്ങി നെൽപ്പാടങ്ങൾക്കു നടുവിലൂടെയുള്ള ചെറിയ റോഡിലൂടെ നടന്നു. നേരം വെളുത്തിരുന്നില്ല.വഴിയിൽ ഇരുളും നിലാവും പിണഞ്ഞു കിടന്നു. നിലാവു വീണുകിടന്ന വിശാലമായ നെൽപ്പാടങ്ങളും അതിരിട്ട ചെറുകുന്നുകളും പഴയകാല കേരളഗ്രാമങ്ങളുടെ ഭൂപ്രകൃതിയെ അനുസ്മരിപ്പിച്ചു.

അതിപുരാതനകാലം മുതൽ ജനവാസമുണ്ടായിരുന്ന സ്ഥലമാണ് തുംഗഭദ്രാനദീതടം.വാത്മീകിരാമായണത്തിൽ പമ്പ എന്നറിയപ്പെടുന്ന നദി തുംഗഭദ്രയാണെന്നു കേട്ടിട്ടുണ്ട്. അങ്ങിനെ ആണെങ്കിൽ മാതംഗമുനിയുടെ ആശ്രമം നിന്നത് ഇവിടെ എവിടെയോ ആയിരുന്നിരിക്കണം. ദീർഘനാളുകളുടെ കാത്തിരിപ്പിനൊടുവിൽ വയോവൃദ്ധയായ ശബരി രാമസായൂജ്യം നേടിയതും ഇവിടെവെച്ചുതന്നെ. ശിവപ്രീതിക്കായി പാർവ്വതി തുംഗഭദ്രാസംഗമതീരത്ത് തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നു ശിവപുരാണം പറയുന്നു. യൗവനാംഗങ്ങളെ മരവുരികൊണ്ടും, രുദ്രാക്ഷമാലകൾകൊണ്ടും മറച്ച്, ജടപിടിച്ച മുടിയും, ഭസ്മക്കുറികളുമായി ഹിമാലയസാനുക്കളിലും, തുംഗഭദ്രാതീരത്തും പ്രണയപരവശയായി നടന്ന പാർവ്വതിക്ക് അനുരാഗിണികളുടെ പതിവുസങ്കൽപ്പത്തിൽനിന്നും വിഭിന്നമായൊരു മുഖമാണുള്ളത്. ഇന്ദ്രിയനിഗ്രഹം സാധിച്ച്, നിഷ്കാമനും, സംഹാരരുദ്രനുമായ ഇണയിലെ പ്രണയഭാവത്തെ ഉണർത്തി, രാസക്രീഢയിലൂടെ അവനിൽ അന്തർലീനമായ സൃഷ്ടിയുടെ ജൈവരേതസ്സുകൾ തന്നിൽ ആർജിക്കുവാനുള്ള നിശ്ചയദാർഢ്യത്തോടെ ഈ താഴ്വരകളിലെവിടെയോ ഉള്ള ആശ്രമവാടത്തിൽ ഏകാഗ്രമായ തപശ്ചര്യയിൽ മുഴുകി പത്മാസനത്തിൽ ഇരുന്ന ദേവിയുടെ ചിത്രം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി…

രാമകഥയിലെ വാനരന്മാരും, അനാര്യ ഋഷിമാരും, രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യ-ദക്ഷിണ ഭാരതത്തിലേയും ആദിവാസികളായിരുന്നിരിക്കണം. നാടോടിഗായകർ പാടി നടന്ന പാട്ടുകളിൽ നിറയെ അസാദ്ധ്യവും അമാനുഷികവുമായ കാര്യങ്ങളും, ഭാവനയുടെ നിറക്കൂട്ടുകളുമാണ്. എന്നാലും പുരാണങ്ങളും, കഥകളും, ഉപകഥകളും കൂടിക്കുഴഞ്ഞ ഈ മണ്ണ് ദക്ഷിണേന്ത്യയിലെ ആദിമജനവാസമേഖലകളിലൊന്നാണ് എന്ന കാര്യം ഉറപ്പാണ്. ഭാരതഖണ്ഡത്തിൽ ആദിമ മാനവസംസ്കൃതി പിച്ചവെച്ച ഭൂമികളിലൊന്നാണ് ഏകാന്തമായ ഈ പുലർകാലയാത്രയിൽ നിഴലും നിലാവും കൂടിക്കലർന്ന് എന്റെ മുന്നിൽ പരന്നു കിടക്കുന്നത്…

കിഴക്കൻ മാനത്ത് കുന്നുകൾക്കുമുകളിലായി ശുക്രഗ്രഹം ഉദിച്ചു നിന്നു. പ്രാചീനഗോത്രസമൂഹങ്ങൾ ഈ മണ്ണിലൂടെ അലയുമ്പോഴും, ജീവസ്പന്ദനങ്ങളുടെ പുലരികളും അസ്തമയങ്ങളും നോക്കി മാനത്ത് ഉദിച്ചു നിന്നുകാണും ഭാരതീയർ ഒറ്റക്കണ്ണനായ അസുരഗുരുവിനോടും, ഗ്രീക്കുകാർ വീനസിന്റെ തീക്ഷ്ണസൗന്ദര്യത്തോടും ഉപമിച്ചുപോരുന്ന ഏകാകിയായ ആ ഗ്രഹശോഭ.

പലതരം ചിന്തകളുടെ ആത്മീയമായ അനുഭൂതികൾ നിറച്ചു തന്ന ആ പ്രഭാതസവാരി ആസ്വദിച്ചുകൊണ്ടു ഞാൻ മുന്നോട്ടു നീങ്ങുമ്പോൾ സംഗമസ്ഥനത്തെ പുരാതനമായ ക്ഷേത്രത്തിൽ നിന്നുള്ള ശംഖുവിളി കേട്ടു – ‘തുംഗഭദ്രയിൽ പകലുണരുകയാണ്….’

തീരത്തുള്ള ഹൊയ്ശാല ശിൽപ്പനിർമാണരീതിയിൽ പണിത ക്ഷേത്രത്തിനടുത്തുനിന്നുള്ള പടിക്കെട്ടുകൾ ഇറങ്ങിച്ചെന്ന് ഞാൻ തുംഗയും, ഭദ്രയും ഒഴുകിവന്ന് തുംഗഭദ്രയായി മാറുന്നത് കണ്ടു നിന്നു. നിലാവ് അസ്തമിക്കാൻ തുടങ്ങുന്നു. കിഴക്ക് വെള്ള കീറുന്നു. നദിയിലേക്കിറങ്ങുമ്പോൾ പണ്ട് പ്രൈമറിക്ലാസിൽ വെച്ച് ദക്ഷിണേന്ത്യയിലെ പ്രധാനനദികളുടെ പേരുകൾ ഉരുവിട്ട് പഠിച്ചത് ഓർത്തു. അപ്രാപ്യമായ ഏതോ ദേശത്ത് ഒഴുകുന്ന ഒരു നദി എന്ന് മനസ്സിലെഴുതിയ നദിയിൽ ഞാനിതാ ഉദിച്ചുയരുന്ന സൂര്യബിംബം സാക്ഷിയായി മുങ്ങി ഉയരാൻ പോവുന്നു!

നദിക്കഭിമുഖമായി നിന്ന എന്റെ ഇടതുഭാഗത്തുകൂടി തുംഗയും വലതുഭാഗത്തുകൂടി ഭദ്രയും ഒഴുകി വന്നു. പശ്ചിമഘട്ടത്തിലെ വരാഹ പർവ്വതത്തിൽ നിന്നാണ് തുംഗ ഉരുവം കൊള്ളുന്നത്. കുദ്രിമുഖിനടുത്താണ് ഭദ്രയുടെ പ്രഭവസ്ഥാനം. സംഗമലഹരിയിൽ പരസ്പരം പുണർന്ന്, ചുഴികളും, മലരികളും തീർത്ത് തുംഗഭദ്ര പുത്തൻ ഭാവം കൈവരിക്കുന്ന കാഴ്ച ഞാൻ നോക്കിനിന്നു. ഡക്കാൻ പീഠഭൂമിയിലൂടെ വളഞ്ഞും, പുളഞ്ഞും., ഇടക്ക് സൗമ്യശീലയായും, ഇടക്ക് രൗദ്രഭാവം പൂണ്ടും, കൃഷ്ണയിൽ വിലയം പ്രാപിച്ച് മുക്തിനേടുവാനായി തുംഗഭദ്ര യാത്രയാവുകയാണ്…

ഹൊയ്ശാലരുടേയും, വിജയനഗരത്തിന്റെയും പ്രതാപകാലത്തിനും, തകർച്ചക്കും സാക്ഷ്യം വഹിച്ചത് ഈ നദിയാണ്. ഹംപിയിലെ കൃഷ്ണശിലകളെ ധന്യമാക്കിയതും ഈ നദിതന്നെ. പുരാതനമായൊരു കാലത്ത്, പുലർകാലത്തെഴുന്നേറ്റ് തുംഗഭദ്രയിൽ സ്നാനം ചെയ്ത്, നീണ്ടു ചുരുണ്ട മുടി മാടിയൊതുക്കി., അരോഗദൃഢഗാത്രരും മാസ്മരികമായ പുരുഷ ചൈതന്യമുള്ളവരുമായ യുവശിൽപ്പികൾ നദീതീരത്തിരുന്ന് കൃഷ്ണശിലകളുടെ മനസ്സ് അതിസൂക്ഷ്മമായി രാകിമിനുക്കിയിട്ടുണ്ടാവും. കാലം തകർത്തെറിഞ്ഞിട്ടും പുനർജനി നേടിയ ഹംപിയിലെയും, ഹലേബീടിലേയും ശിൽപ്പങ്ങളിൽ അവർ കോറിയിട്ടത് മനസ്സിന്റെ ഉള്ളറകളിൽ കൊണ്ടുനടന്ന പ്രണയിനികളുടെ തുടിക്കുന്ന യൗവ്വനകാന്തിയാവും. മൃദുലഹൃദയരായ ആ യുവശിൽപ്പികളുടെ ഭഗ്നപ്രണയനൊമ്പരങ്ങളും ഈ നദി ഏറെ ഏറ്റു വാങ്ങിയിട്ടുണ്ടാവും…

വിജയനഗരസാമ്രാജ്യം കണ്ട പരശ്ശതം യുദ്ധങ്ങളുടെ ആരവങ്ങൾ നദിയുടെ ഓളങ്ങളിൽ ഇപ്പോഴും പ്രതിദ്ധ്വനിക്കുന്നുവോ…?! വൈജയന്തിയിലെ ശതവാഹനർ, ബനബാസിയിലെ കാടംബർ, വാതാപിയിലെ ചാലൂക്യർ, മണിക്കേട്ടയിലെ രാഷ്ട്രകൂടർ…, പടയോട്ടങ്ങളുടെയും, പ്രണയനൊമ്പരങ്ങളുടേയും പ്രതിധ്വനികൾ മനസിൽ ചേർത്തുവെച്ച് കാലവാഹിനിയായി തുംഗഭദ്ര ഒഴുകുകയാണ്…!!

കുളിച്ചുതോർത്തുമ്പോഴേക്കും വെളിച്ചം പരന്നു കഴിഞ്ഞിരുന്നു. പടിക്കെട്ടുകൾ കയറി പുരാതനമായ ക്ഷേത്രത്തിലെ കൊത്തുപണികൾ കണ്ട് ഞാൻ നടന്നു. ഹംപിയിലും, ഹലേബീടിലും മറ്റും കാണുന്ന ഹൊയ്ശാല ശിൽപ്പകല മാതൃകയാണ് ഇവിടെയും കാണാനാവുന്നത്. ഇന്ത്യയിലെ വാസ്തു-ശിൽപ്പകലകളിൽ കാലവും ഭരണകൂടങ്ങളും കൃത്യമായ കൈയ്യൊപ്പു ചാർത്തിയിട്ടുണ്ട്. ശിൽപ്പനിർമാണ പാരമ്പര്യങ്ങളിലെ വൈവിധ്യങ്ങൾ അവിടെ നമുക്കു വായിച്ചെടുക്കാനാവും. ഹൊയ്ശാല സമ്പ്രദായത്തിൽ നിന്നു തികച്ചും വിഭിന്നമായ ചോഴശിൽപ്പകലയുടെ പാരമ്പര്യമാണ് ചിദംബരത്തും, തഞ്ചാവൂരിലും കാണാനാവുക. മഹാബലിപുരത്തെത്തുമ്പോൾ പല്ലവ പാരമ്പര്യത്തിന്റെ മറ്റൊരു മുഖം നാം കാണുന്നു. ഖജുരാഹോ, കൊണാർക്, ആഗ്ര… പട്ടിക നീളുന്നു – വൈവിധ്യപൂർണമായ ഭാരതീയ വാസ്തു-ശിൽപ്പ കലാപാരമ്പര്യത്തിന്റെ വിഭിന്ന മുഖങ്ങൾ നാം ഓരോ ഇടത്തിലും അനുഭവിക്കുന്നു.

നേരം വെളുത്തതോടെ ഒന്നു രണ്ടു ടൂറിസ്റ്റ് ബസ്സുകൾ വന്നുനിന്നു. അതിൽ നിന്നും സഞ്ചാരികളുടെ കൂട്ടങ്ങൾ കലപില വർത്തമാനങ്ങളുമായി ഇറങ്ങി വന്നു. ഇന്ത്യയിൽ സഞ്ചാരികൾ വന്നെത്തുന്ന ക്ഷേത്രങ്ങളിലെല്ലാം അവരെ വലവീശി പണം തട്ടാൻ വിരുതന്മാരായ ചില പുരോഹിതന്മാർ ഇരകളെ നോക്കി ഇരിക്കുന്നതു കാണാം. വരുന്ന ആളിന്റെ പണക്കൊഴുപ്പു നോക്കി സംസ്കൃത ശ്ലോകങ്ങളുടെ കെട്ടുകളഴിച്ച് ആളുകളെ വീഴ്ത്താൻ വിദഗ്ദരാണവർ. കർണാടകയുടെ ഏതോ ഭാഗത്തുനിന്ന് വന്നെത്തിയ ഗ്രാമീണരുടെ ഒരു സംഘത്തെ വലവീശിയിരിക്കുകയാണ് ഒരു വിരുതൻ. അവരേയും കൂട്ടി പുഴയുടെ പടിക്കെട്ടിൽ ചെന്നിരുന്ന് അയാൾ എന്തൊക്കെയോ പ്രാർത്ഥനകൾ ചൊല്ലുന്നു. പല ദിക്കിലേക്കും തിരിഞ്ഞു നിന്ന് തൊഴുകൈയോടെ അയാൾ പറഞ്ഞുകൊടുക്കുന്ന മന്ത്രങ്ങൾ അവർ ഉരുവിടുന്നു. ഒടുവിൽ കാൽതൊട്ടു വന്നിച്ച് അൻപതും, നൂറും രൂപയുടെ ദക്ഷിണ സമർപ്പിക്കുന്നു!? തികച്ചും വ്യക്തിനിഷ്ഠമാവേണ്ട ആത്മീയതക്ക് ഇത്തരമൊരു മാനം ഊട്ടിയെടുത്തത് പൗരോഹിത്യത്തിന്റെ അപാരമായ ബുദ്ധിപാടവം തന്നെ!

പകലുണർന്നു കഴിഞ്ഞു. തുംഗഭദ്രയിൽ വെയിൽനാളങ്ങൾ തിളങ്ങുന്നു. പുലർച്ചക്കു കണ്ട സൗമ്യതയും ശാന്തതയും വിട്ട് രൗദ്രതാളത്തിൽ തുംഗഭദ്ര ഒഴുകുകയാണ്…

 

2 Comments

  1. അതിമനോഹരമായ യാത്രാകുറിപ്പ്. പുണ്യപുരാതനകാലത്തെ തൊട്ടുകൊണ്ടുള്ള തുംഗഭദ്രയുടെ ഒഴുക്കിൽ കുളിർന്നുകഴിയുന്ന വർത്തമാനകാലം. എത്ര ഭംഗിയാണ്‌ ആ മണ്ണിനും ഭൂപ്രകൃതിയ്ക്കും എന്നുള്ളത് അക്ഷരങ്ങളാൽ വരച്ചു കാട്ടിയിരിക്കയുന്നു പ്രദീപ് മാഷ്. ചരിത്രമുറങ്ങുന്നയിടങ്ങൾ എന്നും എനിക്ക് പ്രിയങ്കരം. ഒറ്റക്കണ്ണൻ മഹർഷിയുടെ കാര്യം പണ്ട് വായിച്ചത് ഇപ്പോൾ ഈ കുറിപ്പിലൂടെ വീണ്ടും ഓർമ്മിപ്പിച്ചു. പുരാണത്തിലെ ശിവപാർവ്വതീകഥാരംഗങ്ങൾക്കും ഈ നദിയുടെ ഓളവും തീരവും സാക്ഷിയെന്നുള്ള അറിവ് വിസ്മയിപ്പിക്കുന്നു. വായിച്ച് മാത്രമറിഞ്ഞ, അപ്രാപ്യമായയിടം എന്നു കരുതിയ ഒരു പ്രദേശത്തുള്ള നദീതടത്തിൽ എത്തിപ്പെടാനും ആ സംഗമസലിലത്തിൽ മുങ്ങിനിവർന്നു സൂര്യോദയത്തിനു സാക്ഷിയാകാനും കഴിഞ്ഞത് മഹാഭാഗ്യം തന്നെ. ഇത് വരെ കാണാത്തൊരു സ്ഥലത്തെ ഇങ്ങനെ ഒരു മനോഹരകുറിപ്പിലൂടെ വരച്ചുകാട്ടിയതിന് നന്ദി മാഷേ. ആശംസകൾ ഏറെ ഹൃദ്യമായ മാഷുടെ ഭാഷാശൈലിക്ക്.

  2. തുംഗഭദ്രയിലെ തുയിലുണർത്തുകളിലെ ആത്മീയത സഹൃദയ മനസ്സിൽ ആത്മഹർഷത്തിന്റെ അനുരണനങ്ങൾ തീർക്കുമെന്നുറപ്പാണ്. ജൈവ താളങ്ങളുയർത്തുന്ന മന്ത്രധ്വന നികളുടെ സംവേദനത്തിന് ആത്മീയമായ ഒരു ബോധ തലം അനിവാര്യമാണല്ലോ. ഓരോ യാത്രയും അവബോധത്തിലേക്കുള്ള പ്രയാണമാകുന്നു. തുംഗഭദ്രയുടെ നിർ ഝരികളെ മനസാ ആവാഹിക്കട്ടെ. അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published.

*