“വെന്റിലേറ്റര്‍”

in കഥ

‘ വെളിച്ചമോ ഇരുട്ടോ കൊണ്ട് മായ്ച്ചുകളഞ്ഞേക്കാവുന്ന ഒന്നാണേതൊരു നിഴലും. നിഴലില്ലാതാകുമ്പോള്‍ ജീവനില്ലാതാകുന്നു. ആത്മാവ് മാത്രം ബാക്കിയാവുന്നു.’

(1)

ഒരാസ്മാ രോഗിയുടെ ശ്വാസകോശം കണക്കെ ഐ.സി.യു. മുറി മുരണ്ടുകൊണ്ടിരുന്നു. ശാശ്വതി നരസിംഹയുടെ ആത്മാവിനെ ആധുനികവൈദ്യശാസ്ത്രം അനശ്വരലോകം നിഷേധിച്ച് ശരീരത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ശയ്യാവലംബിയായ ദൈവത്തിന്റെ ആരോഗ്യവിവരമറിയാനെത്തിയവരുടെ ബാഹുല്യത്താല്‍ ആശുപത്രിയും പരിസരവും വീര്‍പ്പുമുട്ടി. അയാള്‍ക്കുവേണ്ടി ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള തീവ്രപരിചരണമുറി പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. ഒരു ചുമരിനപ്പുറം മറ്റൊരു ഐ.സി.യൂണിറ്റിന്റെ ഒഴിഞ്ഞമൂലയിലെ ഒരു ബെഡില്‍ അനൂപിന്റെ ശരീരം കിടത്തിയിരിന്നു. മരിച്ചെന്നുറപ്പാക്കിയശേഷം കൊണ്ടുവന്ന് കിടത്തിയതാണ്. അച്ഛനുമമ്മയും വരുന്നതുവരേയ്ക്കുമുള്ള താല്‍ക്കാലികശയ്യ. ആ ആശുപത്രിയിലെ തന്നെ ജീവനക്കാരനായതിനാലാണ് ഇങ്ങനൊരു സൗജന്യം മാനേജ്‌മെന്റ് അനൂപിനനുവദിച്ചത്. വീട്ടുകാര്‍ വന്നുകണ്ടാലുടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

രൂപേഷ്, കട്ടിലില്‍ അനൂപിനോട് ചേര്‍ന്നിരുന്നു. അശ്രാന്തമായ ഒരു നൈറ്റ്ഡ്യൂട്ടിയുടെ ക്ഷീണം രൂപേഷിന്റെ കണ്‍പോളകളെ അമിതഭാരമുള്ളതാക്കിയിരുന്നു. ജീവന്‍ രക്ഷായന്ത്രങ്ങളുടെയും ജീവമാപിനികളുടെയും ശ്വാസംമുട്ടിയുള്ള ബീപ്ബീപ് വിളികള്‍ എപ്പോഴും കേള്‍ക്കുന്നതെങ്കിലും രൂപേഷിനപ്പോള്‍ കടുത്ത അലോസരമുണ്ടായി.

അനൂപിന്റെ കവിളില്‍ രൂപേഷ് മൃദുവായൊന്ന് തൊട്ടു. അവനൊരു ഐസ്‌കട്ട പോലെ തണുത്തുപോയിരുന്നു. കയറുമുറുകി രക്തംചത്തുകിടന്ന കഴുത്തിലെ അര്‍ദ്ധചന്ദ്രാകൃതിയുള്ള പാടിലേക്ക് രൂപേഷിന്റെ വിരലുകള്‍ ഇറങ്ങിവന്നു. തൊലിപ്പുറത്തെ രക്തം കറുത്തുണങ്ങിയുണ്ടായ വിള്ളലുകള്‍ വിരലുകൊണ്ടപ്പോള്‍ പൊരിഞ്ഞിളകുന്നു. എട്ടൊമ്പത് മണിക്കൂറെങ്കിലും ആയിട്ടുണ്ടാകും, രൂപേഷ് മനസിലോര്‍ത്തു.

‘വെറുതെ തൊട്ടുനോക്കണ്ടാ. നഖോ മോതിരോകൊണ്ടിട്ട് വല്ല പാടും വീണാപ്പിന്നെ അതിന്റെ പുറകെ തൂങ്ങേണ്ടിവരും’

ഐ.സി.യു. സൂപ്പര്‍വൈസര്‍ സൗദാമിനി സിസ്റ്റര്‍ ഒരശരീരി പോലെ കടന്നുവന്ന് തന്റെ ഇടതുതോളില്‍ അമരുന്നത് രൂപേഷ് അറിഞ്ഞു. അവരുടെ മുഖത്തുനിന്നും ബ്യൂട്ടിക്രീമിനൊപ്പം ഇളംപിങ്കുനിറത്തില്‍ സഹതാപവും വടിച്ചെടുക്കാമെന്ന് കണ്ട് അവന്‍ പെട്ടന്ന് മുഖം തിരിച്ചു.

‘പോലീസുകാര് വന്നിട്ടുണ്ട്.’

സൗദാമിനി സിസ്റ്ററിന്റെ പിറകെ രൂപേഷ് മെഡിക്കല്‍ സര്‍ജിക്കല്‍ ഐ.സി.യൂണിറ്റുകളെ വേര്‍തിരിക്കുന്ന ഇടനാഴിയിലൂടെ നടന്നു. ശാശ്വതി നരസിംഹയെ കിടത്തിയിരിക്കുന്ന മുറിയുടെ മുന്നിലെത്തിയപ്പോള്‍ അവനൊരു നിമിഷം നിന്നു. പിന്നെ വേഗത്തില്‍ പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നടന്നു. ആ വലിയ മുറിയില്‍ ശാശ്വതി നരസിംഹ മാത്രം. രണ്ടു ഡോക്ടര്‍മാരെയും മാറിമാറി പരിചരിക്കാന്‍ രൂപേഷുള്‍പ്പടെ മൂന്ന് നഴ്‌സുമാരെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. രണ്ടുമണിക്കൂറുകള്‍ക്ക് മുമ്പ് രൂപേഷ് രാത്രിഡ്യൂട്ടി കഴിഞ്ഞു തിരികെപ്പോയതേയുള്ളൂ. രാത്രിയില്‍ ഇനിയും വരാനുള്ളതാണ്.

‘നൈറ്റ്ഡ്യൂട്ടി കഴിഞ്ഞെത്തിയ ഞാന്‍ കുറേ മുട്ടിയിട്ടും അവന്‍ വാതില്‍ തുറന്നില്ല. മൊബൈല്‍ അകത്തു റിംഗ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഒരു കസേരയിട്ട് വാതിലിനു മുകളിലെ വിടവിലൂടെ നോക്കിയപ്പോഴാണ്..’

രൂപേഷ് പറയുന്നത് ഒരു പോലീസുകാരന്‍ അവരുടെ ഭാഷയില്‍ എഴുതിയെടുത്തു. അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം രൂപേഷ് ശാന്തനായി മറുപടി പറഞ്ഞു.

‘ഇല്ല. അവനൊരു അഫയര്‍ ഉണ്ടായിരുന്നു, പഠിക്കുമ്പോള്‍. അതിന്റെ കല്യാണോക്കെ അന്നേ കഴിഞ്ഞതാ..’

‘ഞാന്‍ നേരത്തെ ഇവിടെയുണ്ട്. അവന്‍ ജോയിന്‍ ചെയ്തിട്ടിപ്പൊ ആറുമാസമാകുന്നു.’

‘അതറിയില്ല. വീട്ടിലെ കാര്യങ്ങളൊന്നും അങ്ങനെ തുറന്നുപറയുന്ന പ്രകൃതമല്ല.’

ഇടയ്ക്ക് ട്രസ്റ്റിന്റെ രക്ഷാധികാരിയായ ഒരു സ്വാമി ആ പോലീസുകാരനെ വിളിച്ചുകൊണ്ടുപോയി. രൂപേഷ്, പോലീസുകാരന്‍ തിരികെ വന്നു ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും പറയേണ്ട ഉത്തരങ്ങളും അതിനിടയില്‍ മനസ്സിലെഴുതിസൂക്ഷിച്ചു.

‘അപ്പോ, റൂംമേറ്റ് ചത്തതെന്തിനാണെന്ന് നിനക്കറിഞ്ഞൂടാ.. ഊം ശരി.. ദാ ഇവിടെ പേരെഴുതിയൊരൊപ്പിട്.’ തിരികെ വന്ന പോലീസുകാരന്‍ പോകാന്‍ ധൃതിപ്പെട്ടുകൊണ്ട് ഒരു പേപ്പര്‍ രൂപേഷിനുമുന്നിലേക്കിട്ടുകൊണ്ട് പറഞ്ഞു.

പുതുതായി ഘടിപ്പിച്ച വലിയ ശീതീകരണിയുടെ ശ്വാസംപിടിച്ചുള്ള കമ്പനത്തില്‍ ഐ.സി.യു. നിശബ്ദമായി വിറയ്ക്കുന്നുണ്ടായിരുന്നു. അതിന്റെ കമ്പനം ആശുപത്രിചുമരിന്റെ ഓരോ കണികയിലൂടെയും കടന്ന് രൂപേഷിന്റെ ശരീരത്തിലേക്കും പടര്‍ന്നു. ഐ.സി.യു.വിനുള്ളിലെ തണുത്ത വെളിച്ചത്തിന് നിഴലുകളില്ലായിരുന്നു. ഓപ്പറേഷന്‍ തിയറ്ററുകളില്‍ മാത്രം ഉപയോഗിച്ചിരുന്ന ഇത്തരം നിഴലില്ലാലൈറ്റുകള്‍ ഐ.സി.യൂണിറ്റുകളില്‍ അടുത്തകാലത്ത് സ്ഥാപിച്ചതായിരുന്നു. അനൂപിനെ അവസാനമായി കാണാന്‍ ജീവനക്കാര്‍ പലരും വന്നും പോയുമിരുന്നു. രൂപേഷ് തന്റെ കൈപ്പത്തി വെളിച്ചത്തിനെതിരെ പിടിച്ചു നേര്‍ത്തതെങ്കിലും ഒരു നിഴല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുനോക്കി. ലൈറ്റിംഗിന്റെ പെര്‍ഫെക്ഷനില്‍ രൂപേഷിന് അതിശയം തോന്നി. ശാശ്വതി നരസിംഹയുടെ റിക്കോര്‍ഡ് ചെയ്ത സംഭാഷണശകലങ്ങള്‍ ആശുപത്രിയിലെ സ്പീക്കറുകളിലൂടെ ദിവസേന കേള്‍പ്പിക്കുന്നതില്‍ നിഴലുകളെ പറ്റി അയാളൊരിക്കല്‍ പറഞ്ഞത് രൂപേഷോര്‍ത്തു.

‘എന്താണ് ജീവന്‍?’ ശാശ്വതി നരസിംഹ തന്റെ പതിഞ്ഞസ്വരത്തില്‍ ചോദിക്കുന്നു.

‘ആത്മാവിന്റെ നിഴലാണത്. നിഴലെന്നാല്‍ മിഥ്യയാണ്. അതുപോലെ തന്നെ ജീവനും.’

ഓരോ വാക്യത്തിനിടയിലെയും നിശബ്ദതയുടെ വശ്യമായ ശൂന്യതയിലേക്ക് അനുവാചകരെ പിടിച്ചുനിര്‍ത്തിക്കൊണ്ട് അയാള്‍ പറയുന്നുണ്ടായിരുന്നു,

‘ വെളിച്ചമോ ഇരുട്ടോ കൊണ്ട് മായ്ച്ചുകളഞ്ഞേക്കാവുന്ന ഒന്നാണേതൊരു നിഴലും. നിഴലില്ലാതാകുമ്പോള്‍ ജീവനില്ലാതാകുന്നു. ആത്മാവ് മാത്രം ബാക്കിയാവുന്നു.’

ഏറ്റവും കര്‍ക്കശക്കാരനായ ഒരു യുക്തിവാദിപോലും കേട്ടുനില്‍ക്കുകയും ശരിയാണെന്ന് മനസിലെങ്കിലും സമ്മതിച്ചുപോകുകയും ചെയ്യുന്ന സുഭാഷിതങ്ങളായിരുന്നു ശാശ്വതി നരസിംഹയുടെ പ്രഭാഷണങ്ങള്‍. രൂപേഷിനൊരിക്കലും അയാളുടെ ആള്‍ദൈവപരിവേഷത്തിലോ പ്രഭാഷണങ്ങളിലോ താല്പര്യം തോന്നിയിട്ടില്ല. എങ്കിലും ഇപ്പോഴതാലോചിച്ചപ്പോള്‍ അകാരണമായ ഒരുള്‍ക്കിടിലമുണ്ടായി. നിഴലുകളില്ലാതെ, മരണം തണുത്തുറഞ്ഞു കിടക്കുന്ന ഒരു ഫ്രീസറിലാണ് താനിപ്പോള്‍ നില്‍ക്കുന്നതെന്ന് രൂപേഷിന് തോന്നി.

അനൂപിന്റെ അമ്മയുടെ നിലവിളി കോറിഡോറില്‍ ഉറഞ്ഞുപോയ നിശബ്ദതയെ അടിമുടി ഉലച്ചുകളഞ്ഞു. അവര്‍ രൂപേഷിന്റെ കൈകളിലൊതുങ്ങാതെ നിലത്തൂര്‍ന്നു വീണു. നെഞ്ചത്തിടിച്ചും തറയിലടിച്ചുമവര്‍ സ്വയം വേദനിപ്പിച്ചു.

‘എന്തൊരു ബഹളമാണിത്.. ഒന്ന് വിളിച്ചു പുറത്തേക്ക് കൊണ്ടുപോ.. ബാബ അപ്പുറത്തുള്ളതാണ്.’

സൗദാമിനി സിസ്റ്റര്‍ രൂപേഷിനോട് സന്ദര്‍ഭത്തിന് യോജിക്കാത്തവിധം കയര്‍ത്തു. രൂപേഷ് അമ്മയെയും അച്ഛനെയും ഐ.സി.യു.വിനുള്ളിലെ നേഴ്‌സുമാരുടെ ചേഞ്ചിംഗ് റൂമില്‍ കൊണ്ടിരുത്തി. കുറേനേരം അവരുടെ കരച്ചിലിന് കൂട്ടിരുന്നു. ഒറ്റമകനാണ്. തന്റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തുവരാനറയ്ക്കുന്ന ആശ്വാസവാക്കുകളില്‍ രക്തം കിനിയുന്നത് രൂപേഷ് അറിഞ്ഞു.

ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോലീസുകാര്‍ മടങ്ങുമ്പോള്‍ ചില സഹപ്രവര്‍ത്തകര്‍ രൂപേഷിനെ മോര്‍ച്ചറിയുടെ വശത്തേക്ക് മാറ്റി നിര്‍ത്തി സംസാരിച്ചു.

‘വെറും പേടികൊണ്ട് അവനിങ്ങനെ ചെയ്യുമെന്ന് കരുതാന്‍ വയ്യ. നമ്മളറിയാത്തതെന്തോ രാത്രീല് സംഭവിച്ചിട്ടുണ്ട്..’ കൃഷ്ണാനന്ദ് സംശയത്തിന്റെ ആദ്യശരം തൊടുത്തു.

‘മൊബൈലിലെ കോള്‍ ഡീറ്റെയില്‍സും മെസേജസും ഡിലീറ്റഡാണ്.. ഐ റ്റൂ ഫീല്‍ സംതിംഗ് ഫിഷി.’

‘പോലീസിനോട് നീ വല്ലതും പറഞ്ഞോ?’

‘ഇല്ലാ. അതൊരു വെറും ചടങ്ങായിരുന്നു.’

‘ഊം.. അതൂഹിക്കാവുന്നതേയുള്ളൂ.. തൃശൂര്‍ക്ക് പോകുന്നില്ലേ?’

‘പോണം.. പോയിട്ട് നൈറ്റ്ഡ്യൂട്ടിക്ക് മുന്നേ തിരിച്ചെത്തേം വേണം’

‘അതൊന്നും പ്രശ്‌നമല്ല. നീ പോയിട്ടു വാ. ഡ്യൂട്ടിക്ക് വേറാരെയെങ്കിലും നമുക്ക് അറേഞ്ച് ചെയ്യാം.’

‘അത് സാരമില്ലാ.. ആ ഡ്യൂട്ടി ഞാന്‍ തന്നെ എടുക്കും. സ്‌പെഷ്യല്‍ ഡ്യൂട്ടിയല്ലേ..

തിരികെ നടക്കുമ്പോഴും രൂപേഷ് മനസ്സില്‍ അതുതന്നെ ഉരുവിട്ടുകൊണ്ടിരുന്നു,”ദൈവത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി! ‘

(2)

ആറേഴുമാസം മുമ്പാണ് രൂപേഷിന്റെ സൗഹൃദം ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഒരു സ്റ്റിക്കര്‍ സ്‌മൈലിയുടെ രൂപത്തില്‍ അനൂപിനെ തേടിയെത്തുന്നത്. അനൂപ്, നഴ്‌സിംഗ് പഠിച്ചിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയൊന്നും തരപ്പെടാതെ ആശുപത്രികളുടെ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായിരിക്കുന്ന സമയം. ‘എല്ലാവര്‍ക്കും എക്‌സ്പീരിയന്‍സ് ഉള്ളവരെ മതി; ആരെങ്കിലും ജോലി തരാതെ എങ്ങനെയാണു ഈ എക്‌സ്പീരിയന്‍സ് ഉണ്ടാകുക!’ എന്നൊരു സങ്കടഹര്‍ജി ‘മലയാളി നേഴ്‌സസ്’ ഗ്രൂപ്പില്‍ അനൂപ് കുറിച്ചത് രൂപേഷ് കണ്ടിരുന്നു. തുടര്‍ന്ന് ചാറ്റിങ്ങിലൂടെ വളര്‍ന്ന ആ സൗഹൃദത്തിന്റെ ഏഴാം നാള്‍ ശാശ്വതി നരസിംഹ ട്രസ്റ്റിന്റെ ആശുപത്രിയിലൊരു ട്രെയിനിയായി ജോയിന്‍ ചെയ്യാന്‍ രൂപേഷ് അനൂപിനെ ക്ഷണിക്കുകയായിരുന്നു. ആശുപത്രിയില്‍ അടുപ്പമുള്ളൊരു സ്വാമിനി വഴി ആവശ്യംവേണ്ട സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ രൂപേഷ് ചെലുത്തുകയും ചെയ്തു.

മരുന്നിന്റെയും ഫീനോയില്‍ ലോഷന്റെയും മണമുള്ള ആശുപത്രി അന്തരീക്ഷത്തില്‍ എന്നും രാവിലെയും വൈകുന്നേരവും ഭജനയും പ്രാര്‍ത്ഥനകളും നടക്കാറുണ്ട്. ഡ്യൂട്ടി ഇല്ലാത്ത സ്റ്റാഫെല്ലാം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന ഒരലിഖിത നിയമവുമുണ്ടായിരുന്നു. രൂപേഷ് താല്‍പര്യമില്ലെങ്കിലും ഇടയ്‌ക്കെങ്കിലും അവിടെപ്പോയി മുഖം കാണിക്കും. സ്വാമിമാരുടെയോ സ്വാമിനിമാരുടെയോ നോട്ടപ്പുള്ളിയായാല്‍ ജോലിസ്ഥലത്തെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുമെന്ന ആശങ്കയായിരുന്നു അതിനുള്ള പ്രേരണ. പക്ഷെ അനൂപിനെ എത്ര നിര്‍ബന്ധിച്ചാലും പോകില്ല. ആശുപത്രികള്‍ ശരിക്കും പ്രാര്‍ത്ഥനാലയങ്ങള്‍ തന്നെയാണെന്നും അതിനിങ്ങനെ വിളിച്ചുകൂവി പ്രീതിപ്പെടുത്തേണ്ട കാര്യമില്ലെന്നുമൊക്കെ ചില സമയങ്ങളില്‍ അനൂപ് പ്രസംഗിക്കുകയും ചെയ്യും. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു, പി.ജെ.ജെ ആന്റണിയുടെ വരുവിന്‍ നമുക്ക് പാപം ചെയ്യാം എന്ന കഥാപുസ്തകം വായിച്ചുതീര്‍ത്ത ഒരു വൈകുന്നേരം അനൂപ് ആദ്യമായും അവസാനമായും ഒരു പ്രാര്‍ത്ഥന കൂടാന്‍പോയി. ശാശ്വതിസ്തുതികള്‍ അലിഞ്ഞുചേര്‍ന്ന സാമ്പ്രാണിപ്പുക ശ്വസിച്ചുകൊണ്ട് അത് തീരുവോളം അവനവിടിരുന്നു. അന്നുരാത്രിയിലെപ്പോഴോ അനൂപ് ”അണ്‍-അപ്‌ഡേറ്റഡ് ഗോഡ്‌സ്” എന്നൊരു കുറിപ്പ് തന്റെ മുഖപുസ്തകചുമരില്‍ എഴുതി. അതിലെ ചില വരികള്‍ മാത്രം രൂപേഷ് ഇങ്ങനെ ഓര്‍ത്തു,

”ദൈവങ്ങള്‍ക്കെല്ലാം സൈക്കോസിസാണ്,
കാരണം അവര്‍ക്കതുണ്ടെന്ന് അവര്‍ക്കറിയില്ല!
————————————————-
————————————————–
ദൈവങ്ങളൊക്കെ പണ്ടെങ്ങോ മരിച്ചവരുമാണ്,
അവരുടെ ദൈവികത്വം അപ്‌ഡേറ്റ്
ചെയ്യപ്പെടാത്തതും അതുകൊണ്ടാണ്
ഡിയര്‍ ഗോഡ്‌സ്, പ്ലീസ് ഗോ ആന്‍ഡ്
അപ്‌ഡേറ്റ് യുവര്‍ സൈക്കോസിസ്”

നാലുദിവസം മുമ്പാണ് പുതിയ ചില സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇഹലോകകാര്യങ്ങളുടെ ഗതിതന്നെ മാറ്റിമറിച്ച സംഭവം. ആശ്രമമെന്ന് വിളിപ്പേരുള്ള തന്റെ ബംഗ്ലാവില്‍ ഭക്തജനത്തിരക്കൊഴിഞ്ഞ ഉച്ചനേരത്ത് ശാശ്വതി നരസിംഹ നിന്നനില്‍പ്പില്‍ ബോധംകെട്ടുവീണു. പരിചാരകരായ സ്വാമിനിമാര്‍ ദൈവം ബോധഭ്രംശനാകുന്നതുകണ്ടു ആകെപ്പകച്ചുപോകുകയും പകപ്പുമാറിയപ്പോള്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തു. അവയവങ്ങളുടെ ആവരണങ്ങളഴിച്ചുവച്ചു പതിയെ പടിയിറങ്ങുകയായിരുന്ന പ്രാണനെ ഡോക്ടര്‍മാര്‍ നെഞ്ചിലമര്‍ത്തിയും ശ്വാസം കൊടുത്തും തിരികെവിളിച്ചു. കുഴലുകളിലൂടെ കൃത്രിമജീവന്‍ പകര്‍ന്നുകൊടുത്തു. ജീവന്റെ പിണങ്ങിപ്പോക്കിനെ ഒരുവിധം പാതിവഴിയില്‍ തടഞ്ഞു. ശാശ്വതി നരസിംഹയ്ക്ക് ശരിക്കുമെന്താണ് പറ്റിയതെന്നറിയാതെ ഭൂലോകവാസികള്‍ക്കാകെ ആകാംക്ഷകൂടി. ഭക്തജനങ്ങള്‍ ആശുപത്രിയിലേക്കൊഴുകി. ഹാര്‍ട്ടറ്റാക്കാണെന്നും അല്ലാ തലച്ചോറില്‍ രക്തസ്രാവമാണെന്നും അതുമല്ല ഒന്ന് ബോധംകെട്ടു വീണതേയുള്ളു മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നുമൊക്കെ സ്വയംകൃതമായതും പകര്‍ന്നുകിട്ടിയതുമായ വാര്‍ത്തകള്‍ ലോകമാകെ പ്രചരിച്ചു. ജീവന്‍ രക്ഷാപ്രാര്‍ത്ഥനകള്‍, ഭജനകള്‍ ഒക്കെയായി ആശുപത്രി പരിസരം ശരിക്കുമൊരുത്സവപ്പറമ്പായി.

ലോകം മുഴുവന്‍ ശാശ്വതി നരസിംഹയ്ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ നടന്നു. രാഷ്ട്രത്തലവന്മാര്‍ അയാളെ കാണാന്‍ പറന്നെത്തി. ചാനല്‍ വാര്‍ത്തകളില്‍ അയാള്‍ നിറഞ്ഞുനിന്നു. ഭക്തജനങ്ങളും രാഷ്ട്രത്തലവന്‍മാരും രാഷ്ട്രീയക്കാരുമുള്‍പ്പടെയുള്ളവര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ചാനലുകളിലും അയാളുടെ അപദാനങ്ങള്‍ നിരത്തുന്നത് കണ്ട് അനൂപിന്‍ അടങ്ങിയിരിയ്ക്കാനായില്ലാ.

‘ദൈവം വെന്റിലേറ്ററില്‍’ എന്ന തലക്കുറിപ്പോടെ അവന്‍ തന്റെ ഫേസ്ബുക്ക് ചുമരില്‍ ഇങ്ങനെയെഴുതി,

‘കാണൂ.. ലോകരക്ഷകനായ നിങ്ങളുടെ ദൈവത്തെ. ഒരിറ്റ് ജീവനുവേണ്ടി, ഒരു സെക്കന്റ് അധികം ജീവിക്കാന്‍ വേണ്ടി വെന്റിലേറ്ററില്‍ കിടന്നു നരകിക്കുന്നത് കാണ്. ഇനി ഏത് ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടാണ് ഈ ദൈവത്തെ നിങ്ങള്‍ രക്ഷിക്കാന്‍ പോകുന്നത്?’

കൂടെ ശാശ്വതി നരസിംഹ ഐ.സി.യു.വില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന ചിത്രവും. ചിത്രവും എഴുത്തും വൈറലായി.

(3)

മരണവീട്ടില്‍ നിന്നും തിരികെയെത്തി ഭക്തജനനിബിഡമായ ആശുപത്രി പരിസരത്തേക്ക് കടക്കുമ്പോള്‍ രൂപേഷിനു പരോള്‍ കഴിഞ്ഞ് ജയിലിലേക്ക് തിരികെപ്പോകുന്ന തടവുകാരനാണ് താനെന്ന് തോന്നി. ഭജന ഇടതടവില്ലാതെ ഒഴുകുന്നു. മരണത്തെ മാത്രം ഓര്‍മ്മിപ്പിക്കുന്ന സാമ്പ്രാണിഗന്ധം നിറഞ്ഞ നടുത്തളത്തില്‍ സഞ്ചയനകര്‍മ്മങ്ങളെ കണക്ക് എന്തൊക്കെയോ പൂജകള്‍ നടക്കുന്നു. പിന്നില്‍ ശാശ്വതി നരസിംഹയുടെ മാലയിട്ട പൂര്‍ണ്ണകായചിത്രം. രൂപേഷ് കണ്ണുംകാതും കൊട്ടിയടച്ച് ആ ആള്‍ക്കൂട്ടത്തിലൂടെ നടന്നു. ഐ.സി.യു.വിന് പുറത്തെ പോലീസുകാരുടെ പാറാവ് കണ്ടപ്പോള്‍ ഏതോ വി.ഐ.പി.സന്ദര്‍ശകന്റെ പത്രാസ് മണത്തു. രൂപേഷ് നേരെ ചേഞ്ചിംഗ് റൂമില്‍ ചെന്ന് കട്ടിലില്‍ കണ്ണടച്ചു കമിഴ്ന്നുകിടന്നു. ക്ഷീണമുണ്ടെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ബാബയെ പരിചരിക്കുന്നവര്‍ ദേഹശുദ്ധിയും വ്രതവും നോക്കണമെന്ന മാനേജ്‌മെന്റ് കല്പനയെ തൃണവത്ഗണിച്ചു മുഖം മാത്രം കഴുകി. തലേന്നത്തെ ഉറക്കച്ചടവോടെ, ഒരു ദിവസത്തെ മുഴുവന്‍ വിയര്‍പ്പോടെ, മോര്‍ച്ചറിഗന്ധത്തോടെ രൂപേഷ് തന്റെ ഡ്യൂട്ടി യുണിഫോം എടുത്തണിഞ്ഞു.

‘യാ.. എ ലിറ്റില്‍ ബെറ്റര്‍ നൗ. ബട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാന്‍ വൈകുന്നതെന്തെന്ന് ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇപ്പോഴും വിളിച്ചിരുന്നു. ദേ ആര്‍ വെരി ആങ്ഷ്യസ്.’

രൂപേഷ് ഐ.സി.യു.വിനുള്ളിലേക്ക് കടക്കുമ്പോള്‍ ഒരു മുതിര്‍ന്ന ഡോക്ടര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുകയായിരുന്നു. മറുതലയ്ക്കല്‍ ആരായിരിക്കുമെന്ന് അതിനകം രൂപേഷ് ഊഹിച്ചെടുത്തു. ഡ്യൂട്ടി ഹാന്‍ഡ് ഓവര്‍ ചെയ്യുമ്പോള്‍ വിനീത സിസ്റ്ററും അതുതന്നെ പറഞ്ഞു.

‘ചെറിയ മാറ്റമുണ്ട്. വേദനയോട് പ്രതികരിക്കുന്നുണ്ട്’

രൂപേഷ് വിശാലമായ ആ മുറിയുടെ മധ്യത്തില്‍ ഒറ്റയ്ക്ക് ശയിക്കുന്ന ശാശ്വതി നരസിംഹയെ ആദ്യം കാണുന്നയാളെപ്പോലെ നോക്കി. നെറ്റിയിലപ്പോഴും സിന്ദൂരം കൊണ്ടുള്ള ഒരു ഹൈപര്‍ബോള. നാലുദിവസമായി ശ്വസിക്കുന്നതൊക്കെ വെന്റിലേറ്ററിലായിരുന്നതു കൊണ്ടാകണം മുഖമൊക്കെ ഒളി മങ്ങിയിരുന്നു. വായിലൂടെയും മൂക്കിലൂടെയും പ്ലാസ്റ്റിക് കുഴലുകള്‍ പുറത്തേക്കുന്തിനിന്ന് ആ മുഖത്തിന്റെ ശോഭ കളയാന്‍ അവരുടേതായയ ശ്രമങ്ങളും നടത്തുന്നു. വലതുകഴുത്തിലെ വലിയസിര തുളച്ചുനാട്ടിയ കുഴലുകളിലൂടെ മരുന്നും കൃത്രിമലായനികളും തുള്ളികളായി ദൈവരക്തത്തിലേക്ക് ഊര്‍ന്നിറങ്ങുന്നത് രൂപേഷ് കൗതുകത്തോടെ നോക്കിനിന്നു.

”ലൂസ് മോഷനാണ്. ഇപ്പോത്തന്നെ നാലുവട്ടം പോയി. ഇന്നത്തെ ദെവസം എനിക്കത് തന്നേരുന്നു ജോലി.”

ഡ്യൂട്ടി കഴിഞ്ഞതിന്റെ ആശ്വാസം വിനീത സിസ്റ്ററിന്റെ ശബ്ദത്തില്‍ പ്രകടമായിരുന്നു.

‘നൈറ്റ് ഫുള്‍ സെഡേറ്റ് ചെയ്‌തേക്കാനാ ഡോക്ടര്‍ പറഞ്ഞത്’

”ഊം..” രൂപേഷ് ശാശ്വതി നരസിംഹയില്‍ നിന്ന് കണ്ണെടുക്കാതെ മൂളി.

‘ഇത് തീരുമ്പോ രാവിലെ ഒരു യൂണിറ്റ് ബ്ലഡ് കൂടി കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. ബ്ലഡ്ബാങ്കില്‍ ഇന്‍ഫോമ്ഡാണ്’ ഡ്രിപ് സ്റ്റാന്‍ഡില്‍ തൂങ്ങുന്ന ബ്ലഡ് ബാഗ് ചൂണ്ടിക്കൊണ്ട് വിനീത സിസ്റ്റര്‍ പറഞ്ഞു.

‘ഡോക്ടര്‍ കഴിക്കാന്‍ പോയി. ഇപ്പൊ വരുമായിരിക്കും. ഞാനിറങ്ങുവാണേ..’

പറഞ്ഞുകൊണ്ടവര്‍ ഓടുന്ന വേഗത്തില്‍ നടന്നു പുറത്തേയ്ക്ക് പോയി. വെന്റിലേറ്റര്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന മനുഷ്യനെപ്പോലെ മുരണ്ടുകൊണ്ട് ശാശ്വതി നരസിംഹയ്ക്ക് ഓക്‌സിജന്‍ പകര്‍ന്നുനല്‍കി. അയാളുടെ ആന്തരാവയവങ്ങള്‍ വികസിക്കുന്നതും ചുരുങ്ങുന്നതും വെന്റിലേറ്ററിന്റെ എല്‍.സി.ഡി മോണിറ്ററില്‍ വക്രിച്ചും ചരിഞ്ഞുമുള്ള വരകളായി രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നു. ശരീരത്തിനുള്ളില്‍ ജീവന്‍ നിര്‍മ്മിക്കുന്ന അസംസ്‌കൃതദ്രവ്യങ്ങളുടെ അളവുകളെ, കട്ടിലിനുചുറ്റും നിരത്തിവച്ച ജീവമാപിനികള്‍ ഒരു ചലച്ചിത്രശകലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നു. ഏഴോളം യന്ത്രങ്ങള്‍ക്കുനടുവില്‍ മറ്റൊരു യന്ത്രംപോലെ അയാള്‍ കിടന്നു. തളര്‍ത്തിക്കിടത്തിയിരുന്ന പേശികള്‍ മരുന്നിന്റെ സ്വാധീനം വിട്ടുണരുന്നുവെന്ന് വെന്റിലേറ്റര്‍ അപായമണി മുഴക്കി അറിയിച്ചപ്പോള്‍ രൂപേഷ് മയങ്ങാനുള്ള മരുന്ന് കൃത്രിമസിരകളിലൊന്നിലേക്ക് കടത്തിവിട്ടു.

‘ഓ നെഗറ്റീവ്..’

ഡ്രിപ് സ്റ്റാന്‍ഡില്‍ തൂങ്ങുന്ന രക്തസഞ്ചിയില്‍ നിന്നും ചുവന്നഗോളങ്ങള്‍ ഊര്‍ന്നിറങ്ങി സാവകാശം താഴേക്ക് പതിക്കുന്നതും നോക്കി രൂപേഷ് ആദ്യം മനസിലും പിന്നെ വളരെ ഉച്ചത്തിലും വായിച്ചു. ഐ.സി.യുണിറ്റിന്റെ നാലുചുവരുകളില്‍ തട്ടി ആ ശബ്ദം പലവട്ടം പ്രതിധ്വനിച്ചു. നാലുചുവരുകളാല്‍ കൊട്ടിയടയ്ക്കപ്പെട്ട ഏതൊക്കെയോ ലോകങ്ങളില്‍ നിന്നാണ് അത് പ്രതിധ്വനിക്കുന്നതെന്ന് രൂപേഷിന് തോന്നി. വീണ്ടും വീണ്ടും അതുറക്കെ വായിച്ചു. ഓ നെഗറ്റീവ്.

അവതാരപുരുഷന്റെ നിസഹായമായ ആ കിടപ്പിനെ എന്തിനോടുപമിക്കണമെന്നാലോചിച്ച് രൂപേഷ് പലപല കാര്യങ്ങള്‍ ഭാവന ചെയ്തു. അനൂപുണ്ടായിരുന്നെങ്കില്‍ ഇതിനകം മറ്റൊരു കവിതയും ഇതേപറ്റി എഴുതുമായിരുന്നുവെന്നും. ഐ.സി.യു.വിനുള്ളിലെ ഈ നിഴലുകളില്ലാത്ത വെളിച്ചത്തില്‍ അനൂപിന്റെ ആത്മാവും ഉണ്ടാകും. ഉണ്ടെന്നുതന്നെ രൂപേഷിന് തോന്നി. ആ ആത്മാവിപ്പോള്‍ ”അപ്‌ഡേറ്റിംഗ് ദി ഗോഡ്‌ലിനെസ്” എന്ന് തുടങ്ങുന്ന മറ്റൊരു കുറിപ്പ് ആത്മാക്കളുടെ ഭാഷയില്‍ അവരുടെ ഇടങ്ങളില്‍ എഴുതുന്നുണ്ടെന്ന് രൂപേഷിനു തോന്നി. അതിലെ ഓരോ വാക്കും അതിന്റെ സത്യസന്ധതകൊണ്ട് തന്നെ പ്രകാശിക്കുന്നതയാള്‍ കണ്ടു. ആ പ്രകാശമപ്പോള്‍ ഐ.സി.യു.മുറിയാകെ പരക്കുന്നു. രൂപേഷ് തന്റെ കൈപ്പത്തി ആ വെളിച്ചത്തിനെതിരെ, വെന്റിലേറ്റര്‍ സ്‌ക്രീനിനഭിമുഖമായി പിടിച്ചു. ഹോ..! ശരിക്കും നിഴലില്ലാ വെളിച്ചം. രൂപേഷ് ഹൃദ്യമായി ചിരിച്ചു. സര്‍വജ്ഞാനിയാണ് ഈ കിടക്കുന്ന ദൈവമെങ്കില്‍ താനിപ്പോള്‍ ചിന്തിക്കുന്നതും അദ്ദേഹം അറിയുന്നുണ്ടാകുമല്ലോ എന്ന് രൂപേഷ് ചിരിച്ചുകൊണ്ടോര്‍ത്തു. അങ്ങനെയെങ്കില്‍ അദ്ദേഹമിപ്പോള്‍ ശരിക്കും ഭയക്കുന്നുണ്ടാകണമെന്നും.

2 Comments

  1. നല്ല കഥ.. നമ്മളറിയാതെ എന്തെല്ലാം കഥകൾ നടക്കുന്നുണ്ട് ആശ്രമങ്ങൾക്കുള്ളിൽ… ഒരു മിലിറ്ററി sangam പോലെയുള്ള സന്യാസി കൂട്ടങ്ങൾക്കിടയിൽ ആടംബത്തോടെ അവർ കഴിയുന്നു… എല്ലാവരെയും പോലെ അവരും വെന്റിലേറ്ററിലാവും ഒരിക്കൽ
    ഉശിരുള്ള പ്രതികരണ സ്വഭാവം ഉള്ള കഥ

Leave a Reply

Your email address will not be published.

*

Latest from കഥ

പാഠം ഒന്ന് : അടുക്കള

പാചകസംബന്ധിയായ എന്റെ സംശയങ്ങൾക്ക് കണക്കെഴുത്തുകാരനായ മകൻ ഉത്തരം തരുമെന്നുള്ള പ്രതീക്ഷ കൊണ്ടൊന്നുമല്ല, ഞാൻ ഇടക്കിടെ സംശയങ്ങൾ

‘മാലാഖ’

കാവല്‍ മാലാഖമാരെ, നിങ്ങളെന്റെ മകളെ കാത്തുകൊള്ളേണമെ എന്റെ പ്രാര്‍ത്ഥനകള്‍ തള്ളിക്കളയരുതെ..' -ഒരമ്മയുടെ
Go to Top